Sunday October 21, 2018
Latest Updates

ആപ്പിള്‍, കൗണ്ടി ഗോള്‍വേയിലെ ഡാറ്റ സെന്റര്‍ ഉപേക്ഷിച്ചു,നഷ്ടപ്പെടുന്നത് നൂറുകണക്കിന് തൊഴില്‍ അവസരങ്ങള്‍

ആപ്പിള്‍, കൗണ്ടി ഗോള്‍വേയിലെ ഡാറ്റ സെന്റര്‍ ഉപേക്ഷിച്ചു,നഷ്ടപ്പെടുന്നത് നൂറുകണക്കിന് തൊഴില്‍ അവസരങ്ങള്‍

ഡബ്ലിന്‍ :ബഹുരാഷ്ട്ര കുത്തക കമ്പനിയായ ആപ്പിള്‍ അയര്‍ലണ്ടിലെ ഗോള്‍വേ കൗണ്ടിയിലെ അതെന്റിയില്‍ 850 മില്യണ്‍ യൂറോ മുതല്‍ മുടക്കില്‍ സ്ഥാപിക്കാനിരുന്ന ഡാറ്റ സെന്റര്‍ പദ്ധതി പൂര്‍ണ്ണമായും ഉപേക്ഷിച്ചു.പ്ലാനിംഗ് പെര്‍മിഷനിലെ സാങ്കേതികത്വം മൂലം വൈകിയ പദ്ധതി തങ്ങള്‍ ഉപേക്ഷിക്കുകയാണെന്ന ആപ്പിളിന്റെ പ്രഖ്യാപനം ഇന്നലെയാണ് പുറത്തുവന്നത്.

2015 ല്‍ പ്ലാനിംഗ് ബോര്‍ഡ് അനുമതി നല്‍കിയെങ്കിലും തുടര്‍ന്ന് വന്ന അപ്പീലുകള്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തെ തടഞ്ഞു.ഇതോടെ 166000 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വമ്പന്‍ പ്രോജക്റ്റ് ഉപേക്ഷിക്കാന്‍ ആപ്പിള്‍ നിര്‍ബന്ധിതമാവുകയായിരുന്നു.

നേരിട്ടുള്ള ആയിരത്തോളം തൊഴില്‍ അവസരങ്ങളും,350 നിര്‍മ്മാണജോലിക്കാരുടെ അവസരങ്ങളും കളഞ്ഞു കുളിച്ച സര്‍ക്കാര്‍ നടപടിയ്ക്കെതിരെ പ്രാദേശികമായി പ്രതിഷേധം ഉയരുന്നുണ്ട്.

ഐഡിഎ അയര്‍ലണ്ടും,ഐബക്കും അടക്കമുള്ള വ്യവസായ മേഖലയിലെ സംഘടനകളും സര്‍ക്കാരിന്റെയും,പ്ലാനിംഗ് ബോര്‍ഡിന്റെയും മെല്ലപ്പോക്കില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്.

ഡാറ്റാ സെന്റര്‍ വേണ്ടന്ന് വെയ്ക്കാനുള്ള പ്രാഥമികനടപടികള്‍ അറിഞ്ഞപ്പോള്‍ തന്നെ കാലിഫോര്‍ണിയയിലെ ആപ്പിള്‍ ആസ്ഥാനത്ത് പോയി ലിയോ വരദ്കര്‍ കഴിഞ്ഞ വര്‍ഷം വിട്ടുവീഴ്ച നീക്കുപോക്കുകള്‍ നടത്തിയപ്പോഴും അവരുടെ ഭാവി ബിസിനസ് പദ്ധതിയില്‍, അതന്റിയെ പരിഗണിക്കാമെന്ന് മാത്രമാണ് ആപ്പിള്‍ സമ്മതിച്ചിരുന്നത്.അതന്റി ഡാറ്റാസെന്റര്‍ പ്രോജക്ട് ആപ്പിള്‍ ഉപേക്ഷിച്ചേക്കുമെന്ന സൂചന അന്നേ വരദ്കര്‍ നല്‍കിയിരുന്നത് ഇപ്പോള്‍ യാഥാര്‍ഥ്യമാവുകയാണ്.

നികുതി ഒഴിവാക്കുന്നതിനുള്ള ആപ്പിളിന്റെ തന്ത്രം പാരഡൈസ് പേപ്പേഴ്‌സ് പുറത്തുവിട്ടപ്പോള്‍ മുതല്‍ ഉലഞ്ഞു തുടങ്ങിയ ബന്ധം പൂര്‍ണ്ണമായും തകരുകയാണ്. നികുതി ഒഴിവാക്കാനുള്ള തന്ത്രമായിരുന്നു കമ്പനിയുടെ ഐറീഷ് ബാന്ധവമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.ടാക്‌സ് ഇനത്തില്‍ ശതകോടിക്കണക്കിന് ഡോളര്‍ ഒഴിവാക്കുന്നതിനുള്ള താവളമായി അയര്‍ലണ്ടടക്കമുള്ള ദ്വീപുകളെ ഉപയോഗിക്കുകയായിരുന്നുവെന്ന് വിവരം.

2014വരെ,ആപ്പിള്‍ അമേരിക്കയുടെ നികുതി നിയമങ്ങളിലെ പഴുത് ചൂഷണം ചെയ്യുകയും റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടിന്റെ ആനുകൂല്യങ്ങളെ പ്രയോജനപ്പെടുത്തുകയുമായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍.

ഒരു വര്‍ഷം ആപ്പിളിന്റെ ഐറിഷ് കമ്പനികളില്‍ നിന്നുള്ള നികുതി വെറും 0.005 ശതമാനമായിരുന്നുവെന്ന് യൂറോപ്യന്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.2013ല്‍ യൂറോപ്യന്‍ യൂണിയന്‍ ആപ്പിളിന്റെ ഐറിഷ് ഏര്‍പ്പാടുകളെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

തുടര്‍ന്ന് ആപ്പിള്‍ അതിന്റെ ഐറിഷ് സബ്‌സിഡിയറികള്‍ക്ക് നികുതി ഇളവുകള്‍ നിലനിര്‍ത്തുന്നതിന് ഒരു ഓഫ്‌ഷോര്‍ സാമ്പത്തിക കേന്ദ്രം കണ്ടെത്തി.അതിനായി യുകെയുടെ കീഴിലുള്ള ജേഴ്‌സിയെ തിരഞ്ഞെടുത്തു.അതിലൂടെ സ്വന്തം ടാക്‌സ് നിയമങ്ങള്‍ ഉണ്ടാക്കി.വിദേശ കമ്പനികളുടെ കോര്‍പറേറ്റ് ടാക്‌സ് നിരക്ക് പൂജ്യം ശതമാനമാക്കുകയും ചെയ്തു.

ആപ്പിളിന്റെ പ്രധാന ഐറിഷ് സബ്‌സിഡയറികളായ ആപ്പിള്‍ ഓപ്പറേഷന്‍സ് ഇന്റര്‍നാഷണല്‍,ആപ്പിള്‍ സെയില്‍സ് ഇന്റര്‍നാഷണല്‍ എന്നിവയിലൂടെ ശതകോടികളുടെ നികുതികള്‍ ഒഴിവാക്കാനായി.ആപ്പിള്‍ ഓപ്പറേഷന്‍സ് ഇന്റര്‍നാഷണലിന് 252ബില്ല്യണ്‍ ഡോളര്‍ വിദേശ നാണയ ശേഖരമുള്ളതായാണ് കണക്ക്.

അമേരിക്കയ്ക്ക് പുറത്ത് 44.7 ബില്ല്യന്‍ ഡോളര്‍ വരുമാനമുണ്ടാക്കിയതായി ആപ്പിളിന്റെ 2017 അക്കൗണ്ടുകള്‍ വെളിപ്പെടുത്തുന്നു.വിദേശ രാജ്യങ്ങളിലെ നികുതികള്‍ക്കായി 1.65 ബില്ല്യന്‍ ഡോളര്‍ (വെറും 3.7 ശതമാനം) ആണ് നല്‍കിയത്. ആപ്പിളിന്റെ നിയമോപദേശകരാണ് ജേഴ്‌സി ബന്ധം വെളിപ്പെടുത്തിയത്

റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടിന്റെ 2013ലെ വിവാദ നികുതികളെ പിന്‍വലിക്കാന്‍ ജേഴ്‌സിയെ പകരമായി ഉപയോഗിക്കുന്നതിലും ആപ്പിള്‍ വിജയിച്ചു.ആപ്പിള്‍ അതിന്റെ വലിയ അസംഖ്യം ഓഫ്‌ഷോര്‍ ശേഖരം ചാനല്‍ ഐലന്‍ഡിലേക്ക് കൈമാറ്റം ചെയ്തു, അതിലൂടെ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് നികുതികള്‍ ഒഴിവാക്കി.

കഴിഞ്ഞ മൂന്നു വര്‍ഷമായി കോര്‍പ്പറേറ്റ് നികുതിയിനത്തില്‍ 26 ബില്ല്യന്‍ പൗണ്ടാണ് നല്‍കിയതെന്ന പാരഡൈസ് പേപ്പേഴ്‌സ് വെളിപ്പെടുത്തുന്നു.അമേരിക്കയുടെ പുറത്തേക്കുള്ള മുഴുവന്‍ വില്‍പനകളും നികുതി രഹിതമായി നടത്താന്‍ ആപ്പിളിന് കഴിഞ്ഞു.ഇപ്പോള്‍, വരുമാനത്തിന്റെ ഏകദേശം 55 ശതമാനവും ഐറിഷ് സബ്‌സിഡിയറികളിലൂടെയാണ്.

ഇതിനാകട്ടെ യാതൊരു നികുതിയും ലഭിക്കുന്നുമില്ല.അയര്‍ലണ്ടിലെ കോര്‍പ്പറേഷന്‍ നികുതിയായ 12.5 ശതമാനമോ അല്ലെങ്കില്‍ യുഎസ് നിരക്കായ 35 ശതമാനമോ നല്‍കുന്നതിനുപകരം അഞ്ച് ശതമാനമാണ് ആപ്പിള്‍ നല്‍കുന്നത്. ചില വര്‍ഷങ്ങളില്‍ ഇത് 2 ശതമാനത്തില്‍ താഴെയായി കുറഞ്ഞിരുന്നുവെന്നും പാരഡൈസ് വെളിപ്പെടുത്തുന്നു.

യൂറോപ്യന്‍ യൂണിയന്‍ നികുതി വ്യവസ്ഥകള്‍ക്ക് വിധേയമായി അയര്‍ലണ്ടിന് 13 ബില്യണ്‍ യൂറോ നികുതിയായി ആപ്പിള്‍ അടയ്ക്കണമെന്ന യൂറോപ്പ്യന്‍ കമ്മീഷന്‍ 2013 ല്‍ വിധിച്ചിരുന്നു.അന്ന് മുതലാണ് അയര്‍ലണ്ടില്‍ നിന്നും വിട്ടു പോകാനുള്ള തന്ത്രം ആപ്പിള്‍ ക്രമീകരിച്ചത്.
രാജ്യത്തേക്ക് ഭാവിയിലുള്ള നിക്ഷേപത്തെ കമ്മീഷന്‍ തീരുമാനം പ്രതികൂലമായി ബാധിക്കും എന്നതിനാല്‍ വിധിക്കെതിരെ അപ്പീലിന് പോകാനൊന്നും ഫിനഗേലിന്റെ നേതൃത്വത്തിലുള്ള തയാറായില്ല.ആപ്പിളിനെ അയര്ലണ്ടില്‍ നിലനിര്‍ത്താനായിരുന്നു ആ ശ്രമം.എന്നാല്‍ 13 ബില്യണ്‍ യൂറോ നഷ്ടപ്പെടുത്തേണ്ട കാര്യമില്ലെന്നു ഭരണമുന്നണിയിലെ മറ്റു ഘടകകക്ഷികള്‍ അഭിപ്രായപെട്ടിരുന്നത്.
നികുതി ഒഴിവാക്കി വിദേശ കമ്പനികളെ ആകര്‍ഷിക്കാന്‍ അയര്‍ലണ്ട് ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ആപ്പിളിനും നികുതി ഒഴിവാക്കിയത്.

എന്നാല്‍ ഘട്ടം ഘട്ടമായി 13 ബില്യണ്‍ യൂറോ അടയ്ക്കാന്‍ ആപ്പിള്‍ സന്നദ്ധരായെങ്കിലും പൂര്‍ണ്ണമായും അയര്‍ലണ്ട് വിട്ടുപോകാനുള്ള തീരുമാനം വരുന്നതോടെ അയര്‍ലണ്ടിലെ തൊഴില്‍ മേഖലയ്ക്കും ഭാഗീകമായി നഷ്ടമുണ്ടാവും.
ഐറിഷ് മലയാളി ന്യൂസ്

Scroll To Top