Saturday November 25, 2017
Latest Updates

ആരോഗ്യ മേഖലയില്‍ മാത്രം പ്രത്യേക സാമ്പത്തിക പരിഗണനയില്ലെന്ന മന്ത്രിയുടെ പ്രസ്താവന വിവാദമായി: ജീവനക്കാര്‍ പ്രക്ഷോഭത്തിന്റെ പാതയിലേക്ക്

ആരോഗ്യ മേഖലയില്‍ മാത്രം പ്രത്യേക സാമ്പത്തിക പരിഗണനയില്ലെന്ന മന്ത്രിയുടെ പ്രസ്താവന വിവാദമായി: ജീവനക്കാര്‍ പ്രക്ഷോഭത്തിന്റെ പാതയിലേക്ക്

ഡബ്ലിന്‍ : ആരോഗ്യ സേവനരംഗത്ത് നഴ്സുമാരുടെ റിക്രൂട്മെന്റിനും സംരക്ഷണത്തിനും പ്രത്യേക സാമ്പത്തികാനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് വ്യവസായത്തിന്റെ സ്ഥിരതയെ അപകടത്തിലാക്കുമെന്ന് ഐറീഷ് നഴ്സസ് ആന്റ് മിഡ് വൈഫ്സ് അസോസിയേഷന്‍ (ഐഎന്‍എംഒ) മുന്നറിയിപ്പ് നല്‍കി.യാതോരുവിധത്തിലുള്ള പ്രത്യേക സാമ്പത്തികാനുകൂല്യങ്ങളും അനുവദിക്കാനാവില്ലെന്ന ധനമന്ത്രി പാസ്‌കല്‍ ഡോണോഹുവിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഐഎന്‍എംഒയുടെ മുന്നറിയിപ്പ്.

ആരോഗ്യ സേവന മേഖലയെ അപകടപ്പെടുത്തുന്നതിനു മാത്രമേ ഇത്തരം നിലപാട് സഹായകമാകൂയെന്ന് അസോസിയേഷന്‍ പറഞ്ഞു.നിലവിലുള്ള ലാന്‍സ് ഡൗണ്‍ റോഡ് എഗ്രിമെന്റ് സംബന്ധിച്ച് സര്‍ക്കാരുമായി പ്രത്യേകം ചര്‍ച്ച നടത്തണമെന്ന് വര്‍ക്ക് പ്ലേസ് കമ്മീഷന്‍ ട്രേഡ് യൂണിയനുകളോട് ആവശ്യപ്പെട്ടു.ഈ ചര്‍ച്ചകള്‍ രണ്ടാഴ്ച നീളുമെന്നാണ് കരുതുന്നത്.

ശമ്പളപരിഷ്‌കരണം സംബന്ധിച്ച് രാജ്യത്തിന് കൂട്ടായ ഉടമ്പടിയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് സ്പെഷ്യല്‍ ആനുകൂല്യങ്ങള്‍ പരിഗണിക്കില്ലെന്നുമാണ് മന്ത്രി ഡോണോഹു പറഞ്ഞത്.സാമ്പത്തിക അടിയന്തരാവസ്ഥാ നിയമം (എപ്.ഇഎംപിഐ) നടപ്പിലാക്കുകയാണ് ആളുകളെ പൊതു സംവിധാനത്തില്‍ ഉറപ്പിച്ചു നിര്‍ത്താനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്നും മന്ത്രി പറഞ്ഞു.
സാമ്പത്തികഞെരുക്കത്തിന്റെ കാലത്ത് ശമ്പളവും പെന്‍ഷന്‍ ലെവിയും ചുമത്തിയപ്പോള്‍ 35000 യൂറോ വാങ്ങിയിരുന്നവര്‍ എന്തു ജോലിയാണ് ചെയ്തിരുന്നതെന്ന് മന്ത്രി ചോദിച്ചു.പൊതുമേഖലയില്‍ നഴ്സുമാരുടെ കാര്യത്തില്‍ ഒരു വര്‍ധന ധാരണയുണ്ടായാല്‍ മറ്റ് ഗ്രേഡുകളിലുള്ളവരും അതിനെ ഒരു അവസരമായി കരുതി ഉടന്‍ രംഗത്തുവരുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മന്ത്രിയുടെ പ്രസ്താവന പുറത്തുവന്നതോടെ 50000ത്തോളം ഡോക്ടര്‍മാരും നഴ്സുമാരും മിഡ് വൈഫുമാരും ഉള്‍പ്പെട്ട യൂണിയനുകള്‍ ഇതിനെതിരെ ശക്തമായി രംഗത്തുവന്നു.ഏതെങ്കിലും വിധത്തിലുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ ശമ്പളപരിഷ്‌കരണത്തിനൊപ്പം ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അവര്‍ മുന്നറിയിപ്പു നല്‍കി.

നഴ്സുമാരുടെ ശമ്പളം സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടെന്ന് ഐഎന്‍എംഒ ജനറല്‍ സെക്രട്ടറി ലിയാം ഡോറണ്‍ പറഞ്ഞു. ഞങ്ങളില്‍ നിന്നും കഴിഞ്ഞ കാലത്ത് പിടിച്ചെടുത്ത ആനുകൂല്യങ്ങളാണ് സംഘടന ഒന്നാമതായി ആവശ്യപ്പെടുന്നത്.മറ്റൊന്ന് നഴ്സുമാരുടെ റിക്രൂട്ട്മെന്റ് മാത്രമല്ല,അവരുടെ നിലനില്‍പ്പും കഴിഞ്ഞ നാലഞ്ച് വര്‍ഷങ്ങളായി പ്രതിസന്ധിയിലാണ്. അത് പരിഹരിക്കാന്‍ പ്രത്യേക സാമ്പത്തിക നടപടികളുണ്ടാവണം. അയര്‍ലണ്ടിന്റെ ആരോഗ്യ രംഗത്തേക്ക് കൂടുതല്‍ നഴ്സുമാരും ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും കടന്നുവരേണ്ടത് രാജ്യത്തിന്റെ ആരോഗ്യമേഖലയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്.ഡോറന്‍ ചൂണ്ടിക്കാട്ടി.

Scroll To Top