Thursday October 18, 2018
Latest Updates

ഇന്ത്യന്‍ പാചകത്തിന്റെ മര്‍മ്മമറിഞ്ഞ ഡബ്ലിനിലെ സോഫിയ തുടങ്ങിയത് നെയ്യ് നിര്‍മ്മാണം …. നമുക്കെന്താ വിജയാ … ഈ ബുദ്ധി നേരത്തെ തോന്നാത്തത് ?

ഇന്ത്യന്‍ പാചകത്തിന്റെ മര്‍മ്മമറിഞ്ഞ ഡബ്ലിനിലെ സോഫിയ തുടങ്ങിയത് നെയ്യ് നിര്‍മ്മാണം …. നമുക്കെന്താ വിജയാ … ഈ ബുദ്ധി നേരത്തെ തോന്നാത്തത് ?

ഡബ്ലിന്‍: ബ്ളാക്ക്റോക്കിലെ ഐറിഷ്‌കാരിയായ സോഫി വാന്‍ ഡിജിക്ക് ഇന്ത്യയില്‍ ആദ്യമായി സന്ദര്‍ശനത്തിന് പോയത്, അഞ്ചു വര്‍ഷം മുമ്പാണ്.ഇന്ത്യയുടെ ഗ്രാമങ്ങളും നഗരങ്ങളും ഒരു മാസം സമയമെടുത്ത്, ചുറ്റികറങ്ങി സോഫി തിരിച്ചു പോന്നത് അദമ്യമായ ഒരു ആഗ്രഹവുമായാണ്.’

കുറെയൊക്കെ ഇന്ത്യന്‍ വിഭവങ്ങള്‍ അയര്‍ലണ്ടില്‍ പരിചയപ്പെടുത്തണം….എത്ര വിശിഷ്ടമാണ് ഈ രുചികള്‍ !’

യൂ സി ഡി യില്‍ പഠിക്കുമ്പോഴാണ് സോഫി ആദ്യമായി ഇന്ത്യയില്‍ പോയതെങ്കിലും അതിന് മുമ്പേ തന്നെ സോഫിയുടെ രുചി മുകുളങ്ങളെ കീഴടക്കിയ ഒരു ഇന്ത്യന്‍ ഭക്ഷ്യോത്പന്നമുണ്ടായിരുന്നു…. സഹോദരി പോപ്പിയെ വയലിന്‍ പഠിപ്പിക്കാനെത്തുന്ന ടീച്ചര്‍ പരിചയപ്പെടുത്തി കൊടുത്ത ഒരു വിശിഷ്ട ഉത്പന്നം….നെയ്യ് …ശുദ്ധമായ നെയ്യ് തന്നെ…

ബ്‌ളാക്ക്‌റോക്കിലെ വീട്ടില്‍ പിന്നീട് അത് സ്ഥിരവിഭവമായി…നറു സുഗന്ധവും,ഗുണവുമുള്ള നെയ്യ് പിന്നീട് ഞങ്ങളുടെ വീട്ടില്‍ സ്ഥിരം ഉപയോഗിച്ച് തുടങ്ങി….പൊട്ടറ്റോ റോസ്റ്റിനും, എഗ്ഗ് ഫ്രെയ്ക്കുമൊക്കെ ഇത്തിരി നെയ്യ് ചേര്‍ത്തു കൊടുക്കണം…ആ രുചി ആരും പിന്നീട് മറക്കില്ല’….സോഫിയ പറയുന്നു.

പിന്നീട് ഇന്ത്യയില്‍ പോയപ്പോള്‍ നെയ്യ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് ശാസ്ത്രീയമായി തന്നെ (അത് വളരെ സിംപിളാണെന്നേ …)പഠിച്ചു.എങ്കിലും അപ്പോഴും ഒരു സംരംഭം നെയ്യ് ഉപയോഗിച്ച് ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നില്ല….

ടെസ്‌കോയുടെ ഗ്രാജ്വെറ്റ് പ്രോഗ്രാമില്‍ ചേര്‍ന്നപ്പോള്‍ ബിസിനസ് ശീലങ്ങള്‍ ‘മനസിലരച്ചു’ചേര്‍ത്തു….കോര്‍ക്കിലെ ബാലിമലോയില്‍ കുക്കറി പഠിക്കാന്‍ ചേര്‍ന്നപ്പോഴേയ്ക്കും സംരംഭകത്വ സ്വപ്നങ്ങള്‍ നെയ്തുതുടങ്ങിയിരുന്നു.അവിടെ ക്ലാസില്‍ പരിചയപ്പെട്ട ഒരു ഇന്ത്യന്‍ വനിത ഐറിഷ് ബട്ടറില്‍ നിന്നും നെയ്യ് വേര്‍ത്തിരിച്ചെടുക്കുന്നത് കണ്ടപ്പോള്‍ സോഫിയയുടെ മനസില്‍ അതൊരു ബിസിനസ് പ്രൊജക്റ്റായി…പിന്നീട് വൈകിയില്ല…കഴിഞ്ഞ ഓഗസ്റ്റില്‍ ടെസ്‌കോയിലെ ജോലി രാജിവെച്ച് രംഗത്തിറങ്ങി.

പിന്നീടെല്ലാം പെട്ടന്നായിരുന്നു…നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷം ജനുവരി മാസത്തില്‍ ഡോലോപ്പ് (dollop) മാര്‍ക്കറ്റില്‍ ഇറക്കി.മൂന്നോ നാലോ മാസങ്ങള്‍ക്കുള്ളിലെ വളര്‍ച്ച ആര്‍ക്കും വിചാരിക്കാവുന്നതിന് അപ്പുറമാണെന്നാണ് സോഫിയ സാക്ഷ്യപ്പെടുത്തുന്നത്.

ഇറക്കുമതി ചെയ്യുന്ന നെയ്യേക്കാള്‍ നൂറു ശതമാനം മെച്ചപ്പെട്ടതാണ് ശുദ്ധമായ ഐറിഷ് ബട്ടറില്‍ നിന്നും ഉണ്ടാകുന്ന നെയ്യ് എന്നത് വ്യാപാരബന്ധങ്ങളില്‍ വസന്തം പടര്‍ത്തുന്നു…ഐറിഷ് സര്‍ക്കാരിന്റെ ഭക്ഷ്യവകുപ്പിന്റെ ഭാഗമായ ബോര്‍ഡ് ബയോയുയും സൂപ്പര്‍ വാല്യൂവും പിന്തുണയുമായി എത്തിക്കഴിഞ്ഞു.അയര്‍ലണ്ടിലെ അറുപതോളം ഷോപ്പുകളില്‍ സാന്നിധ്യമുറപ്പിച്ച ഡോലോപ്പാണ് അയര്‍ലണ്ടിലെ പ്രശസ്ത ഷെഫായ സുനില്‍ ഗൈ പോലും ഉപയോഗിക്കുന്നതെന്ന് അറിയുമ്പോള്‍ തന്റെ ബിസിനസിന്റെ ഭാവിയെ പറ്റി യാതൊരു സംശയവും സോഫിയ്ക്കില്ല.കൂടുതല്‍ സൗകര്യങ്ങള്‍ തേടി ബ്‌ളാക്ക് റോക്കില്‍ നിന്നും ഡണ്‍ഡാല്‍ക്കിലേയ്ക്ക് നെയ്യ് നിര്‍മ്മാണശാല മാറ്റാനുള്ള തയാറെടുപ്പിലാണ് സോഫിയ ഇപ്പോള്‍.

ഐറിഷ് കാര്‍ക്ക് വേണ്ടിയാണെന്ന് പറയുന്നുണ്ടെങ്കിലും സോഫിയ ലക്ഷ്യം വെയ്ക്കുന്നത് അയര്‍ലണ്ടിലേക്ക് ദിനം തോറും കുടിയേറുന്ന ഏഷ്യന്‍ സമൂഹത്തെയും,ഇവിടെ വളര്‍ന്നു വരുന്ന മള്‍ട്ടിക്കള്‍ച്ചറല്‍ ഭക്ഷണശീലത്തെയുമാണ്..

നിസാരമായ നെയ്യ് നിര്‍മ്മാണത്തെ ഒരു സംരംഭമാക്കിയ സോഫിയയെ പോലെ നിങ്ങളുടെ മനസില്‍ ഒരു ബിസിനസ് ആശയമുണ്ടോ…? ഐറിഷ് സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നിങ്ങളെ സഹായിക്കാന്‍ എത്തിയേക്കാം.

‘ഐറിഷ് മലയാളി’ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ ഡബ്ലിനില്‍ ഒരുക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് അയര്‍ലണ്ടില്‍ ആരംഭിക്കാവുന്ന പുതിയ സംരംഭങ്ങളെ കുറിച്ചുള്ള കൃത്യമായ ദിശാബോധവും,സ്ഥാപനം ആരംഭിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശവും നല്‍കപ്പെടും.2018 ല്‍ ആരംഭിക്കാനുദ്ദേശിക്കുന്ന നിശ്ചിതമായ പ്രോജക്ടുകള്‍ക്കുള്ള സാങ്കേതിക സഹായവും,മുതല്‍ മുടക്കിന്റെ 50 ശതമാനം വരെയുള്ള ഗ്രാന്റും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

അയര്‍ലണ്ടില്‍ ആരംഭിക്കാവുന്ന ഏതാനം മാതൃകാ പദ്ധതികളും സെമിനാറില്‍ അവതരിപ്പിക്കപ്പെടും.

സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം irishnewcitizen@gmail.com എന്ന ഇ മെയില്‍ ഐ ഡിയില്‍ ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതാണ്.

RELATED NEWS

http://irishmalayali.ie/irishmalayali-entrepreneurship-programme/

Scroll To Top