Thursday February 22, 2018
Latest Updates

അയര്‍ലണ്ട് ഭീകരാക്രമണത്തിന്റെ ഭീതിയില്‍,ജാഗ്രതാ മുന്നറിയിപ്പുമായി സുരക്ഷാ ഏജന്‍സികള്‍ 

അയര്‍ലണ്ട് ഭീകരാക്രമണത്തിന്റെ ഭീതിയില്‍,ജാഗ്രതാ മുന്നറിയിപ്പുമായി സുരക്ഷാ ഏജന്‍സികള്‍ 

ഡബ്ലിന്‍:ഭീകരാക്രമണ സാധ്യതയില്‍ അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ കരുതല്‍ നടപടികള്‍ ശക്തമാക്കി.പ്രമുഖ അന്താരാഷ്ട്ര സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2018 ല്‍ അയര്‍ലണ്ടില്‍ ഒരു ഭീകരാക്രമണം ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിച്ചിട്ടുണ്ട്.അയര്‍ലണ്ടിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ടു കൂടുതല്‍ ഗാര്‍ഡ ഫോഴ്സിനെ നിയോഗിച്ചിട്ടുണ്ടെന്നും നീതിന്യായ വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.

കോബ്രാ കമ്മിറ്റി എന്ന പേരില്‍ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഭീകരവിരുദ്ധ സേന ഏത് അപകടവും നേരിടാനുള്ള തയാറെടുപ്പിലാണ്.രാജ്യത്ത് അടുത്ത കാലത്തായി കുടിയേറിയവരടക്കമുള്ള ഭീകര പ്രവര്‍ത്തകരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെല്ലാം ഗാര്‍ഡയുടെ നിരീക്ഷണത്തിലാണ്.അക്രമം നടത്താന്‍ സന്നദ്ധതയും,ഉദ്ദേശവുമുള്ളവര്‍ അയര്‍ലണ്ടില്‍ തമ്പടിച്ചു കഴിഞ്ഞതായി സുരക്ഷാ ഏജന്‍സികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.താരതമ്യേനെ കുറഞ്ഞ അപകടസാധ്യതകള്‍ ഉണ്ടായിട്ടും സ്വീഡനിലെ സ്റ്റോക്ക് ഹോമില്‍ ഉണ്ടായത് പോലെ ആക്രമണം ഉണ്ടാകാനുള്ള സാദ്ധ്യതകള്‍ അയര്‍ലണ്ടിലെ നഗരങ്ങളിലും തള്ളിക്കളയാനാവില്ലെന്ന് ഗാര്‍ഡയ്ക്ക് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇംഗ്ളണ്ടിനെയാണ് ആക്രമണഭീതി ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് .പാരീസില്‍ ഐസിസ് ഭീകരാക്രമണം നടത്തിയതിന് ശേഷം ബ്രിട്ടനാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്ന് ഭീകരര്‍ ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നത് കഴിഞ്ഞ വര്‍ഷം ഫലപ്രദമായി നടപ്പാക്കി.നിരവധി ആക്രമണങ്ങളാണ് ബ്രിട്ടനില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായത്.അതിനനുസരിച്ച് കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന സമാധാനത്തിലാണ് ബ്രിട്ടണിലെ ജനങ്ങള്‍ നാളുകള്‍ തള്ളി നീക്കുന്നത്. എന്നാല്‍ സായുധ സംരക്ഷണം പര്യാപ്തമായ വിധത്തില്‍ ഏര്‍പ്പെടുത്തുന്നതില്‍ ലണ്ടന് പുറത്തുള്ള നഗരങ്ങള്‍ വേണ്ടത്ര പ്രാധാന്യം നല്‍കാത്തതിനാല്‍ അവ അത്യന്തം അപകടകരമായ ആക്രമണ സാധ്യതയിലാണെന്നാണ് പോലീസ് തലവന്‍മാര്‍ ഹോം സെക്രട്ടറി തെരേസ മേയെ അറിയിച്ചിരിക്കുന്നത്.

അയര്‍ലണ്ട് അടക്കം യൂറോപ്പിലെ വിവിധ നഗരങ്ങള്‍ കടുത്ത ഭീകരാക്രമണ ഭീഷണിയിലാണെന്ന മുന്നറിയിപ്പ് പുറത്ത് വന്ന് ഒരു ദിവസത്തിന് ശേഷമാണ് പുതിയ വെളിപ്പെടുത്തലുമായി പോലീസ് തലവന്‍മാര്‍ രംഗത്തെത്തിയതെന്നതും ശ്രദ്ധേയമാണ്.

പുതുവര്‍ഷത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ തലസ്ഥാനങ്ങളില്‍ തീവ്രവാദ ആക്രമണം ഉണ്ടാകാനുള്ള സാധ്യതയേറെയാണെന്നാണ് ഓസ്ട്രിയന്‍ പോലീസും ഇന്നലെ മുന്നറിയിപ്പേകിയിരുന്നത്.ഫ്രന്റ്ലി ഇന്റലിജന്‍സ് സര്‍വീസാണ് ഈ ആക്രമണത്തെക്കുറിച്ച് തങ്ങള്‍ക്ക് മുന്നറിയിപ്പ് സന്ദേശമയച്ചതെന്നാണ് ഓസ്ട്രിയന്‍ പോലീസ് പറഞ്ഞിരിക്കുന്നത്.

Scroll To Top