Wednesday September 26, 2018
Latest Updates

ആകാശപ്പറവകളുടെ കൂട്ടുകാരന്‍ 

ആകാശപ്പറവകളുടെ കൂട്ടുകാരന്‍ 

ആകാശപ്പറവകളുടെ കൂട്ടുകാരന്‍ കടന്നുപോയി.ഇന്ന് വെളുപ്പിന് നിത്യതയുടെ കവാടത്തിലേക്ക് പറന്നകന്ന ഫാ.ജോര്‍ജ് കുറ്റിയ്ക്കല്‍ സമകാലിക ചരിത്രത്തിലെ വേറിട്ട ഒരു സംഭവമായിരുന്നു.

വ്രണങ്ങള്‍ പൊട്ടിയൊലിച്ചു, ജട പിടിച്ചു, ദുര്‍ഗന്ധം വമിക്കുന്ന ശരീരവും തകര്‍ന്ന മനസുമായി തെരുവുപോലും തള്ളിയവരെ, കൂടപ്പിറപ്പായി കണ്ടു മാറോടു ചേര്‍ക്കുക, സ്‌നേഹത്തോടെ ചുംബിക്കുക, ഹൃദ്യതയോടെ ആദരിക്കുക, സ്വന്തമെന്നപോലെ പരിചരിക്കുക, അങ്ങനെ പുതിയ മനുഷ്യരാക്കുക…. ദൈവികമെന്നു വിളിക്കണം ഈ ശുശ്രൂഷയെ. കൈകള്‍ കൂപ്പി നമിക്കണം ഈ ശുശ്രൂഷകരെ.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടോളമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അലഞ്ഞുതിരിയുന്ന ഭിക്ഷാടകരെയും ഉപേക്ഷിക്കപ്പെട്ടവരെയും സംരക്ഷിക്കാന്‍ ജീവിതം സമര്‍പ്പിച്ച ഫാ. ജോര്‍ജ് കുറ്റിക്കലും അദ്ദേഹം തുടക്കമിട്ട ‘ആകാശപ്പറവകളുടെ കൂട്ടുകാര്‍’ (ഫ്രണ്ട്‌സ് ഓഫ് ബേര്‍ഡ്‌സ് ഓഫ് ദ എയര്‍-എഫ്ബിഎ) എന്ന വലിയ മുന്നേറ്റവും ജനമനസുകളിലെന്നും നന്മയുള്ള ചിത്രമാണ്; കാരുണ്യത്തിന്റെ മഹത്തായ ക്രിസ്തീയ സാക്ഷ്യമാണ്. മതങ്ങള്‍ക്കപ്പുറത്തേക്കു നീളുന്ന മാനവസ്‌നേഹത്തിന്റെ വിശാലമായ പ്രഘോഷണമാണ്.

കേരളവും രാജ്യവും ചര്‍ച്ച ചെയ്ത സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുമായി ബന്ധപ്പെടുത്തി ആകാശപ്പറവകളുടെ കൂട്ടുകാര്‍ എന്ന ജീവകാരുണ്യപ്രസ്ഥാനത്തിനെതിരേ ചില കേന്ദ്രങ്ങളില്‍നിന്നുയരുന്ന പ്രചാരണങ്ങളുടെ പശ്ചാത്തലത്തില്‍, തന്റെയും പ്രസ്ഥാനത്തിന്റെയും ശുശ്രൂഷാവഴികളെക്കുറിച്ചു ഫാ. ജോര്‍ജ് കുറ്റിക്കല്‍ ദീപികയോടു സംസാരിക്കുന്നു.

കാലിത്തൊഴുത്തിന്റെ സുവിശേഷം

ദിവ്യകാരുണ്യ മിഷനറി (എംസിബിഎസ്) സന്യസ്തസമൂഹാംഗമായ ഫാ. ജോര്‍ജ് കുറ്റിക്കല്‍ ആലുവയിലെ സ്റ്റഡി ഹൗസില്‍ പ്രൊക്യുറേറ്ററായിരിക്കുമ്പോള്‍, മുപ്പത്തടം ഹോളി ഏഞ്ചല്‍സ് പള്ളിയിലും ശുശ്രൂഷയ്ക്കു പോകുമായിരുന്നു. 1979ല്‍ ക്രിസ്മസ് ദിനത്തിലെ പാതിരാക്കുര്‍ബാന അര്‍പ്പിക്കുമ്പോള്‍, ദൈവത്തിന്റെ ഓര്‍മപ്പെടുത്തലായി മനസിലെത്തിയ ചിന്ത, പൗരോഹിത്യജീവിതത്തിലെ വഴിത്തിരിവായിരുന്നുവെന്നു അച്ചന്‍ പറയുന്നു. ”കാലിത്തൊഴുത്തിലേ എന്നെ കാണാനാകൂ, കാലിത്തൊഴുത്തില്‍ ഇരുന്നേ എന്നെ പറഞ്ഞുകൊടുക്കാനാവൂ”. അവഗണിക്കപ്പെടുന്നവരെ പരിഗണിക്കാനുള്ള വിളിയായിരുന്നു അത്.

ചേരിയിലെ ചെറ്റക്കുടിലില്‍ സമൂഹം മാറ്റിനിര്‍ത്തിയ ദരിദ്രയായ സ്ത്രീയെ സന്ദര്‍ശിക്കാനുള്ള നിയോഗമേല്‍ക്കല്‍ കൂടിയായി ആ നിമിഷങ്ങള്‍. മറ്റൊരാള്‍ക്കൊപ്പം ആ കുടിലിലെത്തിയ അച്ചന്‍, കൊണ്ടുവന്ന ഭക്ഷണം സ്ത്രീക്കും രണ്ടു മക്കള്‍ക്കും പങ്കുവച്ചു നല്‍കി. ഈ നിമിഷം അവളില്‍ നിന്നുതിര്‍ന്ന കണ്ണീരില്‍, ജീവിക്കുന്ന ഈശോയെ താന്‍ ദര്‍ശിച്ചുവെന്നു കുറ്റിക്കലച്ചന്‍ പറയുന്നു.

തുടര്‍ന്നുള്ള വര്‍ഷങ്ങളിലൊന്നും പള്ളിയിലെ ക്രിസ്മസ് ആഘോഷങ്ങള്‍ മതിയായില്ല. ചേരികളിലും ഭിക്ഷാടകര്‍ക്കുമൊപ്പം ക്രിസ്ത്വാനുഭവത്തിന്റെ ക്രിസ്മസ് ആഘോഷങ്ങള്‍. ചേരികളിലെ കുടിലില്‍ താമസിക്കാനുള്ള ആഗ്രഹത്തിന് ആദ്യഘട്ടത്തില്‍ അനുവാദം ലഭിച്ചില്ലെങ്കിലും മനസുകൊണ്ട്, കുറ്റിക്കലച്ചന്റെ ശുശ്രൂഷ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കൊപ്പമായിക്കഴിഞ്ഞിരുന്നു.

പക്ഷിസങ്കേതത്തിലെ പാഠം

1983ല്‍ രാജസ്ഥാനിലെ ഭരത്പുര്‍ പക്ഷിസങ്കേതം സന്ദര്‍ശിച്ചതു മറ്റൊരു വഴിത്തിരിവായി. നിയതമായ സംവിധാനങ്ങളോടെ പക്ഷികളെ പരിപാലിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു. പക്ഷികള്‍ക്കു കൃത്യമായ നമ്പറിംഗ്, രജിസ്റ്റര്‍ സംവിധാനം. സൈബീരിയയില്‍ നിന്ന് ദേശാടനത്തിനെത്തുന്ന പക്ഷികളെക്കുറിച്ച് അവയുടെ പേരും വിവരങ്ങളും അടങ്ങുന്ന കൃത്യമായ ഫയല്‍ സൂക്ഷിക്കുന്നു. കിളികള്‍ മാതൃരാജ്യത്തിലേക്കു മടങ്ങിപ്പോകുന്നതിനുമുമ്പ് ആ രാജ്യത്തിലേക്ക് അവ അയച്ചുകൊടുക്കുന്നു.

പക്ഷികളെപ്പോലും ഇത്ര കൃത്യമായി പരിഗണിക്കുന്ന നാം, ദേശാടനപ്പക്ഷികളെപ്പോലെ തെരുവിലലയുന്ന ജീവിതങ്ങള്‍ക്കും ഭിക്ഷാടകര്‍ക്കും ഈ കരുതലെങ്കിലും നല്‍കാത്തതെന്ത് എന്ന ചിന്തയായിരുന്നു അച്ചന്റെ മനസിനെ അസ്വസ്ഥമാക്കിയത്. ഈ ചിന്ത ആകാശപ്പറവകളുടെ കൂട്ടുകാര്‍ എന്ന മുന്നേറ്റത്തിനു തുടക്കം കുറിക്കാന്‍ പ്രേരണയാവുകയായിരുന്നു. തെരുവിലലയുന്നവരെ അച്ചന്‍ അകാശപ്പറവകള്‍ എന്നു സ്‌നേഹപൂര്‍വം വിളിച്ചു.

ദൈവമാണ് ഈ പേരു വെളിപ്പെടുത്തിത്തന്നതെന്നു കുറ്റിക്കലച്ചന്‍ പറയുന്നു. ഭിക്ഷാടകര്‍ ഭിക്ഷകൊടുത്തു പറഞ്ഞുവിടേണ്ടവരല്ല. അവര്‍ സമൂഹത്തിലെ വിഐപികളാണ്, വിവിഐപികളുമാണ്. അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കേണ്ടതു മനുഷ്യത്വമുള്ളവരുടെ ധാര്‍മിക ഉത്തരവാദിത്വമാണെന്നും ആകാശപ്പറവകളുടെ കൂട്ടുകാര്‍ വിളിച്ചുപറഞ്ഞു.

തുടര്‍ച്ചയായ അമ്പത്തിയൊന്നു ശനിയാഴ്ചകളില്‍ രാത്രി മുഴുവന്‍ ജാഗരണ പ്രാര്‍ഥന, പതിനെട്ടു മാസത്തോളം മാസത്തിലൊരിക്കല്‍ മലയാറ്റൂര്‍ തീര്‍ഥാടനവും ജാഗരണപ്രാര്‍ഥനയും, ആറു മാസക്കാലം വിവിധ കുടുംബങ്ങളില്‍ അഖണ്ഡജപമാലകള്‍… ആകാശപ്പറവകളുടെ കൂട്ടുകാരുടെ മുന്നേറ്റത്തിനു വഴിയൊരുക്കാന്‍ പ്രാര്‍ഥനകളേറെയുണ്ടായിരുന്നു. എംസിബിഎസ് സമൂഹത്തില്‍ നിന്നു ഫാ. മാത്യു തുണ്ടത്തിലും ആകാശപ്പറവകളുടെ ശുശ്രൂഷയ്ക്കായി കുറ്റിക്കലച്ചനൊപ്പം ചേര്‍ന്നു.

മാലയണിയിച്ചും പാദങ്ങള്‍ ചുംബിച്ചും

കുളിക്കാതെയും വികൃതവേഷത്തിലും വ്രണങ്ങളോടെയുമൊക്കെ തെരുവില്‍ അലയുന്നവരെ ആകാശപ്പറവകളുടെ കൂട്ടുകാര്‍ ഇരുകൈകളുംനീട്ടി വിളിക്കുന്നത്, ആദ്യം അവരെ ആദരവോടെ ഹാരമണിയിച്ചാണ്. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ഫുട്പാത്തുകള്‍, പള്ളിമുറ്റങ്ങള്‍… എല്ലായിടങ്ങളില്‍ നിന്നും ആകാശപ്പറവകള്‍ക്കു കൂട്ടുകാരെ കിട്ടി. ആരോടും ജാതിയും മതവും ചോദിക്കില്ല. നാട് ഏതെന്നും വീട് എവിടെയെന്നും അന്വേഷണമില്ല. ശുശ്രൂഷയും പരിചരണവും അര്‍ഹിക്കുന്നവരെന്നതു മാത്രമാണ് പരിഗണന.

ആകാശപ്പറവകളുടെ കേന്ദ്രങ്ങളിലെത്തിക്കുന്ന അന്തേവാസികള്‍ക്കു മികച്ച ചികിത്സയും പരിചരണവും നല്ല ഭക്ഷണവും വസ്ത്രങ്ങളുമെല്ലാം നല്‍കി അവരെ സാധാരണ ജീവിതത്തിലേക്കു ക്ഷണിക്കുന്നു. ഏതൊരു മതത്തിലെയും വിശ്വാസിക്ക് അവരവരുടെ വിശ്വാസരീതികള്‍ക്കൊപ്പം സഞ്ചരിക്കാന്‍ ആകാശപ്പറവകളുടെ ആശ്രമങ്ങളില്‍ പൂര്‍ണസ്വാതന്ത്ര്യം.

അനാഥശാലയുടെ അന്തരീക്ഷമല്ല, നല്ലൊരു കൂട്ടുകുടുംബത്തിന്റെ ഹൃദ്യതയാണ് ആകാശപ്പറവകളുടെ ആശ്രമങ്ങളെ വ്യത്യസ്തവും സജീവവുമാക്കുന്നത്. എല്ലാവരും ഒരുമിച്ചു പങ്കുവച്ച്, ഒരുമിച്ചു ഭക്ഷിച്ച്, ഒരുമിച്ചു ജോലികള്‍ ചെയ്ത് ഇവിടം നല്ല കുടുംബങ്ങളാകുന്നു. തങ്ങളെ പരിചരിക്കുന്നവര്‍ ആകാശപ്പറവകള്‍ക്കു നല്ല ‘അപ്പ’ന്മാരാകുന്നു, നല്ല ‘അമ്മ’മാരാകുന്നു.

മദര്‍ തെരേസ തെളിയിച്ച ദീപം

എംസിബിഎസ് സമൂഹത്തിന്റെ നേതൃത്വത്തില്‍ തൃശൂര്‍ പീച്ചിക്കടുത്ത് ചെന്നായിപ്പാറയില്‍ തുടങ്ങിയ ദിവ്യഹൃദയാശ്രമമാണു ആകാശപ്പറവകളുടെ ആദ്യകേന്ദ്രം. 1994 ജനുവരി 18ന് വിശുദ്ധ മദര്‍ തെരേസയാണ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരത്തിലധികം ആകാശപ്പറവകള്‍ ഉദ്ഘാടനത്തിനെത്തി.

12 പേര്‍ക്ക് അഭയമൊരുക്കി ആരംഭിച്ച ചെന്നായിപ്പാറയിലെ സെന്ററില്‍ ഇന്ന് 450ഓളം ആകാശപ്പറവകള്‍ സന്തോഷത്തോടെ ജീവിക്കുന്നു. പീച്ചിയിലെ സ്‌കൂളില്‍ ഇവരുടെ മക്കള്‍ പഠിക്കുന്നു. പലരെയും നഷ്ടമായെന്നു കരുതിയ ജന്മഗൃഹബന്ധത്തിലേക്കു കൂട്ടിയോജിപ്പിച്ചു. പോലീസും നീതിന്യായവ്യവസ്ഥയും കൂട്ടായി. അന്തേവാസികളായെത്തിയവരിലും അവരുടെ മക്കളിലും ഇന്ന് ഉന്നതപഠനം നടത്തുന്നവരും ഉയര്‍ന്ന ജോലിക്കാരുമൊക്കെയുണ്ട്. ആകാശപ്പറവകള്‍ സമ്മാനിച്ച പുതുജീവിതത്തില്‍ പുതുലോകം പടുത്തുയര്‍ത്തിയവര്‍.

കേരളത്തിനകത്തും പുറത്തുമായി ആകാശപ്പറവകള്‍ക്കായി നൂറിലധികം കേന്ദ്രങ്ങളുണ്ട്. അതില്‍ 26 എണ്ണം ട്രസ്റ്റ് നേരിട്ടു നടത്തുന്നവയും മറ്റുള്ളവ ഇവിടെ ശുശ്രൂഷകരായെത്തി പ്രചോദനം സ്വീകരിച്ച സമര്‍പ്പിതരും അല്‍മായരും നടത്തുന്നവയുമാണ്. യുവാക്കള്‍ക്കായി കണ്ണൂര്‍ നെല്ലിപ്പാറയിലും കാസര്‍ഗോഡ് ചുള്ളിയിലും കേന്ദ്രങ്ങള്‍. പഠിക്കുന്ന കുട്ടികള്‍ക്കായി കണ്ണൂര്‍ ചെമ്പന്‍തൊട്ടി, കോഴിക്കോട് പെരുവയല്‍, പാലക്കാട് കരിമ്പ, ഡല്‍ഹിയിലെ കേഡാദുര്‍ഗ് എന്നിവിടങ്ങളിലാണ് ആശ്രമങ്ങളുള്ളത്. മുതിര്‍ന്ന സ്ത്രീകള്‍ക്കായി ജമ്മുവിലെ അക്കന്നൂര്‍, ഡല്‍ഹിയിലെ ആയാനഗര്‍, ബിഹാറിലെ ഭഗല്‍പൂര്‍, തെലുങ്കാനയിലെ ബുധവേല്‍, കര്‍ണാടകയിലെ നാരുവാര, ചെന്നൈയിലെ വീരാപുരം, കാസര്‍ഗോഡ് പെരുമ്പിള്ളി, തൃശൂര്‍ ചെന്നായിപ്പാറ, ചാലക്കുടി കനകമല, അങ്കമാലി എടക്കുന്ന് എന്നിവിടങ്ങളില്‍ ശുശ്രൂഷാകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

പുരുഷന്മാര്‍ക്കായി ജമ്മുവിലെ ബക്ഷിനഗര്‍, ഡല്‍ഹി ഛത്രപ്പുര്‍, ബംഗാളിലെ കൃഷ്ണനഗര്‍, തെലുങ്കാനയിലെ നാഗാറാം, ആന്ധ്രയിലെ കടപ്പ, ഗുണ്ടൂര്‍, കര്‍ണാടകടയിലെ ജാലഹള്ളി ഈസ്റ്റ്, തമിഴ്‌നാട് വീരാപുര, കണ്ണൂര്‍ ആശാന്‍കവല, കോഴിക്കോട് പുല്ലൂരാംപാറ, മലപ്പുറം, തൂവൂര്‍, പാലക്കാട് കരിമ്പ, ചെന്നായിപ്പാറ, എറണാകുളത്തെ മലയാറ്റൂര്‍, കണ്ണമാലി കാട്ടിപ്പറമ്പ്, പാലാ, പൊന്‍കുന്നം, ഇടുക്കി മൈലക്കൊമ്പ്, ആലപ്പുഴ പുന്നപ്ര, പത്തനംതിട്ട റാന്നി എന്നിവിടങ്ങളിലും സെന്ററുകളുണ്ട്.

ആകാശപ്പറവകളുടെ കൂട്ടുകാരില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യക്തികള്‍, സന്യാസസമൂഹങ്ങള്‍, രൂപതകള്‍ എന്നിവയും സമാനമായ ശുശ്രൂഷാകേന്ദ്രങ്ങള്‍ നടത്തുന്നു.

നൂറിലധികം സ്ഥാപനങ്ങളിലായി ആയിരക്കണക്കിന് അന്തേവാസികളുടെയും അവരെ ശുശ്രൂഷിക്കുന്നവരുടെയും ജീവിതാവശ്യങ്ങള്‍ എങ്ങനെ നിര്‍വഹിക്കാനാവുന്നു എന്ന ചോദ്യത്തിന്, അന്നന്നു വേണ്ടത് അതാതു ദിവസം ദൈവം എത്തിക്കുന്നു എന്നു നിറപുഞ്ചിരിയോടെ കുറ്റിക്കലച്ചന്റെ മറുപടി. മലയാറ്റൂര്‍ ആസ്ഥാനമായ ദിവ്യകാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴിലാണ് എല്ലാ സ്ഥാപനങ്ങളും. സുമനസുകളുടെ കാരുണ്യത്തിലാണു ആകാശപ്പറവകളുടെ കൂട്ടുകാരുടെ സെന്ററുകളും പ്രവര്‍ത്തനങ്ങളും നടന്നുപോവുന്നത്. വിദേശമലയാളികള്‍ ഉള്‍പ്പെടെയുള്ള നല്ലവരായ നാട്ടുകാര്‍ സഹായത്തിനുണ്ട്. മറ്റു യാതൊരുവിധ വിദേശഫണ്ടുകളും സ്വീകരിക്കുന്നില്ല.

സ്‌നേഹമായി അപ്പന്മാര്‍, അമ്മമാര്‍

ആകാശപ്പറവകളുടെ ദിവ്യകാരുണ്യ ഉടമ്പടിയുടെ പുത്രന്മാര്‍, പുത്രിമാര്‍ എന്നറിയപ്പെടുന്ന സമര്‍പ്പിതസഹോദരങ്ങള്‍ കേന്ദ്രങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നുണ്ട്. പതിമൂന്നു പുരുഷന്മാരും 38 സഹോദരിമാരുമാണ് ഇത്തരത്തിലുള്ളത്. ഇവരുള്‍പ്പടെ 450ഓളം പേര്‍ ആകാശപ്പറവകള്‍ക്കായി മുഴുവന്‍സമയ ശുശൂഷ ചെയ്യുന്നു. സമര്‍പ്പിതര്‍ക്കൊപ്പം അല്മായരും ഇവരിലുണ്ട്. ഇടവക, സന്യസ്ത വൈദികരായി 38 പേര്‍ സേവനം ചെയ്യുന്നു. അവശ്യസമയങ്ങളില്‍ ശുശ്രൂഷകള്‍ക്കായി 1500-ഓളം പേര്‍ ആകാശപ്പറവകളുടെ കൂട്ടുകാര്‍ക്കൊപ്പം ചേരും. തെരുവില്‍ നിന്ന് അഗതികളെ എത്തിക്കുന്നവര്‍, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, പോലീസുകാര്‍ എന്നിവരും ഈ ശുശ്രൂഷകളില്‍ കൈകോര്‍ക്കുന്നു.

ആകാശപ്പറവകളുടെ കൂട്ടുകാരുടെ കേന്ദ്രങ്ങളില്‍ ശുശ്രൂഷകള്‍ നടത്തുന്നവര്‍, അന്തേവാസികള്‍ക്ക് അപ്പന്മാരും അമ്മമാരുമാണ്. കുടുംബത്തിന്റെ അന്തരീക്ഷം ഉറപ്പാക്കുന്നതിനാണ് ഇത്. ജോസഫപ്പന്‍, തോമസപ്പന്‍, ഇമ്മാനുവേലപ്പന്‍, ചെറുപുഷ്പാമ്മ, ഏലീശ്വാമ്മ… സ്‌നേഹവും പരിചരണവും നല്‍കാന്‍ വ്രതമെടുത്ത് ഇവര്‍ നിറഞ്ഞ സന്തോഷത്തോടെയാണു ശുശ്രൂഷ ചെയ്യുന്നത്. ഉത്തരേന്ത്യയിലെ ശുശ്രൂഷാകേന്ദ്രങ്ങളിലെ ആകാശപ്പറവകള്‍ക്കു കുറ്റിക്കലച്ചന്‍ ‘ബഡാ’ പപ്പയാണ്.

സമൂഹത്തിനു പ്രകാശമായി

തെരുവില്‍ അലയുന്നവര്‍ക്കായുള്ള ശുശ്രൂഷകള്‍ക്കു പുറമേ, സാമൂഹ്യസേവന, ജീവകാരുണ്യ സംരംഭങ്ങളും ആകാശപ്പറവകളുടെ കൂട്ടുകാര്‍ ഏറ്റെടുക്കുന്നുണ്ട്. ട്രെയിനില്‍ പീഡനത്തിനിരയായി മരിച്ച സൗമ്യയുടെ മരണത്തിനുശേഷം, നിര്‍മല്‍ജ്യോതി പ്രയാണം എന്ന പേരില്‍ കേരളത്തിലങ്ങോളമിങ്ങോളം യാത്ര നടത്തിയിരുന്നു. ഇനിയൊരു സൗമ്യയ്ക്കും ഈ സ്ഥിതിയുണ്ടാവരുത് എന്ന സന്ദേശത്തോടെ നടത്തിയ യാത്രയ്ക്കു മികച്ച പ്രതികരണമാണു ലഭിച്ചത്. സൗമ്യയുടെ വീട്ടില്‍ നിന്നാണു യാത്ര ആരംഭിച്ചത്. ഇതിനായി സൗമ്യയുടെ വീട്ടിലെത്തിയതും ആ കുടുംബത്തിനായി പ്രാര്‍ഥിച്ചതും ചിലര്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകളാക്കി പ്രചരിപ്പിച്ചിരുന്നു.

മാനവസ്‌നേഹവും സര്‍വ മനുഷ്യ സാഹോദര്യവും വളര്‍ത്തുന്നതിനു ലക്ഷ്യമിട്ട് വിവിധ പരിപാടികളും ആകാശപ്പറവകളുടെ കൂട്ടുകാര്‍ നടത്തിയിട്ടുണ്ട്. തങ്ങളുടെ ശുശ്രൂഷകളെ സമൂഹമധ്യത്തിലേക്കെത്തിക്കാന്‍ ആകാശപ്പറവകളുടെ കൂട്ടുകാര്‍ എന്ന പേരില്‍ മാസികയും ഉണ്ട്.

നോവിച്ചവര്‍ക്കായും പ്രാര്‍ഥിച്ച്

ആകാശപ്പറവകളുടെ കൂട്ടുകാരുടെ സ്‌നേഹശുശ്രൂഷയെ തെറ്റിദ്ധരിച്ച് അതിനെതിരേ നീങ്ങിയവര്‍ പല ഘട്ടങ്ങളിലുമുണ്ടായിരുന്നു. കാസര്‍ഗോഡ് ആശ്രമം തുടങ്ങിയതിനു പിറ്റേന്ന് അതിനു നേരെ വര്‍ഗീയവാദികളുടെ ആക്രമണമുണ്ടായി. നിരീശ്വരവാദികളും ചിലവേള ഈ മുന്നേറ്റത്തിനെതിരേ നിലപാടെടുത്തു. ഇവിടെയൊന്നും  തളരാതിരുന്നതു ദൈവപരിപാലനയില്‍ തികഞ്ഞ വിശ്വാസമുണ്ടായിരുന്നതുകൊണ്ടാണ്. എല്ലാം ദൈവഹിതമെന്നു വിശ്വസിച്ച്, അവഗണിക്കപ്പെട്ടവര്‍ക്കായുള്ള ശുശ്രൂഷയില്‍ അനിര്‍വചനീയമായ ആനന്ദമറിഞ്ഞ് നിശബ്ദം, നിസ്വാര്‍ഥം, ദൈവത്തിന്റെ സ്വന്തം നിസ്വനായി!

Scroll To Top