Friday February 24, 2017
Latest Updates

അവരോട് പറയുക.. എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാണ്…!

അവരോട് പറയുക.. എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാണ്…!

കണ്ട് കൊതിതീരും മുന്‍പ് തങ്ങളെ വിട്ടകന്നുപോയ കുഞ്ഞ് ആദമിന്റെ വേര്‍പാട് അച്ഛനായ ബെന്‍ജി ബെന്നറ്റിനെ ഇരുത്തിചിന്തിപ്പിച്ചു. കുടുംബത്തിനും കുട്ടികള്‍ക്കും വേണ്ടിത്തന്നെ ഓടിനടക്കുമ്പോള്‍ പലരും മറന്നുപോകുന്നത് അവര്‍ക്കുവേണ്ടി കുറച്ചു സമയം ചിലവഴിക്കാനാണ്. പലപ്പോഴും അധ്വാനത്തിന്റെ ക്ഷീണം തന്നെ അതിന് കാരണക്കാരനാവുകയും ചെയ്യുന്നു.

നാലുവയസ്സില്‍ തന്നെ മരണത്തിന് കീഴടങ്ങിയ മകന്റെ വേര്‍പാട് ഇവിടെ ഒരച്ഛന്റെ കണ്ണു തുറപ്പിക്കുകയായിരുന്നു. 2007 ആഗസ്തിലാണ് ആദം ബെന്നറ്റ് ശര്‍ദ്ദിലിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. എന്നാല്‍ അടുത്ത 24 മണിക്കൂറുകള്‍ മാത്രമായിരുന്നു ആദമിന്റെ ആയുസ്സ് നീണ്ടുനിന്നത്. വളരെ അപകടകരമായ ബ്രെയിന്‍ ട്യൂമര്‍ കാരണമാണ് നാലു വയസ്സുകാരനായ ആദം മരിച്ചത്.

കുടുംബത്തിലെ എല്ലാവരെയും പിടിച്ചുലച്ച സംഭവമായിരുന്നു ആദമിന്റെ മരണമെന്നാണ് ബെന്‍ജി ബെന്നറ്റ് പറഞ്ഞത്. മരണം ഒരാളെ എഴുത്തുകാരനുമാക്കിത്തീര്‍ത്തിരിക്കുകയാണ്.

ആദമിന്റെ വേര്‍പാടോടുകൂടി രക്ഷിതാക്കള്‍ കുറച്ചുസമയമെങ്കിലും കുട്ടികളുടെ കൂടെ ചിലവഴിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി താന്‍ മനസിലാക്കുകയായിരുന്നുവെന്ന് ബെന്‍ജി പറഞ്ഞു. തങ്ങളുടെ കുട്ടികള്‍ ഉറങ്ങാന്‍ പോകും മുന്‍പെ എങ്കിലും തങ്ങള്‍ അവരെ സ്‌നേഹിക്കുന്നുവെന്ന് പറയണമെന്നും ബെന്‍ജി കൂട്ടിച്ചേര്‍ത്തു.

ആദമിന്റെ മരണം സംഭവിച്ചുകഴിഞ്ഞു കുറച്ചുകാലങ്ങള്‍ കൂടിമാത്രമാണ് വോഡഫോണ്‍ കമ്പനിയിലെ പ്രൈസിംഗ് മാനേജര്‍ എന്ന പോസ്റ്റില്‍ ബെന്‍ജി ഇരുന്നുള്ളൂ. ആറുമാസത്തെ നീണ്ട ദുഖപൂര്‍ണ്ണമായ കാലഘട്ടത്തിലാണ് എഴുത്തിലേക്ക് തിരിയാമെന്ന തീരുമാനത്തില്‍ ബെന്‍ജി എത്തിയത്.

ആദമിന്റെ ആദ്യ ചരമ വാര്‍ഷികം അവന്റെ ഓര്‍മ്മകള്‍ക്കുമുന്നില്‍ സമര്‍പ്പിക്കാനായി ബെന്‍ജിയുടെയും അമ്മ ജാക്കിയുടെയും കൈയ്യില്‍ പുതിയൊരു അനിയന്‍ കൂടി ഉണ്ടായിരുന്നു. കൂടെ ‘ബിഫോര്‍ യു സ്ലീപ്’ എന്ന പുസ്തകവും. ആദംസ്‌ക്ലൗഡ് ഡോട് കോം എന്ന വെബ്‌സൈറ്റ് തന്റെ കഥകളും മെസ്സേജും മറ്റുള്ളവരിലെത്തിക്കാനായി ബെന്‍ജി തയ്യാറാക്കിയിരിക്കുകയാണ്.

ആദമിനു വേണ്ടി കരയുകയല്ല അവനോടൊപ്പം ആഘോഷിക്കുകയാണ് വേണ്ടതെന്നാണ് ബെന്‍ജി തീരുമാനിച്ചിരിക്കുന്നത്.
ബെന്‍ജിയുടെ ആദ്യ ബുക്ക് ഇസണ്‍ ബുക്ക് സ്‌റ്റോര്‍സാണ് പ്രസിദ്ധീകരിച്ചത്. പ്രസിദ്ധീകരിച്ച് മൂന്നുമാസത്തിനുള്ളില്‍ 24,000ത്തോളം കോപ്പികളാണ് വിറ്റുപോയിരിക്കുന്നത്. ചില്‍ഡ്രണ്‍സ് ബുക്ക് ഓഫ് ദി ഇയര്‍ അവാര്‍ഡിനായി അഞ്ചുതവണ ഇത് നോമിനേറ്റ് ചെയ്യപ്പെടുകയും ബെന്‍ജിക്ക് രണ്ട് തവണ അവാര്‍ഡ് ലഭിക്കുകയും ചെയ്തിട്ടുണ്ട്.

സ്വന്തമായി ഇതിനകം തന്നെ മറ്റ് ഏഴു പുസ്തകങ്ങള്‍ കൂടി അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അയര്‍ലണ്ടിലും യുകെയിലെ ഡബ്ലിയുഎച്ച് സ്മിത്ത് സ്റ്റോറുകളിലും ഈ പുസ്തകങ്ങള്‍ വില്‍പ്പന നടത്തുന്നുമുണ്ട്. ഹാരി, റോബി, മോളി എന്നിവരാണ് ബെന്നറ്റിന്റെ മറ്റ് കുട്ടികള്‍.

ഇപ്പോള്‍ തന്റെ കുട്ടികളോടൊപ്പം ചിലവഴിക്കാന്‍ കൂടുതല്‍ സമയം കണ്ടെത്തുന്നുണ്ടെന്നാണ് ബെന്‍ജി പറയുന്നത്. എല്ലാകുട്ടികള്‍ക്കും പ്രാധാന്യം നല്‍കി ഓരോരുത്തര്‍ക്കുമായി 10 മിനുട്ടെങ്കിലും ഒരു ദിവസം മാറ്റിവയ്ക്കണമെന്ന പാടമാണ് ആദമിന്റെ മരണം തന്നെ പഠിപ്പിച്ചതെന്നും ബെന്‍ജി പറയുന്നു.

എത്ര വയസ്സില്‍ തന്നെയായാലും തന്റെ കുഞ്ഞ് മരണപ്പെടുന്നത് ഒരു രക്ഷിതാവിനും സഹിക്കാന്‍ പറ്റുന്ന കാര്യമല്ലെന്നും ബെന്‍ജി കൂട്ടിച്ചേര്‍ത്തു.

ബെന്‍ജി ബെന്നറ്റിനെപ്പോലെ ഒട്ടേറെ രക്ഷിതാക്കള്‍ തങ്ങളില്‍ നിന്നും വിട്ടകന്ന കുഞ്ഞിനുവേണ്ടി പല പുണ്യപ്രവര്‍ത്തികളും ഇപ്പോള്‍ ചെയ്യുന്നുണ്ട്. എല്ലാ രക്ഷിതാക്കളടും അവരുടെ കുട്ടികള്‍ക്കായി കുറച്ചുസമയമെങ്കിലും വയ്ക്കണമെന്നാണ് ബെന്‍ജി അഭിപ്രായപ്പെടുന്നത്.

Scroll To Top