Monday November 20, 2017
Latest Updates

ആപ്പിള്‍, അയര്‍ലണ്ടിനെ വിട്ടുപോകുന്നു ? ടാക്‌സ് ഒഴിവാക്കി കോടികള്‍ നേടിയ ആപ്പിള്‍ കമ്പനി തന്ത്രപൂര്‍വം അയര്‍ലണ്ടിനെ ഒഴിവാക്കി 

ആപ്പിള്‍, അയര്‍ലണ്ടിനെ വിട്ടുപോകുന്നു ? ടാക്‌സ് ഒഴിവാക്കി കോടികള്‍ നേടിയ ആപ്പിള്‍ കമ്പനി തന്ത്രപൂര്‍വം അയര്‍ലണ്ടിനെ ഒഴിവാക്കി 

ഡബ്ലിന്‍ :ബഹുരാഷ്ട്ര കുത്തക കമ്പനിയായ ആപ്പിള്‍ അയര്‍ലണ്ട് വിടുന്നതായി സൂചന.നികുതി ഒഴിവാക്കുന്നതിനുള്ള കമ്പനിയുടെ തന്ത്രമായിരുന്നു കമ്പനിയുടെ ഐറീഷ് ബാന്ധവമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.ഈ വിവരം പുറത്തുവന്നതോടെയാണ് ആപ്പിള്‍ അയര്‍ലണ്ട് വിടുമോയെന്ന ചോദ്യം വിവിധ കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്നത്.ടാക്സ് ഇനത്തില്‍ ശതകോടിക്കണക്കിന് ഡോളര്‍ ഒഴിവാക്കുന്നതിനുള്ള താവളമായി അയര്‍ലണ്ടടക്കമുള്ള ദ്വീപുകളെ ഉപയോഗിക്കുകയായിരുന്നുവെന്ന് പാരഡൈസ് പേപ്പേഴ്സ് പുറത്തുവിട്ട വിവരം.

2014വരെ,ആപ്പിള്‍ അമേരിക്കയുടെ നികുതി നിയമങ്ങളിലെ പഴുത് ചൂഷണം ചെയ്യുകയും റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടിന്റെ ആനുകൂല്യങ്ങളെ പ്രയോജനപ്പെടുത്തുകയുമായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍.

ഒരു വര്‍ഷം ആപ്പിളിന്റെ ഐറിഷ് കമ്പനികളില്‍ നിന്നുള്ള നികുതി വെറും 0.005 ശതമാനമായിരുന്നുവെന്ന് യൂറോപ്യന്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.2013ല്‍ യൂറോപ്യന്‍ യൂണിയന്‍ ആപ്പിളിന്റെ ഐറിഷ് ഏര്‍പ്പാടുകളെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

തുടര്‍ന്ന് ആപ്പിള്‍ അതിന്റെ ഐറിഷ് സബ്സിഡിയറികള്‍ക്ക് നികുതി ഇളവുകള്‍ നിലനിര്‍ത്തുന്നതിന് ഒരു ഓഫ്ഷോര്‍ സാമ്പത്തിക കേന്ദ്രം കണ്ടെത്തി.അതിനായി യുകെയുടെ കീഴിലുള്ള ജേഴ്സിയെ തിരഞ്ഞെടുത്തു.അതിലൂടെ സ്വന്തം ടാക്സ് നിയമങ്ങള്‍ ഉണ്ടാക്കി.വിദേശ കമ്പനികളുടെ കോര്‍പറേറ്റ് ടാക്സ് നിരക്ക് പൂജ്യം ശതമാനമാക്കുകയും ചെയ്തു.

ആപ്പിളിന്റെ പ്രധാന ഐറിഷ് സബ്സിഡയറികളായ ആപ്പിള്‍ ഓപ്പറേഷന്‍സ് ഇന്റര്‍നാഷണല്‍,ആപ്പിള്‍ സെയില്‍സ് ഇന്റര്‍നാഷണല്‍ എന്നിവയിലൂടെ ശതകോടികളുടെ നികുതികള്‍ ഒഴിവാക്കാനായി.ആപ്പിള്‍ ഓപ്പറേഷന്‍സ് ഇന്റര്‍നാഷണലിന് 252ബില്ല്യണ്‍ ഡോളര്‍ വിദേശ നാണയ ശേഖരമുള്ളതായാണ് കണക്ക്.

അമേരിക്കയ്ക്ക് പുറത്ത് 44.7 ബില്ല്യന്‍ ഡോളര്‍ വരുമാനമുണ്ടാക്കിയതായി ആപ്പിളിന്റെ 2017 അക്കൗണ്ടുകള്‍ വെളിപ്പെടുത്തുന്നു.വിദേശ രാജ്യങ്ങളിലെ നികുതികള്‍ക്കായി 1.65 ബില്ല്യന്‍ ഡോളര്‍ (വെറും 3.7 ശതമാനം) ആണ് നല്‍കിയത്. ആപ്പിളിന്റെ നിയമോപദേശകരാണ് ജേഴ്സി ബന്ധം വെളിപ്പെടുത്തിയത്

റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടിന്റെ 2013ലെ വിവാദ നികുതികളെ പിന്‍വലിക്കാന്‍ ജേഴ്സിയെ പകരമായി ഉപയോഗിക്കുന്നതിലും ആപ്പിള്‍ വിജയിച്ചു.ആപ്പിള്‍ അതിന്റെ വലിയ അസംഖ്യം ഓഫ്ഷോര്‍ ശേഖരം ചാനല്‍ ഐലന്‍ഡിലേക്ക് കൈമാറ്റം ചെയ്തു, അതിലൂടെ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് നികുതികള്‍ ഒഴിവാക്കി.

കഴിഞ്ഞ മൂന്നു വര്‍ഷമായി കോര്‍പ്പറേറ്റ് നികുതിയിനത്തില്‍ 26 ബില്ല്യന്‍ പൗണ്ടാണ് നല്‍കിയതെന്ന പാരഡൈസ് പേപ്പേഴ്സ് വെളിപ്പെടുത്തുന്നു.അമേരിക്കയുടെ പുറത്തേക്കുള്ള മുഴുവന്‍ വില്‍പനകളും നികുതി രഹിതമായി നടത്താന്‍ ആപ്പിളിന് കഴിഞ്ഞു.ഇപ്പോള്‍, വരുമാനത്തിന്റെ ഏകദേശം 55 ശതമാനവും ഐറിഷ് സബ്സിഡിയറികളിലൂടെയാണ്.

ഇതിനാകട്ടെ യാതൊരു നികുതിയും ലഭിക്കുന്നുമില്ല.അയര്‍ലണ്ടിലെ കോര്‍പ്പറേഷന്‍ നികുതിയായ 12.5 ശതമാനമോ അല്ലെങ്കില്‍ യുഎസ് നിരക്കായ 35 ശതമാനമോ നല്‍കുന്നതിനുപകരം അഞ്ച് ശതമാനമാണ് ആപ്പിള്‍ നല്‍കുന്നത്. ചില വര്‍ഷങ്ങളില്‍ ഇത് 2 ശതമാനത്തില്‍ താഴെയായി കുറഞ്ഞിരുന്നുവെന്നും പാരഡൈസ് വെളിപ്പെടുത്തുന്നു.

യൂറോപ്യന്‍ യൂണിയന്‍ നികുതി വ്യവസ്ഥകള്‍ക്ക് വിധേയമായി അയര്‍ലണ്ടിന് 13 ബില്യണ്‍ യൂറോ നികുതിയായി ആപ്പിള്‍ അടയ്ക്കണമെന്ന യൂറോപ്പ്യന്‍ കമ്മീഷന്‍ 2013 ല്‍ വിധിച്ചിരുന്നു.അന്ന് മുതലാണ് അയര്‍ലണ്ടില്‍ നിന്നും വിട്ടു പോകാനുള്ള തന്ത്രം ആപ്പിള്‍ ക്രമീകരിച്ചത്.
രാജ്യത്തേക്ക് ഭാവിയിലുള്ള നിക്ഷേപത്തെ കമ്മീഷന്‍ തീരുമാനം പ്രതികൂലമായി ബാധിക്കും എന്നതിനാല്‍ വിധിക്കെതിരെ അപ്പീലിന് പോകാനൊന്നും ഫിനഗേലിന്റെ നേതൃത്വത്തിലുള്ള തയാറായില്ല.ആപ്പിളിനെ അയര്‌ലണ്ടില്‍ നിലനിര്‍ത്താനായിരുന്നു ആ ശ്രമം.എന്നാല്‍ 13 ബില്യണ്‍ യൂറോ നഷ്ടപ്പെടുത്തേണ്ട കാര്യമില്ലെന്നു ഭരണമുന്നണിയിലെ മറ്റു ഘടകകക്ഷികള്‍ അഭിപ്രായപെട്ടിരുന്നത്.
നികുതി ഒഴിവാക്കി വിദേശ കമ്പനികളെ ആകര്‍ഷിക്കാന്‍ അയര്‍ലണ്ട് ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ആപ്പിളിനും നികുതി ഒഴിവാക്കിയത്.

എന്നാല്‍, യൂറോപ്പിലെ നിയമ വ്യവസ്ഥകള്‍ക്ക് ഇത് എതിരാണെന്നാണ് യൂണിയന്റെ നീതിനിര്‍വഹണ സംവിധാനമായ യൂറോപ്യന്‍ കമ്മിഷന്റെ കണ്ടെത്തലുകള്‍ക്ക് അയര്‍ലണ്ട് വില കൊടുക്കാതിരുന്നതിന്റെ ഫലമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് പറയപ്പെടുന്നു.

2011 ല്‍ ആപ്പിളിന്റെ അയര്‍ലണ്ട് ഉപസ്ഥാപനം നേടിയ 2200 കോടി ഡോളറില്‍ അഞ്ച് കോടി ഡോളറിനു മാത്രമാണ് സര്‍ക്കാര്‍ നികുതി ചുമത്തിയതെന്ന് യൂറോപ്യന്‍ കമ്മിഷന്‍ കണ്ടെത്തിയിരുന്നു.’ആപ്പിള്‍ അയര്‍ലണ്ട് ‘ എന്ന കമ്പനിക്ക് ഉണ്ടെന്നു പറയുന്ന ആസ്ഥാനവും ജീവനക്കാരും സാങ്കല്‍പികമാണെന്നും അന്ന് കണ്ടെത്തിയിരുന്നു.

ആപ്പിള്‍ അയര്‍ലണ്ടില്‍ സ്ഥാപിക്കും എന്ന് പറഞ്ഞിരുന്ന ഗോള്‍വേ അതെന്റിയിലെ ഡാറ്റാ സെന്ററിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. കാലിഫോര്‍ണിയയിലെ ആപ്പിള്‍ ആസ്ഥാനത്ത് കഴിഞ്ഞ ആഴ്ച നടത്തിയ ചര്‍ച്ചകള്‍ വളരെ നിര്‍ണായകമായിരുന്നുവെന്ന് ലിയോ വരദ്കര്‍ പ്രസ്താവനയില്‍ അറിയിച്ചെങ്കിലും എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ ഉറപ്പൊന്നും ലഭിച്ചിട്ടില്ല.അവരുടെ ഭാവി ബിസിനസ് പദ്ധതിയില്‍, അതന്റിയെ പരിഗണിക്കാമെന്ന് മാത്രമാണ് ആപ്പിള്‍ സമ്മതിച്ചിട്ടുള്ളത്.അതന്റി ഡാറ്റാസെന്റര്‍ പ്രോജക്ട് ആപ്പിള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് വരദ്കര്‍ ആര്‍ടിഇ ന്യൂസിനോട് വെളിപ്പെടുത്തുകയും ചെയ്തു.

അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്തെ തന്റെ വ്യാപാര ദൗത്യത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ആപ്പിള്‍ മേധാവികളെ കണ്ടത്.850 മില്യന്റെ ഈ പദ്ധതിയ്ക്ക് വലിയ പിന്തുണയുണ്ടെന്ന് വരദ്കര്‍ പറഞ്ഞു.എന്നിരുന്നാലും എന്നത്തേക്ക് പ്രോജക്ട് തുടങ്ങുമെന്ന കാര്യത്തില്‍ കൃത്യമായ ഉത്തരം ആപ്പിളിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല.പദ്ധതിക്ക് ഒരു തീയതിയോ ഒരു നിശ്ചിത പ്രതിബദ്ധതയോ ലഭിച്ചിട്ടില്ലെന്ന് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ലിയോ വരദ്കര്‍ വിശദീകരിച്ചു.

ഫലത്തില്‍ ഗോള്‍വേ പദ്ധതിയും നഷ്ടപ്പെടുന്നു എന്ന സൂചനകള്‍ തന്നെ!

Scroll To Top