Sunday August 19, 2018
Latest Updates

അയര്‍ലണ്ടില്‍ ഭവന നിര്‍മ്മാണത്തിനായി കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമം,വെറുതെ കിടക്കുന്ന സ്ഥലങ്ങള്‍ക്ക് കൗണ്‍സിലുകളും പിഴ അടയ്ക്കേണ്ടി വരും 

അയര്‍ലണ്ടില്‍ ഭവന നിര്‍മ്മാണത്തിനായി കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമം,വെറുതെ കിടക്കുന്ന സ്ഥലങ്ങള്‍ക്ക് കൗണ്‍സിലുകളും പിഴ അടയ്ക്കേണ്ടി വരും 

ഡബ്ലിന്‍:അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗമില്ലാത്ത കിടക്കുന്ന സ്ഥലങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താതിരുന്നാല്‍ പിഴ ഈടാക്കുന്നതിനുള്ള നിയമം കൊണ്ടുവരാന്‍ ഗവണ്മെന്റ് തീരുമാനിച്ചു.സിറ്റി കൗണ്ടി കൗണ്‌സിലുകള്‍ക്കും ഈ നിയമങ്ങള്‍ ബാധകമായിരിക്കും ഭൂമിവിലയിലെ വര്‍ദ്ധനവ് കാരണം നാളുകളായി സ്ഥലം വാങ്ങലുകളോ വീട് നിര്‍മ്മാണമോ നടക്കാത്തതിനാല്‍ വേണ്ടത്ര വീടുകള്‍ ലഭ്യമല്ലാതെ ജനങ്ങള്‍ പ്രതിസന്ധിയിലായ സാഹചര്യത്തിലാണിത്.

രാജ്യത്ത് നിലനില്‍ക്കുന്ന ഭവന പ്രതിസന്ധിക്കു പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നിയമം കൊണ്ടുവരാന്‍ പദ്ധതി തയ്യാറാക്കുന്നത്.നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കാതിരിക്കുന്ന ഭൂമികള്‍ കണ്ടെത്തി രജിസ്റ്റര്‍ ചെയ്തു വീട് പണിയുന്നത് സംബന്ധിച്ച് ചര്‍ച്ച ലോക്കല്‍ കൗണ്‍സിലില്‍ മുന്‍പ് നടന്നെങ്കിലും അത് വേണ്ടത്ര ഫലം കണ്ടില്ല.

തരിശ് കിടക്കുന്ന സ്ഥലങ്ങളിന്മേല്‍ പിഴ ഈടാക്കുന്നതിന് നിയമം കൊണ്ടു വരുന്നത് വഴി കൂടുതല്‍ സ്ഥലം ഭവന നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതിനു സാധ്യത കണ്ടെത്താനാണ് ഗവണ്മെന്റ് ഇപ്പോള്‍ ശ്രമിക്കുന്നത്.ഈ നിയമം അനുസരിച്ചു യാതൊരുവിധ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നടത്താത്ത സ്ഥലത്തിന് അതിന്റെ വിലയുടെ ഒരു നിശ്ചിത ശതമാനം പിഴയായി അടക്കേണ്ടി വരും. 2019 ല്‍ ഇത് മൂന്നു ശതമാനവും 2020 ല്‍ ഏഴു ശതമാനവും ആയിരിക്കും.

എന്നാല്‍ പ്രാദേശിക കൗണ്‍സിലിന്റെ കൈവശം ഇപ്രകാരം ധാരാളം സ്ഥലം ഉള്ളതിനാല്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തുന്ന നിയമം കൗണ്‍സിലിനു തന്നെ ബാധകമാകും. ഈ സാഹചര്യത്തില്‍ ഭൂപ്രതിസന്ധി പരിഹരിക്കാന്‍ ഈ പദ്ധതി എത്രമാത്രം പ്രായോഗികം ആകുമെന്നുള്ള ചോദ്യം ഉയരുന്നുണ്ട്.

38, 000 കെട്ടിടങ്ങള്‍ പണിയുന്നതിനുള്ള സ്ഥലങ്ങള്‍ രാജ്യത്തെ പ്രാദേശിക കൗണ്‍സിലിന്റെ തന്നെ കൈവശമുണ്ടെന്ന് ഹൗസിങ് പോളിസി അനലിസ്റ്റ് മെല്‍ റെയ്നോള്‍സ് നവംബറില്‍ സമര്‍പ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. ഡബ്ലിന്‍ കൗണ്‍സിലിന് മാത്രം
12,000 കെട്ടിടങ്ങള്‍ക്കുള്ള സ്ഥലമാണുള്ളത്.

ഇത്തരത്തില്‍ ഭൂമി കൈവശം ഉള്ള കൗണ്‍സില്‍ പിഴ അടയ്ക്കല്‍ നടപടി നേരിടണമെന്ന് സെന്‍ട്രല്‍ ഗവണ്മെന്റ് അറിയിച്ചു. ഒരു കൗണ്‍സിലിന്റെ കീഴിലുള്ള വ്യത്യസ്ത വകുപ്പുകള്‍ സ്ഥലം കൈവശം വച്ചിട്ടുണ്ടെങ്കില്‍ ഓരോ വകുപ്പും വെവ്വേറെ പിഴ അടക്കേണ്ടതാണെന്നും നിര്‍ദ്ദേശമുണ്ട്.

അതെ സമയം കൗണ്‍സില്‍ പിഴ അടക്കുന്നത് സംബന്ധിച്ച് നിരവധി എതിര്‍ അഭിപ്രായങ്ങളാണ് ഉള്ളത്.കൗണ്‍സിലിന് തന്നെ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാവില്ല.അതിനു സെന്‍ട്രല്‍ ഗവണ്‍മെന്റിന്റെ ഫണ്ട് ആവശ്യമായി വരും. ഇക്കാരണങ്ങളാല്‍ കൗണ്‍സിലുകള്‍ ഭവനനിര്‍മ്മാണത്തിനായി കൂടുതല്‍ പ്രയത്‌നം നടത്തേണ്ടി വരും.

Scroll To Top