Wednesday February 22, 2017
Latest Updates

ഇടുക്കി തുറക്കാഞ്ഞതെന്തു കൊണ്ട് ?

ഇടുക്കി തുറക്കാഞ്ഞതെന്തു കൊണ്ട് ?

ഒന്നുകില്‍ മുല്ലപ്പെരിയാര്‍ പൊട്ടിക്കണം, അല്ലെങ്കില്‍ ഇടുക്കി തുറക്കണം. രണ്ടായാലും ഇടുക്കിക്കാരന്റെ നെഞ്ചത്താണ് കാവടി.

ഇടുക്കി അണക്കെട്ട് ഇപ്പം തുറക്കുമെന്നു പറഞ്ഞ് ആവേശം കൊണ്ടവരും നാലും അഞ്ചും റിപ്പോര്‍ട്ടര്‍മാരും ഒബി വാനുമെല്ലാമായി ഇടുക്കിയില്‍ തമ്പടിച്ചിരിക്കുന്ന മാധ്യമങ്ങളുമൊന്നും അണക്കെട്ടു തുറക്കണമെന്ന് എന്തടിസ്ഥാനത്തിലാണു പറഞ്ഞതെന്നു മനസ്സിലാകുന്നില്ല.

ഇടുക്കി ജലസംഭരണിയുടെ ശേഷിയാണ്. 2408 അടി വരെ അതില്‍ വെള്ളംകൊള്ളും. (ഇത് സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരമാണ്. മുല്ലപ്പെരിയാറിന്റെ സംഭരണശേഷി 136 അടി എന്നു പറയുന്നതുപോലെ ഇടുക്കിയുടേത് 554 അടി മാത്രമാണ്.) മുല്ലപ്പെരിയാര്‍പോലെ അണക്കെട്ടു നിറഞ്ഞെന്നു കരുതി എന്തെങ്കിലും സുരക്ഷാഭീഷണിയുള്ളതായി വിവരങ്ങളുമില്ല. എന്നിട്ടും ചിലര്‍ക്ക് അണക്കെട്ട് തുറന്നേ പറ്റൂ.

കഴിഞ്ഞ ഓഗസ്റ്റില്‍ പെരുത്തു മഴ പെയ്തപ്പോള്‍ 2396 അടിയായപ്പോള്‍തന്നെ അണക്കെട്ടു തുറക്കുമെന്നാണ് ഉദ്യോഗസ്ഥ പ്രമുഖന്‍ പറഞ്ഞത്. ഇത്തവണ അത് 2403 ആക്കി അദ്ദേഹം വര്‍ധിപ്പിച്ചു. പക്ഷെ, അത്രയും വെള്ളമെത്തില്ലെന്നു കണ്ടപ്പോള്‍ സംഭരണശേഷിയുടെ 99 ശതമാനമെത്തുമ്പോള്‍ തുറക്കുമെന്നായി. അതായത്, 24085.54 = 2402.46 അടി. ഈ ഉദ്യോഗസ്ഥന്‍ ഈ ഒക്ടോബറില്‍ പെന്‍ഷന്‍ പറ്റാനുള്ള ആളാണ്. അദ്ദേഹത്തിന്റെ ജീവിതാഭിലാഷമാകണം, തന്റെ മേല്‍നോട്ടത്തില്‍ ഇടുക്കിയൊന്നു തുറക്കുകയെന്നത്. അതിനുവേണ്ടിയുള്ള ശ്രമമായിരുന്നു അത്. അദ്ദേഹത്തെ നിരന്തരം ഫോണില്‍ വിളിക്കുന്ന മാധ്യമപ്രതിനിധികളും ഒപ്പം ചേര്‍ന്നപ്പോള്‍ സംഗതി ഉല്‍സവമയമായി.

2408 വരെ സംഭരണശേഷിയുള്ള അണക്കെട്ട് അഞ്ചടികൂടി ശേഷിക്കെ തുറക്കുന്നതെന്തിനെന്ന് ഒരു മാധ്യമപ്രവര്‍ത്തകനും ചോദിച്ചുകണ്ടില്ല. പകരം, അണക്കെട്ടിലെ ജലനിരപ്പ് 2401.69 അടിയാണെന്ന കാര്യം ‘പുറത്തുവന്നുകഴിഞ്ഞു’ എന്നൊക്കെ അലറിവിളിച്ച് ഡാമിനു മുകളില്‍ കയറിനിന്ന് ആവേശം കൊള്ളുകയാണവര്‍. 1992ല്‍ അവസാനമായി ഇടുക്കി അണക്കെട്ടു തുറന്നപ്പോള്‍ പുറത്തുവന്ന മനോഹരദൃശ്യം വിക്ടര്‍ജോര്‍ജ് ക്യാമറയില്‍ പകര്‍ത്തിയതാണ്.

ചാനലുകളൊന്നും അന്ന് ഇല്ലാതിരുന്നതിനാല്‍ അതിന്റെ ഫയല്‍ദൃശ്യങ്ങള്‍പോലും ഒരിടത്തും കാണുന്നില്ല. അപ്പോള്‍പിന്നെ, അണക്കെട്ടു തുറക്കുന്ന മനോഹരസംഭവത്തിലേക്ക് തന്റെ മാധ്യമജീവിതത്തെ പ്രതിഷ്ഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അണക്കെട്ടൊന്നു തുറക്കാന്‍ ആഗ്രഹിക്കാതിരിക്കുന്നതെങ്ങിനെ. മുല്ലപ്പെരിയാര്‍ പൊട്ടുന്നതും കാത്തിരുന്നതുപോലെ നാലും അഞ്ചും റിപ്പോര്‍ട്ടര്‍മാരും ഒബി വാനുമെല്ലാം ചെറുതോണിയില്‍ കാത്തുകിടക്കുകയായിരുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇടുക്കി ജലസംഭരണി തുറക്കാന്‍ ഇതുപോലൊരു നീക്കം നടന്നതാണ്. അന്ന് വൈദ്യുതിമന്ത്രിയായിരുന്ന എ.കെ.ബാലന്‍ ഇടുക്കിയിലെത്തി അണക്കെട്ടു സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ പഠിക്കുകയും ചെയ്തശേഷം അണക്കെട്ടു തുറക്കേണ്ടതില്ലെന്നു നിര്‍ദ്ദേശിച്ച് മടങ്ങുകയായിരുന്നു. അതേ സാഹചര്യം തന്നെയാണിപ്പോഴും.

ഇടുക്കി ജലസംഭരണി തുറന്നാല്‍ താഴെ സംഭവിച്ചേക്കാവുന്ന കാര്യങ്ങള്‍ ഇവരെല്ലാം ബോധപൂര്‍വ്വം കണ്ടില്ലെന്നു നടിക്കുകയാണ്. അണക്കെട്ടു തുറന്നാല്‍ ആദ്യം അത് ബാധിക്കുക ചെറുതോണി പട്ടണത്തെയാണ്. അവിടുത്തെ പാലവും ബസ് സ്റ്റാന്‍ഡുമെല്ലാം വെള്ളത്തിനടിയിലാകും. ഏറെ പഴക്കമുള്ള ഈ പാലം തകര്‍ന്നാല്‍ തൊടുപുഴയില്‍ നിന്നുള്ള ഇടുക്കികട്ടപ്പന സംസ്ഥാനപാത മുറിയും. അതേപ്പറ്റി ചോദിച്ചപ്പോള്‍ അവലോകനയോഗത്തില്‍ കളക്ടര്‍ പറഞ്ഞത് പാലം പൊളിയില്ലെന്നു വിശ്വസിക്കാമെന്നാണ്. വിശ്വാസം അതല്ലേ എല്ലാം! ഈ പാലം വെള്ളത്തിനടിയിലാകുകയോ തകരുകയോ ചെയ്താല്‍ 20 കിലോമീറ്ററിന്റെ സ്ഥാനത്ത് 50 കിലോമീറ്റര്‍ ചുറ്റിവേണം ചെറുതോണിയില്‍ നിന്ന് കട്ടപ്പനയിലെത്താന്‍.

താഴെ പെരിയാറിന്റെ തീരത്ത് ലോവര്‍പെരിയാര്‍ അണക്കെട്ടുവരെ അനവധി ഹെക്ടര്‍ സ്ഥലത്ത് നാശനഷ്ടമുണ്ടാകും. പലയിടത്തും ജനവാസകേന്ദ്രങ്ങള്‍ ഒറ്റപ്പെടും. ചെറുതോടുകളിലേക്കു വെള്ളം കമ്പിച്ചുകയറിയുണ്ടാകുന്ന നഷ്ടം വേറെ. തമിഴ്‌നാട്ടില്‍ നിന്നുള്ള ദുരന്തനിവാരണ സേനയെ ആലുവയില്‍ സ്ഥാപിച്ചതെന്തിനെന്നും ആരും ചോദിച്ചില്ല.
കഴിഞ്ഞ ഓഗസ്റ്റിലെ മഴക്കാലത്ത് ജില്ലാ കളക്ടറേറ്റിനു സമീപം സംസ്ഥാനപാത തകര്‍ന്ന് ഗതാഗതം സ്തംഭിച്ചത് 22 ദിവസമാണ്. അതുപോലും യുദ്ധകാലാടിസ്ഥാനത്തില്‍ പുനര്‍നിര്‍മിക്കാന്‍ ഗട്‌സില്ലാത്തവരാണ് അണക്കെട്ടു തുറന്നുവിട്ട് മറ്റൊരു മനുഷ്യനിര്‍മിത ദുരിതത്തിനായി ആവേശംകൊള്ളുന്നത്.

അണക്കെട്ട് കമ്മീഷന്‍ ചെയ്ത് അഞ്ചു വര്‍ഷമായപ്പോള്‍, 1981ലാണ് ആദ്യം ഇടുക്കി ജലസംഭരണി തുറന്നത്. അന്ന് ചെറുതോണിയിലും താഴ്‌വാരത്തും ഇത്രയേറെ വികസനങ്ങളും ജനവാസവുമുണ്ടായിരുന്നില്ല. എന്നിട്ടും നാശനഷ്ടം ഏറെയായിരുന്നു. 1992ലാകട്ടെ ജലനിരപ്പ് ഇത്രയും ഉയരും മുമ്പ് വെള്ളം തുറന്നുവിടുകയായിരുന്നു. തുറന്നുവിട്ട വെള്ളത്തിന്റെ അളവും കുറവായിരുന്നെങ്കിലും താഴെ ഒട്ടേറെ സ്ഥലത്ത് വെള്ളം കയറി.

എന്തായാലും ഉന്നതങ്ങളിലുള്ള ആരോ കെഎസ്ഇബിയിലെ ഉന്നതോദ്യോഗസ്ഥന്റെ കഴുത്തിനുപിടിച്ചിട്ടുണ്ട്. അതുകൊണ്ടാകണം പലരുടെയും സ്വപ്‌നങ്ങളില്‍ മണ്ണുവാരിയിട്ട് മൂന്നു ദിവസത്തേക്ക് അണക്കെട്ടുതുറക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. മഴ മാറിയ സാഹചര്യത്തില്‍ മൂന്നുദിവസം കഴിഞ്ഞാലും പ്രതീക്ഷക്കു വകയില്ലാത്തതിനാല്‍ ഇനി ഒബിവാനുകള്‍ക്ക് തിരികെപോകാം…

 

 

Scroll To Top