Wednesday September 26, 2018
Latest Updates

ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ…?

ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ…?

സോഷ്യല്‍ മീഡിയകളില്‍ ഇന്നും തരംഗമായിക്കൊണ്ടിരിക്കുന്ന കവിതയിലാണ് ഈ ചോദ്യം ഉയരുന്നത്. സെക്രട്ടേറിയറ്റ് പടിക്കല്‍ ആദിവാസികള്‍ നടത്തുന്ന നില്‍പ്പു സമരത്തിന്റെ ഭാഗമാണ് ഈ കവിതയെന്നാണ് മിക്കവരുടെയും ധാരണ. വര്‍ഗസമരത്തിനോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി രശ്മി സതീഷ് പല വേദികളിലും ആലപിച്ചതുമാണ് ഈ കവിത. രശ്മി തന്നെ ആലപിച്ച ഒരു വീഡിയോ ആണ് യൂട്യൂബിലും വാട്ട്‌സ് അപ്പിലൂടെ ഷെയര്‍ ചെയ്തും ഫെയ്‌സ്ബുക്കില്‍ ഐക്യദാര്‍ഢ്യ പ്രഖ്യാപനങ്ങളായും തരംഗമാകുന്നത്. വാസ്തവത്തില്‍ നില്‍പുസമരവുമായി ബന്ധപ്പെട്ട് സൃഷ്ടിച്ചതല്ല ആദിവാസി ഭൂസമരത്തിന്റെ ഈ പടപ്പാട്ട്. ഇഞ്ചക്കാട് ബാലചന്ദ്രന്‍ എന്ന   കവി  23 വര്‍ഷം മുന്‍പ് എഴുതിയതാണ് ഈ കവിത.World-Environment-Day

പാരിസ്ഥിതിക വിഷയങ്ങള്‍ എന്നും അടിയന്തര പ്രാധാന്യമുള്ളതാണെന്ന് കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍ പറയുന്നു. യുവകലാ സാഹിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണു കവിത എഴുതുന്നത്. വര്‍ഗസമരവും അന്നും നിലനിന്നിരുന്നു. കവിതയ്ക്കു ലോകമെമ്പാടും സ്വീകാര്യത ലഭിച്ചതിനു പിന്നില്‍ രണ്ടു കാരണങ്ങളാകാം. ഒന്ന്, മനുഷ്യത്വത്തോടും സമരത്തോടും സാധാരണക്കാര്‍ക്കുള്ള ആഭിമുഖ്യം. സര്‍ക്കാരിനൊഴികെ എല്ലാവര്‍ക്കും ആദിവാസികളുടെ ആവശ്യത്തിന്റെ ന്യായം ബോധ്യമാണ്. രണ്ട്, ചെറുപ്പക്കാരില്‍ നിലനില്‍ക്കുന്ന നാളെയെക്കുറിച്ചുള്ള ചിന്തകള്‍. ഇതു ചേര്‍ന്നാണ് കവിതയെ തരംഗമാക്കുന്നതെന്നു കവി.
മലിനമായ ജലാശയം
അതി മലിനമായൊരു ഭൂമിയും
തണലുകിട്ടാന്‍ തപസിലാണി
ന്നിവിടെയെല്ലാ മലകളും
ദാഹനീരിനു നാവുനീട്ടി
വരണ്ടു പുഴകള്‍ സര്‍വവും…
INCHAKAD3പാട്ട് എന്ന നിലയില്‍ മാത്രമല്ല, ചങ്കില്‍ തറയ്ക്കുന്ന വരികള്‍ കൊണ്ടു കൂടിയാണു കവിത ശ്രദ്ധ നേടുന്നത്. മാനുഷികതയെക്കുറിച്ചുള്ള ആശങ്കകളാണു കവിതയില്‍ പ്രതിഫലിക്കുന്നതെന്നു രചയിതാവ്. പ്രകൃതിയെപ്പറ്റിയുള്ള ചിന്തകളാണു കവിതയില്‍ കാലിക പ്രസക്തി കുറയ്ക്കാതെ സംവേദനക്ഷമമാക്കുന്നത്. ഒരു പ്രത്യേക കാരണം കൊണ്ട്, ഒരു പ്രത്യേക വിഷയത്തെപ്പറ്റി എഴുതിയത് എന്നു തോന്നാമെങ്കിലും അങ്ങനെയുള്ള ഒരു പ്രതികരണമല്ല ഈ കവിത.
രശ്മി സതീഷ് പല വേദികളിലും ആലപിച്ചതിനാല്‍ ആദിവാസി സമരവുമായി ബന്ധം വന്നുചേര്‍ന്നു. മനസുകൊണ്ട് താനും നില്‍പുസമരത്തിന്റെ ഭാഗമാണ്. ഒരു ജനത നില്‍ക്കുമ്പോള്‍ അവര്‍ക്കു പിന്നില്‍ നില്‍ക്കുന്ന ഭരണസിരാകേന്ദ്രത്തിന്റെ കണ്ണുതുറക്കാത്തതു രാഷ്ട്രീയ സംസ്‌കാരത്തിനു ചേര്‍ന്നതല്ല..കവി പറയുന്നു

..
1982 മുതല്‍  കവിതയുടെ വഴിയില്‍ സഞ്ചരിക്കുന്നയാളാണ്  ഇഞ്ചക്കാട് ബാലചന്ദ്രന്‍. ഗ്രാമം ശാന്തമാണ് എന്ന കവിതയാണ് ആദ്യമായി അച്ചടി മഷി പുരണ്ടത്. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ജില്ലാതല മത്സരത്തില്‍ സമ്മാനം നേടിയ കവിത, എരുമേലി പരമേശ്വരന്‍ പിള്ളയാണു സുവനീര്‍ രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്. 1984ല്‍ എന്‍.എന്‍. കക്കാട് മൂന്നു കവിതകള്‍ ആകാശവാണിയില്‍ അവതരിപ്പിക്കാന്‍ അവസരം തന്നു. ഇതുവരെയുള്ള സാഹിത്യജീവിതത്തില്‍ മികച്ച പ്രോത്സാഹനം ലഭിച്ചിട്ടുണ്ട്. ആയിരക്കണക്കിനു വേദികളില്‍ കവിത അവതരിപ്പിക്കാനായി. ഇനിവരുന്നൊരു തലമുറ എന്ന കവിത തന്നെ നിരവധി സദസുകളില്‍ അവതരിപ്പിച്ചിട്ടുണ്ട്. തങ്കച്ചന്‍ കരുമാടി എന്ന വ്യക്തിയാണ് ഈ കവിത ഏറ്റവുമധികം വേദികളില്‍ അവതരിപ്പിച്ചിട്ടുള്ളത്. കുട്ടികള്‍ക്കിടയില്‍ ക്യാംപെയ്ന്‍ നടത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഭാവി തലമുറയിലാണു പ്രകൃതി സ്‌നേഹികള്‍ക്കു പ്രതീക്ഷയെന്നും കവി.

വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരനായ ബാലചന്ദ്രന്‍ ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ താലൂക്ക് ഓഫിസറായിരുന്നു. നിരവധി കാസെറ്റുകളും ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. അശ്വാരൂഢന്‍ എന്ന ചിത്രത്തിലെ അഴകാലിലെ മഞ്ഞച്ചരടിലെ പൂത്താലി.. എന്ന ഗാനം രചിച്ചതും ബാലചന്ദ്രനാണ്. നമ്മളുണ്ടാകുന്നതിനു മുന്‍പുണ്ടായിരുന്ന ഭൂമി നമുക്കു ശേഷവും നിലനില്‍ക്കണം എന്നതാണു തന്റെ കവിതകളിലെ സന്ദേശമെന്നു കവി. അനേകം കോടി വര്‍ഷം മുന്‍പുണ്ടായ ഭൂമി വെറും 50 വര്‍ഷം കൊണ്ടു നശിപ്പിക്കുന്ന തരത്തിലാണു മനുഷ്യരുടെ പ്രവര്‍ത്തി. അതിനെതിരേയുള്ള പ്രതിഷേധമാണ് തന്റെ കവിതയെന്നും ഇഞ്ചക്കാട് ബാലചന്ദ്രന്‍ പറയുന്നു 

Scroll To Top