Wednesday August 15, 2018
Latest Updates

ആര്‍ ടി ഇ  എക്‌സിറ്റ് പോളിലും  ‘യെസ്’

ആര്‍ ടി ഇ  എക്‌സിറ്റ് പോളിലും  ‘യെസ്’

ഡബ്ലിന്‍: ഐറിഷ് അബോര്‍ഷന്‍ റഫറണ്ടത്തില്‍ ഭരണഘടന ഭേദഗതി ചെയ്യാനുള്ള അനുമതിയുമായി യെസ് പക്ഷം തന്നെ വിജയം നേടിയേക്കുമെന്ന് ദേശീയ ടെലിവിഷന്‍ ചാനലായ ആര്‍ ടി ഇ നടത്തിയ എക്‌സിറ്റ് പോള്‍ പ്രവചനം:

യെസ് പക്ഷത്തിന് 69.4 ശതമാനം വോട്ടും,നോ പക്ഷത്തിന് 30.6 ശതമാനം വോട്ടും ലഭിക്കുമെന്നാണ് ആര്‍ടിഇ ഇന്ന് രാവിലെ മുതല്‍ രാജ്യത്തുടനീളം നടത്തിയ എക്‌സിറ്റ് പോളില്‍ വ്യക്തമാവുന്നത്.

69,5 ശതമാനം പുരുഷന്മാരും,72.1 ശതമാനം സ്ത്രീകളും ഭരണഘടനാ ഭേദഗതിയെ പിന്താങ്ങുമ്പോള്‍,18-24 പ്രായപരിധിയിലുള്ള 87 ശതമാനം പേരും അബോര്‍ഷന്‍ നിയന്ത്രണമില്ലാതെ നടപ്പാക്കണം എന്ന് ആവശ്യപ്പെടുന്നവരാണത്രെ.

രാത്രി പത്ത് മണിയോടെ ഐറിഷ് ടൈംസ് പുറത്തുവിട്ട എക്സിറ്റ് പോള്‍ ഫല പ്രകാരവും യെസ് പക്ഷം 62 ശതമാനം വോട്ടു നേടുമെന്നായിരുന്നു പ്രവചനം.
ഐറിഷ് ടൈംസ് എക്സിറ്റ് പോള്‍ പ്രകാരം ഗ്രാമമേഖലകളില്‍ ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും ഡബ്ലിനിലെ സ്ത്രീകളും യുവജനങ്ങളും യെസ് പക്ഷത്തെ മുമ്പിലെത്തിച്ചു എന്നാണ് സൂചനകള്‍.18 നും 24 നും ഇടയ്ക്കുള്ള 84 ശതമാനം വോട്ടര്‍മാരും യെസ് വോട്ടിനെയും ഭരണഘടനാ ഭേദഗതിയെയും അനുകൂലിച്ചു.

160 കേന്ദ്രങ്ങളിലായി നാലായിരത്തോളം പേരാണ് ഐറിഷ് ടൈംസ് എക്സിറ്റ് പോളില്‍ പങ്കെടുത്തത്.രാജ്യത്തൊട്ടാകെ യെസ് വോട്ടിന് അനുകൂലമായ തരംഗം ഉണ്ടായെന്നാണ് എക്സിറ്റ് പോള്‍ വിലയിരുത്തുന്നത്.

വോട്ടെണ്ണല്‍  രാവിലെ 9 മണി മുതല്‍ ,ഉച്ചയോടെ ഫലം അറിയാം

രാവിലെ 9 മണിയ്ക്ക് അതാത് കൗണ്ടി കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിക്കും.

ഡബ്ലിന്‍ കാസിലിലിലെ മുഖ്യ കൌണ്ടിംഗ് കേന്ദ്രത്തില്‍ ഓരോ കൌണ്ടികളില്‍ നിന്നുമുള്ള ഫലം അന്തിമമായി ലഭിക്കുമ്പോള്‍ ലോക ചരിത്രത്തില്‍ തന്നെ ഇതാദ്യമായി ഒരു രാജ്യത്തെ ജനത വോട്ടെടുപ്പിലൂടെ അബോര്‍ഷന്‍ തങ്ങള്‍ക്ക് വേണോ വേണ്ടയോ എന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തും.9 45 മുതല്‍ പൊതു ജനങ്ങള്‍ക്കും ഡബ്ലിന്‍ കാസില്‍ സന്ദര്‍ശിക്കാന്‍ അവസരം ഉണ്ടാകും .

ലോകമെമ്പാടും നിന്നുമായി നൂറുകണക്കിന് മാധ്യമ പ്രവര്‍ത്തകരാണ് ഡബ്ലിനില്‍ ഹിതപരിശോധനയുടെ റിസല്‍ട്ട് കാത്ത് എത്തിയിരിക്കുന്നത്.ഹോട്ടലുകള്‍ ടൂറിസ്റ്റുകളെ കൊണ്ട് നിറഞ്ഞിട്ടുണ്ട്.മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പ്രൊ ചോയിസ്‌കാരും ആഹ്ലാദ പൂര്‍വ്വം വിജയം പ്രതീക്ഷിച്ചു ഡബ്ലിനില്‍ ഉണ്ട്.ഇവരില്‍ പലരും ഹിത പരിശോധനയുടെ പ്രചാരണ ഘട്ടം മുതല്‍ ഇവിടെയുള്ളവരാണ്.

ഹിത പരിശോധനയുടെ ഫല പ്രഖ്യാപനത്തിന്റെ ഓരോ ഘട്ടത്തിലും വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്ത് ഏറ്റവും പുതിയ വാര്‍ത്തകള്‍ വായനക്കാര്‍ക്ക് എത്തിക്കാനുള്ള സൌകര്യങ്ങള്‍ ‘ഐറിഷ് മലയാളി’യും ചെയ്തിട്ടുണ്ട്. 9.30 മുതല്‍ വായനക്കാര്‍ക്ക് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ ലഭ്യമാക്കും.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top