Monday May 01, 2017
Latest Updates

ഇനി കൊച്ചിയില്‍ പോയി വിസയടിപ്പിച്ചാല്‍ മതി! ഒട്ടേറെ സവിശേഷതകളുമായി വിസാ ഓണ്‍ അറൈവല്‍ പദ്ധതി വരുന്നു

ഇനി കൊച്ചിയില്‍ പോയി വിസയടിപ്പിച്ചാല്‍ മതി! ഒട്ടേറെ സവിശേഷതകളുമായി വിസാ ഓണ്‍ അറൈവല്‍ പദ്ധതി വരുന്നു

ഡബ്ലിന്‍ :ഇന്ത്യാ ഗവണ്‍മെന്റ് നടപ്പാക്കിയ വിസ ഓണ്‍ അറൈവല്‍ (വി.ഒ.എ) പദ്ധതി വിദേശ സഞ്ചാരികളുടെയും വിദേശത്തു താമസിക്കുന്ന ഇന്ത്യന്‍ വംശജരുടെയും ഇടയില്‍ പരക്കെ സ്വാഗതം ചെയ്യപ്പെട്ടു .പതിനൊന്നു രാജ്യങ്ങള്‍ക്ക് മാത്രം ലഭ്യമായിരുന്ന ഈ സൗകര്യം അയര്‍ലണ്ട് അടക്കം നാല്‍പ്പത് രാജ്യങ്ങള്‍ക്ക് കൂടി ബാധകമാക്കിയ തീരുമാനം ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു .

ഈ സംവിധാനം നിലവില്‍ വന്ന 2010 മുതല്‍ തന്നെ ഇന്ത്യയിലേക്കുള്ള വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ട്. ഈ വര്‍ഷം ജൂലൈ വരെ ഇഷ്യൂ ചെയ്തത് 10,482 വി.ഒ.എകളാണ്. 2012 ലേതിനേക്കാള്‍ 37 ശതമാനം കൂടുതലാണിത്. 16,000 ത്തിലധികം വി.ഒ.എകള്‍ 2012ല്‍ ഇഷ്യൂ ചെയ്തിരുന്നു. തൊട്ടുമുമ്പത്തെ വര്‍ഷത്തേക്കാള്‍ 26 ശതമാനം കൂടുതലായിരുന്നു അത്.

ടൂറിസ്റ്റ് വിസ ഓണ്‍ അറൈവല്‍ (ടി.വി.ഒ.എ) പദ്ധതിയുടെ സവിശേഷതകള്‍

ടി.വി.ഒ.എയുടെ പരമാവധി കാലാവധി 30 ദിവസമാണ്. ഒരു തവണത്തേക്കാണിത്.

നിലവില്‍ ടി.വി.ഒ.എ ലഭിക്കുന്നത് അയര്‍ലണ്ട് ഉള്‍പ്പെടെ 52 രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കാണ്. ഡല്‍ഹി, ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, കൊച്ചി. തിരുവനന്തപുരം, ബാംഗ്ലൂര്‍, ഹൈദരാബാദ് തുടങ്ങിയ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്ന സഞ്ചാരികള്‍ക്കാണ് വിസ ഇഷ്യൂ ചെയ്യുന്നത്.

ടി.വി.ഒ.എയ്ക്ക് ഈടാക്കുന്ന ഫീസ് കുട്ടികളുള്‍പെടെയുള്ള യാത്രക്കാര്‍ക്ക് ആളൊന്നിന് 60 യു.എസ് ഡോളറോ തത്തുല്യമായ ഇന്ത്യന്‍ രൂപയോ ആണ്.

ടി.വി.ഒ.എ. ഒരു സഞ്ചാരിക്ക് വര്‍ഷത്തില്‍ രണ്ടുതവണ ലഭിക്കും. എന്നാല്‍ രണ്ട് സന്ദര്‍ശനങ്ങള്‍ക്കിടയില്‍ കുറഞ്ഞത് രണ്ട് മാസത്തെ വിടവുണ്ടായിരിക്കണം. ടി.വി.ഒ.എയുടെ കാലാവധി നീട്ടിക്കിട്ടുകയില്ല. ടി.വി.ഒ.എ മറ്റൊന്നായി മാറ്റിയെടുക്കാനുമാവില്ല.

ടി.വി.ഒ.എ വിനോദസഞ്ചാരത്തിനു പുറമെ ചികിത്സക്കും ലഭിക്കും. നിര്‍ദിഷ്ട രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് 30 ദിവസത്തേക്കാണിത് ലഭിക്കുക. കൂടാതെ കാഷ്വല്‍ ബിസിനസിനും, സുഹൃദ്/ബന്ധു സന്ദര്‍ശനങ്ങള്‍ക്കും ഇതേ കാലയളവിലേക്ക് ടി.വി.ഒ.എ ലഭിക്കും.

നയതന്ത്ര, ഔദ്യോഗിക പാസ്‌പോര്‍ട്ടുകള്‍ കൈവശമുള്ളവര്‍ക്ക് ടി.വി.ഒ.എ. ബാധകമല്ല. ഒപ്പം ഇന്ത്യയില്‍ സ്ഥിരം വസതിയോ ജോലിയോ ഉള്ളവര്‍ക്കും ടി.വി.ഒ.എ. നല്‍കില്ല. അത്തരം ആളുകള്‍ക്ക് സാധാരണ വിസയില്‍ ഇന്ത്യയില്‍ വരാം.
2010 ല്‍ അഞ്ച് രാജ്യങ്ങളിലെ വിനോദ സഞ്ചാരികള്‍ക്കാണ് ആദ്യം വിസ ഓണ്‍ അറൈവല്‍ സ്‌കീം നടപ്പാക്കിയത്. ഫിന്‍ലന്‍ഡ്, ജപ്പാന്‍, ലക്‌സംബര്‍ഗ്, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍ എന്നിവയാണ് ആ രാജ്യങ്ങള്‍. 2011 ജനുവരിയില്‍ ആറ് രാജ്യങ്ങളിലെ വിനോദസഞ്ചാരികള്‍ക്കുകൂടി വി.ഒ.എ. പദ്ധതി അനുവദിച്ചു.

എയര്‍പോര്‍ട്ടിലെത്തുമ്പോള്‍ ഗ്രൂപ്പ് വിസ നല്‍കുന്ന പരിപാടിയും വി.ഒ.എ. പദ്ധതിക്കു കീഴിലുണ്ട്. 2013 ഏപ്രില്‍ ഒന്ന് മുതലാണ് സംഘമായി വന്നിറങ്ങാനുള്ള അനുമതി നല്‍കുന്ന വിധത്തില്‍ വിസ നിയമത്തില്‍ ഭേദഗതി വരുത്തിയത്. നാലോ അതിലധികമോ വിദേശ സഞ്ചാരികള്‍ തുറമുഖങ്ങളിലോ വിമാനത്താവളങ്ങളിലോ വന്നിറങ്ങുമ്പേഴാണ് ഗ്രൂപ്പ് വിസ ഓണ്‍ അറൈവല്‍ നല്‍കുന്നത്.
ഈ യാത്രക്കാരെ സ്‌പോണ്‍സര്‍ ചെയ്യുന്നത് കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം അംഗീകരിച്ച ട്രാവല്‍ ഏജന്‍സികളായിരിക്കണം എന്നത് നിര്‍ബന്ധമാണ്. ഇത്തരത്തില്‍ അനുവദിക്കപ്പെടുന്ന വിസയില്‍ സഞ്ചാരികള്‍ക്ക് ഇവിടെ പരമാവധി തങ്ങാനാവുന്നത് 60 ദിവസം മാത്രമാണ്. അതിന് വിവിധ പ്രവേശന സൗകര്യങ്ങളുണ്ടായിരിക്കും. ഈ സൗകര്യം ലഭ്യമാകണമെങ്കില്‍ സഞ്ചാരികളോ ട്രാവല്‍ ഏജന്‍സിയോ ഓണ്‍ലൈനായി ഒരു അപേക്ഷ പൂരിപ്പിച്ചു നല്‍കണം.

സംഘമായുള്ള ലാന്‍ഡിംഗ് അനുമതി ലഭിക്കുന്നതിന് അതാവശ്യമുള്ള വിദേശ വിനോദ സഞ്ചാരികള്‍ അവരുടെ സന്ദര്‍ശനം സംബന്ധിച്ച ഒരു ഹ്രസ്വകാല നോട്ടീസ് നല്‍കേണ്ടതാണ്. ഈ ഒരു വ്യവസ്ഥ ഏര്‍പെടുത്തിയിരിക്കുന്നത് മറ്റ് രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നതിനിടയില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന സഞ്ചാരികളുടെ സൗകര്യത്തിനു വേണ്ടിയാണ്.

വിപണിയിലെ മാറ്റങ്ങള്‍, സുരക്ഷാ പ്രശ്‌നങ്ങള്‍ എന്നിവ കണക്കിലെടുത്തതിന് ശേഷം മറ്റ് വിദേശ രാജ്യങ്ങളിലെ പൗരന്മാര്‍ക്കുകൂടി വി.ഒ.എ. പദ്ധതി അനുവദിക്കും. പദ്ധതി നിരന്തരമായ പരിശോധനകള്‍ക്കും മാറ്റങ്ങള്‍ക്കും വിധേയപ്പെടുത്തുന്നതാണ്.

ഡബ്ലിനിലെ ഇന്ത്യന്‍ എംബസിക്ക് മുന്‍പില്‍ ചെന്ന് ഇനി ആര്‍ക്കും നാണം കെടേണ്ട .സായിപ്പിനോട് ഹിന്ദിയില്‍ കാര്യങ്ങള്‍ വിശദീകരിക്കുന്ന എംബസിയുടെ റിസപ്ഷന്‍ സ്റ്റാഫിന്റെ വിശേഷങ്ങള്‍ ഡല്‍ഹിയിലും അറിഞ്ഞു കാണും!നമ്മുടെ ഇന്ത്യ പുരോഗമിക്കുകയാണ് .കാര്യങ്ങള്‍ക്ക് ഇപ്പോള്‍ എന്തൊരു സ്പീഡ്..like-and-share

 

Scroll To Top