Saturday February 25, 2017
Latest Updates

ആം ആദ്മിയ്ക്ക് എറണാകുളത്ത് ജയിക്കാനാവുമോ ?നഗരവാസികള്‍ ആരെ തുണയ്ക്കും ? ഡബ്ലിന്‍ സാന്റിഫോര്‍ഡിലെ സണ്ണി കൊച്ചുചിറയ്ക്ക് പറയാനുള്ളത് …

ആം ആദ്മിയ്ക്ക് എറണാകുളത്ത് ജയിക്കാനാവുമോ ?നഗരവാസികള്‍ ആരെ തുണയ്ക്കും ?  ഡബ്ലിന്‍ സാന്റിഫോര്‍ഡിലെ സണ്ണി കൊച്ചുചിറയ്ക്ക് പറയാനുള്ളത് …
സണ്ണി കൊച്ചുചിറ (സാന്റിഫോര്‍ഡ് )

സണ്ണി കൊച്ചുചിറ (സാന്റിഫോര്‍ഡ് )

അയര്‍ലണ്ടിലേക്ക് കുടിയേറുന്നതിന് മുന്‍പ് ഏതാനം വര്‍ഷങ്ങളില്‍ എറണാകുളം നഗരത്തിലെ തൃക്കാക്കര നിയമസഭാ മണ്ഡലത്തില്‍ പെട്ട കാക്കനാട് ചെമ്പുമുക്കിലെ താമസക്കാരനായിരുന്നു ഞാന്‍. എറണാകുളം കളക്‌റ്റ്രെറ്റില്‍ ജോലി ചെയ്യുമ്പോഴും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരവധി പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്.ഉത്തരവാദിത്വവും ദേശസ്‌നേഹവും ഉള്ള ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഇത്തവണയും വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ ഞാനും ആഗ്രഹിച്ചിരുന്നു,വിദേശ ഇന്ത്യാക്കാര്‍ക്ക് അടുത്ത തവണയെങ്കിലും വോട്ടു ചെയ്യാനാവും എന്ന സന്തോഷ വാര്‍ത്തയില്‍ ആശ്വസിക്കാനെ ഇപ്പോഴാവുന്നുള്ളൂ.

മെട്രോ നഗരം എന്ന നിലയില്‍ നഗരവാസികളായ വോട്ടര്‍മാര്‍ ഏറ്റവുമധികമുള്ള മണ്ഡലമാണ്. പൊതുവെ കോണ്‍ഗ്രസ് അനുകൂല മണ്ഡലമാണ് എറണാകുളം. എന്നാല്‍ ഇടയ്ക്ക് പൊതുസമ്മതരായ സ്വതന്ത്രന്‍മാരെ ഇറക്കി ഇടതുമുന്നണിയും മണ്ഡലം പിടിച്ചിട്ടുണ്ട്. പറവൂര്‍ മുതല്‍ കളമശേരി വരെ ഏഴു നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പ്‌പെടുന്നതാണ് എറണാകുളം ലോകസഭ മണ്ഡലം. 1951 മുതല്‍ 2009 വരെ നടന്ന പതിനഞ്ച് ലോകസഭ തെരഞ്ഞെടുപ്പുകളില്‍ 10 തവണയും കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികളാണ് എറണാകുളത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയില്‍ എത്തിയത്. 1967 ല്‍ വിവി മേനോന്‍ പാര്‍ട്ടി ചിഹ്നത്തില്‍ വിജയിച്ചത് ഒഴിച്ചാല്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ ഏറണാകുളത്ത് നിന്ന് വിജയിച്ചിട്ടില്ല. രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും ഒരു പൊതുതെരഞ്ഞെടുപ്പിലും ഇടതുമുന്നണി സെബാസ്റ്റ്യന്‍ പോളിനെ രംഗത്ത് ഇറക്കിയപോഴും ഏറണാകുളം മണ്ഡലം ഇടത്തേക്ക് ചാഞ്ഞിട്ടുണ്ട്. 1980 ല്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച സേവ്യര്‍ അറയ്ക്കല്‍ 1996 ല്‍ ഇടതു പിന്തുണയോടെ ലോക്‌സഭയില്‍ എത്തിയ കൗതുക കാഴ്ചയ്ക്കും സാക്ഷ്യംവഹിച്ച മണ്ഡലമാണ് എറണാകുളം.

ഇത്തവണ കെവി തോമസ് തന്നെയാണ് എറണാകുളത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെ സെക്രട്ടറി കൂടിയായ ക്രിസ്റ്റി ഫെര്‍ണാണ്ടസാണ് ഇടതു സ്ഥാനാര്‍ത്ഥി. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന മാധ്യമ പ്രവര്‍ത്തകയായ അനിത പ്രതാപാണ് ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി. ബിജെപി സ്ഥാനാര്‍ത്ഥിയായി എഎന്‍ രാധാകൃഷ്ണനും എസ്ഡിപിഐ പോലെയുള്ള ചെറുപാര്‍ട്ടികളും മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നു.

അട്ടിമറികള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ തോമസ് മാഷ് തന്നെ വീണ്ടും ഏറണാകുളം എംപിയാകുമെന്നാണ് ഞാന്‍ കരുതുന്നത്. തേവര കോളജിലെ കെമിസ്ട്രി പ്രൊഫസറായിരുന്ന കെവി തോമസ് കരുണാകരനുമായുള്ള അടുപ്പം മൂലമാണ് കോണ്‍ഗ്രസില്‍ എത്തുന്നത്. തുടര്‍ന്ന് 1984 ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എറണാകുളം മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയില്‍ എത്തിയ തോമസ് മാഷ് 1989,1991 വര്‍ഷങ്ങളിലും എറണാകുളത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയില്‍ എത്തി. 2001 ല്‍ ആന്റണി മന്ത്രിസഭയില്‍ ഫിഷറീസ് വകുപ്പ് മന്ത്രിയായ കെവി തോമസ്. 2009 ല്‍ വീണ്ടും എരനാകുലത്ത് നിന്ന് സഭയില്‍ എത്തി. ആദ്യം സഹമന്ത്രിയും പിന്നീട് ഭക്ഷ്യ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായും കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം അദ്ദേഹത്തിനു സ്ഥാനം നല്‍കി.

2009 ല്‍ ഹൈബി ഈഡന്‍ സ്ഥാനാര്‍ത്ഥി ആകുമെന്ന് പ്രതീക്ഷിച്ചിരുന്ന മണ്ഡലത്തില്‍ അപ്രതീക്ഷിതമായാണ് കെവി തോമസ് സ്ഥാനാര്‍ത്ഥി ആയി എത്തിയത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി പ്രത്യേകിച്ച് സോണിയ ഗാന്ധിയുമായുള്ള അടുപ്പം വച്ച് അദ്ദേഹം സീറ്റ് നേടിയെടുക്കുകയായിരുന്നു. ഇത് മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ തോമസ് മാഷിനെതിരെ വ്യാപക എതിര്‍പ്പിന് ഇടയാക്കി. ഈ എതിര്‍പ്പ് വോട്ടെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്തു സിന്ധു ജോയിയെപ്പോലെ ഒരു വിദ്യാര്‍ത്ഥി നേതാവിനോട് കേവലം പതിനായിരം വോട്ടുകള്‍ക്കാണ് കെവി തോമസ് വിജയിച്ചത്.

എന്നാല്‍ ഇത്തവണ സ്ഥിതി വ്യത്യസ്ഥമാണ്. കഴിഞ്ഞ തവണത്തെപ്പോലെ എതിര്‍പ്പുകള്‍ ഒന്നുമില്ലാതെ സ്ഥാനാര്‍ത്ഥിത്വം നേടാനായത് തോമസ് മാഷിനു അനുകൂല ഘടകമാണ്. ലത്തീന്‍ സഭയ്ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ സഭയുടെ പിന്തുണയും കൂടാതെ മണ്ഡലത്തിന്റെ പൊതുവായ യുഡിഎഫ് അനുകൂല സ്വഭാവവും അനുകൂലമാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു. കേന്ദ്രമന്ത്രി എന്ന നിലയില്‍ ഭക്ഷ്യ സുരക്ഷ നിയമം പാടാക്കിയത് ഉള്‍പ്പെടെയുള്ള ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് തോമസ് മാഷ് വോട്ട് പിടിക്കുന്നത്. എല്ലാവര്‍ക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന ബില്‍ നേട്ടമാകുമെന്ന് തന്നെ കോണ്‍ഗ്രസ് ക്യാമ്പ് കണക്കുകൂട്ടുന്നു. ചുരുക്കം പറഞ്ഞാല്‍ അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ തോമസ് മാഷ് ഇത്തവണയും എറണാകുളത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയില്‍ ഉണ്ടാകും.

അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായാണ് ക്രിസ്റ്റി ഫെര്‍ണാണ്ടസ് തെരഞ്ഞെടുപ്പ് ചിത്രത്തിലേക്ക് കടന്ന് വരുന്നത്. ഇറക്കുമതി സ്ഥാനാര്‍ത്ഥിയെന്നും പെയ്ഡ് സ്ഥാനാര്‍ത്ഥിയെന്നും ആക്ഷേപം കേട്ട ക്രിസ്റ്റി ഫെര്‍ണാണ്ടസിനെതിരെ സിപിഎമ്മിന് ഉള്ളില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയര്‍ന്നു. ഒടുവില പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം തണുപ്പിച്ച് സാവധാനമാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയത്. മണ്ഡലത്തില്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥി സിപിഎമ്മിന് ബാധ്യത ആകുമോയെന്നത് മെയ് 16 ന് വോട്ടെണ്ണിക്കഴിയുമ്പോള്‍ അറിയാം. ഗുജറാത്ത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ക്രിസ്റ്റി കൊടിയെരിയുമായുള്ള അടുപ്പം ഉപയോഗിച്ചാണ് സ്ഥാനാര്‍ത്ഥിത്വം നേടിയതെന്നും അണിയറ സംസാരമുണ്ട്. എറണാകുളത്ത് നിന്ന് തന്നെയുള്ള ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാതൃകയില്‍ മണ്ഡലത്തില്‍ പരിചയപ്പെടുത്തേണ്ടി വന്നതും ഇടതുമുന്നണിക്ക് തിരിച്ചടിയാകും. അതുകൊണ്ട് തന്നെ ക്രിസ്റ്റി ഫെര്‍ണാണ്ടസിന് വിദൂരമായ വിജയ സാധ്യത മാത്രമേ രാഷ്ട്രീയ വൃത്തങ്ങള്‍ നല്കുന്നുള്ളൂ.

ആം ആദ്മി പാര്‍ട്ടി ഏതെങ്കിലും മണ്ഡലത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നുന്‌ടെങ്കില്‍ അതില്‍ ഒരു മണ്ഡലം ഏറണാകുളമായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. നഗരസ്വഭാവമുള്ള മണ്ഡലമായത് കൊണ്ട് തന്നെ മധ്യവര്‍ഗ വോട്ടര്‍മാരുടെ വോട്ടുകള്‍ ആം ആദ്മി പാര്‍ട്ടി നേടുമെന്നാണ് വിലയിരുത്തല്‍. അനിത പ്രതാപിനെപ്പോലെ മധ്യവര്‍ഗത്തെ ആകര്‍ഷിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിലൂടെ ആം ആദ്മി എറണാകുളത്ത് നിന്ന് കാര്യമായി വോട്ട് പിടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അനിത പ്രതാപിന് വിജയിക്കാന്‍ കഴില്ലെങ്കിലും പ്രധാന സ്ഥാനാര്‍ത്ഥികളുടെ വിജയവും പരാജയവും നിര്‍ണ്ണയിക്കാന്‍ പോന്ന രീതിയില്‍ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്.ഏതെങ്കിലും കാരണവശാല്‍ തോമസ് മാഷ് എറണാകുളത്ത് തോറ്റുപോയാല്‍ അതിന്റെ ക്രഡിറ്റ് ജയിക്കുന്ന ഇടതുമുന്നണിയ്ക്കാവില്ല അനിതാ പ്രതാപ് എന്ന ഈ ധീര പത്രപ്രവര്‍ത്തകയ്ക്ക് തന്നെയാവും.

ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എഎന്‍ രാധാകൃഷ്ണനാണ് മണ്ഡലത്തില്‍ മല്ടരിക്കുന്ന മറ്റൊരു പ്രമുഖന്‍. മറ്റ് മണ്ഡലങ്ങളിപ്പോലെ സാന്നിധ്യം അറിയിക്കുക എന്നതിലപ്പുറം ബിജെപിക്ക് എറണാകുളത്ത് കാര്യമായ റോളില്ല. ബിജെപിയുടെ സംസ്ഥാന നേതാക്കളില്‍ പ്രമുഖനായ എഎന്‍ രാധാകൃഷ്ണനാണ് എറണാകുളത്ത് മത്സരിക്കുന്നത്. ലോകസഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വേണ്ടി മത്സരിച്ച് പരാജയമടഞ്ഞ നേതാവാണ് എഎന്‍ രാധാകൃഷ്ണന്‍.

ജനവിധി എന്തായാലും മെയ് 16 ന് ബാലറ്റ് പെട്ടി പൊട്ടിയ്ക്കുന്നിടം വരെ ആകാംഷയോടെ കാത്തിരിക്കുക തന്നെ…

Scroll To Top