Monday February 20, 2017
Latest Updates

അയര്‍ലണ്ടില്‍ ഇന്ത്യന്‍ ഗ്രാമം ഒരുക്കി വിക്റ്റര്‍ സഞ്ചാരികളെ കാത്തിരിക്കുന്നു

അയര്‍ലണ്ടില്‍ ഇന്ത്യന്‍ ഗ്രാമം ഒരുക്കി വിക്റ്റര്‍ സഞ്ചാരികളെ കാത്തിരിക്കുന്നു

ഡബ്ലിന്‍ :നാം ഇന്ത്യാക്കാരെക്കാള്‍ അധികമായി ഇന്ത്യയെ സ്‌നേഹിക്കുന്ന ഒരു ഐറിഷ്‌കാരനുണ്ടോ ? ഡബ്ലിനടുത്ത് ബ്രേയില്‍ നിന്നും 20 കിലോ മീറ്റര്‍ യാത്രചെയ്ത് റൌണ്ട്‌സ് വുഡിലെ ഇന്ത്യന്‍ സ്‌കള്‍പ്ച്ചര്‍ ഗ്രാമത്തില്‍ എത്തിയാല്‍ അങ്ങനെ കരുതാതിരിക്കാന്‍ ആവില്ല.ഇരുപത്തി രണ്ടേക്കര്‍ സ്ഥലം മുഴുവന്‍ ഇന്ത്യയോടുള്ള സ്‌നേഹത്താല്‍ നിറച്ചു നമ്മെ കാത്തിരിക്കുന്ന എഴുപത്തിയഞ്ച് വയസുകാരന്‍ വിക്റ്റര്‍ ഏതൊരു ഇന്ത്യാക്കാരനെയും അതിശയിപ്പിക്കുക തന്നെ ചെയ്യും .

വിക്ലോ മലനിരകളിലേയ്ക്കുള്ള വഴികള്‍ നിറയെ മഞ്ഞയും ചുമപ്പും നിറഞ്ഞ പൂക്കള്‍ സൂര്യവെളിച്ചത്തില്‍ തിളങ്ങി നിന്ന ഒരു പ്രഭാതത്തിലാണ് കേരള ഹൗസ് കോ ഓര്‍ഡിനേറ്റര്‍കൂടിയായ വിപിന്‍ ചന്ദിനോടൊപ്പംവിക്റ്ററിന്റെ ‘വിക്‌റ്റോറിയ വേസ് ‘എന്ന ഇന്ത്യന്‍ ശില്‍പ്പകലാ ഗ്രാമത്തില്‍ എത്തിയത്

മനോഹരമായ പ്രവേശന കവാടം കടന്ന് അകത്തെത്തുമ്പോള്‍ വിശാലമായ പച്ച പുതപ്പിച്ച മൈതാനമാണ് .ഇന്ത്യാക്കാരും ,മറ്റുള്ളവരുമായി രണ്ട് ഡസനോളമാള്‍ക്കാര്‍ മൈതാനത്തിന്റെ ഓരോ ഭാഗങ്ങളിലായി കാഴ്ചകള്‍ കണ്ടു നടക്കുന്നുണ്ട് .ഇതൊന്നും ശ്രദ്ധിക്കാതെ മൈതാനത്തെ പുല്ല് വെട്ടിനീക്കുന്ന തിരക്കില്‍ ഗ്രാസ് കട്ടിംഗ് യന്ത്രവുമായി ഒരു മനുഷ്യന്‍ പ്രവര്‍ത്തന നിരതനായി അവിടെയുണ്ട് .സന്ദര്‍ശകരില്‍ ആരെങ്കിലും അടുത്തെത്തിയാല്‍ യന്ത്രം ഓഫാക്കി അവരോട് വിവരങ്ങള്‍ പറഞ്ഞു കൊടുക്കുന്നുമുണ്ട്ബ്രേയില്‍ ജനിച്ച് വളര്‍ന്ന വിക്റ്റര്‍ ലങ്ങ്‌ഹെല്‍ട് എന്ന ഈ മനുഷ്യന്റെ കഥ വിചിത്രമായി തോന്നാം .പക്ഷേ ഒരുകാര്യം ഉറപ്പാണ് .ഭാരതീയ സംസ്‌കാരത്തെയും ,ഗാന്ധിസത്തെയും ഇത്രധികം ആദരിക്കുന്ന ഒരു മനുഷ്യനെ കണ്ടു മുട്ടുക അപൂര്‍വ്വമായിരിക്കും .

victorദൈവത്തിന്റെ കൂടെ നടക്കാനായിരുന്നു കുഞ്ഞുനാളില്‍ വിക്റ്ററിന്റെ മോഹം .ബ്രേയിലെ കടലോരങ്ങളില്‍ നടക്കുമ്പോള്‍ തേടിയത് മുഴുവന്‍ ദൈവമുഖമായിരുന്നു .ആ മോഹവുമായാണ് ഡബ്ലിനിലെ സെമിനാരിയില്‍ വൈദിക പഠനത്തിനായി ചേര്‍ന്നതും .അതിനിടയിലാണ് തന്റെ വഴി മറ്റെവിടെയോ ആണെന്ന് തിരിച്ചറിഞ്ഞ് ഇന്ത്യയിലേക്ക് യാത്രയായത് .
‘അതൊരു വിളിയായിരുന്നു …ഞാന്‍ പോലും അറിയാതെ എന്റെ ആത്മാവിന്റെ അസ്തിത്വം തേടി ഒരു യാത്ര .ചെന്നെത്തിയത് മനസ്സില്‍ സൂക്ഷിച്ച സങ്കല്‍പ്പസന്യസ്ഥത്തിലേക്കായിരുന്നു എന്ന് തിരിച്ചറിയാന്‍ വൈകിയില്ല ‘വിക്റ്റര്‍ പറയുന്നു ..

മുപ്പതു വര്‍ഷത്തോളം പിന്നെ ഭാരതമായിരുന്നു ജീവിതം .ഗ്രാമങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേയ്ക്ക് ..കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ .ആസേതുഹിമാചലം കാല്‍നടയായും സൈക്കിളിലുമായി യാത്ര ചെയ്തു. അക്ഷരാര്‍ഥത്തില്‍ ഭാരതത്തെ പഠിച്ചു . ഇതിഹാസങ്ങളും വേദങ്ങളും പൊരുളറിഞ്ഞു പഠിച്ചു . ചരിത്രത്തില്‍ ദൈവാംശം തേടി .
ഒരു പഴന്തുണി കൊണ്ട് നഗ്‌നത മറയ്ക്കുന്ന ,വയറൊട്ടിയ ,പച്ച മനുഷ്യരില്‍ ദൈവ പ്രസാദം തിളങ്ങുന്ന മുഖം കണ്ടു …ഗംഗയില്‍ കുളിച്ചാലും ,ഗംഗോത്രിയില്‍ തൊഴുതാലും തീരാത്തത്ര സങ്കടം വളര്‍ന്ന് , ഇന്ത്യന്‍ പാവങ്ങളുടെ ക്ഷേമത്തിനായി ഗാന്ധിജി കണ്ട സ്വപ്‌നങ്ങള്‍ വിഫലം ആകുന്നത് ഏറെ നാള്‍ സഹിക്കാനായില്ല .പട്ടിണിയും പരിവട്ടവും ,കുറഞ്ഞ കൂലി വാങ്ങുന്ന തൊഴിലാളികളും ഇന്ത്യയെ തന്റെ സ്വപ്നത്തില്‍ കണ്ട ക്ഷേമരാഷ്ട്ര സങ്കല്‍പത്തില്‍ നിന്ന് അകറ്റുന്നെന്ന തിരിച്ചറിവ് ഒരു നീറ്റലായി ഉള്ളില്‍ നിറഞ്ഞപ്പോള്‍ ഒന്നും കൂടുതല്‍ നഷ്ട്ടപ്പെടുത്താതെ തിരിച്ച് ജന്മനാട്ടിലേയ്ക്ക് ..

groupganapathiഒപ്പം സ്‌നേഹിച്ച് തീരാത്ത ദേവരൂപങ്ങളും ,തത്വശാസ്ത്രങ്ങളും . അങ്ങനെയാണ് റോഡ്‌സ് ടൌണില്‍ എത്തിയത് .ഭാരതീയ സങ്കല്‍പ്പങ്ങള്‍ക്ക് അനുയോജ്യമായ ഒരിടം. ഇന്ത്യന്‍ ശില്‍പ്പഗ്രാമമായി അത് മാറാന്‍ പതിനഞ്ച് വര്‍ഷമെടുത്തു .

ആശ്രമം എന്ന് ഇവിടം വിളിക്കപ്പെടാനാണ് വിക്റ്ററിനിഷ്ട്ടം ..ഉപവാസം ഇരിക്കുന്ന ബുദ്ധന്‍ മുതല്‍ ദുര്‍ഗയും ,
നിദ്രാനിമന്ഗ്‌നനായ ശിവന്‍ വരെ നിറയെ ദേവരൂപങ്ങള്‍ …ഇഷ്ട്ട ദേവനായ ഗണപതിയുടെ അപൂര്‍വ ഭാവങ്ങള്‍ .ലോകത്ത് മറ്റൊരിടത്തും കാണാന്‍ കഴിയാത്ത രൂപങ്ങള്‍ . സംഗീത സാന്ദ്രമായ ഗണപതി മഹോത്സവമാണിവിടെന്നും . .വീണയും ,തബലയും ,ഓടക്കുഴലും ആലപിച്ചിരിക്കുന്ന ഗണപതി . ശ്രുംഗാരരൂപനായി നൃത്തം വയ്ക്കുന്ന ഗണപതി .പുസ്തക പ്രിയനായ ഗണപതി .ഏതോ ഉള്‍നാടന്‍ ഇന്ത്യന്‍ ഗ്രാമത്തിലാണോ നാം എന്നൊരു സംശയം ഒരു വേളയുണ്ടായാല്‍ അതിശയിക്കേണ്ട .അത്ര മനോഹരമാണ് ഈ കാല്‍പ്പനികോദ്യാനം .
ganapathiപ്രവേശനകവാടം മുതല്‍ ഇന്ത്യന്‍ തത്വശാസ്ത്രത്തിന്റെ ആഴവും പരപ്പും വിവരിക്കുന്ന സ്തൂപങ്ങളും ,ബിംബങ്ങളും കാണാം .ആത്മാവിനെ തൊട്ടറിയാനുള്ള ബാലപാഠങ്ങളാണത്

22ഏക്കര്‍ സ്ഥലം മുഴുവന്‍ ഇന്ത്യയുടെ ആത്മീയ പഠനത്തിനായാണ് നീക്കി വെച്ചിരിക്കുന്നത് .കാട്ടില്‍ ,നിശബ്ദമായിരുന്നു ധ്യാനിക്കാം ,മനനം ചെയ്യാം ,ഒരു ക്യാന്‍വാസുണ്ടെങ്കില്‍ ചിത്രങ്ങള്‍ നിറയ്ക്കാം ..മഹാബലി പുരത്തെ ശില്‍പ്പികളാണ് വിക്റ്ററിന് വേണ്ടി ശില്‍പ്പങ്ങള്‍ ഒരുക്കിയത് .അഞ്ചരയടി മുതല്‍ 15 അടി വരെയുള്ള അസംഖ്യം ശില്‍പ്പങ്ങള്‍ ഗ്രാനെറ്റിലും പിച്ചളയിലുമാണ് ജീവന്‍ കൊടുത്തത് .ഇവ അയര്‍ലണ്ടിലേക്ക് എത്തിക്കാന്‍ പ്രത്യേക ഷിപ്‌മെന്റ് തന്നെ വേണ്ടിവന്നു .

ഇന്ത്യന്‍ ആഭരണങ്ങളും ,കൗതുക വസ്തുക്കളും ലഭിക്കുന്ന ഒരു കേന്ദ്രവും ആശ്രമത്തിനകത്തുണ്ട് .സമ്മര്‍ കാലങ്ങളില്‍ 12.30 മുതല്‍ 6 മണി വരെയാണ് ഇന്ത്യന്‍ വില്ലേജില്‍ പ്രവേശന സമയം .രണ്ടു യൂറോ പ്രവേശന ഫീസ് നിക്ഷേപിക്കാനായി ഒരു പെട്ടി പ്രവേശന കവാടത്തിലുണ്ട്.വിക്റ്റര്‍ അല്ലാതെ മറ്റാരും ജോലിക്കാര്‍ ആയി ഗ്രാമത്തിലില്ല.തെളിഞ്ഞ ദിവസങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യാത്രികര്‍ ഇവിടെ എത്തുന്നത് ഇന്ത്യയെ കുറിച്ചു പഠിക്കാനാണ് . കൗണ്ടി വിക്ലോയിലെ പ്രശസ്ഥമായ ഗ്ലെന്റ്റലോഗടക്കം നിരവധി കാഴ്ച്ചകള്‍ ഇന്ത്യന്‍ വില്ലേജില്‍ നിന്നും ഏതാനം മിനുട്ടുകള്‍ കൊണ്ട് യാത്ര ചെയ്താല്‍ അടുത്തായുണ്ട്

wicklowgandhiയാത്രപറഞ്ഞ് മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ വിക്റ്റര്‍ പറയും .’ഇതാ ഇവിടെ ഒരാള്‍ കൂടിയുണ്ട് …മഹാത്മാഗാന്ധി ..!മറ്റെല്ലാ ശില്പ്പങ്ങളും തുറന്ന അന്തരീക്ഷത്തില്‍ ആണെങ്കിലും ഗാന്ധിജിയെ പ്രതിഷ്ട്ടിച്ചിരിക്കുന്നത് ഒരു വിശേഷാല്‍ മുറിയിലാണ് …

ദൈവമല്ല ..പക്ഷെ മനുഷ്യദൈവം എന്ന് ഗാന്ധിയെ ,വിക്റ്റര്‍ വിളിക്കും .ഇന്ത്യയുടെ ഏതു ഫിലോസഫിക്കും അപ്പുറമാണ് ഗാന്ധിയന്‍ ഫിലോസഫിയെന്ന് വിക്റ്റര്‍ പറയുമ്പോള്‍ നാം ഇന്ത്യാക്കാര്‍ തല കുനിയ്ക്കണം .
ഇനിയും നാം മനസിലാക്കാത്ത സത്യങ്ങളും ,സത്തകളും ,ഒരുവേള നേരത്തെ മനസ്സില്‍ നിറച്ച് അനുഭവിക്കുന്ന ഈ മനുഷ്യന്റെ ഭാരതത്തോടുള്ള സ്‌നേഹത്തെ പ്രതി !

(പുന പ്രസിദ്ധീകരണം)like-and-share

Scroll To Top