Thursday September 21, 2017
Latest Updates

ഇന്ത്യന്‍ എംബസിക്കെതിരെ ഡബ്ലിന്‍ 4 നിവാസികള്‍; പ്ലാനിംഗ് പെര്‍മിഷന്‍ നല്‍കരുതെന്ന് വാദം, ഇന്ത്യാക്കാര്‍ ഒന്നിച്ച് നേരിട്ടില്ലെങ്കില്‍ പുതിയ എംബസി കെട്ടിടം പണി മുടങ്ങും

ഇന്ത്യന്‍ എംബസിക്കെതിരെ ഡബ്ലിന്‍ 4 നിവാസികള്‍; പ്ലാനിംഗ് പെര്‍മിഷന്‍ നല്‍കരുതെന്ന് വാദം, ഇന്ത്യാക്കാര്‍ ഒന്നിച്ച് നേരിട്ടില്ലെങ്കില്‍ പുതിയ എംബസി കെട്ടിടം പണി മുടങ്ങും

ഡബ്ലിന്‍: ഇന്ത്യന്‍ എംബസിക്കെതിരെ ഡബ്ലിന്‍ 4 നിവാസികള്‍. ഡബ്ലിനിലെ മെറിയോണ്‍ റോഡിലുള്ള ,69 മെറിയോണ്‍ റോഡിലേക്ക് മാറ്റി സ്ഥാപിക്കാനിരിക്കുന്ന ഇന്ത്യന്‍ എംബസിയുടെ പുതിയ കെട്ടിടത്തിന് പ്ലാനിംഗ് പെര്‍മിഷന്‍ നല്‍കരുതെന്ന് ആവശ്യപ്പെട്ടാണ് ഡബ്ലിന്‍ നിവാസികള്‍ പരാതി നല്‍കിയത്.മെറിയോണ്‍ റോഡ് റെസിഡന്റ്‌സ് അസോസിയേഷനാണ് പരാതി നല്‍കിയത്. നിലവില്‍ ഡബ്ലിന്‍ 4 ലെ ലീസന്‍ പാര്‍ക്കിലാണ് ഇന്ത്യന്‍ എംബസി സ്ഥിതിചെയ്യുന്നത്.
indi merrion
പുതിയ എംബസി കെട്ടിടം പരിസര പ്രദേശത്തെ സമാധാനപരമായ ജനജീവിതത്തിന് ഭാഗം വരുത്തും എന്നാണ് പരാതിക്കാരുടെ വാദം,2008 ല്‍ 4.5 മില്ല്യന്‍ യൂറോ വില കൊടുത്താണ് ഡബ്ലിന്‍ നഗരത്തിന്റെ ‘കണ്ണായ’ സ്ഥലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന എംബസി ബെല്‍റ്റില്‍ ഇന്ത്യാ സര്‍ക്കാര്‍ 2000 ചതുരശ്രയടിയുള്ള വീടടക്കമുള്ള സ്ഥലം വാങ്ങിയത്.ഡബ്ലിനില്‍ ഏറ്റവും വില കൂടി നിന്ന സമയത്താണ് ഇന്ത്യാ സര്‍ക്കാര്‍ ഈ ഇടപാട് നടത്തിയത്.ഇതിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് ഡബ്ലിന്‍ 4 നിവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. 

പുതിയ എംബസി കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ 15 മുതല്‍ 18 മാസം വരെ എടുക്കുമെന്നാണ് റിപ്പോര്‍ട്ട്. എംബസി ആസ്ഥാനം മെറിയോണ്‍ റോഡിലേക്ക് മാറ്റുന്നതിന് മുന്നോടിയായി കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യന്‍ അംബാസഡര്‍ രാധിക ലാല്‍ ലോകേഷ് പ്ലാനിംഗ് പെര്‍മിഷനായി ഡബ്ലിന്‍ കൌണ്‍സിലിന് അപേക്ഷ നല്‍കിയത്. എന്നാല്‍ ഇതിനെതിരെ പ്രതിഷേധവുമായി ഡബ്ലിന്‍ നിവാസികള്‍ രംഗത്ത് വരികയായിരുന്നു. എയ്ല്‍സ്ബറി റോഡ്, ഷ്വൂസ് ബറി റോഡ്, അപ്പര്‍ ലീസന്‍ എന്നിവടങ്ങളിലെ റെസിഡന്റ്‌സ് അസോസിയേഷനുകളാണ് രൂക്ഷമായ എതിര്‍പ്പ് ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്. 

ഇതിന് പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളുടെ പിന്തുണയും ഉള്ളതായി കരുതപ്പെടുന്നു.കല്‍ച്ചറല്‍ സെന്റര്‍ അടക്കം ഒട്ടേറെ നൂതന സൌകര്യങ്ങളുമായി ആയിരുന്നു പുതിയ പ്ലാന്‍ അംഗീകാരത്തിനായി ഡബ്ലിന്‍ സിറ്റി കൌണ്‍സിലിനു സമര്‍പ്പിച്ചത്.

ചൈനയുടെതടക്കം പ്രധാന രാജ്യങ്ങളുടെയെല്ലാം എംബസികള്‍ തൊട്ടടുത്ത് പ്രവര്‍ത്തിക്കുമ്പോഴാണ് ഇന്ത്യന്‍ എംബസിയ്ക്ക് നേരെ ഡബ്ലിന്‍ 4 ലെ അസോസിയേഷനുകളുടെ പ്രതിഷേധം.ഡബ്ലിന്‍ 4 ഏരിയയില്‍ മാത്രം മലയാളി കുടുംബങ്ങള്‍ അടക്കം നൂറോളം ഇന്ത്യന്‍ കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെങ്കിലും ഇവരാരും അസോസിയേഷന്‍ അംഗങ്ങള്‍ അല്ലതാനും

ഇന്ത്യന്‍ എംബസിയുടെ പ്ലാന്‍ അനുസരിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്തിന്റെ പരിസ്ഥിതിക്കും ജനങ്ങള്‍ക്കും ദോഷമാകുമെന്നാണ് പരാതിക്കാരുടെ ആശങ്ക. ജനങ്ങള്‍ എതിര്‍പ്പ് ഉന്നയിച്ച സാഹചര്യത്തില്‍ കെട്ടിട നിര്‍മ്മാണ പ്ലാനില്‍ ജനങ്ങള്‍ക്ക് ദോഷകരമല്ലാത്ത രീതിയില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് അംബാസഡര്‍ രാധിക ലേകേഷ് പറഞ്ഞു. ജനങ്ങള്‍ക്കോ പരിസ്ഥിതിക്കോ ഭീഷണി ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തുമെന്നും അവര്‍ പറഞ്ഞു. ഇതിനിടെ ഡബ്ലിന്‍ നിവാസികള്‍ പ്ലാനിംഗ് അപ്പീല്‍സ് ബോര്‍ഡിനെയും സമീപിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഈ വര്‍ഷം അവസാനത്തേക്ക് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 

ഇന്ത്യാക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എംബസിയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.ഇന്ത്യാക്കാരോട് മാത്രം നീതികേട് കാട്ടുന്ന ഡബ്ലിന്‍ 4 നിവാസികളുടെ നിലപാടിനെതിരെ അയര്‍ലണ്ടിലെ ഓരോ ഇന്ത്യാക്കാരും പ്രതിഷേധം അറിയിക്കാന്‍ തയാറാവേണ്ടതുണ്ട്.പ്ലാനിംഗ് ബോര്‍ഡിനും ഡബ്ലിന്‍ സിറ്റി കൌണ്‍സിലിനും ,പരാതി ഉന്നയിച്ച റസിഡന്റ്‌സ് അസോസിയേഷനുകളെയും സംഭവത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്താനും അയര്‍ലണ്ടിലെ എല്ലാ ഇന്ത്യാക്കാര്‍ക്കും ഇന്ത്യന്‍ സംഘടനകള്‍ക്കും ഉത്തരവാദിത്വമുണ്ട്.അംബാസിഡറുടെയും എംബസിയുടെയും ചുമലില്‍ ഉത്തരവാദിത്വം ഏല്പ്പിച്ചു കാത്തിരുന്നാല്‍ നമുക്ക് പുതിയ എംബസി ബില്‍ഡിംഗിന്റെ പ്രയോജനം നഷ്ട്ടപ്പെടുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ഇതിനായുള്ള ജനകീയ മുന്നേറ്റം അടുത്ത ദിവസങ്ങളില്‍ തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം. 

-റെജി സി ജേക്കബ് 

Scroll To Top