Friday January 19, 2018
Latest Updates

അയര്‍ലണ്ടില്‍ തൊഴിലാളികളേക്കാള്‍ കൂടുതല്‍ ജോലികളുണ്ടാവുമെന്ന് ധനമന്ത്രി 

അയര്‍ലണ്ടില്‍ തൊഴിലാളികളേക്കാള്‍ കൂടുതല്‍ ജോലികളുണ്ടാവുമെന്ന് ധനമന്ത്രി 

ഡബ്ലിന്‍: തൊഴിലില്ലായ്മ കുറയുന്നതിനൊപ്പം അയര്‍ലണ്ടില്‍ തൊഴിലാളികളേക്കാള്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുന്ന അവസ്ഥയിലേയ്ക്ക് രാജ്യം നീങ്ങുകയാണെന്ന് ധനമന്ത്രി പാസ്‌കല്‍ ഡോണോഹു.ജോലികള്‍ക്ക് ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്ത നിലയിലേക്ക് രാജ്യം നീങ്ങുകയാണ്, മന്ത്രി പറഞ്ഞു.കഴിവുകളെ ബലപ്പെടുത്തണമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.അല്ലെങ്കില്‍ വിദേശത്തു നിന്നും ഇവിടെയെത്തുന്ന തൊഴിലാളികളുടെ വേതന വര്‍ധനയ്ക്ക് ഇത് കാരണമാകും.രാജ്യത്തെ തൊഴിലില്ലായ്മയുടെ നിരക്ക് 15ല്‍ നിന്നും 6.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്.ഇത് 5.5ലെത്തിക്കാനാണ് ശ്രമം നടക്കുന്നത്.

അടുത്ത ബജറ്റിലെ തന്റെ മുന്‍ഗണനാക്രമങ്ങള്‍ തന്റെ വകുപ്പു മേധാവികളുമായി പങ്കുവെക്കുകയായിരുന്നു ഡോണോഹു.അടുത്ത ബജറ്റില്‍ തൊഴില്‍ നികുതി കുറച്ച് സുസ്ഥിരമാക്കാന്‍ ആലോചിക്കുന്നുണ്ട്.ഫിനഫെയ്ലും ഇതാണ് ലക്ഷ്യമിടുന്നത്.യു.എസ്.സിയും പി.ആര്‍.എസ്.ഐയും ചേര്‍ന്ന് ഒറ്റ സോഷ്യല്‍ ഇന്‍ഷ്വറന്‍സ് പേമെന്റ് ആക്കണമെന്ന പ്രധാനമന്ത്രി ലിയോ വരദ്കറുടെ നിര്‍ദേശത്തിന്റെ സാധ്യതകള്‍ ആരായണമെന്ന് മന്ത്രി നിര്‍ദേശിച്ചു.പലപല ബജറ്റുകളിലൂടെയേ അത് സാധ്യമാകൂയെന്നും അദ്ദേഹം പറഞ്ഞു.ശമ്പളപരിഷ്‌കരണം,മൂലധന നിക്ഷേപം തുടങ്ങിയവയ്ക്കായി രണ്ട് ബില്യന്‍ യൂറോയുടെ അധികച്ചെലവ് ബജറ്റിലുണ്ടാകുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

അതേസമയം സമ്മര്‍ ഇക്കണോമിക് സ്റ്റേറ്റ്മെന്റ് പുറത്തിറക്കാത്തതിനെ ലേബര്‍ ടിഡി ജോവാന്‍ ബര്‍ടണ്‍ വിമര്‍ശിച്ചു.ബജറ്റ് നടപടികളെ അത് ക്ഷയിപ്പിക്കുമെന്ന് അദ്ദേഹം ആരോപിച്ചു.സമ്മര്‍ ഇക്കണോമിക് സ്റ്റേറ്റ്മെന്റ് നാലാഴ്ച മുമ്പ് പുറത്തിറങ്ങേണ്ടതായിരുന്നു. സ്റ്റേറ്റ്മെന്റ് അടുത്ത ആഴ്ച പുറത്തിറക്കുമെന്ന് ഡോണോഹുവിന്റെ വക്താവ് അറിയിച്ചു.

Scroll To Top