Thursday October 18, 2018
Latest Updates

അവധിക്കാല യാത്രകള്‍ക്ക് വെല്ലുവിളിയുയര്‍ത്തി റെയ്‌നെയ്ര്‍ പൈലറ്റുമാര്‍ വീണ്ടും പണിമുടക്കിലേക്ക്

അവധിക്കാല യാത്രകള്‍ക്ക് വെല്ലുവിളിയുയര്‍ത്തി റെയ്‌നെയ്ര്‍ പൈലറ്റുമാര്‍ വീണ്ടും പണിമുടക്കിലേക്ക്

ഡബ്ലിന്‍:ഇന്നലത്തെ 24 മണിക്കൂര്‍ പണിമുടക്കിന് പിന്നാലെ കൂടുതല്‍ പണിമുടക്ക് ആസൂത്രണം ചെയ്ത് റെയ്‌നെയ്ര്‍ വിമാനകമ്പനിയുടെ പൈലറ്റുമാര്‍.

രണ്ട് ദിവസത്തെ പണിമുടക്കാണ് പൈലറ്റ്‌സ് അസോസിയേഷന്റെ ഫോഴ്‌സ് ബ്രാഞ്ച് സ്ഥിരീകരിച്ചത്. ജൂലൈ 20 നും 24നുമായിരിക്കും പണിമുടക്ക്.

ജോലിവ്യവസ്ഥകളില്‍ പരിഷ്‌കാരം ആവശ്യപ്പെട്ട പൈലറ്റുമാരും വിമാനകമ്പനി അധികൃതരും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്ക് നടന്നത്. മൂന്നാം കക്ഷിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച തുടരണമെന്ന ആവശ്യം കമ്പനി നിരാകരിച്ചത് നിര്‍ഭാഗ്യകരമായെന്ന് പൈലറ്റ്‌സ് അസോസിയേഷന്‍ പറഞ്ഞു.

ഇന്നലത്തെ സമരം 5000 ലധികം യാത്രക്കാരെയാണ് ബാധിച്ചത്. എന്നാല്‍ മുടങ്ങാതെ സര്‍വ്വീസ് നടത്തിയെന്ന് റെയ്‌നെയ്ര്‍ അവകാശപ്പെട്ടു. അയര്‍ലണ്ടില്‍ നിന്നുള്ള 260 വിമാനങ്ങളും സാധാരണ പോലെ പറന്നുവെന്ന് കമ്പനി വക്താവ് അവകാശപ്പെട്ടു. 30 വിമാനങ്ങള്‍ മാത്രമാണ് റദ്ദാക്കിയതെന്നും അതിലെ യാത്രക്കാര്‍ക്ക് ടിക്കറ്റ് ചാര്‍ജ് തിരികെ നല്‍കിയെന്നും കമ്പനി പറയുന്നു.

ഇന്നലത്തെ സമരം കൊണ്ട് ഒന്നും നേടാനായില്ലെന്നും വിഷയം ചര്‍ച്ച ചെയ്യാന്‍ ഒരു സംഘം രൂപീകരിക്കാമെന്ന കമ്പനിയുടെ വ്യവസ്ഥ ഇനിയെങ്കിലും പൈലറ്റ്മാര്‍ അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും കമ്പനി പറയുന്നു.

എന്നാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് പദ്ധതിയില്ലെന്ന് ഫോഴ്‌സ അറിയിച്ചു. ജീവനക്കാരുടെ സ്ഥലം മാറ്റം, അവധി, സ്ഥാനക്കയറ്റം തുടങ്ങിയ വിഷയങ്ങളില്‍ സുതാര്യമായ സംവിധാനമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്നും പൈലറ്റ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top