Friday November 16, 2018
Latest Updates

ഇന്ത്യന്‍ ഡോക്റ്റര്‍ക്കെതിരെ നിയമ നടപടി: യോഗ്യതയില്ലാത്ത ഡോക്ടര്‍മാരുടെ നിയമനം അപമാനകരമെന്ന് ഹൈക്കോടതി

ഇന്ത്യന്‍ ഡോക്റ്റര്‍ക്കെതിരെ നിയമ നടപടി: യോഗ്യതയില്ലാത്ത ഡോക്ടര്‍മാരുടെ നിയമനം അപമാനകരമെന്ന് ഹൈക്കോടതി

ഡബ്ലിന്‍:യോഗ്യതയില്ലാത്ത ഡോക്ടര്‍മാരുടെ നിയമനം രാജ്യത്തിന് അപമാനകരമെന്നു ഹൈക്കോടതി.ഇന്ത്യന്‍ ഡോക്ടര്‍ക്കെതിരായ കേസില്‍ വിധിപറയുകയായിരുന്നു കോടതി.വിദഗ്ദരല്ലാത്ത ഡോക്ടര്‍മാര്‍ക്ക് ജനങ്ങളെ പരിശോധിക്കുന്നതിന് അനുമതി നല്‍കുന്ന HSE കീഴ്വഴക്കം അവസാനിപ്പിക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമനടപടികള്‍ സ്വീകരിണ്ടതായി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

HSE യുടെ ഈ കീഴ്വഴക്കം അപമാനകരമാണെന്നും ജഡ്ജ് പീറ്റര്‍ കെല്ലി വിമര്‍ശിച്ചു.HSE സ്വയം നിയമങ്ങള്‍ നിര്‍മ്മിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താല്‍ക്കാലികമാണെങ്കില്‍ കൂടിയും പൂര്‍ണ്ണ യോഗ്യതയില്ലാത്ത ഡോക്ടര്‍ക്കു ജനങ്ങളെ പരിശോധിക്കാന്‍ അനുമതി നല്‍കുന്നത് ശരിയായ നടപടിയല്ലെന്നും കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി HSE തുടരുന്ന ഇത്തരം കീഴ്വഴക്കങ്ങള്‍ അപമാനകരമാണെന്നും ജഡ്ജി പറഞ്ഞു.

മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ആക്ടിലെ ” കണ്‍സള്‍ട്ടന്റ് ” എന്ന വാക്കിനു നിര്‍വ്വചനം നല്‍കുന്നതില്‍ ഉള്ള നിയമത്തിന്റെ പരാജയം ഇത്തരം സംഭവങ്ങളില്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നതായി ജഡ്ജി ചൂണ്ടിക്കാട്ടി.മെഡിക്കല്‍ കൗണ്‍സില്‍ അടക്കമുള്ളവര്‍ ഇതിനായി നിയമപരിഷ്‌കരണം ആവശ്യമാണെന്ന് പറയുന്നുണ്ട്. നിയമപരിഷ്‌കാരങ്ങളില്ലാതെ തന്നെ നടപടികള്‍ സ്വീകരിക്കാന്‍ കോടതിക്ക് അധികാരമുണ്ടെന്നും ഈ അപകടകരമായ പ്രവണത തടയാന്‍ ആവശ്യമാണെന്ന് കണ്ടാല്‍ തുടര്‍ന്ന് ഇടപെടലുകള്‍ ഉണ്ടാകുമെന്ന് കോടതി ഓര്‍മ്മപ്പെടുത്തി.

അത്തരം നടപടികളിലേക്കു കടക്കുന്നതിനു മുമ്പ് തന്നെ ബന്ധപ്പെട്ട അധികൃതര്‍ ഈ ‘ ശോചനീയമായ അവസ്ഥ’ പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ നടത്തുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു . അയോഗ്യരായവരെ കണ്‍സള്‍ട്ടന്റ്കളായി നിയമിക്കുന്നത് തടയാന്‍ നിര്‍ദ്ദേശങ്ങളടങ്ങിയ കോടതി വിധി അറ്റോണി ജനറലിനും, ആരോഗ്യ മന്ത്രിക്കും സെക്രട്ടറിക്കും, HSE ചീഫ്, സ്റ്റേറ്റ് ക്ലെയിംസ് ഏജന്‍സി എന്നിവര്‍ക്ക് അയച്ചു കൊടുക്കാനും കോടതി നിര്‍ദ്ദേശിച്ചു.

കാവന്‍ ജനറല്‍ ഹോസ്പിറ്റലില്‍ ഇന്ത്യന്‍ വംശജനായ റേഡിയോളജിസ്റ്റിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ സുപ്രധാനമായ നിരീക്ഷണങ്ങള്‍.കഴിഞ്ഞ മാസം ആരോപണ വിധേയനായ ആര്യന്‍ കുമാര്‍ ഭാട്യ എന്ന റേഡിയോളജിസ്റ്റിന്റെ രജിസ്ട്രേഷന്‍ റദ്ദു ചെയ്യാനുള്ള മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശം കോടതി അംഗീകരിച്ചിരുന്നു. കാവന്‍ ജനറല്‍ ഹോസ്പിറ്റലില്‍ 2014 ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ഒരു റിക്രൂട്ടിംഗ് ഏജന്‍സി മുഖാന്തിരം നിയമനം നേടിയ ഭാട്യയ്ക്കെതിരെ 43 രോഗികളില്‍ നിന്നായി 80 ഓളം പരാതികളാണ് ഉയര്‍ന്നു വന്നത്. സ്‌ട്രോക്ക്, ലിവറിലെ പഴുപ്പ് , ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയില്‍ ഉണ്ടായ പിഴവിനെ കുറിച്ചാണ് ഭാട്യയ്‌ക്കെതിരെ പരാതി ഉയര്‍ന്നത്.

കോടതി ഉത്തരവ് നിലവിലെ അയോഗ്യരായവരെ നിയമിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വാദിഭാഗം വക്കീലന്മാര്‍ പറഞ്ഞു. റേഡിയോളജിസ്റ്റു പരീക്ഷയില്‍ പരാജിതനായിരുന്നെങ്കിലും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഭാട്യ അയര്‍ലണ്ടിലെ വിവിധ ഹോസ്പിറ്റലുകളില്‍ നിയമനം നേടിയിരുന്നതായും കോടതി ചൂണ്ടിക്കാട്ടി. ഇതിലൂടെ ജനങ്ങളുടെ ജീവിതവും ആരോഗ്യവും അപകടത്തിലേക്കു തള്ളിവിടുകയാണ് HSE ചെയ്യുന്നതെന്നും കോടതി കുറ്റപ്പെടുത്തി.

കണ്‍സല്‍ട്ടന്റ് എന്ന വാക്ക് HSE വിദഗ്ധരല്ലാത്ത ഡോക്ടര്‍മാരുടെ നിയമനത്തിനായി ഉപയോഗിച്ചിരിക്കുന്നതായും എന്നാല്‍ MPs ആക്ട് ഈ വാക്കിനെ നിര്‍വ്വചിച്ചിട്ടില്ല എന്നത് ഗൗരവകരമായ പ്രശ്നമാണെന്നും കോടതി വിലയിരുത്തി. ഇത് പരിഹരിക്കാന്‍ നിയമ നിര്‍മ്മാണം ആവശ്യമാണ്. അതിനു വളരെയധികം സമയം വേണ്ടി വരുമെന്നതിനാല്‍ വ്യാഴാഴ്ച പുറപ്പെടുവിച്ച തന്റെ ഈ ഉത്തരവ് അടിയന്തിരമായി അധികൃതര്‍ക്ക് പ്രശ്‌നത്തില്‍ ഇടപെടുന്നതിന് സഹായകമാകുമെന്നും ഭാട്യയുടെ സംഭവത്തില്‍ HSE യുടെ വിശദീകരണം തൃപ്തികരമല്ലെന്നും വിഷയത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും ജഡ്ജി പീറ്റര്‍ കെല്ലി പറയുകയുണ്ടായി.

Scroll To Top