Tuesday February 21, 2017
Latest Updates

അയര്‍ലണ്ടില്‍ നിന്നും പാമ്പുകളെ തുരത്തിയതാര്? അതിശൈത്യമോ പാട്രിക് പുണ്യാളനോ?

അയര്‍ലണ്ടില്‍ നിന്നും പാമ്പുകളെ തുരത്തിയതാര്? അതിശൈത്യമോ പാട്രിക് പുണ്യാളനോ?

അയര്‍ലണ്ടിനെ ഉപേക്ഷിച്ച് പാമ്പുകള്‍ പടിയിറങ്ങിപ്പോയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. അയര്‍ലണ്ടില്‍ എവിടെ ചെന്നാലും കേള്‍ക്കാം ഇഴജന്തുക്കളെ പടിയടച്ച് പിണ്ഡം വെച്ച് നാട്ടുകാരെ രക്ഷിച്ച പാട്രിക് പുണ്യാളന്റെ അപദാനം.

എന്നാല്‍ ചില ശാസ്ത്ര നിരീക്ഷണങ്ങള്‍ പരിശോധിച്ചാല്‍ ഒരിക്കല്‍ അയര്‍ലണ്ടിലെ ഭൂമികയില്‍ തെളിഞ്ഞും വെളിഞ്ഞും വിരാജിച്ചിരുന്ന നാഗത്താന്‍മാര്‍ അപ്രത്യക്ഷമായതിന് പിന്നില്‍ ഒരു അതിന്ദ്രീയ ശക്തികളുടേയും ഇടപെടലുകള്‍ ഇല്ലെന്ന് വ്യക്തമാകുമെന്നാണ് ഒരു പറ്റം ശാസ്ത്രഞ്ജന്‍മാര്‍ പറയുന്നത്.

പ്രസിദ്ധമായ ഹരിതകുപ്പായവുമണിഞ്ഞ് കുന്നിന്‍ മുകളില്‍ കയറി നിന്ന പാട്രിക് പുണ്യാളന്‍ തന്റെ ദൂതഗണങ്ങളെ അയച്ച് ഇഴജന്തുക്കളെ മുഴുവന്‍ കടലിലേക്ക് പായിച്ചെന്നും പിന്നീട് ഒരിക്കലും അവ തിരികെ വന്നിട്ടില്ല എന്നുമാണ് ഐതിഹ്യം. ഇത് സംഭവിച്ചതെന്ന് കരുതപ്പെടുന്ന എഡി 461 ന് ശേഷം അയര്‍ലണ്ടിലെ വളര്‍ത്തുമൃഗങ്ങളുള്ള ചില വീടുകളും കാഴ്ച ബംഗ്ലാവുകളും ഒഴിച്ചാല്‍ പിന്നെ പാമ്പുകളെ മരുന്നിന് പോലും കാണാനില്ല എന്നതാണ് സത്യം!

സ്മിത് സോണിയന്‍ വെബ്‌സൈറ്റിലെ വിവരം അനുസരിച്ച് പാമ്പുകള്‍ 100 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപം പ്രാപിച്ച ജിവിയാണ്. പണ്ട് ജലനിരപ്പിന് താഴെ സ്ഥിതി ചെയ്തിരുന്നതിനാല്‍ പാമ്പുകള്‍ക്ക് അയര്‍ലണ്ടിലെക്ക് കുടിയേറാന്‍ സാധ്യമല്ലായിരുന്നുവത്രേ . എന്നാല്‍ പിന്നീട് എപ്പോഴോ കടല്‍ തന്നെ യൂറോപ്പിനോട് കൂട്ടിച്ചേര്‍ത്ത ഭൂമികയായി അയര്‍ലണ്ടിനെ ഉയര്‍ത്തി..

അങ്ങനെ അയര്‍ലണ്ടിലും കയറിപ്പറ്റിയ പാമ്പുകളെ ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐസ് ഏജില്‍ പ്രകൃതി മഞ്ഞുകട്ടയാക്കി മാറ്റിക്കളഞ്ഞുവത്രേ. അതിന് ശേഷം 20 തവണ കാലാവസ്ഥാ വ്യതിയാനം സംഭവിച്ചതിന്റെ ഭാഗമായി അയര്‍ലണ്ട് അതിശൈത്യത്തിന്റെ പിടിയില്‍ അമരുകയും മഞ്ഞുപുതപ്പിന് കീഴിലാക്കപ്പെടുകയും സംഭവിച്ചു. തല്‍ഫലമായി അവശേഷിച്ച ശീതരക്ത ജീവികളായ പാമ്പുകള്‍ക്ക് നിലനില്‍പ്പില്ലാതെ വരികയും അവയെല്ലാം മഞ്ഞിന് കീഴില്‍ ഇല്ലാതാകുകയും ചെയ്തു.

ശാസ്ത്രജ്ഞന്‍മാരുടെ കണക്കുകള്‍ പ്രകാരം ഇതിന് മുമ്പ് അയര്‍ലണ്ട് ഐസ്‌കട്ടിയായത് 15,000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അതിന് ശേഷം പാമ്പുകള്‍ക്ക് അയര്‍ലണ്ടില്‍ നിലനില്‍പ്പ് ഉണ്ടായിരുന്നെങ്കിലും കടല്‍ അയര്‍ലണ്ടിനെ യൂറോപ്പില്‍ നിന്നും അകറ്റിയത് ഇരു കരകളും തമ്മില്‍ സ്‌കോട്‌ലണ്ടിനും അയര്‍ലണ്ടിനും ഇടയില്‍ നോര്‍ത്ത് ചാനലിന്റെ 12 മൈല്‍ വിടവുണ്ടാക്കി. ഈ ചാനല്‍ സ്‌കോട്‌ലണ്ടില്‍ നിന്നും അയര്‍ലണ്ടിലെയ്ക്ക് കുടിയേറാന്‍ പാമ്പുകള്‍ക്ക് തടസ്സമാകുകയും ചെയ്തുവത്രെ.

അയര്‍ലണ്ടിലെ വീഥികള്‍ക്ക് നാഗങ്ങളുടെ സീല്‍ക്കാരങ്ങള്‍ അന്യമായതിന് പിന്നില്‍ ഇവയെല്ലാമായിരുന്നു കാരണങ്ങള്‍ എന്നാണ് ശാസ്ത്രഞ്ജന്‍മാര്‍ പറയുന്നത്.

കാര്യങ്ങള്‍ ഇങ്ങിനെയാണെന്ന് ഇരിക്കേ പിന്നെയെവിടെയാണ് പാട്രിക് പുണ്യാളന്റെ ഇടപെടലെന്നാണ് ഇവരുടെ ചോദ്യം. ശാസ്ത്രഞ്ജന്‍മാര്‍ എന്ത് പറഞ്ഞാലും പാമ്പിനെ പേടിയുള്ളവര്‍ക്ക് അയര്‍ലണ്ട് സ്വര്‍ഗമാണ്.പാമ്പ് പോയിട്ട് ഒരു മണ്ണിരയെ പോലും അയര്‍ലണ്ടില്‍ കാണാനില്ല.ആര് എന്ത് പറഞ്ഞാലും അയര്‍ലണ്ട്കാര്‍ അതിന് നന്ദി പറയുന്നത് തങ്ങളുടെ പ്രിയപ്പെട്ട ‘പാഡി പുണ്യാളനോട് തന്നെ.

ആണ്ട് തോറും മാര്‍ച്ച് 17 ന് അയര്‍ലണ്ടിലെങ്ങും ആഘോഷമാണ്.പാമ്പില്‍ നിന്നും ,തിന്മയുടെ ശക്തിയില്‍ നിന്നും തങ്ങളെ വീണ്ടെടുത്ത സെന്റ് പാട്രിക്കിന്റെ അപദാനങ്ങള്‍ ആടി പാടി ഐറിഷ് തെരുവീഥികളെ പച്ചയണിയിക്കാന്‍ അയര്‍ലണ്ട് ഒരിക്കല്‍ കൂടി ഒരുങ്ങികഴിഞ്ഞു.

Scroll To Top