Sunday April 23, 2017
Latest Updates

ഇടുക്കിയില്‍ തോല്‍ക്കുന്നതാരാണെന്ന് പറയാം.ഫലം പ്രവചിക്കാനാവില്ല !…..കില്‍ക്കനിയിലെ ജോമി ജോസ് മലയോര കര്‍ഷകന്റെ പക്ഷം ചേരുന്നു….

ഇടുക്കിയില്‍ തോല്‍ക്കുന്നതാരാണെന്ന് പറയാം.ഫലം പ്രവചിക്കാനാവില്ല !…..കില്‍ക്കനിയിലെ ജോമി ജോസ് മലയോര കര്‍ഷകന്റെ പക്ഷം ചേരുന്നു….

കൊടുംതണുപ്പില്‍ ഏറുമാടങ്ങളില്‍ താമസിച്ച് കാട്ടാനയോടും കാട്ടുപോത്തിനോടും മല്ലടിച്ച് മണ്ണില്‍ ഹരിതസമൃദ്ധി വിളയിച്ച കുടിയേറ്റ കര്‍ഷകരുടെ ഇടുക്കി ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നു . ഇടുക്കി ജില്ലയിലെ പീരുമേട് , ഉടംമ്പന്‍ചോല , ദേവികുളം , ഇടുക്കി , തൊടുപുഴ എന്നീ നിയമസഭാ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ കോതമംഗലം , മുവാറ്റുപുഴ എന്നീ മണ്ഡലങ്ങളും ഉള്‍പെടുന്ന ഇടുക്കി ലോക്‌സഭാ മണ്ഡലത്തിന്റെ നട്ടെല്ല് കുടിയേറ്റ കര്‍ഷകരാണ്.

ഈ ലോകസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ചര്‍ച്ചയായ മണ്ഡലം ഏതെന്നു ചോദിച്ചാല്‍ ഇടുക്കി എന്ന ഒരുത്തരമേയുള്ളൂ. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ മലയോര കര്‍ഷകര്‍ നടത്തിയ പോരാട്ടമാണ് മണ്ഡലത്തെ ദേശീയ തലത്തില്‍ ശ്രദ്ധേയമാക്കിയത്. തങ്ങളുടെ ഉപജീവന മാര്‍ഗമായ കൃഷി ഭൂമിയില്‍ നിന്ന് കുടിയോഴിപ്പിക്കുമോ എന്ന ആശങ്കയാണ് മലയോര കര്‍ഷകരുടെ പ്രതിഷേധം തെരുവില്‍ എത്തിച്ചത്. മലയോര കര്‍ഷകരും സഭ വിശ്വാസികളുമായ വോട്ടര്‍മാര്‍ ഭൂരിപക്ഷമായ മണ്ഡലത്തില്‍ സ്വാഭാവികമായും കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും നല്ല അടിത്തറയുള്ള മണ്ഡലമാണ്. എന്നാല്‍ ഇത്തവണ കസ്തൂരി രംഗന്‍ വിവാദവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുനതിനു മുന്നേ കോണ്‍ഗ്രസ്, യുഡിഎഫ് വിരുദ്ധ ശബ്ദമാണ് മണ്ഡലത്തില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കുന്നത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെതിരെ സഭ നേതൃത്വം ദീര്‍ഘകാലം സമരം ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കസ്തൂരി രംഗന്‍ വിഷയത്തില്‍ കരട് വിജ്ഞാപനം ഇറക്കിയാണ് കോണ്‍ഗ്രസ് അല്പ്പമെങ്കിലും മുഖം രക്ഷിച്ചത്. എങ്കിലും മലയോര കര്‍ഷകരുടെ ആശങ്ക അടങ്ങിയിട്ടില്ല.

2009 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൊടുപുഴ , കോതമംഗലം , മുവാറ്റുപുഴ , ഇടുക്കി എന്നീ മണ്ഡലങ്ങളില്‍ യൂ ഡി എഫ് വിജയിച്ചപ്പോള്‍ പീരുമേട് , ഉടംബന്‍ചോല , ദേവികുളം എന്നീ മണ്ഡലങ്ങള്‍ ഇടതുമുന്നണിയ്ക്ക് അനുകൂലമായി . മുന്‍കാല ചരിത്രങ്ങള്‍ യൂ ഡി എഫിന് അനുകൂലമാണെങ്കിലും കസ്തൂരി രംഗന്റിപ്പോര്‍ട്ടിന്റെ അലയൊലികള്‍ ഉറക്കം കെടുത്തുന്ന മലയോരമേഖലയില്‍ , കര്‍ഷകര്‍ക്കുവേണ്ടി ശ ക്തമായി രംഗത്തിറങ്ങിയ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ലീഗല്‍ അ ഡ്വൈസര്‍ ജോയ്‌സ് ജോര്‍ജിനെ സംരക്ഷണസമിതിയുടെ കൂടി പിന്തുണയില്‍ ഇടതുപക്ഷ സ്വതന്ത്രനാക്കി ഇടതുമുന്നണി ശക്തമായ മത്സരത്തിനാണ് തയാറെടുക്കുന്നത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ അനഭിമതനായ സിറ്റിംഗ് എം പി യെ മാറ്റിനിര്‍ത്തി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ് യൂ ഡി എഫ് പക്ഷത്തിനു വേണ്ടി പട നയിക്കുമ്പോള്‍ ബി ജെ പി ശക്തമായ സാനിധ്യമല്ലാത്ത മണ്ഡലത്തില്‍ താമര ചിഹ്നത്തില്‍ സാബു വര്‍ഗീ സും ഇടുക്കിയുടെ രാഷ്ട്രീയാങ്കണത്തില്‍ തങ്ങളുടെ ഇടം തേടി ആം ആദ്മി പാര്‍ട്ടിയും സജീവമായി രംഗത്തുണ്ട് .

കത്തോലിക്കാ സഭയോടൊപ്പം എസ് എന്‍ ഡി പി , മുസ്ലിം സംഘടനകള്‍ എന്നിവരും തോളോടു തോള്‍ ചേര്‍ന്നുനില്‍ക്കുന്ന സംരക്ഷണസമിതിയുടെ സജീവമായ പിന്തുണ , സീറ്റ് നിഷേധിക്കപെട്ടതില്‍ കേരള കോണ്‍ഗ്രസിന്റെ എതിര്‍പ്പ് , പ ട്ടയപ്ര ശ് നങ്ങളില്‍ കോണ്‍ഗ്രെസിനോടുള്ള ജനത്തിന്റെ പ്രതിഷേധം , മുന്‍ എം പി ,പി ടി തോമസിന്റെ നിലപാടുകള്‍ , ബിഷപ്പിനെ നികൃഷ്ട്ട ജീവിയെന്നു വിളിച്ചെന്നു പറയുന്നതില്‍ വിശ്വാസികള്‍ക്കുള്ള അമര്‍ഷം എന്നിവ തങ്ങളെ തുണക്കും എന്ന് എല്‍ ഡി എഫ് വിശ്വസിക്കുമ്പോള്‍ കരടുവിജ്ഞാപനതിലൂടെ കര്‍ഷകരുടെ ആശങ്കകള്‍ അവസാനിച്ചുവെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ യുള്ളതാണെന്നും വിജയിച്ചാല്‍ പട്ടയ പ്രശ്‌നത്തില്‍ സജീവമായി ഇടപെടുമെന്നും യൂ ഡി എഫ് സ്ഥാനാര്‍ഥി വ്യക്തമാക്കുന്നു.

കസ്തൂരി രംഗന്‍ വിവാദം കൂടാതെ കേരള കോണ്‍ഗ്രസിലെ ജോസഫ് വിഭാഗം സീറ്റിനായി അവകാശവാദം ഉന്നയിച്ചതും യുഡിഎഫിന് തലവേദന സൃഷ്ടിച്ചു. നേരത്തെ ഇടതുമുന്നണിയുടെ ഭാഗമായി നിന്ന ജോസഫ് വിഭാഗം സ്ഥിരമായി മത്സരിച്ചിരുന്ന സീറ്റാണ് ഇടുക്കി. ഫ്രാന്‍സിസ് ജോര്‍ജ് ഇവിടെ നിന്ന് രണ്ടു തവണ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഒടുവില്‍ സമ്മര്‍ദ്ദം ഫലിക്കാതെ വന്നപ്പോള്‍ ജോസഫ് വിഭാഗം മനസില്ലാമനസോടെ സീറ്റ് വിട്ടുകൊടുത്തു. അതേസമയം ഇടതുമുന്നണി തങ്ങളുടെ പഴയ ഘടകക്ഷിക്ക് വേണ്ടി ഇടുക്കി സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ ദിവസങ്ങളോളം കാത്തിരുന്നു. ജോസഫ് വിഭാഗം യുഡിഎഫ് വിടുമെന്ന പ്രതീക്ഷയിലായിരുന്നു ഇടതുമുന്നണി സീറ്റ് ഒഴിച്ചിട്ടത്. എന്നാല്‍ ജോസഫ് വിഭാഗം തല്‍ക്കാലം മുന്നണി വിടേണ്ടന്ന് തീരുമാനമെടുത്തു. ഒടുവില്‍ സഭയുടെ സ്ഥാനാര്‍ത്ഥിയായി വന്ന അഡ്വ. ജോയിസ് ജോര്‍ജിനെ ഇടതുമുന്നണി പിന്തുണയ്ക്കാന്‍ തീരുമാനം എടുക്കുകയായിരുന്നു.

ജോയിസ് ജോര്‍ജ് ഉള്‍പ്പെടെയുള്ളവരെ സ്ഥാനാര്‍ത്ഥി ആക്കിയപ്പോള്‍ സിപിഎം കേട്ട ആക്ഷേപം കോണ്‍ഗ്രസുകാരെ ചാക്കിട്ട് സ്ഥാനാര്‍ത്ഥി ആക്കുന്നു എന്നതായിരുന്നു. ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായ ഇഎം അഗസ്തിയുടെ അടുത്ത ബന്ധുവായ ജോയിസ് ജോര്‍ജിന്റെ കോണ്‍ഗ്രസ് ബന്ധം പരസ്യമാണ്. ജോയിസ് ജോര്‍ജിന്റെ അനുജന്‍ ഇപ്പോഴും കോണ്‍ഗ്രസ് ഭാരവാഹിയും പഞ്ചായത്ത് അംഗവുമാണ്. ജോയിസ് ജോര്‍ജിനെ പിന്തുണയ്‌ക്കേണ്ടി വരുമെന്ന് സിപിഎം പ്രതീക്ഷിച്ചിട്ടില്ല എന്നതാണ് വാസ്തവം. കസ്തൂരി വിവാദം കൊടുമ്പിരി കൊണ്ട സമയത്ത് പഴയ ഘടക കക്ഷിയായ ജോസഫും കൂട്ടരും മുന്നണി വിടുമെന്നും അങ്ങനെയെങ്കില്‍ ഫ്രാന്‍സിസ് ജോര്‍ജിനെ പിന്തുണയ്ക്കാം എന്നുമായിരുന്നു സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. സിപിഎം നേതാക്കള്‍ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തിരുന്നു. എന്നാല്‍ ജോസഫ് വിഭാഗം യുഡിഎഫില്‍ ഉറച്ചു നിന്നതോടെയാണ് ഇടതുമുന്നണിക്ക് ജോയിസ് ജോര്‍ജിനെ പിന്തുണയ്‌ക്കേണ്ടി വന്നത്.

ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എന്നതിലുപരി സഭയുടെ സ്ഥാനാര്‍ത്ഥി എന്നാണ് ജോയിസ് ജോര്‍ജ് അറിയപ്പെടുന്നതും പ്രചരണം നടത്തുന്നത്. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ അഭിഭാഷകനായ ജോയിസ് സഭയുടെ പിന്തുണയിലാണ് പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്. മുന്‍ കോണ്‍ഗ്രസുകാരനായ ജോയിസ് തനിക്ക് ഒരു വിഭാഗം കോണ്‍ഗ്രസുകാരുടെ കൂടി പിന്തുണ ഉറപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇഎം അഗസ്തിയും, ജോയിസിന്റെ അനുജന്‍ ജോര്‍ജിയും ഒളിഞ്ഞും തെളിഞ്ഞും ജോയിസിന് വേണ്ടി വോട്ട് പിടിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ നേതൃ സ്ഥാനത്ത് ഇരുന്നുകൊണ്ട് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി അഗസ്തിയും ജോര്‍ജിയും വോട്ട് പിടിക്കുന്നുവെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം പരാതി നല്കിയിരുന്നു. സഭയുടെ സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്ന ഇടുക്കിയില്‍ പിന്തുണ നല്കി മാറി നില്ക്കുക എന്നല്ലാതെ ഇടതുമുന്നണിക്ക് കാര്യമായ പ്രസക്തിയില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ജോയിസ് ജോര്‍ജിനെതിരെ ഭൂമി തട്ടിപ്പ് ആരോപണം ഉയര്‍ന്നതാണ് ഇടതു ക്യാമ്പിനെ അല്‍പ്പം പ്രതിസന്ധിയിലാക്കിയ ഘടകം. എങ്കിലും കാര്യമായ വെല്ലുവിളികള്‍ ഇല്ലാതെ ജയിച്ച് കയറാനാകുമെന്നാണ് ജോയിസ് ജോര്‍ജിന്റെ പ്രതീക്ഷ.

ആര് ജയിക്കുമെന്ന് ഉറപ്പിച്ചു പറയാനാവാത്ത അവസ്ഥയിലും ഇടുക്കിയില്‍ മുന്‍പ് യൂ ഡിഎഫിനുള്ള മേല്‍ക്കൈ ജോയിസ് ജോര്‍ജിനു ഭീഷണിയായി ഉണ്ട് താനും.

jomiചുവരുകളില്‍ പതിയുന്ന സ്ഥാനാര്‍ഥികളുടെ ചിരിക്കുന്ന മുഖങ്ങളില്‍ നിന്ന് ആരുടെ മുഖം ജനം നെഞ്ചിലേറ്റിയാലും കമ്പിളികണ്ടത്തെ ഒരു കര്‍ഷക കുടുംബത്തില്‍ നിന്നുമുള്ളയാളെന്ന നിലയില്‍ എനിക്ക് ഒരു കാര്യം ഉറപ്പാണ്.തോല്‍ക്കുന്നത് മലയോരകര്‍ഷകര്‍ ആയിരിക്കും.

അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ ,അടുത്ത തിരഞ്ഞെടുപ്പെത്തിയാലും ഇടുക്കിയിലെ പ്രശ്‌നങ്ങള്‍ ഇപ്പോഴുള്ളത് പോലെ തുടരും.കര്‍ഷകന് കഞ്ഞി കുമ്പിളില്‍ തന്നെ വിളമ്പും.പട്ടയവും,കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഉയര്‍ത്തുന്നത് പോലുള്ള അരക്ഷിതാവസ്ഥയും,അതിന്റെ പേരിലുള്ള ബഹളങ്ങളും മലയോര മണ്ണില്‍ നിന്നും മാറുമെന്നു പ്രതീക്ഷിക്കാന്‍ മാത്രം മണ്ടന്‍മാരൊന്നുമല്ല ഇടുക്കിയിലെ ജനങ്ങള്‍.

Scroll To Top