Saturday January 21, 2017
Latest Updates

അരവിന്ദ് കേജരിവാള്‍ രാജി വെച്ചു ,ഡല്‍ഹിയില്‍ പുതിയ ഇലക്ഷന് ശിപാര്‍ശ ചെയ്തു

അരവിന്ദ് കേജരിവാള്‍ രാജി വെച്ചു ,ഡല്‍ഹിയില്‍ പുതിയ ഇലക്ഷന് ശിപാര്‍ശ ചെയ്തു

ന്യൂഡല്‍ഹി: ജന്‍ ലോക്പാല്‍ ബില്‍ പാസ്സാക്കാന്‍ കഴിയാത്തതിനാല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മന്ത്രിസഭ രാജിവെച്ചു. അഴിമതിക്കെതിരെയുള്ള ജന്‍ ലോക്പാല്‍ ബില്‍ പാസ്സാക്കാന്‍ കഴിയാതിരുന്നാല്‍ തന്റെ മന്ത്രിസഭ രാജിവെക്കുമെന്ന് കെജ്‌രിവാള്‍ അറിയിച്ചിരുന്നു. രാജിക്കത്ത് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അയച്ചു. കെജ്‌രിവാള്‍ ഉടന്‍ തന്നെ ഗവര്‍ണറെ കാണും.

ഇന്ന് ലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെ നിയമസഭയില്‍ ഇത് അവസാനത്തെ നിയമസഭാ സമ്മേളനമായിരിക്കുമെന്നും കെജ്‌രിവാള്‍ സൂചന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിസഭ രാജിവെക്കുന്നുവെന്ന് കെജ്‌രിവാളിന്റെ ഓഫീസ് വാര്‍ത്താ ഏജന്‍സിയെ അറിയിച്ചത്. തുടര്‍ന്ന് അദ്ദേഹം പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരോട് ഇക്കാര്യം പ്രഖ്യാപിച്ചു.

നിയമസഭ പിരിച്ചുവിട്ട് പുതിയ തെരെഞ്ഞെടുപ്പ് നടത്തണമെന്ന് ലഫ്റ്റനന്റ് ഗവര്‍ണറോട് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ പത്തുവര്‍ഷമായി മുകേഷ് അംബാനിയാണ് യു പി എ സര്‍ക്കാറിനെ നിയന്ത്രിക്കുന്നതെന്ന് രാജിക്കുശേഷം പാര്‍ട്ടി ആസ്ഥാനത്ത് അണികളോട് സംസാരിക്കവെ കെജ്‌രിവാള്‍ പറഞ്ഞു. ജന്‍ലോക്പാല്‍ ബില്‍ പാസ്സാക്കിയാല്‍ പലരും അകത്താകും. ലോക്പാല്‍ ബില്‍ പാസ്സാക്കുക എന്നതായിരുന്നു തന്റെ പാര്‍ട്ടിയുടെ പ്രധാന തെരെഞ്ഞെടുപ്പ് വാഗ്ദാനം. അത് നിയമമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ താന്‍ അധികാരത്തിലിരിക്കുന്നതില്‍ അര്‍ത്ഥമില്ല. അംബാനിക്കെതിരെ കേസെടുത്തിട്ടാണ് ഇരു പാര്‍ട്ടികളും ലോക്പാല്‍ ബില്ലിനെ സഭയില്‍ എതിര്‍ത്തത്. കോണ്‍ഗ്രസ് തന്റെ ഷോപ്പാണെന്ന് മുമ്പ് അംബാനി അവകാശപ്പെട്ടിരുന്നു. നരേന്ദ്ര മോഡിക്ക് പിന്നിലും മുകേഷ് അംബാനിയാണ്. ഹെലികോപ്റ്ററുകളില്‍ പറക്കാന്‍ മോഡിക്ക് പണം എവിടെ നിന്നാണ് കിട്ടുന്നതെന്ന് കെജ്‌രിവാള്‍ ചോദിച്ചു.

Scroll To Top