Tuesday February 21, 2017
Latest Updates

ആവേശത്തിരയായ് ഡബ്ലിന്‍ മാരത്തോണ്‍: ചെറുപ്പക്കാരനായ ഇംഗ്ലീഷ് റണ്ണര്‍ ഹൃദയാഘാതംമൂലം മരിച്ചു

ആവേശത്തിരയായ് ഡബ്ലിന്‍ മാരത്തോണ്‍: ചെറുപ്പക്കാരനായ ഇംഗ്ലീഷ് റണ്ണര്‍ ഹൃദയാഘാതംമൂലം മരിച്ചു

ഡബ്ലിന്‍: വളരെക്കാലം മുന്‍പാണ്. നമ്മളും നമ്മുടെ പൂര്‍വ്വപിതാക്കന്‍മാരും ഒക്കെ ജനിക്കുന്നതിനും മുന്‍പ്. പേര്‍ഷ്യര്‍ക്കാര്‍ക്കെതിരെ നടന്ന യുദ്ധത്തില്‍ വിജയയിച്ചതിന്റ ആഹ്ലാദ സൂചകമായി ഗ്രീക്കുകാര്‍ ഒരു കൂട്ടയോട്ടം നടത്തി. വിജയാഹ്ലാദങ്ങളും സന്തോഷവുമെല്ലാം ഒത്തുചേര്‍ന്ന് ഒരു ഓട്ടം.

ആ കൂട്ടയോട്ടം പിന്നീട് മത്സരവേദികളിലും സന്തോഷ സൂചകമായും ഒക്കെ കടന്നുവന്നുകൊണ്ടിരുന്നു. മാരത്തോണ്‍യുദ്ധത്തിന്റെ വിജയാഹ്ലാദമായി കൊണ്ടാടിയതായതു കൊണ്ട് തന്നെ ഇത് മാരത്തോണ്‍ ഓട്ടം എന്നും അറിയപ്പെട്ടു.
എന്താണിപ്പോഴൊരു മാരത്തോണ്‍ വിശേഷം എന്ന് ഡബ്ലിന്‍ നിവാസികളായ മലയാളികള്‍ക്ക് മനസിലായിട്ടുണ്ടാവും. കഴിഞ്ഞ ദിവസം ഡബ്ലിന്‍ തെരുവുകളെ ആവേശത്തിരയിലാഴ്ത്തി 14,500പേരാണ് ഫിറ്റ്‌സ്‌വില്ല്യംസ്ട്രീറ്റ് അപ്പറില്‍ ഒത്തുകൂടിയത്. കൊട്ടും പാട്ടും ആര്‍പ്പുവിളികളും അറിയിപ്പുകളുമെല്ലാം ചുറ്റിലും പ്രതിധ്വനിച്ചുകൊണ്ടേയിരുന്നു. ഇതിനിടയിലേക്ക് ഓടാന്‍ തയ്യാറായി നിന്നവര്‍ ഒഴുകിയെത്തുകയായിരുന്നു.
വെടിശബ്ദത്തിന് കാതോര്‍ത്ത് അവര്‍ ഒരേലക്ഷ്യത്തോടെ, ഉന്മേഷത്തോടെ തയ്യാറായി നിന്നു. ഇതിന് അനൗണ്‍സറായ ഡേവിഡ് ഡെംപ്‌സി പറഞ്ഞത് സ്വന്തം സ്വപ്‌നത്തില്‍ വിശ്വസിക്കുന്നവരുടെ കൂടെയാണ് ഈ ലോകമെന്നാണ്. അതേ ആയിരക്കണക്കിനാളുകള്‍ തങ്ങളുടെ സ്വപ്‌നസാക്ഷാത്കാരത്തിനായി അണിനിരക്കുകയായിരുന്നു. ആരോഗ്യവാന്‍മാരായ ഒട്ടനവധിപേര്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നായി ഡബ്ലിന്‍ മാരത്തോണില്‍ പങ്കെടുക്കാനായി എത്തിച്ചേര്‍ന്നിരുന്നു.
മാരത്തോണിനായി വന്നുചേര്‍ന്ന പലരിലും പ്രധാനിയായ ഒരാളുണ്ട്. ഡബ്ലിനില്‍ നടത്തിയ എല്ലാ മാരത്തോണുകളിലും പങ്കെടുത്ത ക്ലൊണ്ടാല്‍കിന്‍കാരനായ ജെയിംസ് ഹെംപ്‌സി. ഇത്തവണ ഒരു അമേരിക്കക്കാരന്‍ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വേഷവിധാനത്തോടെയാണ് ജെയിംസ് പ്രത്യക്ഷപ്പെട്ടത്. തനിക്കൊരു പ്രചോദനമായ്‌ക്കോടെടയെന്ന് കരുതിയാണ് ഇത്തരമൊു വേഷം തിരഞ്ഞെടുത്തതെന്നാണ് ജെയിംസിന്റെ വാദം. 72കാരനായ ജെയിംസിനും ആവേശത്തിന് യാതൊരു കുറവുമുണ്ടായിരുന്നുമില്ല.
വളരെ പെട്ടെന്നുതന്നെ ഓട്ടം ആരംഭിച്ചു. ബാറ്റ്മാനേയും ഡൊണാള്‍ഡ് ഡക്കിനെയും പോലുള്ള ഒട്ടനവധി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ വേഷത്തിലും പലരും ഓട്ടക്കാര്‍ക്കിടയിലുണ്ടായിരുന്നു. കടലിലെ തിരയിളക്കം പോലെ ഓട്ടക്കാര്‍ മുന്നോട്ടെക്ക് കുതിച്ചുകൊണ്ടിരുന്നു. വളരെ പെട്ടെന്നാണ് എല്ലാവരും സ്റ്റാര്‍ട്ടിംഗ് പോയന്റില്‍ നിന്നും ഒഴിഞ്ഞത്. കുട്ടികളും കൗമാരക്കാരും യുവാക്കളും മുഖത്തു ചായം പൂശിയും മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു.
ഡബ്ലിന്‍ മാരത്തോണ്‍ ജനങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതു തന്നെയാണ്. കുട്ടികള്‍ക്കുവേണ്ടിയുള്ള ചാരിറ്റി അസോസിയേഷനായ ക്ലെയര്‍ ക്രൂസേഡേര്‍സിനുവേണ്ടിയുള്ള ധനസമാഹരണാര്‍ത്ഥം ഓടുന്ന മത്സരാര്‍ത്ഥികളെ പാഡിയും ജോണ്‍ ഫ്‌ലന്നറിയും കാണികളുടെ കൂടെനിന്നുകൊണ്ട് പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. അവരുടെ മകന്‍ ഹൊവാര്‍ഡ് സ്ഥാപിച്ച ചാരിറ്റി സ്ഥാപനമായിരുന്നു അത്. കുട്ടികളെ സഹായിക്കുന്നതിനായുള്ള ധനസമാഹരണത്തിനുവേണ്ടിയുള്ള ഒരു സൈക്ലിംഗിനിടെ അപകടത്തിലായിരുന്നു ഹൊവാര്‍ഡ് കൊല്ലപ്പെട്ടത്. ഹൊവാര്‍ഡിന്റെ മകനായ 14കാരന്‍ കാതലും ഒരുനാള്‍ മാരത്തോണില്‍ പങ്കെടുക്കുമെന്ന് പറഞ്ഞിരിക്കുകയാണ്.
ഓടി വളരെ വേഗത്തില്‍ തന്നെ ആളുകള്‍ ഫിനിഷിംഗ് ലൈനിലും എത്തിത്തുടങ്ങിയിരുന്നു. ഏവരെയും അത്ഭുതപ്പെടുത്തിക്കണ്ട് ഇത്തവണയും സീന്‍ ഹെഹിര്‍ തന്നെ ഒന്നാമതായി ഓടിയെത്തി. എന്നാല്‍ സീനിനു പകരം അമ്മ കുഷ്‌ല മുര്‍ഫി ഹെഹിര്‍ ആണ് അംഗീകാരം ഏറ്റുവാങ്ങിയത്. സീനിന്റെ പെണ്‍സുഹൃത്തിന് ഒരപകടം പറ്റി ആശുപത്രിയിലാണെന്നും അദ്ദേഹം ഓട്ടം കഴിഞ്ഞ് അവരുടെ അടുത്തേക്കുപോയതാണെന്നും കുഷ്‌ല പറഞ്ഞു.
മികച്ച ഓട്ടക്കാരുടെ പ്രായവും രൂപവും എല്ലാം വ്യത്യസ്തമായിരുന്നു. ഓട്ടക്കാര്‍ക്ക് എല്ലാവര്‍ക്കും തന്നെ ട്രാക്കിനു വെളിയില്‍ നിന്നും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മികച്ച പ്രോത്സാഹനങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ചിലര്‍ വേഗത്തില്‍ നടന്നും ഓടിയുമൊക്കെയാണ് ലക്ഷ്യസ്ഥാനം കണ്ടത്. കുറച്ചുപേര്‍ തീരെ വയ്യാതായപ്പോള്‍ റോഡരികുകളിലേക്ക് മാറി നില്‍ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാലും എല്ലാവരും വളരെ സന്തോഷത്തോടെതന്നെ മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
മൊനഗനിലെ ബ്രേഡ കോളിഫില്‍ഡ് തന്റെ മകള്‍ സിനിഡിന്റെ വേദനയുള്ള കാലുകള്‍ തിരുമ്മിക്കൊടുക്കുകയായിരുന്നു. മകളെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നുവെന്ന് ബ്രേഡ പറഞ്ഞു. മാസങ്ങള്‍ക്കകം സിനിഡ് പങ്കെടുക്കുന്ന രണ്ടാമത് മാരത്തോണാണ് ഇത്.
എന്നാല്‍ ഇനി വയ്യെന്നാണ് 61കാരനായ ജോണ്‍ ബാരറ്റ് പറഞ്ഞത്. ഇത് അദ്ദേഹത്തിന്റെ 20ാമത് മാരത്തോണ്‍ ആയിരുന്നു. ഇത് രണ്ടാമത്തെതവണയാണ് വീല്‍ചെയറിലിരുന്നുകൊണ്ട് ബാരറ്റ് മാരത്തോണില്‍ പങ്കെടുക്കുന്നത്.
ഏതായാലും പ്രായഭേദമന്യേ ഡബ്ലിന്‍ മാരത്തോണ്‍ ഉത്സവമാക്കിത്തീര്‍ക്കാന്‍ അതില്‍ പങ്കെടുത്ത ഏവര്‍ക്കും സാധിച്ചുവെന്നുവേണം കരുതാന്‍. ഡബ്ലിനും ആവേശം കാത്തു സൂക്ഷിച്ചുകൊണ്ട് അടുത്തവര്‍ഷത്തേക്കായി മാരത്തോണിന് താത്കാലിക വിട നല്‍കുകയും ചെയ്തു.

അതിനിടെ ഒരു ദുഃഖ വാര്‍ത്തയുമെത്തി.കഴിഞ്ഞ ദിവസം നടന്ന ഡബ്ലിന്‍ മാരത്തോണ്‍ ഓട്ടത്തിനിടെ ഹൃദയാഘാതം വന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 27കാരന്‍ മരണത്തിന് കീഴടങ്ങിയെന്നതായിരുന്നു അത്..
ഇംഗ്ലണ്ടിലെ താനെറ്റ് റോഡ്‌റണ്ണേര്‍സ് അത്‌ലറ്റിക് ക്ലബിലെ റിക്കി സാവേജിനാണ് മരണം സംഭവിച്ചത്. 26.2 മൈല്‍ താണ്ടി മരിയന്‍ സ്‌ക്വയറിലെ ഫിനിഷിംഗ് പോയിന്റിലേക്ക് മൂന്നു മണിക്കൂര്‍ പത്തുമിനുട്ട് സമയം കൊണ്ടാണ് റിക്കി ഒടിയെത്തിയത്. ഫിനിഷിംഗ് പോയിന്റിലേക്ക് കടന്ന് അല്പസമയത്തിനകം തന്നെ റിക്കി തളര്‍ന്നു വീഴുകയായിരുന്നു.
തുടര്‍ന്ന് റിക്കി സാവേജിനെ സെന്റ് ജോണ്‍സ് ആംബുലന്‍സില്‍ സെന്റ് വിന്‍സെന്റ് ആശുപത്രിയില്‍ എത്തിച്ചു.
റിക്കി സാവേജ് പൂര്‍ത്തിയാക്കിയ ആദ്യ മാരത്തോണ്‍ ഓട്ടമായിരുന്നു ഇത്. എന്നാല്‍ അതിന്‌ശേഷം അദ്ദേഹത്തിന്റെ സ്ഥിതി വളരെ ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു. ഉച്ചയോടെതന്നെ മരണം സംഭവിച്ചു.

Scroll To Top