Friday September 22, 2017
Latest Updates

ആദ്യ കളി ജയിച്ച ബ്രസീല്‍ ഫൈനലില്‍ എത്തില്ലേ?

ആദ്യ കളി ജയിച്ച ബ്രസീല്‍ ഫൈനലില്‍ എത്തില്ലേ?

സാവോപോള :ലോകകപ്പിലെ ആദ്യകളി ജയിച്ചത് ബ്രസീലാണ്.ആരാധകര്‍ പോലും ആ വിജയം ഇഷ്ട്ടപ്പെട്ടില്ല എന്നൊരു അടക്കം പറച്ചിലുണ്ട്.ലോകകപ്പിലെ ആദ്യ കളി ജയിക്കുന്നവര്‍ ഫൈനല്‍ കാണില്ല എന്നൊരു വിശ്വാസമാണ് അതിനു പിന്നില്‍.ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെയും അങ്ങനെ സംഭവിച്ചിട്ടില്ലതാനും. 

ആ വിശ്വാസം തകര്‍ക്കാമെന്ന ലക്ഷ്യത്തോടെയാണ് ഇന്ന് ബ്രസീല്‍ കളിക്കളത്തില്‍ ഇറങ്ങുന്നത്.ആറാം കിരീടം ലക്ഷ്യമിടുന്ന ബ്രസീലും, പതിമുന്നാം ലോകകപ്പ് സെമി ഫൈനല്‍ കളിക്കുന്ന ജര്‍മനിയും ഇന്നുരാത്രി 9 മണിയ്ക്കാണ് സെമിയില്‍ മാറ്റുരയ്ക്കുന്നത്. പതിമുന്നാം സെമിക്കായി ജര്‍മനി കളത്തിലിറങ്ങുന്നത് ലോകകപ്പ് റെക്കോഡാണ്. ഏറ്റവും കൂടുതല്‍ പ്രാവശ്യം സെമിയില്‍ തോറ്റ റെക്കോഡും ഏറ്റവും കൂടുതല്‍ റണ്ണറപ്പായ റെക്കോഡും ജര്‍മനിക്ക് തന്നെയാണ്. 

ആദ്യ ഇലവനിലും റിസര്‍വ് ബെഞ്ചിലും ഒരുപോലെ മികവുള്ള താരനിരയാണ് ജര്‍മനിയുടേത്. തീര്‍ത്തും സന്തുലിതമായ ടീം. പരിചയസമ്പന്നതയും യുവത്വവും ഒത്തൊരുമിച്ച ടീം. ടീം ഘടന പരിശോധിച്ചാല്‍ ഒരു മേഖലയും ദുര്‍ബലമെന്ന് പറയാന്‍ വയ്യ. അതാണ് ഇത്തവണത്തെ ജര്‍മന്‍ ടീം. ഹോട്ട് ഫേവറിസ്റ്റുകളായി ബ്രസീലിലെത്തിയ ജര്‍മനി പോര്‍ച്ചുഗലിനെതിരായ ആദ്യമത്സരത്തില്‍ ഏകപക്ഷീയമായ 4 ഗോളുകള്‍ക്ക് വിജയിച്ച് കൊണ്ടാണ് അവരുടെ കരുത്ത് തെളിയിച്ചത്. പക്ഷെ, പിന്നീടങ്ങോട്ട് ടീമിന്റെ പ്രകടനം താഴോട്ട് പോവുകയായിരുന്നു. 

ഘാനക്കെതിരെ അവര്‍ സമനില കൊണ്ട് രക്ഷപ്പെട്ടു. ഘാനയുടെ ശരാശരി ആക്രമണത്തിന് മുന്നില്‍ പതറിയ പ്രതിരോധം 2 ഗോളുകള്‍ ആണ് വഴങ്ങിയത്. മൂള്ളറും ക്ലോസെയുമടങ്ങുന്ന മുന്നേറ്റനിര ഗോള്‍ കണ്ടെത്താന്‍ പാടുപെടുന്നതാണ് പിന്നീട് ഇങ്ങോട്ട് കണ്ടത്. അമേരിക്കക്കെതിരായ ഗ്രൂപ്പ് മത്സരം അതിന് തെളിവുമായി. മുള്ളറുടെ ഏക ഗോളിലാണ് ജര്‍മനി യുഎസ്എയെ മറികടന്നത്. ഏഴു പോയിന്റുമായി ഗ്രൂപ്പ് ജേതാക്കളായി പ്രീ ക്വാര്‍ട്ടറിലെത്തിയ ജര്‍മിനി അള്‍ജീരിയക്കെതിരെ അനായാസ വിജയമാണ് പ്രതീക്ഷിച്ചത്. പക്ഷെ, പുതുമുഖക്കാരായ അള്‍ജീരിയയുടെ പ്രതിരോധം ഭേദിക്കാന്‍ മുഴുവന്‍ സമയത്ത് ജര്‍മനിക്ക് കഴിഞ്ഞില്ല.

എക്‌സ്ട്രാ ടൈമില്‍ നേടിയ 2 ഗോളുകള്‍ക്കാണ് അവര്‍ ജയിച്ച് കയറിയത്.അള്‍ജീരിയയുടെ പ്രത്യാക്രമണങ്ങളില്‍ ജര്‍മന്‍ പ്രതിരോധം നിരന്തരം ഉലഞ്ഞു. ഒരു ഗോള്‍ വഴങ്ങുകയും ചെയ്തു. ഗോളി ന്യുയറുടെ അവസരോചിത ഇടപെടലുകളാണ് പലപ്പോഴും രക്ഷക്കെത്തിയത്. ക്വാര്‍ട്ടറില്‍ ഫ്രാന്‍സ് ശക്തരായ എതിരാളികളായി. ഫ്രഞ്ച് പ്രതിരോധം ഭേദിക്കാന്‍ മുള്ളറടങ്ങുന്ന മുന്നേറ്റനിര പാടുപെട്ടു. 

ഫ്രീകിക്കില്‍ നിന്ന് നേടിയ ഏക ഗോളിനാണ് അവര്‍ ഫ്രാന്‍സിനെ കീഴടക്കിയത്. ഫ്രാന്‍സ് പ്രത്യാക്രമണം നടത്തിയപ്പോഴൊക്കെ ഗോളി ന്യൂയര്‍ ഒരിക്കല്‍ കൂടി അവരുടെ രക്ഷക്കെത്തി. എങ്കിലും ബ്രസീലിനെക്കാള്‍ എന്തുകൊണ്ടും മികച്ച നിലയിലാണ് അവര്‍. ലാറ്റിനമേരിക്കിയിലെ പ്രതികൂലമായ കാലാവസ്ഥയിലും ശാരീരിക ക്ഷമത കൈവിടാതെ കളിക്കാന്‍ അവര്‍ക്കായി. അള്‍ജീരിയക്കെതിരെ എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിലും ഫ്രാന്‍സിനെതിരെ റിയോ ഡി ജനീറോയിലെ കടുത്ത ചൂടിലും ജര്‍മന്‍ കളിക്കാര്‍ തളര്‍ന്നില്ല.

മറുഭാഗത്താവട്ടെ സെമിയിലേക്കുള്ള ബ്രസീലിന്റെ വരവും അത്ര സുഖകരമായിരുന്നില്ല. ഗ്രൂ പ്പ് മത്സരങ്ങളില്‍ മികവു കാട്ടിയെങ്കിലും പ്രീ ക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും ലാറ്റിനമേരിക്കന്‍ ടീമുകളോട് വിറച്ചാണ് ബ്രസീല്‍ കടന്നു കൂടിയത്. ബ്രസീലിയന്‍ ഫുട്‌ബോളിന്റെ യഥാര്‍ത്ഥ മികവിലേക്ക് അവര്‍ ഉയര്‍ന്നുവെന്ന് തോന്നിപ്പിച്ചത് കൊളംബിയക്കെതിരായ മത്സരത്തില്‍ മാത്രമായിരുന്നു.ഗ്രൂപ്പ് ഘട്ടത്തില്‍ താരതമ്യേന ദുര്‍ബലരായ എതിരാളികളായ ക്രൊയേഷ്യക്കെതിരെ അവരുടെ കൂറ്റന്‍ ജയങ്ങള്‍ സ്വപ്നം കണ്ട ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. 

മാര്‍സെലോയുടെ സെല്‍ഫ് ഗോളിലൂടെയായിരുന്നു കാനറികളുടെ തുടക്കം.പക്ഷെ നെയ്മറുടെ ഇരട്ടഗോള്‍ വന്നപ്പോള്‍ ബ്രസീല്‍ ആശ്വാസിച്ചു . കളം നിറഞ്ഞു കളിച്ച ഓസ്‌കര്‍ ഗോള്‍ പട്ടിക മൂന്നാക്കിയപ്പോള്‍ ബ്രസീലിന് വിജയത്തുടക്കം.പക്ഷെ മെക്‌സിക്കോയ്‌ക്കെതിരായ രണ്ടാം മത്സരത്തിലാണ് ദൗര്‍ബല്യങ്ങള്‍ വെളിപ്പെട്ടത്. പ്രതിരോധത്തിലും വിംഗുകളിലും അവരുടെ നീക്കങ്ങള്‍ പാളി. കൂട്ടത്തില്‍ ഗില്ലര്‍മോ ഒച്ചോവയെന്ന മെക്‌സിക്കന്‍ മതില്‍ കൂടിയായതോടെ മത്സരം ഗോള്‍രഹിതം. കാമറൂണിനെതിരായ അവസാന മത്സരത്തില്‍ 4 1 ന്റെ തകര്‍പ്പന്‍ ജയം നേടിയെങ്കിലും ആശങ്കകള്‍ ബാക്കിയുണ്ടായിരുന്നു.

ബ്രസീലിയന്‍ പ്രതിരോധത്തിന്റെ വിടവില്‍ നിന്നായിരുന്നു കാമറൂണിന്റെ ആശ്വാസഗോള്‍. ഒന്നാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തിയ മഞ്ഞപ്പടയെ കാത്തിരുന്നത് നേരിടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സ്‌കൊളാരി പറഞ്ഞ ചിലി. പേടിച്ചത് സംഭവിക്കുമെന്ന് തോന്നിയെങ്കിലും ഷൂട്ടൗട്ടില്‍ സീസറിന്റെ മികവില്‍ ബ്രസീല്‍ അതിജീവിച്ചു. ചിലിയോട് കളിച്ചത് ക്വാര്‍ട്ടറില്‍ കൊളംബിയക്കെതിരെ ആവര്‍ത്തിച്ചാല്‍ ബ്രസീലിന്റെ ലോകകപ്പ് യാത്ര അവസാനിക്കുമെന്നായിരുന്നും പ്രവചനങ്ങള്‍. ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച ടീം ഗെയിം കളിച്ച കൊളംബിയക്കെതിരെ അതേ നാണയത്തില്‍ ബ്രസീല്‍ മറുപടി നല്‍കി. വേഗത്തിലും നീക്കങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും കൊളംബിയയേക്കാള്‍ ഒരുപടി മുന്നില്‍ നിന്ന ബ്രസീല്‍ സെമി ബെര്‍ത്ത് ഉറപ്പിച്ചു.

സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും ബ്രസീലിനു ചിന്തിക്കാനാകില്ല. സൂപ്പര്‍ താരം നെയ്മര്‍ പരുക്കേറ്റു പുറത്തായതും ടൂര്‍ണമെന്റില്‍ രണ്ടു മഞ്ഞക്കാര്‍ഡ് കണ്ട നായകന്‍ തിയാഗോ സില്‍വയ്ക്ക് ഇന്നു കളിക്കാനാകാത്തതും ബ്രസീലിനു തിരിച്ചടിയാണ്. നെയ്മറുടെ അഭാവം വില്യന്‍, ബെര്‍നാഡ്, ഓസ്‌കാര്‍, ഹെര്‍നാനസ് എന്നിവരില്‍ ഒരാളെക്കൊണ്ടു വേണം കോച്ച് ലൂയി ഫിലിപ്പ് സ്‌കോളാരിക്കു നികത്താന്‍. ഒരു രാജ്യത്തിന്റെ സ്വപ്നങ്ങളത്രയും പരിക്കേറ്റുകിടക്കുമ്പോള്‍ ആരാകും നെയ്മര്‍ക്കു പകരം ഇടതുവിംഗില്‍ ബൂട്ടണിയുക, അല്ലെങ്കില്‍ ആക്രമണമധ്യനിരയില്‍ ബൂട്ടണിയുക? ഒന്നിലധികം പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുവെങ്കിലും ചെല്‍സിയുടെ വലതുവിംഗര്‍ വില്യന്‍ തന്നെയാകും നെയ്മര്‍ക്കു പകരമെത്തുക. എന്നാല്‍, ചെല്‍സിയില്‍ നിരന്തരം വലതുവിംഗില്‍ കളിക്കുന്ന വില്യനെ ഇടതുവിംഗിലോ മധ്യനിരയിലോ ഇറക്കിയാല്‍ അതു ഗുണകരമാകുമോ? സ്‌കൊളാരി തലപുകയ്ക്കുകയാണ്. ഹള്‍ക്കിനെ ഇടതുവിംഗിലേക്കു മാറ്റി വില്യനെ വലതുവിംഗില്‍ത്തന്നെ പരീക്ഷിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. മറ്റൊരു സാധ്യത ബെര്‍ണാര്‍ഡ് എന്ന യുവതാരമാണ്. തിയാഗോ സില്‍വയ്ക്കു പകരം ബയേണ്‍ മ്യൂണിക്കിന്റെ പ്രതിരോധക്കാരന്‍ ഡാന്റെ കളിക്കും. നല്ല ചുറുചുറുക്കുള്ളവന്‍. മികച്ച ഡ്രിബ്ലിംഗ് പാടവം, ആക്രമണോത്സുകത. ഒരവസരം ബര്‍ണാഡിനു നല്കിയാല്‍ നന്നായേക്കുമെന്ന ചിന്തയും സ്‌കൊളാരിയിലുണ്ട്. ഫ്രെഡിനെ താഴേക്കിറക്കി പരീക്ഷിച്ചാലും അദ്ഭുതപ്പെടേണ്ടതില്ല. അതേസമയം, കഴിഞ്ഞ മത്സരത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന ലൂയിസ് ഗുസ്താവോ സെമിയില്‍ കളിക്കും. പൗളീഞ്ഞോയ്ക്കു പകരമായിരിക്കും ഇത്. ഫെര്‍ണാണ്ടീഞ്ഞോയും ഹള്‍ക്കും ആദ്യ ഇലവനില്‍ ഇടംപിടിക്കും. 

നെയ്മര്‍ ഇല്ലാത്ത പശ്ചാത്തലത്തില്‍ ഹള്‍ക്കിനായിരിക്കും അധികചുമതല. ഓസ്‌കര്‍ മികച്ച ഫോമിലേക്കുയരേണ്ടത് ആവശ്യമാണ്. കഴിഞ്ഞ കളിയില്‍ അല്പം പ്രതിരോധത്തിലേക്കിറങ്ങിയുള്ള കളിയായിരുന്നു ഓസ്‌കര്‍ നടത്തിയത്. എന്നാല്‍, ജര്‍മനിക്കെതിരേ ആക്രമണച്ചുമതല ഓസ്‌കറിനുകൂടിയായിരിക്കും. ബ്രസീലും ജര്‍മനിയും ഇതിനു മുന്‍പ് ലോകകപ്പില്‍ ഒരു തവണ മാത്രമാണ് ഏറ്റുമുട്ടിയത്. 2002 ലോകകപ്പിലെ ഫൈനലില്‍ ബ്രസീല്‍ 2 0 ത്തിനു ജര്‍മനിയെ കീഴടക്കി കിരീടം നേടി. അന്നു കളിച്ചിരുന്ന താരങ്ങളൊക്കെ കരിയറിനോടു വിടപറഞ്ഞു. ലൂയി ഫിലിപ്പ് സ്‌കോളാരിയായിരുന്നു അന്നും ബ്രസീല്‍ കോച്ച്. 

ഏതായാലും ബെലോ ഹൊറിസോണ്ടെയില്‍ ബ്രസീല്‍ പന്തുതട്ടുക ഹൃദയം കൊണ്ടാവും. കാരണം, അവര്‍ക്ക് ഈ ലോകകപ്പ് നെയ്മര്‍ക്കുകൂടി വേണ്ടിയുള്ളതാണ്. നെയ്മര്‍ ആരാധകര്‍ക്കും ടീമിനും നല്‍കിയ സന്ദേശവും അത് സൂചിപ്പിക്കുന്നു. ‘എനിക്കുവേണ്ടി ലോകകപ്പ് ജയിക്കുക’. ലോകകപ്പിലെ ഏറ്റവും കരുത്തുറ്റ ടീമിനെയാണ് ബ്രസീലിന് സെമിയില്‍ മറികടക്കേണ്ടത്. അവിടെ നെയ്മറുടെ പ്രതിഭ കൂട്ടിനില്ല എന്നത് ബ്രസീലിനെ വൈകാരികമായി തളര്‍ത്താനിടയുണ്ട്. വികാരത്തെ വികാരംകൊണ്ട് മറികടക്കാനാവും മഞ്ഞപ്പടയുടെ ലക്ഷ്യം.

Scroll To Top