Sunday February 26, 2017
Latest Updates

ആസ്വാദക മനസുകളില്‍ കുളിര്‍മഴ പെയ്യിക്കുന്ന ശ്രേയ സംഗീതം

ആസ്വാദക മനസുകളില്‍ കുളിര്‍മഴ പെയ്യിക്കുന്ന ശ്രേയ സംഗീതം

ലോക സംഗീതത്തിന് ഏറെ സംഭാവനകളര്‍പ്പിക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷ നല്‍കാന്‍ കഴിവുള്ള ഒരു കൊച്ചു പെണ്‍കുട്ടി ന്യൂ ബ്രിഡ്ജില്‍ നിന്നും ഉദയം ചെയ്തത് ആകാംക്ഷയോടെ നോക്കിക്കാണുകയാണ് അയര്‍ലണ്ടിലെ മലയാളികള്‍.ജനപ്രിയ സംഗീതത്തിന്റെ അഴകും വെസ്റ്റെണ്‍ മ്യുസിക്കിന്റെ ചടുലതയും ഭാരതീയ ശാസ്ത്രീയ താളങ്ങളുടെ കലാപരതയും കോര്‍ത്തിണക്കി ആസ്വാദക മനസുകളില്‍ കുളിര്‍മഴ പെയ്യിക്കുന്ന ശ്രേയാ സുധീര്‍ എന്ന ഈ കൊച്ചു മിടുക്കി ഭാവിയുടെ താരമാവും എന്നതില്‍ സംഗീതം അല്‍പ്പമെങ്കിലും അറിയാവുന്നവര്‍ക്ക് സംശയം ഉണ്ടാവാനിടയില്ല

തുള്ളാമോറിനടുത്ത ക്ലാരാ ലിഷര്‍ സെന്റ്‌റിലെ ഓഡിറ്റെറിയത്തില്‍ മിഡ്‌ലാന്‍ഡ്‌സ് ഗോട്ട് ജൂനിയര്‍ ടാലന്റ് 2013 ഫൈനല്‍ കാണാന്‍ കാത്തിരുന്ന വന്‍ ജനാവലിയ്ക്ക് ശ്രേയാ സുധീര്‍ സമ്മാനിച്ചത് നിറഞ്ഞ വിസ്മയമായിരുന്നു. ബിയോന്‍സിന്റെ ലോക പ്രശസ്തമായ ‘ലിസന്‍ റ്റു ദി സോന്ഗ് ഹിയര്‍ ഇന്‍ മൈ ഹാര്‍ട്ട് ‘എന്ന ഗാനം യഥാര്‍ഥ ഗാനത്തിനേക്കാള്‍ എത്രയോ ശബ്ദമാധുരിയോടെ ശ്രേയ ആലപിച്ചപ്പോള്‍ സദസ് നിശബ്ദമായ് താളം പിടിച്ചു ചെവിയോര്‍ത്തു കാത്തിരുന്നു .

sreyaഅനുപമ സ്‌നേഹത്തിന്റെ പ്രതീകമായി ഗാന നിരുപകര്‍ വാഴ്ത്തുന്ന ‘ഐ വില്‍ ആള്‍വയ്‌സ് ലവ് യൂ ‘ എന്ന് തുടങ്ങുന്ന വിറ്റ്‌നി ഹൂസ്റ്റന്റെ ഗാനം കൂടിയായപ്പോള്‍ ശ്രേയ സദസിനെ കയ്യിലെടുത്തു എന്ന് തന്നെ പറയണം .സ്‌നേഹതാളം മാത്രം മുഴക്കി മധുരമായ ഒരുഹൃദയ നൊമ്പരമായി ചെറു തെന്നലായി അത് ഹാളില്‍ അലയടിച്ചു .ശ്രേയയുടെ ആലാപനത്തിന്റെ ഹൃദയാര്‍ദ്രതയില്‍ നിശബ്ദരായിരുന്ന ആസ്വാദകരുടെ കണ്ണുകളില്‍ കണ്ണീര്‍ നിറഞ്ഞൊഴുകി .
വെസ്റ്റെന്‍ ശീലുകളിലലിയിച്ച് ചേര്‍ക്കാന്‍ കഴിഞ്ഞ ഭാരതീയ സംഗീതത്തിന്റെ തനിമ ശ്രേയയ്ക്ക് തുണയായി .
ആലാപനം കഴിഞ്ഞപ്പോള്‍ കൈയടികളോടെ ആര്‍പ്പ് വിളികളോടെ ആസ്വാദകര്‍ എഴുനേറ്റ് നിന്നു .മലയാളത്തിന്റെ സ്വന്തം കുട്ടിയ്ക്ക് ഇതാ ഒരു ദേശത്തിന്റെ ആദരം. അത്ഭുതമൊഴിവാക്കാനാവാതെ അവതാരകാന്‍ അഭിനന്ദനങ്ങള്‍ കൊണ്ട് ശ്രേയയെ മൂടി .
‘ശ്രേയാ ..ഞങ്ങള്‍ എല്ലാവരും നിന്നെ സ്‌നേഹിക്കുന്നു …കൊച്ചുമിടുക്കിയുടെ പ്രകടനം വിലയിരുത്താന്‍ വിധികര്‍ത്താക്കളെ ക്ഷണിച്ചു കൊണ്ട് അവതാരകന്‍ പറഞ്ഞു .

ശ്രേയയുടെ പ്രകടനത്തിന്റെ വിസ്മയം കണ്ട് വിധികര്‍ത്താക്കള്‍ സംശയമില്ലാതെ പ്രഖ്യാപിച്ചു :’ഇത് അത്ഭുതമാണ്. 9 വയസുള്ള ഒരാളില്‍ നിന്നും പ്രതീക്ഷിക്കാന്‍ ആവാവുന്നതിലും വളരെ ഏറെ.’

സദസിന്റെ ആരവങ്ങളും ആര്‍പ്പു വിളികളും അപ്പോഴും ശമിച്ചിരുന്നില്ല ജഡ്ജസ് നല്‍കേണ്ട 50 % മാര്‍ക്കും ശ്രോതാക്കള്‍ നല്‍കേണ്ട 50 % മാര്‍ക്കും കൂട്ടി ചേര്‍ത്താണ് അന്തിമ വിധി വരേണ്ടത് …ശ്രോതാക്കളില്‍ ശ്രേയയുടെ അച്ഛനും അമ്മയും ഒഴികെയുള്ളവര്‍ മുഴുവന്‍ നൂറുകണക്കിന് വരുന്ന ഐറിഷ്‌കാര്‍ .ശ്രോതാക്കളുടെ മാര്‍ക്ക് വിഹിതം കൊണ്ട് ജയിക്കാനുള്ള സാധ്യത തീരെക്കുറവ് .

ശ്രോതാക്കളുടെ 50 % മാര്‍ക്ക് എണ്ണി തീര്‍ക്കുന്നതിനു മുന്‍പ് അതാ വരുന്നു ,അവതാരകന്റെ പ്രഖ്യാപനം വീണ്ടും .’.ഇതാ വിജയി …ശ്രേയാ സുധീര്‍ ‘
അത്രയ്ക്ക് ഉറപ്പായിരുന്നു ഏവര്‍ക്കും ശ്രേയയുടെ വിജയം .
ക്ലാര ലിഷര്‍ സെന്ററില്‍ നിറഞ്ഞു തുളുമ്പിയ ജനക്കൂട്ടം മറ്റാര്‍ക്ക് വോട്ടു രേഖപ്പെടുത്താന്‍ ?.അവസാനം ശ്രോതാക്കളുടെ മാര്‍ക്കിന്റെ ഫലം വന്നപ്പോഴും ആര്‍ക്കും തെറ്റിയില്ല .ശ്രേയ സുധീര്‍ ഓവറോള്‍ മാര്‍ക്കില്‍ ഒന്നാമത് ….

ഐ ടി രംഗത്ത് പ്രവര്‍ത്തിക്കുന്ന ശ്രേയയുടെ പിതാവ് സുധീര്‍ വിജയനും ,അമ്മ നിഷയ്ക്കും അനുജത്തി ശ്വേതയ്ക്കും ഇത് ആഹ്ലാദത്തിന്റെ നിമിഷമാണ്.
തന്റെ ഗുരുനാഥയ്ക്കുള്ളതാണ് വിജയത്തിന്റെ സമര്‍പ്പണം എന്ന് പറയുമ്പോള്‍ ശ്രേയ്ക്ക് നൂറു നാവ് .(നാലാം വയസുമുതല്‍ ശ്രേയയെ സംഗീതം പഠിപ്പിക്കുന്നതിലും ഉണ്ട് പുതുമ. ആസ്‌ട്രേലിയയിലുള്ള ചാരുമതി അയ്യരാണ് ശ്രേയയുടെ ഗുരുനാഥ . സ്‌കൈപ് വഴിയാണ് അന്ന് മുതല്‍ ശ്രേയ സംഗീത പഠനം നടത്തുന്നത് ).

കില്‍ഡയര്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രവര്‍ത്തകരും അഭിമാനപൂര്‍വ്വം ശ്രേയയെ അഭിനന്ദിക്കുന്ന തിരക്കിലാണ് .തങ്ങളുടെ സംഘടനയിലൂടെ കടന്നു വന്ന കൊച്ചു മിടുക്കി അയര്‍ലണ്ടിലെ മലയാളികളുടെ യശസുയര്‍ത്തിയതിന്റെ സന്തോഷത്തിലാണ് കില്‍ഡയറിലെ മലയാളികള്‍ .

അഞ്ചു ഭാഷകളില്‍ ഗാനങ്ങള്‍ ആലപിക്കുന്ന ശ്രേയ അയരലണ്ടിലെ ഇന്ത്യന്‍ സാംസ്‌കാരിക പരിപാടികളില്‍ സ്ഥിരമായി പങ്കെടുക്കാറുണ്ട് .ശ്രേയ ഘോഷലിന്റെയും ,സ്വേതാ മോഹന്റെയും ,സെലിന്‍ ദിയോനിന്റെയും ആരാധക കൂടിയാണ് ഈ കൊച്ചു മിടുക്കി .

Scroll To Top