Wednesday September 26, 2018
Latest Updates

അയര്‍ലണ്ടില്‍ നിന്നുള്ള വിഖ്യാതനായ മാഞ്ചസ്റ്റര്‍ ഫുട്ബോളര്‍ ഫിലിപ് മുള്‍റിന്‍ ഇനി വൈദികവഴിയില്‍ 

അയര്‍ലണ്ടില്‍ നിന്നുള്ള വിഖ്യാതനായ മാഞ്ചസ്റ്റര്‍ ഫുട്ബോളര്‍ ഫിലിപ് മുള്‍റിന്‍ ഇനി വൈദികവഴിയില്‍ 

ഡബ്ലിന്‍ :കളിക്കളത്തിനും കായിക പ്രേമികള്‍ക്കും ആവേശം പകരാന്‍ പന്തുകള്‍ക്ക് പിന്നാലെ പാഞ്ഞ മുന്‍ മാഞ്ചസ്റ്റര്‍ ഫുട്ബോളര്‍ ഫിലിപ് മുള്‍റിന്‍ ഇനി അനന്തമായ ഗോളുകള്‍ ലക്ഷ്യമിട്ട് ദൈവിക വഴിത്താരയില്‍.പന്തുകള്‍ക്ക് പിന്നാലെ പാഞ്ഞ് നിരവധി ലക്ഷ്യങ്ങള്‍ ഭേദിച്ച മുള്‍റിന്‍ 39ാമത്തെ വയസ്സിലാണ് കത്തോലിക്കാ സഭയുടെ തിരുവസ്ത്രമണിയുന്നത്.ഡബ്ലിനിലെ ഡൊമിനിക് സ്ട്രീറ്റില്‍ സെന്റ് സേവ്യേഴ്സ് ചര്‍ച്ചില്‍ നടന്ന ചടങ്ങില്‍ ഫാ.ഫിലിപ് മുള്‍റിനെ, ആര്‍ച്ച് ബിഷപ്പ് അഗസ്റ്റിന്‍ ഡി നോയിയ വൈദികപ്പട്ടം സമ്മാനിച്ചു.കില്‍ഡയര്‍കൗണ്ടിയിലെ ന്യൂ ബ്രിഡ്ജ് ചാപലിലാണ് ഫാ.മുള്‍റിന്റെ ആദ്യ നിയോഗം.

14 വയസ്സുള്ളപ്പോള്‍ ബെല്‍ഫാസ്റ്റിലെ ലോക്കല്‍ ഇടവകയിലെ ടീമിനായി ഒളിവര്‍ പ്ലങ്കറ്റെന്ന വൈദികനാണ് മുള്‍റിനെ കളിക്കളത്തിലിറക്കിയത്.1994വരെ യൂത്ത് അക്കാദമിക്കു വേണ്ടി കളിച്ചു. ഇപ് സ്വിച് ടൗണ്‍ ക്ലബിനെതിരേയായിരുന്നു അരങ്ങേറ്റം കുറിച്ചത്.പ്രശസ്തരായ ’92 ക്ലാസ്’ കളിക്കാരുടെ ഗണത്തില്‍ ഡേവിഡ് ബെക്കാമിനും പോള്‍ സ്‌കോള്‍സിനും ഗ്യാരി നെവില്ലേയ്ക്കുമൊപ്പമായിരുന്നു മുള്‍റിനും സ്ഥാനം .കളിക്കാര്‍ക്കിടയിലെ പ്രശ്നങ്ങളെ തുടര്‍ന്ന് ടീം വിട്ട മുള്‍റിന്‍ 1990ല്‍ 565000യൂറോയുടെ കരാറില്‍ നോര്‍വിച് സിറ്റിയ്ക്കുവേണ്ടി ജഴ്സിയണിഞ്ഞു.ആറുവര്‍ഷങ്ങള്‍…161 പോരാട്ടങ്ങള്‍…18 ഗോളുകള്‍ ഇങ്ങനെയായിരുന്നു ട്രാക് റിക്കോഡ്.മികച്ച മിഡ് ഫീല്‍ഡറായാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്.

1997ല്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിനു വേണ്ടി ഇറങ്ങി.27 കളികള്‍ മൂന്നു ഗോളുകള്‍.2005ല്‍ കളിക്കളത്തിലെ ചില പ്രശ്നങ്ങളുടെ പേരില്‍ ടീമില്‍ നിന്നും പുറത്താക്കിയതോടെ താരത്തിന്റെ കളി വഴികളില്‍ കരിനിഴല്‍ വീണു.ക്ഷമാപണത്തിനു നില്‍ക്കാതെ അദ്ദേഹം കളിക്കളം 2009ല്‍ ഉപേക്ഷിച്ചു. ബെല്‍ഫാസ്റ്റിലെ സെമിനാരിയില്‍ ചേര്‍ന്നു.രണ്ടു വര്‍ഷം ക്വീന്‍സ് യൂണിവേഴ്സിറ്റിയിലും മേരിവെയ്ല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലുമായി ഫിലോസഫി പഠിച്ചു.2012ല്‍ കോര്‍ക്കിലെ ഡോമിനിഷ്യന്‍ നോവിഷ്യേറ്റില്‍ ചേര്‍ന്നു.ഒടുവില്‍ വര്‍ണ വസ്ത്രങ്ങളും വ്യക്തിജീവിതവും ഉപേക്ഷിച്ച് വൈദിക ജഴ്സിയണിഞ്ഞു.

ഇതുവരെ നേടിയതൊന്നും നേട്ടമായിരുന്നില്ലെന്ന തിരിച്ചറിവിലാണ് നമ്മുടെ സഹോദരന്‍ പുതിയ വഴിയില്‍ എത്തിയിരിക്കുന്നതെന്ന് തിരുപട്ട ചടങ്ങില്‍ മുഖ്യ കാര്‍മ്മികനായിരുന്ന റോമില്‍ നിന്നെത്തിയ ആര്‍ച്ച് ബിഷപ്പ് അഗസ്റ്റിന്‍ ഡി നോയിയ പറഞ്ഞു.’കായികതാരമെന്ന നിലയില്‍ ഗോളുകള്‍ക്ക് പിന്നാലെയായിരുന്നു ഇത്രയും കാലം മുള്‍റിന്‍ പാഞ്ഞത്.ഇനിയും അദ്ദേഹം ഗോളുകള്‍ക്കു പിന്നാലെയാകും; യേശുക്രിസ്തുവാകുന്ന ആ വിശുദ്ധ ഗോളിനു പിന്നാലെ…’ബിഷപ്പ് പറഞ്ഞു.

വൈദീകരുടെ ദൗര്‍ലഭ്യം മൂലം ഞായറാഴ്ച കുര്‍ബാന പോലും മുടങ്ങുന്ന അവസ്ഥയിലാണ് അയര്‍ലണ്ടിലെ ചില രൂപതകള്‍.പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്നും സന്ന്യാസ സേവനത്തിന്റെ ലാളിത്യമനോഭാവത്തിലേയ്ക്ക് വഴിമാറാന്‍ കഴിഞ്ഞ മുള്‍റിന്‍,അയര്‍ലണ്ടിന് ഒരു മാതൃകയാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

Scroll To Top