Wednesday September 26, 2018
Latest Updates

ആകാംക്ഷയോടെ മുംബൈയിലെയും വരാഡിലെയും ബന്ധുമിത്രാദികള്‍… ‘ഇന്ത്യന്‍ ‘ലിയോയെത്തുമോ അയര്‍ലണ്ടിന്റെ പ്രധാനമന്ത്രി പദത്തില്‍?

ആകാംക്ഷയോടെ മുംബൈയിലെയും വരാഡിലെയും ബന്ധുമിത്രാദികള്‍… ‘ഇന്ത്യന്‍ ‘ലിയോയെത്തുമോ അയര്‍ലണ്ടിന്റെ പ്രധാനമന്ത്രി പദത്തില്‍?

മുംബൈ:അയര്‍ലണ്ടിന്റെ പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജനെത്തുമോയെന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് മുംബൈയിലെ ബന്ധുസമൂഹം.മുംബൈയിലെ 60 അംഗങ്ങളുള്‍പ്പെട്ട ബന്ധുമിത്രാദികളാണ് ലിയോ വരദ്കര്‍ എന്ന ഇന്ത്യന്‍ വംശജനായി പ്രാര്‍ഥനയോടെ കഴിയുന്നത്.

ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായി 38കാരനായ അവരുടെ ലിയോ ജയിച്ചുകയറുമെന്നു തന്നെയാണ് അവരെല്ലാം കരുതുന്നത്.ലിയോ വരദ്കറുടെ കസിന്‍ ശുഭദ വരദ്കര്‍ മുംബൈയില്‍ അറിയപ്പെടുന്ന ഒഡീസി ഡാന്‍സറാണ്.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പത്തര മണിയോടെ പ്രധാനമന്ത്രി പ്രഖ്യാപനമുണ്ടാകും.ആ സമയം എങ്ങനെയും ആയാല്‍ മതിയായിരുന്നുവെന്നാണ് ഇവരുടെ മനസ്സില്‍.ഐറീഷ് സമയം വൈകീട്ട് ആറ് മണിയ്ക്കാണ് പ്രധാനമന്ത്രിയാരെന്ന് പ്രഖ്യാപിക്കുക.

‘ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയ സമര സേനാനികളുടെ രാഷ്ടീയ പാരമ്പര്യമുള്ള കുടുംബമാണ് തങ്ങളുടേത് എന്നാണ് ശുഭദ പറയുന്നത്.1960മുതലാണ് അയര്‍ലണ്ട് ബന്ധം ഉണ്ടായത്.മിറിയം എന്നു പേരുള്ള വാട്ടര്‍ഫോര്‍ഡ്കാരി ഐറീഷ് നഴ്‌സിനെ ലിയോയുടെ അച്ഛന്‍ അശോക് വിവാഹം ചെയ്യുകയായിരുന്നു.ഇംഗ്ലണ്ടില്‍ വെച്ചായിരുന്നു ഇവരുടെ സമാഗമം.

ഡബ്ലിന്‍ ട്രിനിറ്റിയിലെ പഠന ശേഷം മുംബൈയിലെ കെഇഎം ആശുപത്രിയിലാണ് ലിയോ കുറേനാള്‍ ഇന്റേണ്‍ഷിപ്പ് ചെയ്തത് എന്നും ശുഭദ വെളിപ്പെടുത്തുന്നുണ്ട്..ലിയോ കായിക മന്ത്രിയായിരുന്നപ്പോള്‍ ഐറീഷ് ക്രിക്കറ്റ് ടീമിനൊപ്പം മുംബൈയില്‍ എത്തിയിരുന്നു’ ശുഭദ ആവേശത്തിലാണ്.

‘എപ്പോഴൊക്കെ അയര്‍ലണ്ടില്‍ നിന്നുള്ള ബന്ധുക്കള്‍ ഇവിടെയെത്തുന്നുവോ അപ്പോഴൊക്കെ ഞങ്ങള്‍ ബോറിവില്‍ ഹൗസില്‍ ഒത്തുകൂടാറുണ്ട്.അടുത്ത തവണ ഒത്തുകൂടുമ്പോള്‍ ഞങ്ങള്‍ക്കിടയില്‍ ഐറീഷ് പ്രധാനമന്ത്രിയുമുണ്ടാകും’.

‘ചില മാധ്യമങ്ങള്‍ ലിയോയെ സ്വവര്‍ഗാനുരാഗിയെന്ന് പരിഹസിച്ച് വാര്‍ത്ത നല്‍കി.വാര്‍ത്തയുടെ തലക്കെട്ട് തന്നെ അതായിരുന്നു. ഏതായാലും അങ്ങനെ പറയേണ്ടിയിരുന്നില്ല. അയര്‍ലണ്ട് പോലെ സ്വവര്‍ഗ വിവാഹം അനുവദനീയമായ ഒരിടത്ത് സത്യസന്ധമായി കാര്യങ്ങള്‍ വെളിപ്പെടുത്തിയതാണോ വലിയ കുഴപ്പമായി ചൂണ്ടിക്കാട്ടുന്നത്’. ശുഭദ ചോദിക്കുന്നു.കൂടുതല്‍ പുതിയ ഭരണ പരിഷ്‌കാരങ്ങള്‍ ലിയോ അധികാരത്തിലെത്തിയാല്‍ ഉണ്ടാകുമെന്നാണ് ഇവര്‍ കരുതുന്നത്.

ശുഭദ കഴിഞ്ഞ വര്‍ഷം ഡബ്ലിനിലെത്തിയിരുന്നു.’തിരക്കു പിടിച്ച ജീവിതമായിരുന്നിട്ടു കൂടിയും പാര്‍ലമെന്റും മ്യൂസിയവുമൈാക്ക അവനെന്നെ കൊണ്ടുപോയി കാണിച്ചുതന്നു.ഇന്ത്യന്‍ പാര്‍ലമെന്റ് ഇന്നോളം കണ്ടിട്ടില്ലല്ലോയെന്നോര്‍ത്ത് എനിക്ക് അപ്പോള്‍ ചിരിയും വന്നു.പക്ഷേ ലിയോയ്ക്ക് ഇന്ത്യന്‍ പാര്‍ലിമെന്റ് സുപരിചിതമാണെന്ന് അവന്‍ പറഞ്ഞപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി..നമ്മള്‍ വിചാരിക്കുന്നതിനും അപ്പുറമാണ് ലിയോ.

രാഷ്ട്രീയവും സാമൂഹിക പ്രവര്‍ത്തനങ്ങളുമാണ് അവന്റെ ജീവിതം. അതില്ലാതെ അവന് പറ്റില്ല.ഞാന്‍ ഇന്ത്യയെ കണ്ടെത്തല്‍ എന്ന നെഹൃവിന്റെ കൃതി അവന് സമ്മാനിച്ചിരുന്നു.ഇന്ത്യന്‍ ചരിത്രമെല്ലാം നന്നായി അവന് അറിയാം’ -ശുഭദ പറഞ്ഞുനിര്‍ത്തി.

വരദ്കറുടെ കുടുംബ വീട് സ്ഥിതി ചെയ്യുന്ന സിന്ധുദുര്‍ഗ് ജില്ലയിലെ വരാഡ് ഗ്രാമവും ആവേശത്തുടിപ്പിലാണ്. വരദ്ക്കറുടെ പിതാവിന്റെ ഉടമസ്ഥതയില്‍ ഇപ്പോഴും ഒരു കുടുംബവീട് ഇവിടെയുണ്ട്.ഏതാനം വര്‍ഷം മുമ്പ് ഡബ്ലിനിലെ കുടുംബം ഇവിടെയെത്തി വീട് പുതുക്കി പണിതിരുന്നു.aajo

തങ്ങളുടെ ഗ്രാമത്തിന്റെ ‘കൊച്ചു മകന്‍’പ്രധാനമന്ത്രിയാവുന്ന വാര്‍ത്ത കേട്ടറിഞ്ഞത് മുതല്‍ ടിവിയില്‍ അയര്‍ലണ്ടിലെ വാര്‍ത്തകള്‍ അവരും ശ്രദ്ധിക്കാന്‍ തുടങ്ങി.’മാത്രമല്ല ഗ്രാമത്തിലെ അമ്പലത്തില്‍ വരദ്കറുടെ വിജയത്തിനായി പ്രത്യേക പൂജയും പ്രാര്‍ഥനയും നടത്തുന്നുമുണ്ട്’.ലിയോയുടെ കസിനും വരാഡിലെ വീടിന്റെയും കൃഷിസ്ഥലത്തിന്റെയും ചുമതലനടത്തിപ്പ്കാരനുമായ വസന്ത് വരദ്കര്‍ പറഞ്ഞു.

ഇന്ന് വൈകിട്ട് പ്രത്യേക ആഘോഷപരിപാടികള്‍ ഉണ്ടാകും.വരാഡിലെ ശ്രീ ദേവ ബെറ്റോബ അമ്പലം ഇന്ന് ഇലക്ട്രിക് ലൈറ്റ് കൊണ്ട് അലങ്കരിക്കും.മധുരപലഹാര വിതരണവും ഉണ്ടാവും.മാത്രമല്ല വരദ്കറുടെ വിജയം അറിഞ്ഞാല്‍ ഉടന്‍ പൊട്ടിയ്ക്കാനായി ഇഷ്ടംപോലെ പടക്കവും സൂക്ഷിച്ചിട്ടുണ്ട്.ഞങ്ങള്‍ അദ്ദേഹത്തിന്റെ വിജയത്തില്‍ അഭിമാനിക്കുന്നു,വരാഡിലെ ഡപ്യൂട്ടി സര്‍പഞ്ച് കേശവ് പാരുലേക്കറും, ആഘോഷസമിതിയംഗം രാജന്‍ മാങ്ങോന്‍കറും മാധ്യമങ്ങളോട് പറഞ്ഞു.

അയര്‍ലണ്ടിലെ ഭരണകക്ഷിയായ ഫിനഗേല്‍ പാര്‍ട്ടിയുടെ പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള നേതൃമല്‍സരത്തില്‍ വോട്ടുരേഖപ്പെടുത്തുന്നത് ടിഡിമാര്‍,സെനറ്റര്‍മാര്‍,എം.ഇ.പിമാര്‍ എന്നിവരടങ്ങുന്ന ജനപ്രതിനിധികളാണ്, 65ശതമാനം വോട്ടുകള്‍ ജനപ്രധിനിധികളാണ് രേഖപ്പെടുത്തുക.ബാക്കി 10 ശതമാനം കൗണ്‍സിലര്‍മാരും 25 ശതമാനം പാര്‍ടി അംഗങ്ങളുമാരാണ് വോട്ടര്‍മാര്‍.ഇന്ന് രാവിലെ 8 മണിക്ക് ആരംഭിക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളവര്‍ വോട്ടു ചെയ്തു കഴിഞ്ഞ ശേഷം 12 മണിയോടെ വോട്ടെടുപ്പ് അവസാനിക്കും.

തുടര്‍ന്ന് 2 മണിയ്ക്ക് ഡബ്ലിനിലെ മാന്‍ഷന്‍ ഹൗസില്‍ വോട്ടെണ്ണല്‍ ആരംഭിക്കും.പത്തു മണിയോടെയാവും ഒദ്യോഗിക പ്രഖ്യാപനം.

റെജി സി ജേക്കബ്

Scroll To Top