Thursday November 15, 2018
Latest Updates

ആസ്‌ട്രേലിയയിലേയ്ക്കും മറ്റു വിദേശരാജ്യങ്ങളിലേയ്ക്കും അയര്‍ലണ്ടില്‍ നിന്നും കുടിയേറിയ മലയാളി നഴ്സുമാര്‍ നിഷ്‌ക്രീയ രജിസ്ട്രേഷന്‍ പുതുക്കിയില്ലെങ്കില്‍ റദ്ദാക്കപ്പെടും 

ആസ്‌ട്രേലിയയിലേയ്ക്കും മറ്റു വിദേശരാജ്യങ്ങളിലേയ്ക്കും അയര്‍ലണ്ടില്‍ നിന്നും കുടിയേറിയ മലയാളി നഴ്സുമാര്‍ നിഷ്‌ക്രീയ രജിസ്ട്രേഷന്‍ പുതുക്കിയില്ലെങ്കില്‍ റദ്ദാക്കപ്പെടും 

ഡബ്ലിന്‍ :സജീവമല്ലാത്ത രജിസ്ട്രേഷനുകള്‍ നീക്കം ചെയ്യാന്‍ നഴ്സിംഗ് ആന്റ് മിഡ്വൈഫറി ബോര്‍ഡ് ഓഫ് അയര്‍ലണ്ടിന്റെ തീരുമാനം.

പൊതു ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ നിഷ്‌ക്രിയ രജിസ്ട്രേഷനുകള്‍ നീക്കം ചെയ്യാനാണ് എന്‍എംബിഐ തീരുമാനം.എന്നാല്‍ അയര്‍ലണ്ടിലെ രജിസ്ട്രേഷന്‍ നിലനിര്‍ത്താനുള്ള സംവിധാനങ്ങളും നഴ്സിംഗ് ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അയര്‍ലണ്ടില്‍ രജിസ്റ്റര്‍ ചെയ്തു ജോലി ചെയ്യുകയും ഏതാനം വര്‍ഷങ്ങള്‍ക്ക് ശേഷം നിഷ്‌ക്രീയ ഫയലില്‍ പേര്‍ ഉള്‍പ്പെടുത്തി ആസ്ട്രേലിയയ്ക്കും മറ്റു രാജ്യങ്ങളിലേക്കും കുടിയേറിയ മലയാളി നഴ്സുമാരടക്കമുള്ളവര്‍ക്ക് ബാധകമാണ് പുതിയ തീരുമാനം.

നിശ്ചിത സമയത്തിനുള്ളില്‍ അപേക്ഷ നില നിര്‍ത്താത്തവര്‍ക്കും പുതുക്കാത്തവര്‍ക്കും പിന്നീടൊരിക്കല്‍ അയര്‍ലണ്ടില്‍ നഴ്സായി ജോലി ചെയ്യണമെങ്കില്‍ ആദ്യ രജിസ്റ്റേഷന് പൂര്‍ത്തീകരിച്ച നടപടിക്രമണങ്ങളെല്ലാം (അഡാപ്‌റ്റേഷന്‍ അടക്കം)ആവര്‍ത്തിക്കേണ്ടി വരുമെന്ന സൂചനകളാണ് എന്‍എംബിഐ നല്‍കുന്നത്.

നിയമപരമായ കാരണങ്ങളാല്‍ രൂപീകൃതമായ ഡാറ്റാ പ്രൊട്ടക്ഷന്‍ ആക്ട് 2018,ജനറല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ മെയ് 2018 എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദ്ദേശം.

നിഷ്‌ക്രിയ ഫയലില്‍ ഉള്‍പ്പെട്ടവര്‍ക്ക് രണ്ട് ഓപ്ഷനുകളാണുള്ളത്.

ഒന്നുകില്‍ വാര്‍ഷിക റീ ടെന്‍ഷന്‍ ഫീ ആയി 100യൂറോ അടച്ച് 2019 രജിസ്ട്രേഷനില്‍ തുടരാം.നവംബര്‍ ഒന്നിന് ഇതു സംബന്ധിച്ച നോട്ടീസ് ലഭിക്കും.

അതല്ലെങ്കില്‍ സ്വമധേയാ രജിസ്റ്ററില്‍ നിന്നും പേര് നീക്കംചെയ്യാം.അതിനായി വോളന്ററി റിമൂവല്‍ ഫോറം പൂരിപ്പിച്ചു നല്‍കണം.ഇതിന് പ്രത്യേക ഫീസില്ല.ഇത് നല്‍കിയ ശേഷവും രജിസ്ട്രേഷന്‍ പുനസ്ഥാപിക്കാന്‍ അവസരമുണ്ട്. വാര്‍ഷിക റീ ടെന്‍ഷന്‍ ഫീ അടച്ച് റീസ്റ്റൊറേഷന്‍ ഫോറം പൂരിപ്പിച്ചു നല്‍കിയാല്‍ മതിയാകും.

ഈ രണ്ട് കാര്യവും ചെയ്യുന്നില്ലെങ്കില്‍ അത്തരക്കാരുടെ പേര്‍ രജിസ്റ്റില്‍ നിന്നും നീക്കം ചെയ്യും.

ഇത് പുനസ്ഥാപിക്കണമെങ്കില്‍ നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. ഇതിനായി 250 യൂറോ റി-സ്റ്റൊറേഷന്‍ ഫീസും ഒടുക്കണം.2019ജൂലൈ ഒന്നിന് മുമ്പ് പുനസ്ഥാപനത്തിന് അപേക്ഷിച്ചിട്ടില്ലെങ്കില്‍ പിന്നീട് രജിസ്ട്രേഷനായി അപേക്ഷയുടെ ഘട്ടത്തില്‍ നിലവിലുള്ള എല്ലാ നിബന്ധനകളും പാലിക്കേണ്ടതായി വരും.

ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദുരീകരിക്കുന്നതിനായി ഹെല്‍പ്പ്ലൈന്‍ 1890 200 116 ല്‍ വിളിക്കാവുന്നതാണ്.അടുത്ത ആഴ്ചകളില്‍ത്തന്നെ നിഷ്‌ക്രിയ ഫയലിലെ എല്ലാ നഴ്സുമാര്‍ക്കും മിഡ് വൈഫുമാര്‍ക്കുമായി കത്തുകള്‍ അയച്ചുതുടങ്ങും. രജിസ്റ്ററില്‍ ആവശ്യമായ മാറ്റം വരുത്താനായിregistration@nmbi.ie എന്നതിലേക്ക് ഒരു ഇമെയില്‍ അയയ്ക്കണമെന്ന് എന്‍എംബിഐ പ്രസിഡന്റ്, മിസ് എസ്സീന്‍ കാസിഡി അറിയിച്ചു.

അയര്‍ലണ്ടിലെ നഴ്സുമാരുടെയും മിഡ് വൈഫുമാരുടെയും നിയമാനുസൃത റെഗുലേറ്റര്‍ ആണ് എന്‍എംബിഐ.നഴ്സുമാരുടെയും മിഡ് വൈഫുമാരുടെയും കൃത്യതയോടെ രജിസ്ട്രേഷന്‍ പാലിക്കുകയെന്നതാണ് ബോര്‍ഡിന്റെ മുഖ്യ ഉത്തരവാദിത്തം.പരിശീലനരംഗത്ത് സജീവല്ലാത്തതിന്റെ പേരിലോ വിദേശത്ത് പോയതിനാലോ വിരമിച്ചതിനാലോ കരിയറില്‍ ബ്രേക്ക് വന്നവര്‍ക്കായി 1993മെയ് മാസത്തിലാണ് നിഷ്‌ക്രിയ ഫയല്‍ സ്ഥാപിച്ചത്.ഏകദേശം 30000പേരാണ് ഇതിലുള്ളതെന്നാലും ഇതിന് നിയമനിര്‍മ്മാണത്തിന്റെ അടിസ്ഥാനമില്ല.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top