Sunday August 19, 2018
Latest Updates

ആലഞ്ചേരി പിതാവിനെതിരെ കേസ് എടുക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ

ആലഞ്ചേരി പിതാവിനെതിരെ കേസ് എടുക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി :സിറോ മലബാര്‍ സഭയിലെ കോടികളുടെ ഭൂമി അഴിമതിയില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ് എടുക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ചാണ് സ്റ്റേ ചെയ്തത്. നേരത്തെ കര്‍ദിനാളിനെതിരെ കേസെടുക്കുന്നതില്‍താമസം വരുത്തിയതിന് ഡി.ജി.പി നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ഹൈകോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തില്‍ നിയമോപദേശം തേടിയതിലും കോടതി അതൃപ്തി അറിയിച്ചു. കോടതി വിധിയുണ്ടായിട്ടും എ.ജി യുടെ ഉപദേശം തേടിയതെന്തിനെന്ന് ഡി.ജി.പി വ്യക്തമാക്കണം. കേസെടുക്കാന്‍ ആരുടെ നിര്‍ദേശ പ്രകാരമാണ് ആറു ദിവസം വൈകിയത് എന്നും കോടതി ചോദിച്ചു.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന് നേരിട്ട് ഹാജരായി വിശദികരണം നല്‍കണം എന്ന് കെമാല്‍ പാഷ ഉത്തരവിട്ടതിന് പിന്നാലെയാണ് ഡിവിഷന്‍ ബെഞ്ച് കേസ് എടുക്കുന്നത് സ്റ്റേ ചെയ്തത്. നേരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട വിധിയും ഡിവിഷന്‍ബെഞ്ച് സ്റ്റേ ചെയ്തിരുന്നു.

ഭൂമിയിടപാട് കേസില്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ സഭയുടെ സ്ഥലം കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറില്‍ പറയുന്നു. ഐ.പി.സി 154-ാം വകുപ്പ് പ്രകാരമാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാദര്‍ ജോഷി പുതുവ, ഫാദര്‍ സെബാസ്റ്റിയന്‍ വടക്കുംമ്പാടന്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്.
എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

സഭ 27.15 കോടി രൂപ വില നിശ്ചയിച്ചിരുന്ന ഭൂമി 13.51 കോടിയ്ക്ക് വിറ്റെന്നാണ് പരാതിക്കാരന്‍ ഉന്നയിക്കുന്ന ആക്ഷേപം. അതിരൂപതയെ വിശ്വാസ വഞ്ചന ചെയ്ത് സഭയ്ക്ക് അന്യായമായ നഷ്ടം വരണമെന്ന ലക്ഷ്യത്തോടെ പ്രതികള്‍ ഗൂഢാലോചന നടത്തിയാണ് അഞ്ചിടത്തെ 301.76 സെന്റ് സ്ഥലം 36 പ്ലോട്ടുകളായി വിറ്റതെന്നും പരാതിയില്‍ പറയുന്നു. ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

Scroll To Top