Monday November 20, 2017
Latest Updates

‘അയര്‍ലണ്ടില്‍ സ്റ്റാഫ് നഴ്സിനും തൂപ്പുകാരിയ്ക്കും ഒരേ ശമ്പളം ! പ്രതിഷേധവുമായി നഴ്സുമാര്‍ ,ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന് ഐഎന്‍എംഓ യും

‘അയര്‍ലണ്ടില്‍ സ്റ്റാഫ് നഴ്സിനും തൂപ്പുകാരിയ്ക്കും ഒരേ ശമ്പളം ! പ്രതിഷേധവുമായി നഴ്സുമാര്‍ ,ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന് ഐഎന്‍എംഓ യും

ഡബ്ലിന്‍ :വര്‍ഷങ്ങളുടെ പഠനത്തിനു ശേഷം ബിരുദം നേടി നഴ്സുമാരായി നിയമനം ലഭിച്ചവര്‍ക്കും ആശുപത്രി ക്ലീനര്‍മാര്‍ക്കും ഒരേ ശമ്പളം നല്‍കുന്നതിനെതിരെ പ്രതിഷേധമുയരുന്നു.എച്ച് എസ് ഇ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ബ്യൂമോണ്ട് ആശുപത്രിയില്‍ ഹോസ്പിറ്റലില്‍ ക്ലീനിംഗ് ഓപ്പറേറ്റീവ് നിയമനത്തിനായി ജോബ് അലര്‍ട്ട്.ഐഇ യില്‍ നല്‍കിയ പരസ്യമാണ് വിവാദമായത്.

നാലര വര്‍ഷത്തെ പഠനത്തിനു ശേഷമാണ് നഴ്സിംഗ് ജോലിക്ക് യോഗ്യത നേടുന്നത്.എന്നാല്‍ ക്ലീനിംഗ് ഓപ്പറേറ്റര്‍ക്ക് യാതൊരു കോഴ്സും ,ആവശ്യമില്ല.മുന്‍ പരിചയം മാത്രമാണ് അഭികാമ്യം.

പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു നഴ്സിംഗ് വിദ്യാര്‍ഥിയാണ് ഈ സംഭവം ഡബ്ലിന്‍ ലൈവിലൂടെ വെളിപ്പെടുത്തിയത്.26001 യൂറോ മുതല്‍ 31,830യൂറോ വരെയാണ് തൂപ്പുജോലിക്ക് ഓഫര്‍ ചെയ്തിരിക്കുന്നത്.യാതോരു വിദ്യാഭ്യാസ യോഗ്യതയും ആവശ്യവുമില്ല.

ഡബ്ലിനില്‍ നഴ്സിംഗ് ജോലി ചെയ്യുന്ന വിദ്യാര്‍ഥി കൂടിയായ നഴ്സിന് 28,500 യൂറോ വരെയാണ് ലഭിക്കുന്നത്.നിരവധി ഐറിഷ് നഴ്സുമാര്‍ പഠനത്തിനു ശേഷം എന്തിനാണ് വിദേശത്ത് പോകുന്നത് എന്ന് വെളിപ്പെടുത്തുന്നതാണ് ഈ പരസ്യമെന്ന് വിദ്യാര്‍ഥി പറയുന്നു.ബിരുദം നേടിയ ശേഷം ശരാശരി ഒരു വര്‍ഷം മാത്രമാണ് അയര്‍ലണ്ടില്‍ നഴ്സുമാര്‍ തുടരുന്നത്.ആദ്യ വര്‍ഷങ്ങളില്‍ നഴ്സുമാര്‍ക്ക് ലഭിക്കുന്ന വേതനം തുലോം കുറവാണ്.

പിന്നീട് മെച്ചപ്പെട്ട വരുമാനവും അംഗീകാരവും തേടി അവര്‍ രാജ്യം വിടുന്നു. യുകെയിലും മറ്റും ഐറീഷ് നഴ്സുമാര്‍ക്ക് മാന്യമായ പരിഗണനയാണുള്ളത്.തൂപ്പുജോലിയോട് ബഹുമാനമില്ലാത്തതുകൊണ്ടല്ല താനിത് പറയുന്നതെന്നും വിദ്യാര്‍ഥി പറഞ്ഞു.

ബിരുദധാരികളായ നഴ്സുമാര്‍ക്ക് വളരെ തുച്ഛമായ ശമ്പളത്തോടെ മാത്രമേ ഇവിടെ അവരുടെ ഔദ്യോഗിക ജീവിതം ആരംഭിക്കാനാവുകയുള്ളു.ഇത് അപമാനകരമാണ്.സമാനമേഖലയില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളവുമായി തുല്യത വരുത്തുന്നതിന് നഴ്സുമാരുടെ വേതനത്തില്‍ 12.5 ശതമാനം വര്‍ധന നടപ്പാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.എന്നാല്‍ അതുണ്ടായിട്ടില്ല.

അയര്‍ലണ്ടിലെ നഴ്സിംഗ് മേഖലയില്‍ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന് നഴ്സുമാരുടെ സംഘടനയായ ഐഎന്‍എംഓ യും വര്‍ഷങ്ങളായി ആവശ്യമുയര്‍ത്തുന്നുണ്ട്.എന്നാല്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് വെട്ടിക്കുറച്ച ശമ്പളം പൂര്‍ണ്ണമായി പുനഃസ്ഥാപിക്കാന്‍ പോലും സര്‍ക്കാര്‍ ഇതേ വരെ തയ്യാറായിട്ടില്ല.

ജോലി സമയവും,ജോലിഭാരവും കൂടുതല്‍ ആണെങ്കിലും ലോകത്തില്‍ തന്നെ ഏറ്റവും അധികം ശമ്പളം കൈപ്പറ്റുന്ന നഴ്സുമാരുടെ നിരയില്‍ അയര്‍ലണ്ടിലെ നഴ്സുമാര്‍ ഇപ്പോഴും ഉണ്ടെന്നത് മാത്രമാണ് ഇവിടെ ജോലിയ്ക്കെത്തുന്നവരുടെ ആശ്വാസം.കേരളത്തില്‍ നിന്നും മാത്രം അയ്യായിരത്തോളം നഴ്സുമാര്‍ അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നുണ്ട്.

Scroll To Top