Thursday October 18, 2018
Latest Updates

അയര്‍ലണ്ടില്‍ മലയാളഭാഷയ്ക്ക് മധുരസംഗീതമൊരുക്കി രന്യദാസ് പറയുന്നു,  മാറിയത് രണ്ട് ഭൂപ്രദേശങ്ങള്‍ മാത്രമാവാം, ഞാനല്ല; പെണ്‍ ഉള്‍പ്പേടികളുടെ ശേഷിപ്പുകള്‍

അയര്‍ലണ്ടില്‍ മലയാളഭാഷയ്ക്ക് മധുരസംഗീതമൊരുക്കി രന്യദാസ് പറയുന്നു,  മാറിയത് രണ്ട് ഭൂപ്രദേശങ്ങള്‍ മാത്രമാവാം, ഞാനല്ല; പെണ്‍ ഉള്‍പ്പേടികളുടെ ശേഷിപ്പുകള്‍

Thornbury എന്നു പേരുള്ള, അവന്‍മോര്‍ റോഡിലെ പതിമൂന്നാം നമ്പര്‍ വീടിന്റെ മുകളറ്റത്തെ മുറിയിലെ ജനലിലൂടെ നോക്കിയാല്‍ പുറത്ത് നൂല്‍മഴ പെയ്യുന്നത് കാണാമിപ്പോള്‍. ഇരുട്ടില്‍ മഴയുടെ രൂപം അവ്യക്തമാണ്. മുന്നില്‍ കാണുന്ന ടാറിട്ട റോഡിലെ ചെറിയ വെള്ളക്കെട്ടുകള്‍ ഇടയ്ക്കിടെ അനങ്ങുന്നതാണ് തെളിവ്. പുറത്ത്, നിരയൊത്തു പറ്റിച്ചേര്‍ന്നു നില്‍ക്കുന്ന പരുത്ത ചുമരുകളുള്ള വീടുകള്‍. അവയ്ക്കു മുന്നിലായി നെടുങ്ങനെ ഏകാന്തമായി നില്‍ക്കുന്ന വഴിവിളക്കുകള്‍ക്കു കീഴെ മാത്രമാണ് മഴ, മഴയായി രൂപപ്പെടുന്നത്. പകല്‍ മുഴുക്കെ ഉണ്ടായിരുന്ന കാറ്റ് എപ്പോഴാണ് അവസാനിച്ചത്? നേരം ഇരുളുന്നതു വരെ കാറ്റ് വീശിയടിച്ചിരുന്നു. ലിവിംഗ് റൂമിലെ നെരിപ്പോടിന്റെ മുകളറ്റം പുരപ്പുറത്തു നിന്ന് കാറ്റിന്റെ ഒച്ചപ്പാടുകളെ മുറിയിലേക്കു കൊണ്ടുവന്നു. ചൂടു പറ്റി ചുരുണ്ടു കിടക്കുന്ന ഇഴജന്തുവിനെപ്പോലെ പകല്‍ പകുതിയോളം കമ്പിളിപ്പുതപ്പും പുതച്ച് സോഫയില്‍ ഞാന്‍ ചുരുണ്ടു കിടന്നു. മറ്റ് ഒച്ചകളൊന്നുമില്ല. കാറ്റിന്റെ ഘന ഘംഭീര ശബ്ദം മാത്രം നിലയ്ക്കാതെ കൂടിയും കുറഞ്ഞും സദാ മുഴങ്ങുന്നു. ഇടയ്‌ക്കെഴുന്നേറ്റ് ചില്ലു വാതിലിന് വെളിയിലൂടെ പുതുതായി വിരിഞ്ഞ സൂര്യകാന്തിയെ ചെന്നു നോക്കി. കൊലുന്നനെ നീണ്ടുപോയി അറ്റത്ത് വിരിഞ്ഞ് നിറഞ്ഞു നിന്ന സൂര്യകാന്തിച്ചെടി കാറ്റില്‍ വല്ലാതെ ഉലഞ്ഞു കൊണ്ടേയിരുന്നു. ഒരു നിമിഷം വേരറ്റ് അത് ആകാശത്തേക്ക് പാറിപ്പോവുമെന്ന് തോന്നിച്ചു. സൂര്യകാന്തിയുടെ കൊടുങ്കാറ്റിലെ പങ്കപ്പാട് മൊബൈലില്‍ പകര്‍ത്തി വാട്‌സ്ആപ്പില്‍ സ്റ്റാറ്റസിട്ടു. ശേഷം സോഫയിലേക്ക് തിരിച്ചു വന്ന് കാറ്റിന് ചെവികൊടുത്ത് കിടപ്പു തുടര്‍ന്നു.

നാട്ടിലിരുന്ന് അയര്‍ലണ്ടില്‍ വീശിയടിച്ചു കൊണ്ടിരുന്ന ‘എമ്മ’ ചുഴലിക്കാറ്റിന്റെ വാര്‍ത്തകള്‍ കേട്ടത് ആറു മാസങ്ങള്‍ക്ക് മുന്‍പാണ്. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഞാന്‍ വന്നിറങ്ങിയ ദിവസത്തിന് ഒരാഴ്ച മുന്‍പു വരെ ‘എമ്മ’ അയര്‍ലണ്ടിനെയൊന്നാകെ വീശി വിറപ്പിച്ചിരുന്നു. ‘ബീസ്റ്റ് ഫ്രം ഈസ്റ്റ്’ എന്നാണ് പെട്ടെന്ന് പരന്നു പിടിച്ച തണുപ്പിനെയും കാറ്റിനെയും ഐറിഷുകാര്‍ വിശേഷിപ്പിച്ചത്. തുടര്‍ച്ചയായുള്ള മഞ്ഞുവീഴ്ചയുടെ അവശേഷിപ്പുകള്‍ പച്ച പിടിച്ച കുന്നുകളുടെ ചെരിവുകളില്‍ വീണു കിടന്നു. എയര്‍പോര്‍ട്ടില്‍ നിന്ന് ചേച്ചിയോടൊപ്പം ലിമെറികിലേക്ക് (ഇത്തിരിപ്പോന്ന അയര്‍ലണ്ടിലെ മൂന്നാമത്തെ വലിയ നഗരമാണ് ലിമെറിക്) യാത്ര തിരിച്ചപ്പോള്‍ കാറിന്റെ ചില്ല് ചെറുതായൊന്നു താഴ്ത്തി നോക്കി. ഒറ്റയടിക്ക് അകത്തേക്ക് ഇരച്ചു കയറിയ തണുപ്പന്‍ കാറ്റ് ജാക്കറ്റിനുളളിലൂടെ കയറിയൊരു തുളഞ്ഞുകേറ്റമുണ്ട്! (നോക്ക്, ഇത് നീ നാട്ടിലെ കെഎസ്ആര്‍ടിസിയുടെ വിന്‍ഡോ സീറ്റിലിരുന്ന് കണ്ണടച്ചാസ്വദിച്ചു പോന്ന വയനാടന്‍ കാറ്റല്ല എന്ന താക്കീതുമാതിരിയൊന്ന്!).

റോഡിനിരുവശവുമായി കണ്ട ഇലകള്‍ കൊഴിഞ്ഞ വില്ലോ മരങ്ങള്‍ കാറ്റില്‍ തണുത്തു വിറങ്ങലിച്ച് നിശബ്ദമായി നില്‍ക്കുംമാതിരി തോന്നിച്ചു. ഞാനേത് അപരിചിത ലോകത്തിലാണ് എത്തിപ്പെട്ടിരിക്കുന്നത്?!

കാഴ്ചകളെല്ലാം പുതിയത്. ഇലകള്‍ കൊഴിഞ്ഞ മരങ്ങള്‍, വിശാലമായ അറ്റം കാണാത്ത പുല്‍മേടുകള്‍, അവിടെ മേഞ്ഞു നടക്കുന്ന ചെമ്മരിയാടിന്‍ കൂട്ടങ്ങള്‍, വെട്ടിയടുക്കിയ കറുത്ത കല്ലുകളാല്‍ വേര്‍തിരിച്ച കൃഷിയിടങ്ങള്‍, ഇടയ്ക്കു കണ്ട മനുഷ്യര്‍… എല്ലാം പുതിയത്. ചില ഇംഗ്ലീഷ് യുദ്ധ സിനിമകളില്‍ കണ്ട് മനസിലുറച്ച ഭൂമികയിലൂടെ വേഗത്തിലോടുന്ന കാറിനുള്ളില്‍ സ്വപ്നത്തിലെന്നവണ്ണം പുറത്തേക്കുറ്റു നോക്കി ഞാനിരുന്നു.

എന്റെ ആദ്യ അയര്‍ലണ്ട് രാത്രിയില്‍ നിന്ന്, അന്നേ ദിവസം ഞാന്‍ അനുഭവിച്ച അരക്ഷിതത്വത്തിന്റെയും പകപ്പിന്റെയും ആകാംക്ഷയുടെയും കുഴഞ്ഞു കുതിര്‍ന്ന നേരത്തില്‍ നിന്നും, ഇന്ന്, പുറത്ത് മഴ കണ്ടിരിക്കുന്ന മറ്റൊരു തണുപ്പന്‍ രാത്രിയിലേക്കുള്ള അകലം നൂറ്റി എണ്‍പതോളം ദിനരാത്രങ്ങളാണെന്ന് ഞാന്‍ കണക്കു കൂട്ടുന്നു.

എന്റെ എത്തിച്ചേരലിന്റെ ആദ്യ രണ്ടു ദിനങ്ങളില്‍ നിര്‍ത്താതെ പെയ്ത ശിശിരകാലത്തിലെ അവസാനത്തെ മഞ്ഞു വീഴ്ചയും കഴിഞ്ഞ്, 2003-ന് ശേഷം അയര്‍ലണ്ട് കണ്ട ഏറ്റവും കടുത്ത ചൂടന്‍ വേനല്‍ക്കാലവും കഴിഞ്ഞ് ആദ്യകാഴ്ചയില്‍ നഗ്‌നമായി നിന്ന, പിന്നീട് ഇലകള്‍ തളിര്‍ത്ത് പച്ച പിടിച്ച മരച്ചില്ലകള്‍ ചുവന്നും മഞ്ഞച്ചും തുടങ്ങുന്ന ശരത്കാലത്തിന്റെ തുടക്കമെത്തി നില്‍ക്കുന്നു.

എന്റെ പ്രവാസ ജീവിതത്തിലെ നീണ്ട ആദ്യ ആറു മാസങ്ങളാണ് അവസാനിച്ചിരിക്കുന്നത്. നീണ്ട ആറു മാസമെന്നത് നീണ്ട പതിനാറ് വര്‍ഷങ്ങള്‍ എന്ന കണക്കിന് നിങ്ങള്‍ വായിക്കണമെന്നാണ് എന്റെ ആഗ്രഹം. എനിക്കത് അങ്ങനെയാണ്. ചില വലിയ തിരിച്ചറിവുകളുടെ സുദീര്‍ഘമായ വര്‍ഷങ്ങള്‍ പോലെ എന്റെ ഉള്ളില്‍ അത് സദാ മലര്‍ന്നു കിടക്കുന്നു.

അതില്‍ ആദ്യത്തെ തിരിച്ചറിവ് വല്ലാത്ത ഒന്നായിരുന്നു. ഞാനെന്താണെന്ന് എനിക്കുള്ള സൂചനകളെ വഴിതെറ്റിച്ച കണക്കു പോലെ ഒന്ന്!

യൂറോപ്യന്‍ വാസത്തിന് യാത്ര തിരിക്കുന്ന ഏതൊരുവനെയും പോലെ വിശാലമായ സ്വപ്നങ്ങളുമായി വിമാനത്തിലിരുന്ന എന്നെ ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നുണ്ട്. പരീക്ഷ കഴിയുന്നു, ശേഷം ജോലി. ജോലി കിട്ടിക്കഴിഞ്ഞാല്‍ ക്യാമറ വാങ്ങുന്നു. അവധി ദിവസങ്ങള്‍ മുഴുവന്‍ യാത്ര. ട്രാവല്‍ ലോഡ്ജുകളിലും മറ്റുമായി താമസം. പുതിയ മനുഷ്യരെ പരിചയപ്പെടല്‍, പുതിയ സൗഹൃദങ്ങള്‍, അയര്‍ലണ്ട് പബുകളിലെ രാത്രി സംഗീതം, ബിയറു കുടി, പുതിയ വായന, എഴുത്ത്, ലോക്കല്‍ ഡ്രാമാ ക്ലബ്ബിലെ അംഗത്വം, അതുവഴി പരിചയപ്പെടുന്ന ആളുകള്‍, അവരിലൂടെ അറിയാനും കേള്‍ക്കാനുമിരിക്കുന്ന കാര്യങ്ങള്‍. അങ്ങനെ അടിപൊളിയായി മാറുന്ന ഞാന്‍.

ചെയ്യാനിരിക്കുന്ന കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞ് കുളിരു കോരിയാണ് നാട്ടീന്ന് പെട്ടീം മറ്റും കേറ്റി ഇങ്ങു പോന്നത്. ആദ്യത്തെ രണ്ടു ദിവസങ്ങളിലെ മഞ്ഞുവീഴ്ചയിലും മൂകതയിലും തന്നെ മേല്‍പ്പറഞ്ഞ സ്വപ്നങ്ങളില്‍ മുക്കാലും പതുക്കെ മതിയെന്ന പെട്ടെന്നുള്ള തീരുമാനം എടുത്തു.

ആകെ നടന്നത് കൂട്ടുകാരിക്കൊപ്പം (അയര്‍ലണ്ടില്‍ നേരത്തേ ജോലിക്കു കേറുകയും എന്നെ കാണാന്‍ കിലോമീറ്റേഴ്‌സ് താണ്ടി വരുകയും ചെയ്തവളാണവള്‍) പോയ ഐറിഷ് പബ്ബിലെ രാത്രി സന്ദര്‍ശനമാണ്. ബിയറിന്റെയും വൈനിന്റെയും മണം തിങ്ങിയ, ആളുകളുടെ ചിരിയും വര്‍ത്താനങ്ങളും സംഗീതവും നിറഞ്ഞ കല്‍ച്ചുമരുകളുള്ള പഴയൊരു പബ്ബ്. ഐറിഷുകാരുടെ പബ് സംസ്‌കാരത്തിന് വലിയ ചരിത്രമുണ്ട്. അതൊക്ക വഴി പോലെ മറ്റൊരിക്കല്‍ പറയാം. പറയാന്‍ വന്നത് പബ്ബില്‍ വച്ച് ഞാന്‍ കണ്ടുമുട്ടിയ, സൗഹൃദത്തിലായെന്ന് തോന്നിച്ച രണ്ട് മനുഷ്യരെക്കുറിച്ചാണ്.

ഈവ എന്ന ഐറിഷുകാരിയായിരുന്നു അവരില്‍ ആദ്യത്തേത്. പാട്ടിന്റെ താളത്തിനൊത്ത് വളരെ അനായാസം നൃത്തച്ചുവടുകള്‍ വച്ച അവര്‍ അവിടെക്കൂടി നിന്നവരുടെയെല്ലാം ഉറ്റുനോട്ടങ്ങളിലെ പൊതു ബിന്ദുവായിരുന്നു. അതി മനോഹരമായി ചിരിച്ചു കൊണ്ടവര്‍ ഓരോ ചുവടുകളും വച്ചു. ഒടുക്കം കറങ്ങി തിരിഞ്ഞ് എന്റെ അടുത്ത് എങ്ങനെയോ എത്തുകയും ഞാനവര്‍ക്ക് ആകെ അറിയാവുന്ന ചില ഡപ്പാന്‍കൂത്ത് ഡാന്‍സ് സ്റ്റെപ്പുകള്‍ പഠിപ്പിച്ചു കൊടുക്കുകയും ഞങ്ങള്‍ രണ്ടു പേരും കൈകോര്‍ത്തു പിടിച്ച് ഏറെക്കാലമായി അടുപ്പമുള്ളവരെപ്പോലെ ചുവടുകള്‍ വയ്ക്കുകയും ചെയ്തു. ഈവ ലിമെറികിലെ ഏതോ ഡാന്‍സ് സെന്ററിലെ ടീച്ചറാണെന്ന് വളരെ ഹ്രസ്വമായ ഞങ്ങളുടെ സംഭാഷണത്തിനിടയില്‍ അവര്‍ പറഞ്ഞു. ഫോണ്‍ നമ്പറുകള്‍ കൈമാറി പിരിഞ്ഞ ഞങ്ങള്‍ വീണ്ടും സംസാരിക്കുന്നത് ഒരാഴ്ചയ്ക്കപ്പുറം ഈവ അയച്ച മെസേജു വഴിയാണ്.

ലീമെറിക് സിറ്റിയില്‍ ജൂലൈ 23 ന് ഒരു കള്‍ച്ചറല്‍ നൈറ്റ് നടത്തുന്നെന്നും ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് അറിയാവുന്ന ആരെയെങ്കിലും അടുത്തിടങ്ങളിലെവിടെയെങ്കിലും പരിചയം ഉണ്ടോ എന്നു ചോദിച്ചുമാണ് മെസേജ്. കൂട്ടത്തില്‍ എന്നെ നഗരത്തിലേക്ക് ഒരു ചായ കുടിക്ക് ക്ഷണിക്കാനും അവര്‍ മറന്നില്ല. പുതിയ രാജ്യത്തെ ആദ്യ സൗഹൃദമാണ്. ഈവയിലൂടെ അറിയാനിരിക്കുന്ന നഗരത്തിന്റെ വിവരണങ്ങളുടെ, ഞങ്ങള്‍ കണ്ടു മുട്ടുകയും പോവാനിരിക്കുകയും ചെയ്യുന്ന ഇടങ്ങളുടെ, അവരിലൂടെ വലുതാവുന്ന എന്റെ ഐറിഷ് സൗഹൃദ വലയങ്ങളുടെയൊക്കെ ചിത്രങ്ങള്‍ മനസിലുള്ളതുകൊണ്ടാവണം ഇന്ത്യന്‍ ഡാന്‍സുകാരെ എനിക്കറിയാന്‍ പാടില്ലെന്ന് പറയാന്‍ തോന്നിയില്ല. മറിച്ച് എത്രയും പെട്ടെന്ന് അന്വേഷിച്ച് വിവരം അറിയിക്കാമെന്ന ഉറപ്പ് അവര്‍ക്ക് കൊടുത്തു. കള്‍ച്ചറല്‍ നൈറ്റിലേക്ക് എന്നെ ക്ഷണിച്ചു കൊണ്ടുള്ള ഈവയുടെ മെസേജ് ഒരാഴ്ചയ്ക്കപ്പുറം പിന്നെയുമെത്തി. പറ്റുമെങ്കില്‍ ഒരു കവിതയോ മറ്റോ ചൊല്ലാന്‍ തയ്യാറായി വരൂ എന്നും പറഞ്ഞു.

കവിത; നല്ല തുടക്കമാണ്…

സാഹിത്യ പ്രേമികളും കലാ കുതുകികളുമായിരിക്കണം പരിപാടിയില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിഭാഗവും.

ഏത് കവിതയാണ് ചൊല്ലേണ്ടത് ? കമലയെ ഓര്‍മ വന്നു. Only the osul knows how to sing എന്ന പേരോടു കൂടിയ കവിതാ ശേഖരം ഞാന്‍ ഇടയ്ക്കിടെ എടുത്തു നോക്കാറുള്ളതാണ്. അതിലേത്?

The Rain എന്ന കവിത ആയിക്കളയാം.

തന്റെ പട്ടിക്കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ട ഒഴിഞ്ഞ വീടിനെക്കുറിച്ചുള്ള എഴുത്ത് ആള്‍ക്കൂട്ടത്തിന് ഇഷ്ടപ്പെടാതിരിക്കില്ല.

എന്ത് വേഷം ഇടണം?

സാരി?

ആവാം. വലിയൊരു പൊട്ടു കുത്തണം. കവിത ചൊല്ലുന്നതിന് മുന്‍പ് കമലയെക്കുറിച്ച് പറയണം. അവരുടെ തുറന്നു പറച്ചിലുകളെയും കവിതയുടെ ഭംഗിയെയും കുറിച്ച് എന്തെങ്കിലുമൊക്കെ.
കവിത ചൊല്ലി അവസാനിപ്പിച്ച് സ്റ്റേജില്‍ നിന്ന് തിരിച്ചിറങ്ങുന്ന എന്നെ സങ്കല്‍പ്പിച്ചപ്പോള്‍ ആകെ നിര്‍വൃതി. നിന്റെ ലോകമിതാ വികസിക്കാന്‍ പോകുന്നെന്ന് ഉള്ളിലിരുന്ന് ആരോ പറഞ്ഞു.

ജൂലൈ 23-ന് വൈകിട്ട് നടന്ന ആ പരിപാടിക്ക് എനിക്ക് പോകാന്‍ കഴിഞ്ഞില്ല. അവര്‍ക്കൊരു ഡാന്‍സുകാരിയെ കണ്ടെത്തിക്കൊടുക്കാനും പറ്റിയില്ല.

കരുതിയിരുന്ന ദിവസത്തിനു മുന്‍പെ പ്രസവിച്ച ചേച്ചിയും വീട്ടില്‍ പുതിയതായി വന്ന കുഞ്ഞും ഒക്കെയായി ആകെ തിരക്കില്‍പ്പെട്ടു. പടര്‍ന്നു പന്തലിക്കുമെന്ന് സ്വപ്നം കണ്ട ആ സൗഹൃദം ഒച്ചപ്പാടുകളില്ലാതെ അങ്ങനെ അവസാനിച്ചു.

ഞാന്‍ പരിചയപ്പെട്ട രണ്ടാം മനുഷ്യനും ഈവയെ കണ്ടുമുട്ടിയ ആ രാത്രി പബ്ബില്‍ ഉണ്ടായിരുന്നു. ഗിന്നസ് ബിയറു കുടിച്ച് വയറു നിറച്ചങ്ങനെ സന്തോഷിച്ചു നില്‍ക്കുന്ന എന്റെ മുന്നിലേക്ക് പെട്ടെന്നാണ് ആ ചെറുപ്പക്കാരന്‍ വന്നത്. മാര്‍ക്ക് കെന്നഡി എന്ന് അവന്‍ സ്വയം പരിചയപ്പെടുത്തി. ഞാന്‍ ഒരു നഴ്‌സാണെന്ന് പറഞ്ഞപ്പോ നഴ്‌സായി റിട്ടയര്‍ ചെയ്ത അവന്റെ അമ്മയെ ഒരു നിമിഷം ഉറക്കെ സ്മരിച്ചു. മറ്റൊരു ദിവസം ഒരുമിച്ചൊരു കാപ്പി കുടിക്കാന്‍ പോയാലോ എന്ന് ചോദിക്കേണ്ട താമസം, തീര്‍ച്ചയായും എന്ന് ഞാന്‍ സന്തോഷത്തോടെ മറുപടി കൊടുത്തു. മാത്രമല്ല, ഫേസ്ബുക്കിലെ എന്റെ പേര് അക്ഷരത്തെറ്റുകളില്ലാതെ കൃത്യവും വ്യക്തവുമായി അവന്റെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

രണ്ട് ദിവസങ്ങള്‍ക്ക് ശേഷം മാര്‍ക്കിന്റെ മെസേജ് മെസഞ്ചറില്‍ തെളിഞ്ഞപ്പോഴേക്കും വയറ്റിലെ ഗിന്നസ് ഒഴിഞ്ഞു പോയിരുന്നു.

എനിക്കവന്‍ പാടേ അപരിചിതനായി.

എപ്പോഴാണ് കാപ്പി കുടിക്കാന്‍ വരിക എന്ന അന്വേഷണത്തില്‍ ഞാന്‍ ആദ്യമോര്‍ത്തത് ഞങ്ങള്‍ പരിചയപ്പെട്ട അതേ രാത്രിയില്‍ എവിടെ നിന്നോ പൊട്ടി മുളച്ചതു പോലെ എന്റെ മുന്നിലെത്തുകയും കൈപിടിച്ച് കുഴഞ്ഞ ശബ്ദത്തില്‍ വാതോരാതെ സംസാരിക്കുകയും ചെയ്ത പേരറിയാത്ത പെണ്‍കുട്ടിയെക്കുറിച്ചാണ്.

മുന്നറിയിപ്പുകളില്ലാതെ എന്നെ കെട്ടിപ്പിടിച്ച് അവളന്ന് കാതില്‍ പറഞ്ഞത് ഞാനോര്‍ത്തു.

”Beware of Limerick weirdos’ എന്ന്.

ലീമെറിക്കിലെ ചില മണുങ്ങൂസന്‍മാരെ സൂക്ഷിക്കണമെന്ന്!

ആരറിഞ്ഞു ഈ മാര്‍ക്ക് കെന്നഡി അവരിലൊരുവനല്ലെന്ന്?

ചായക്കട ഇതുവഴിയാണെന്ന് പറഞ്ഞ് ഒരിക്കല്‍ പോലും നടന്നു കണ്ടിട്ടില്ലാത്ത നഗരത്തിന്റെ ഏതെങ്കിലും ഒഴിഞ്ഞ മൂലയിലേക്ക് അവന്‍ എന്നെ കൊണ്ടു പോവില്ലെന്നും ഉപദ്രവിക്കില്ലെന്നും ആരറിഞ്ഞു?

ആകുലതകള്‍ എന്റേതാണ്. നാളിതേവരേക്കുമുള്ള അനുഭവങ്ങള്‍ അപരിചിതരില്‍ പകുതിയും അപകടകാരികളാണെന്ന തോന്നലിനെ എപ്പോഴും താങ്ങുന്നവയാണ്. ഇരുട്ടില്‍ എന്നെ വലിച്ചിഴയ്ക്കാന്‍ ആരോ ഉണ്ടാവുമെന്നത് ഇതുവരെയും ഒഴിഞ്ഞു പോവാത്ത ഭയപ്പാടാണ്.
മാറിയത് രണ്ടു ഭൂപ്രദേശങ്ങള്‍ മാത്രമാണെന്നും ഞാനല്ലെന്നും പെട്ടെന്നൊരു ബോധ്യമെനിക്കുണ്ടായി.

ഒരു പക്ഷേ സൗഹൃദങ്ങള്‍ സംഭവിക്കേണ്ടതാവാം എന്ന തോന്നലെനിക്കുണ്ടായി. (സന്ധ്യയ്ക്ക് ഒരു നടത്തത്തിനായി നിങ്ങളെ ആരെങ്കിലും ക്ഷണിക്കുമ്പോള്‍ വീട്ടില്‍ വേരുറഞ്ഞിരിക്കാനാണ് തോന്നുന്നതെങ്കില്‍ ചില സൗഹൃദങ്ങളൊന്നും സംഭവിച്ചില്ലെന്നും വരാം).

മാര്‍ക്കിന്റെ സന്ദേശങ്ങളെ കടുത്ത ഉദാസീനതയോടെ ഞാന്‍ നേരിട്ടു. ഈവയെപ്പോലെ അങ്ങനെ മാര്‍ക്കും മാഞ്ഞില്ലാതായി.

പല കണക്കുകൂട്ടലുകളും തകരാനുള്ളവയാണെന്നാണ് ഈവയിലൂടെ വീണ്ടും പഠിക്കുന്നതെങ്കില്‍, എന്റെ പെണ്‍ജീവിതത്തിലെ കാലാകാലങ്ങളായി ഉറഞ്ഞു കിടക്കുന്ന ആകുലതകളുടെ, ഉള്‍പ്പേടികളുടെ ശേഷിപ്പുകള്‍ എവിടെയും പോയിട്ടില്ലെന്നും മാറിയത് രണ്ട് ഭൂപ്രദേശങ്ങള്‍ മാത്രമാവാം, ഞാനല്ലെന്നുമാണ് മാര്‍ക് പറയാതെ പറഞ്ഞു തരുന്നത്.

ഒരു പക്ഷെ, കഴിഞ്ഞ ഇരുപത്താറ് വര്‍ഷങ്ങള്‍ വീടെന്നു തോന്നിച്ചൊരിടത്തു നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ച് പച്ചപ്പു നിറഞ്ഞ ഈ കുഞ്ഞു ദ്വീപിലേക്കുള്ള എന്റെ കുടിയേറ്റത്തിന് അവരെപ്പോലെ പലതും വഴിയേ പറയാനുണ്ടാകാം.

ഒരു രാത്രി കൂടെ അവസാനിക്കയാണ്. കാറ്റൊഴിഞ്ഞു പോയിരിക്കുന്നു. നഗരം മറ്റൊരു ശിശിരകാലത്തിന്റെ വരവിനായി ശരത്കാലത്തിന്റെ മറവില്‍ തയ്യാറെടുത്തു തുടങ്ങുകയാണ്. അറ്റമില്ലാത്ത ആലോചനകള്‍ക്കു നടുവില്‍ പുറത്തു പെയ്യുന്ന മഴയും നോക്കി ഞാനെന്റെ മനോരാജ്യത്തിന്റെ പടച്ചോളായി മാറുന്നു. മുകളിലുള്ളവള്‍ എല്ലാം കാണുന്നുണ്ടെന്ന് ചില തോന്നലുകള്‍ എന്നെപ്പറ്റി അടക്കംപറയുന്നു.

(പുനഃ പ്രസിദ്ധീകരണം)

രന്യ ദാസ് 
(അയര്‍ലണ്ടിലെ ലിമെറിക്കില്‍ താമസം,സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളിലും ഓണ്‍ലൈനുകളിലും എഴുതാറുണ്ട് )
Find Author on facebook

Facebook  https://www.facebook.com/renya.das

 

 

Scroll To Top