Sunday October 21, 2018
Latest Updates

അയര്‍ലണ്ടില്‍ നിന്നും അവധിക്ക് പോയ മലയാളി യുവതിയെ തേടി അബുദാബിയില്‍ കാത്ത് നിന്ന അലാവുദ്ദീനും ജിന്നും 

അയര്‍ലണ്ടില്‍ നിന്നും അവധിക്ക് പോയ മലയാളി യുവതിയെ തേടി അബുദാബിയില്‍ കാത്ത് നിന്ന അലാവുദ്ദീനും ജിന്നും 

അബുദാബി പോലെ വളരെ തിരക്കുള്ള ഒരു വ്യാപമേഖലയില്‍ അനിയന്ത്രിതമായ തിരക്കിനിടയില്‍ നഷ്ടപ്പെട്ടു പോയ ഏതെങ്കിലും വസ്തു തിരിച്ചു ഉടമസ്ഥന് ലഭിക്കുക എന്നത് മിക്കപ്പോഴും അസാധ്യമാണ്.പക്ഷേ ചിലപ്പോള്‍ അത്ഭുതകരമായ ഇടപെടലിലൂടെ ഉടമസ്ഥനെ അമ്പരിപ്പിച്ച് തിരിച്ചു കിട്ടിയാലോ?അവിടെയാണ് അലാവുദീനും ജിന്നും പോലെയുള്ള അറബിക്കഥകളിലെ കഥാപാത്രങ്ങളെ നമുക്ക് ഓര്‍മ്മ വരിക

ഡബ്ലിനില്‍ നിന്നും അവധിക്കാല യാത്രയ്ക്ക് കേരളത്തിലേയ്ക്ക് പോയ അത് ലോണില്‍ ഐ ടി ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന സ്വാതി ശശിധരന് അബുദാബിയില്‍ നിന്നുണ്ടായ രസകരമായ അനുഭവകഥ വായിക്കാം…

ഞാന്‍ കണ്ട അലാവുദ്ദീനും , ജിന്നും (സംഭവ കഥ )
=============================================
തീയതി : 26 ജൂണ്‍ 2018
സ്ഥലം : അബുദാബി ട്രാന്‍സിറ്റ് .
സമയം : ഇത്തിഹാദിന്റെ അവസാന കോളും കഴിഞ്ഞു. .

ഞാനും മൂത്തവളും , ഭര്‍ത്താവും ഇളയവളും , സെക്യൂരിറ്റി ചെക്കിങ്ങ് കഴിഞ്ഞു, എങ്ങനെയോ വേര്‍പെട്ടുപോയി .

ഞങ്ങളുടെ ബോര്‍ഡിങ് പാസും , പാസ്സ്‌പോര്‍ട്ടും ഭര്‍ത്താവിന്റെ കൈയിലാണ് . ഞാന്‍ മൂത്ത മോളെയും കൂടി ഗേറ്റ് നമ്പര്‍ 43 ആണെന്ന് കണ്ടുപിടിച്ചു . അപ്പോഴേക്കും ബോര്‍ഡിങ് തീരാറായി

ഇതിനിടയില്‍ ഭര്‍ത്താവ് ഞങ്ങളെ അന്വേഷിച്ചു നടക്കുകയാണ് . എന്തായാലും ബോര്‍ഡിങ് ഗേറ്റ് ന്റെ അവിടെ മോളെ ഇരുത്തി , അച്ഛന്‍ വരുമെന്ന് ഉറപ്പു കൊടുത്തു , ഞാന്‍ അവരെ തപ്പാന്‍ പോയി .

പെര്‍ഫ്യൂം എന്നും എപ്പോഴും എന്റെ വീക്നെസ്സ് ആണ്. അയര്‍ലണ്ടിലെക്കാള്‍ നല്ലത് എപ്പോഴും ദുബായ് -അബുദാബി ആണല്ലോ .

പെര്‍ഫ്യൂം കട കണ്ട ഞാന്‍ ഭര്‍ത്താവിനെയും മറന്ന് അത് സെലക്ട് ചെയ്യാന്‍ തുടങ്ങി .

അപ്പോഴാണ് ഓര്‍ത്തത് വാങ്ങാന്‍ ബോര്‍ഡിങ് പാസ് വേണം . അതാകട്ടെ ഭര്‍ത്താവിന്റെ കൈയ്യിലും .

എടുത്തതെല്ലാം അവിടെ തന്നെ തിരികെ വെച്ച് , തിരിച്ചു 43 ആം ഗേറ്റിലേക്ക് ഓടി .

അവിടെ എന്റെ ലാസ്റ് ആന്‍ഡ് ഫൈനല്‍ കോള്‍ കഴിഞ്ഞു .

നോക്കിയപ്പോള്‍ എന്റെ ഓഫീസ് ഫോണ്‍ കാണുന്നില്ല.
ആകെ പോയത് ആ പെര്‍ഫ്യൂം കടയിലാണ് .

അത് അപ്പോള്‍ പറഞ്ഞാല്‍ , ചിലപ്പോള്‍ ആ നിമിഷം ഞങ്ങള്‍ ഡിവോഴ്‌സ് ആയെന്നിരിക്കും .

ഭര്‍ത്താവ് എന്റെയും , മോളുടെയും പാസ്സ്പോര്‍ട്ടും , ബോര്‍ഡിങ് പാസും എടുത്തു തന്നു . ‘ഇനി നീ ആയി , നിന്റെ പാടായി ….’

‘എന്റെ വര്‍ക്ക് ഫോണ്‍ ആണ് . കളഞ്ഞാല്‍ തീര്‍ന്നു . ഒന്ന് നോക്കിയിട്ടു വരട്ടെ , പ്ലീസ് ‘ ബോര്‍ഡിങ് പാസ് സ്‌കാന്‍ ചെയ്യുന്ന മലയാളിയോട് ചോദിച്ചു .

അങ്ങേര്‍ക്കും എന്നെ കൊല്ലാനുള്ള കലി ഉണ്ട് .

പക്ഷെ എന്റെ കൈയ്യിലിരിക്കുന്ന ഐറിഷ് പാസ്‌പോര്‍ട്ട് കാരണം കക്ഷി കടിച്ചു പിടിച്ചു നില്‍ക്കുകയാണ് .

‘എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല , മാഡം . സെക്യൂരിറ്റി ചീഫ് നോട് മാഡം തന്നെ ചോദിക്കൂ ‘

അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത് … സെക്യൂരിറ്റി ചീഫ് ഒരു അറബി സ്ത്രീയാണ് .

ഞാന്‍ അവരോടു പറഞ്ഞു , ‘പ്ലീസ് അതെന്റെ വര്‍ക്ക് ഫോണ്‍ ആണ് . അത് നഷ്ടപ്പെട്ടാല്‍ വലിയ സെക്യൂരിറ്റി പ്രശ്‌നം ആവും . ഞാന്‍ ആകെ ഒരു കടയിലെ പോയുള്ളു . അവിടെ ഒന്ന് നോക്കിയിട്ടു വരട്ടെ, മാഡം ?’

ഇതിനിടയില്‍ , എന്റെ ഭര്‍ത്താവിന്റെ മുഖഭാവം കണ്ടിട്ട് , നാട്ടില്‍ എത്തേണ്ട താമസം , എനിക്ക് ഡിവോഴ്‌സ് നോട്ടീസ് കിട്ടും എന്ന് മനസ്സിലായി .

പക്ഷേ ഒരു സ്ത്രീക്ക് മനസ്സിലാവുമല്ലോ , മറ്റൊരു സ്ത്രീയെ . അത് അറബി സ്ത്രീ ആയാലും , മലയാളി ആയാലും .

അവര്‍ പറഞ്ഞു , ഓടി പോയി നോക്കിയിട്ടു വരാന്‍ .

ഞാന്‍ 2 km വീണ്ടും ഓടി, ആ പെര്‍ഫ്യൂം കടയില്‍ ചെന്ന് ചോദിച്ചു …’ഒരു കറുത്ത ഫോണ്‍ കണ്ടുവോ?’ . അവിടത്തെ ചൈനീസ് പെണ്ണ് , ഒന്ന് തല ഉയര്‍ത്തുക പോലും ചെയ്യാതെ ഇല്ല , എന്ന് പറഞ്ഞു .

ഞാന്‍ മൂത്തവളുടെ കൈയും പിടിച്ചു ഒരു നിമിഷം നിന്ന് ഉരുകി . ഫോണിന്റെ വിലയല്ല , ഓഫീസില്‍ നിന്നുള്ള കോളുകള്‍ അതിലേ വരൂ, പിന്നെ സെക്യൂരിറ്റി പ്രശ്‌നം . ……

പെട്ടെന്ന് 6 അടിപ്പൊക്കവും , ശരീരം മുഴവനും പച്ച കുത്തിയിട്ടുള്ള രണ്ടു തടിമാടന്മാര്‍ എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു …. (അക്ഷരാര്‍ഥത്തില്‍ പ്രത്യക്ഷപ്പെട്ടു … അവരെ ഞാന്‍ അവിടെ ഒന്നും നേരത്തെയും കണ്ടിരുന്നില്ല … )

അതില്‍ വെള്ള ഹാഫ് സ്ലീവ് ടി-ഷര്‍ട്ട് ധരിച്ച , കൈ മുഴുവന്‍ പച്ച കുത്തിയിട്ടുള്ള, പുരികം മുകളിലേക്ക് വടിച്ച , തലയില്‍ കറുത്ത തുണി കൊണ്ട് ഒരു കെട്ടു കെട്ടിയ – ചുരുക്കത്തില്‍

മോള്‍ടെ ഭാഷയില്‍ പറഞ്ഞാല്‍ weird ലുക്ക് ഉള്ള ആള്‍ എന്റെ അടുത്ത് വന്ന് ..

‘മേക്ക് എ വിഷ് ‘

അന്തം വിട്ട എന്റെ വായില്‍ നിന്ന് വന്നത് ‘പെര്‍ഫ്യൂം ‘.

***അപ്പോഴാണ് ഓര്‍ത്തത്, വിഷ് ഒരിയ്ക്കലും നമ്മള്‍ പുറത്തു പറയില്ലലോ**** ..

ഇത്തവണ ഫോണിനെ മനസ്സില്‍ ധ്യാനിച്ച് , ഞാന്‍ അയാളോട് പറഞ്ഞു ‘യെസ് , ഐ ഡിഡ് ‘

അയാളുടെ വലിയ കൈപ്പത്തി എന്റെ മുന്നില്‍ തുറന്നു – അതാ ഇരിക്കുന്നു എന്റെ ഫോണ്‍ !

സത്യത്തില്‍ ആ സമയത്തു അവിടെ വന്ന രണ്ടു ജിന്നുകള്‍ ആയിരുന്നു അവര്‍ …

എന്റെ മോളും അങ്ങനെ വിശ്വസിക്കുന്നു …

അവരെ രണ്ടു പേരെയും ഞാന്‍ ഹൃദയം തുറന്നു ആലിംഗനം ചെയ്തു .

രണ്ടാമതൊന്നു നോക്കാതെ, തിരിച്ചു ബോര്‍ഡിങ് ഗേറ്റിലേക്ക് ഓടിയപ്പോള്‍ , അവരുടെ മുഖം പോലും , എന്റെ മനസ്സില്‍ നിന്ന് മാഞ്ഞു കഴിഞ്ഞിരുന്നു .

നാട്ടില്‍ കാല് കുത്തിയപ്പോള്‍ , ആ സംഭവവും ഞാന്‍ മറന്നിരുന്നു .

ഇന്നലെ എന്റെ മകള്‍ , ഈ കാര്യം ഓര്‍മിപ്പിച്ചപ്പോഴാണ് , ഇത് വരെ ഭര്‍ത്താവിനോട് പറഞ്ഞില്ലല്ലോ എന്ന് ഓര്‍ത്തത് ….

whatsapp എടുത്തു നോക്കിയപ്പോള്‍ , ദേ കിടക്കുന്നു , അടുത്ത ഞെട്ടല്‍ …

ഞാന്‍ മറക്കും എന്ന് ഉറപ്പുണ്ടായിരുന്ന അവര്‍ , അവരുടെ സെല്‍ഫി എന്റെ ഫോണില്‍ എടുത്തിരുന്നു ….

എന്റെ മോള്‍ മാത്രമായിരുന്നു എല്ലാറ്റിനും സാക്ഷി ..

അവള്‍ക്ക് ഉറപ്പാണ് , അയാള്‍ അലാവുദ്ദീന്റെ അദ്ഭുത വിളക്കിലെ genie ആണെന്ന് ….

ഞാന്‍ പറഞ്ഞു , ചിലപ്പോള്‍ ആവാം …

***** അയാളുടെ രൂപം പോലും ഒരു genie യെ ഓര്‍മിപ്പിച്ചു ****

സ്വാതി ശശിധരന്‍ 

Scroll To Top