Thursday October 18, 2018
Latest Updates

അര പൈന്റ് പോലും പറ്റില്ല; അയര്‍ലണ്ടില്‍ മദ്യപിച്ചുള്ള ഡ്രൈവിംഗിന് ശിക്ഷ കര്‍ശനമാക്കി

അര പൈന്റ് പോലും പറ്റില്ല; അയര്‍ലണ്ടില്‍ മദ്യപിച്ചുള്ള ഡ്രൈവിംഗിന് ശിക്ഷ കര്‍ശനമാക്കി

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ഇനി ഒരു പൈന്റിന്റെ പകുതി പോലും കഴിച്ച് ഡ്രൈവ് ചെയ്യാന്‍ കഴിയില്ല.കൂടുതല്‍ കര്‍ശനമായ ശിക്ഷയ്ക്കുള്ള നിയമം പാര്‍ലമെന്റ് പാസാക്കി. അനുവദിക്കപ്പെട്ട അളവിനപ്പുറം മദ്യം രക്തത്തില്‍ കണ്ടെത്തിയാല്‍ മൂന്ന് മാസത്തേയ്ക്ക് ഡ്രൈവിംഗില്‍ നിന്ന് അയോഗ്യരാക്കും. ഡ്രൈവിംഗിനിടെ അനുവദിക്കപ്പെട്ട മദ്യത്തിന്റെ അളവിലൊന്നും നിയമം മാറ്റം വരുത്തിയിട്ടില്ല. ശിക്ഷ കര്‍ശനമാക്കുകയാണ്

നിയമഭേദഗതിയിലൂടെ ചെയ്തത്. 50 മില്ലി ഗ്രാം ആണ് അനുവദിക്കപ്പെട്ട അളവ്. ഡ്രൈവിംഗ് പഠിക്കുന്നവര്‍ക്ക് 20 മില്ലി ഗ്രാമും. അതായത് ഒരു ഡ്രിങ്ക് കഴിച്ചാല്‍ മതി കുഴപ്പത്തിലാവാന്‍. ഒരു ഗ്ലാസ് ബിയറോ, ചെറിയ ഒരു ഗ്ലാസ് വൈനോ മതി പണികിട്ടാന്‍.

നിലവില്‍ മദ്യത്തിന്റെ അളവ് രക്തത്തില്‍ 80 മില്ലി ഗ്രാമില്‍ കൂടുതലാണെങ്കില്‍ ലഭിക്കുന്ന ശിക്ഷ പിഴ മാത്രമാണ്. അയോഗ്യരാക്കുക എന്ന കര്‍ശനമായ വ്യവസ്ഥയാണ് പുതിയതായി അവതരിപ്പിക്കപ്പെട്ടത്.

ഗതാഗത മന്ത്രി ഷെയ്ന്‍ റോസ് ആണ് നിയമഭേദഗതി കൊണ്ടുവന്നത്. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും വാദ പ്രതിവാദങ്ങള്‍ക്കുമൊടുവിലാണ് നിയമ ഭേദഗതി പാര്‍ലമെന്റ് പാസാക്കിയത്.ഗ്രാമീണ മേഖലകളില്‍ നിന്നുള്ള ജനപ്രതിനിധികള്‍ നിയമത്തെ കര്‍ശനമായി എതിര്‍ത്തു. ഒരുപാട് നാടകീയ രംഗങ്ങള്‍ക്ക് ശേഷമാണ് പാര്‍ലമെന്റ് നിയമഭേദഗതി പാസാക്കുന്നതിലേക്ക് എത്തിയത്. നിയമം എപ്പോള്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അറിയില്ലെന്നാണ് ഗതാഗത മന്ത്രി റോസ് പറയുന്നത്. നിരവധി ജീവനുകള്‍ രക്ഷിക്കാനുതകുന്ന നിയഭേദഗതി സെനറ്റിലെത്താനും പ്രാബല്യത്തില്‍ വരാനും വലിയ കാലതാമസം ഉണ്ടാകില്ലെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

ഡ്രൈവിംഗ് പഠിക്കുന്നവരുടെ കാര്യത്തില്‍ കൂടുതല്‍ കര്‍ശനമായ ശിക്ഷാ വ്യവസ്ഥകളാണ് നിയമത്തിലുള്ളത്. വാഹനം പിടിച്ചെടുക്കുകയും വാഹന ഉടമയ്ക്ക് 2000 യൂറോ പിഴയും ജയില്‍ ശിക്ഷയുമടക്കം നിയമം വ്യവസ്ഥ ചെയ്യുന്നു.

Scroll To Top