Thursday February 23, 2017
Latest Updates

അയര്‍ലണ്ട് രക്ഷപ്പെടുന്നു …ഇനി ആരും ആസ്‌ട്രേലിയയ്ക്ക് പോകേണ്ട ! :ബജറ്റില്‍ പ്രഖ്യാപിച്ച വെട്ടിച്ചുരുക്കലുകളില്‍ ഇളവു വരുത്തിയേക്കും

അയര്‍ലണ്ട് രക്ഷപ്പെടുന്നു …ഇനി ആരും ആസ്‌ട്രേലിയയ്ക്ക് പോകേണ്ട ! :ബജറ്റില്‍ പ്രഖ്യാപിച്ച വെട്ടിച്ചുരുക്കലുകളില്‍ ഇളവു വരുത്തിയേക്കും

ഡബ്ലിന്‍: അവസാനം, കടക്കെണിയില്‍ നിന്നും മറ്റു യൂറോപ്യന്‍ രാജ്യങ്ങളുടെ നീരാളി പിടുത്തത്തില്‍ നിന്നും അയര്‍ലണ്ട് രക്ഷപ്പെടുന്നതിന്റെ വ്യക്തമായ സൂചനകള്‍ കണ്ടുതുടങ്ങി.ഒരു പക്ഷേ കടുത്ത ഒട്ടേറെ തീരുമാനങ്ങള്‍ ജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും നേരെ അടിച്ചേല്‍പ്പിച്ചിരുന്നു എങ്കിലും കടക്കെണിയുടെ കടിഞ്ഞാണുകള്‍ പൊട്ടിച്ച് ഒരു മാന്ത്രികനെ പോലെ അയര്‍ലണ്ട് തിരിച്ചു വരുന്നു വെന്ന സന്തോഷത്തിലാണ് സര്‍ക്കാരും ,സാമ്പത്തിക വിദഗ്ദരും.ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കുള്ളില്‍ അയര്‍ലണ്ടിന് പഴയ സമൃദ്ധി തിരികെ വരും ഇന്ന പ്രതീക്ഷയിലാണവര്‍

ബെയിലൗട്ടില്‍ നിന്നും രക്ഷപ്പെടാന്‍ അയര്‍ലണ്ടിന് ഒരു ക്രഡിറ്റ് ലൈനിന്റെയും ആവശ്യമില്ലെന്നാണ് ഇന്നലെ ധനമന്ത്രി മൈക്കല്‍ നൂനന്‍ പറഞ്ഞത് . വാഷിംഗ്ടണില്‍ വച്ച് ഐഎംഎഫുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് മന്ത്രി നൂനന്‍ ക്രഡിറ്റ് ലൈനിന്റെ സഹായമില്ലാതെ തന്നെ ബെയിലൗട്ടില്‍ നിന്നും രക്ഷനേടാമെന്ന പ്രസ്താവനയുമായി മുന്നോട്ടുവന്നത്

2015വരെ തങ്ങള്‍ക്ക് സമയമുണ്ടെന്നും അതുകൊണ്ട് തന്നെ കൂടുതല്‍ പ്രശ്‌നഹാരികളായ ഒരു പദ്ധതിയും ഇതിനായി രൂപീകരിക്കേണ്ടതില്ലെന്നുമാണ് മന്ത്രി നൂനന്‍ അഭിപ്രായപ്പെടുന്നത്.

പ്രധാനമന്ത്രി എന്റ കെന്നി ഫിന്‍ഗീല്‍ പാര്‍ട്ടി മീറ്റില്‍വെച്ച് അയര്‍ലണ്ടിന് 25 ബില്ല്യണ്‍ യൂറോ റിസര്‍വ് ഫണ്ട് ഉണ്ടെന്നു വ്യക്തമാക്കിയതോടെ അയര്‍ലണ്ടിന് അനുകൂലമായ ഒട്ടേറെ മുന്നേറ്റങ്ങള്‍ ഉണ്ടായി .സര്‍ക്കാരിന് ബെയിലൗട്ടിന്റെ മുന്നില്‍ മുട്ടുമടക്കേണ്ടിവരുമെന്ന ആശങ്ക ഇതോടെ മറ്റുള്ളവര്‍ക്കും ഇല്ലാതായതെന്ന് നൂനന്‍ ചൂണ്ടിക്കാട്ടി. .

ജര്‍മ്മനിയില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതോടെ അയര്‍ലണ്ടിന്റെ പ്രശ്‌ന പരിഹാര പദ്ധതികള്‍ക്ക് നിശ്ചിതമായ തീരുമാനം യൂറോപ്യന്‍ യൂണിയന്‍ തലത്തില്‍ വ്യക്തമാക്കും.ജര്‍മിനിയില്‍ കൂടി സര്‍ക്കാര്‍ ഇല്ലാതെ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കില്ലെന്നും നൂനന്‍ പറഞ്ഞു. അവരുടെ സോഷ്യല്‍ ഡെമോക്രാറ്റ്‌സ് നവംബര്‍ 15ന് ഒരു യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ടന്നും അതിനുമുന്‍പ് ഒരു ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കാന്‍ അവര്‍ തയ്യാറാവില്ലെന്നും എന്നാല്‍ അന്നേ ദിവസം തൊട്ട് നവംബര്‍ അവസാനിക്കുന്നതിനു മുന്‍പു തന്നെ ഇതിനൊരു തീരുമാനം ഉണ്ടാവുമെന്നും നൂനന്‍ പറഞ്ഞു.

അയര്‍ലണ്ട് മുമ്പോട്ടു പോകാനുള്ള മാര്‍ഗങ്ങള്‍ കണ്ടിട്ടുണ്ടെന്നും ,അവയ്ക്ക് യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം കൂടി ലഭിച്ചാല്‍ മതിയെന്നുമുള്ള നൂനന്റെ വാക്കുകള്‍ വിശ്വസിക്കാമെങ്കില്‍ അതി വേഗത്തില്‍ അയര്‍ലണ്ട് മാറ്റത്തിന് ഒരുങ്ങിയെന്നു തന്നെ കരുതണം.

കഴിഞ്ഞദിവസം വാഷിംഗ്ടണിലെ ഐറിഷ് എംബസിയില്‍ വച്ച് ഐഎംഎഫിന്റെ മേനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റിന്‍ ലഗാര്‍ദെയുമായും ധനമന്ത്രി നൂനന്‍ ഒരു കൂടിക്കാഴ്ച്ച നടത്തി. യൂറോപ്യന്‍ ഗ്രൂപ്പിന്റെ തലവന്‍ ജെറോം ഡിജ്‌സെല്‍ബ്ലോമുമായി അയര്‍ലണ്ടിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചനടത്താനായി അദ്ദേഹം അടുത്ത ചൊവ്വാഴ്ച്ച ഹേഗിലേക്ക് പോകാനിരിക്കുകയാണ്.

ഇതുമായി ബന്ധപ്പെട്ട് ഇന്ന് ട്രോയിക ഡബ്ലിനില്‍ തങ്ങളുടെ അവസാന സന്ദര്‍ശനം നടത്തും. ക്രഡിറ്റ്‌ലൈന്‍ ആവശ്യമില്ലെന്ന് മന്ത്രി നൂനന്‍ പ്രഖ്യാപിച്ച സ്ഥിതിക്ക് ബജറ്റില്‍ അവതരിപ്പിച്ച വെട്ടിച്ചുരുക്കലുകളില്‍ ആരോഗ്യ മേഖലകളിലെ സഹായങ്ങള്‍ പുനപരിശോധനയ്ക്ക് വിധേയമാക്കാന്‍ സാധ്യതയും തെളിയുകയാണ് .
കഴിഞ്ഞ ദിവസം ഐഎംഎഫുമായി നടത്തിയ ചര്‍ച്ചകള്‍ തങ്ങള്‍ക്ക് സഹായകമാകുമെന്ന് ഉറച്ച വിശ്വാസത്തിലാണ് മന്ത്രി നൂനന്‍. ഒരുതരത്തിലുള്ള ക്രഡിറ്റ് ലൈനുകളെക്കുറിച്ചും ചര്‍ച്ചയില്‍ പറഞ്ഞിട്ടില്ലെന്നും നൂനന്‍ പറഞ്ഞു. ആ ഘട്ടത്തില്‍ തങ്ങളെത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പദ്ധതികള്‍ ുപേക്ഷിക്കപ്പെടേണ്ടിവരുന്ന രാജ്യങ്ങള്‍ക്കാണ് ഐഎംഎഫും യൂറോപ്യന്‍ സ്റ്റബിലിറ്റി മെക്കാനിസവും ക്രഡിറ്റലൈന്‍ നിര്‍ദ്ദേശിക്കാറെന്നും നൂനന്‍ പറഞ്ഞു.

വാഷിംഗ്ടണ്‍ കേന്ദ്രമായിട്ടുള്ള ഐഎംഎഫിന്റെ ജോയിന്റ്‌ലി ഫണ്ടഡ് പ്രോഗ്രാമില്‍ നിന്നും പുറത്തുകടക്കുന്ന ആദ്യ രാജ്യമായി അയര്‍ലണ്ട് മാറാന്‍ പോവുകയാണെന്നും നൂനന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ആഴ്ച്ച പോര്‍ച്ചുഗല്‍ 78ബില്ല്യണ്‍ യൂറോ ബെയിലൗട്ട് എന്ന കടമ്പയില്‍ നിന്നും അടുത്ത ജൂണോടുകൂടി രക്ഷനേടാനായി ഒരു സംരക്ഷിത ക്രഡിറ്റ് ലൈനിന് അപേക്ഷിച്ചിരുന്നു.എന്നാല്‍ ഇത്തരം ഒരവസ്ഥയൊന്നും അയര്‍ലണ്ടിനില്ലയെന്നും മന്ത്രി പറഞ്ഞു.

അയര്‍ലണ്ടിന്റെ ഭാവി സുന്ദരമാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.ആസ്‌ട്രേലിയായിലേക്കും മറ്റും കുടിയേറുന്നതിനു മുന്‍പ് ഈ രാജ്യത്തിന് വേണ്ടി എന്ത് ചെയ്യാന്‍ പറ്റുമെന്ന് യുവാക്കള്‍ ചിന്തിക്കണമെന്ന് കഴിഞ്ഞ ആഴ്ച ഒരു മുതിര്‍ന്ന മന്ത്രി തന്നെ ആവശ്യപ്പെടുകയുണ്ടായി.
മലയാളികളായ നിരവധി പേരാണ് അയര്‍ലണ്ടിനെ വിട്ടു പോകണമോ എന്ന സന്ദേഹത്തില്‍ കാനഡയുടെയും ആസ്‌ട്രേലിയയുടെയും ഒക്കെ രജിസ്‌ട്രേഷനുമായി ഇവിടെ തുടരുന്നത്. ഇവിടെ നിന്നും മറ്റു രാജ്യങ്ങളില്‍ കുടിയേറിയവരില്‍ ബഹു ഭൂരിപക്ഷവും അത്ര സന്തോഷത്തിലൊന്നുമല്ല എന്ന റിപ്പോര്‍ട്ടുകള്‍ കൂടി കൂട്ടി വായിക്കുമ്പോള്‍ അയര്‍ലണ്ടിലെ സര്‍ക്കാരിന്റെ ശുഭപ്രതീക്ഷ നമ്മള്‍ കൂടി ഏറ്റെടുക്കുന്നതാവും ഉത്തമമെന്നു കരുതുന്നവരാണ് അയര്‍ലണ്ടിലെ മലയാളികളില്‍ കൂടുതലും.like-and-share
.

Scroll To Top