അയര്‍ലണ്ടില്‍ പാക്കിസ്ഥാനികള്‍ക്ക് നേരെ തുടര്‍ച്ചയായ ആക്രമണം,പരാതിയുമായി പാകിസ്ഥാന് എംബസി,ആശങ്കയുയര്‍ത്തി ഇന്ത്യന്‍ എംബസിയും

ഡബ്ലിന്‍:പാകിസ്ഥാന് സ്വദേശികള്‍ക്ക് നേരെ അയര്‍ലണ്ടില്‍ തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണത്തില്‍ പരസ്യമായി ആശങ്ക രേഖപ്പെടുത്തി പാക്കിസ്ഥാന് അംബാസിഡര്‍.
ഡബ്ലിനില്‍ വച്ചു കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന് കമ്മ്യൂണിറ്റിയോട് പോസിറ്റീവ് ആയി നിലകൊള്ളാന്‍ അയര്‍ലണ്ടിലെ പാകിസ്ഥാന് അംബാസഡര്‍ ആഹ്വാനം ചെയ്തു.അക്രമണങ്ങളെ കാര്യമായെടുക്കരുതെന്നും,സംയമനം പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞ ആഴ്ചയില്‍ നടന്ന രണ്ടു വ്യത്യസ്ത സംഭവങ്ങളിലാണ് പാകിസ്ഥാന് യുവാക്കള്‍ ആക്രമിക്കപ്പെട്ടത്. അയര്‍ലണ്ടില്‍ വിദ്യാര്‍ത്ഥിയായ 21 വയസുകാരനാണ് ആക്രമണത്തിന് ഇരയായ ഒരാള്‍. കോര്‍ക്ക് സ്ട്രീറ്റില്‍ വച്ചു ഒന്‍പതു ആളുകള്‍ ചേര്‍ന്ന് തന്നെ ആക്രമിക്കുകയായിരുന്നു എന്ന് വിദ്യാര്‍ത്ഥി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് നടുവിന് പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സമാനമായ ആക്രമണം കഴിഞ്ഞ ബുധനാഴ്ച മൂര്‍ സ്ട്രീറ്റില്‍ വച്ചു മറ്റൊരു പാകിസ്ഥാന് പൗരന് നേരെയും ഉണ്ടായി. ബോധരഹിതനായ ആളെ ആളുകള്‍ ചേര്‍ന്ന് മാറ്റര്‍ ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു.കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കുള്ളില്‍ പത്തോളം പാകിസ്ഥാന് പൗരന്മാരാണ് തെരുവീഥികളില്‍ ആക്രമിക്കപ്പെട്ടത്.
വംശീയമായ ആക്രമണമല്ല നടന്നിരിക്കുന്നതെന്നും, സാധാരണ ആക്രമണ ശ്രമമായി കണ്ടാല്‍ മതിയെന്നും അംബാസഡര്‍ ഡോ. സൈദ് റിസ്വാന് അഹമ്മദ് അഭ്യര്‍ത്ഥിച്ചു.ഗാര്‍ഡ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തുന്നു. ഇതു വരെയും ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
മറ്റൊരു രാജ്യക്കാര്‍ക്കോ,വംശജര്‍ക്കോ അനുഭവിക്കേണ്ടി വരില്ലാത്ത വൈര്യത്തോടെ രാജ്യത്തിന്റെ പേര് പറഞ്ഞ് പാകിസ്ഥാന്‍കാരെ ആക്രമിക്കുന്ന രീതി അയര്‍ലണ്ടില്‍ കൂടി വരികയാണെന്ന് പൊതുവെ പരാതി ഉയരുന്നുണ്ട്.
അതേ സമയം ഡബ്ലിന്റെ വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ യാത്രക്കാര്‍ ആക്രമിക്കപ്പെടുന്നതായി ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൗമാരക്കാരായ ചെറുപ്പക്കാരുടെ ഗ്രൂപ്പുകളാണ് ഇത്തരത്തില്‍ യാത്രക്കാര്‍ക്ക് നേരെ അക്രമം നടത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.വൈകുന്നേരങ്ങളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരാണ് കൂടുതലും ആക്രമണത്തിന് ഇരയാകുന്നത്.
സുരക്ഷയെ കരുതി ആളുകള്‍ ജാഗ്രത പാലിക്കണമെന്നു എംബസി പ്രത്യേക നിര്‍ദ്ദേശം നല്കി. ഒറ്റപ്പെട്ട പ്രദേശങ്ങളിലൂടെ തനിയെ യാത്ര ചെയ്യുന്നത് ഒഴിവാക്കുകയും വൈകുന്നേരങ്ങളിലെ യാത്രകളില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കുകയും വേണമെന്ന് ഇന്ത്യന്‍ എംബസി കൂടി ഇതുസംബന്ധിച്ച് പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍ ഇന്ത്യാക്കാരായ പൗരന്മാരോടും ആവശ്യപ്പെട്ടു.
ഐറിഷ് മലയാളി ന്യൂസ്