Monday August 21, 2017
Latest Updates

അയര്‍ലണ്ടിലെ സവിത ഹാലപ്പനവറുടെ മരണം:ഭര്‍ത്താവിന് ലഭിച്ചത് 70 കോടിയിലധികം രൂപയുടെ നഷ്ടപരിഹാരം

അയര്‍ലണ്ടിലെ സവിത ഹാലപ്പനവറുടെ മരണം:ഭര്‍ത്താവിന് ലഭിച്ചത് 70 കോടിയിലധികം രൂപയുടെ നഷ്ടപരിഹാരം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ കോളിളക്കം ഉണ്ടാക്കിയ ഗോള്‍വേയിലെ സവിതാ ഹാലപ്പനവറുടെ മരണത്തെ തുടര്‍ന്ന് എച്ച് എസ് ഇ യ്ക്കും ഡോക്റ്റര്‍ക്കുമെതിരെ നല്കിയ കേസില്‍ സവിതയുടെ ഭര്‍ത്താവ് പ്രവീണിന് പത്ത് മില്യണ്‍ യൂറോയില്‍ അധികം(70  കോടിയില്‍ അധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം ലഭിച്ചതായി സൂചനകള്‍

എച്ച് എസ് ഇ യുമായുള്ള കേസ് കോടതിയ്ക്ക് വെളിയില്‍ ഒത്തുതീര്‍പ്പാക്കിയതായി കഴിഞ്ഞ ഒക്ടോബറില്‍ വെളിപ്പെടുത്തിയിരുന്നെങ്കിലും ഇവര്‍ പക്ഷെ തുക എത്രയെന്നു പുറത്തു വിട്ടിരുന്നില്ല.

ചികില്‍സാപ്പിഴവുകള്‍ വ്യാപകമായതിനെ തുടര്‍ന്നുള്ള അലംഭാവത്തിന് എച്ച് എസ് ഇ നഷ്ടപരിഹാരം നല്‍കിയത് സംബന്ധിച്ച് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തു വിട്ട രേഖകളില്‍ നിന്ന് ലഭ്യമാകുന്ന വിവര പ്രകാരമാണ് പ്രവീണിന് ഇത്ര ഭീമമായ നഷ്ടപരിഹാരമാണ് ലഭിച്ചതെന്ന് സൂചനകള്‍ ലഭിക്കുന്നത്.

കണക്കുകള്‍ അനുസരിച്ച് സവിതയെ ചികിത്സിച്ചിരുന്ന ഗോള്‍വേ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ഉള്‍പ്പെടുന്ന സോല്ത്താ ഹോസ്പിറ്റല്‍ ഗ്രൂപ്പ് 17.5 മില്യണ്‍ യൂറോയാണ് കഴിഞ്ഞ വര്‍ഷം ആകെ നഷ്ടപരിഹാരം നല്‍കിയത്.ഇരുപത് കേസുകളിലായാണിത്. 2015 ലാവട്ടെ 13 വ്യത്യസ്ത കേസുകളിലായി ആകെ 2.1 മില്യണ്‍ യൂറോയെ വേണ്ടിവന്നുള്ളൂ.

കഴിഞ്ഞ വര്‍ഷം തന്നെ 10 മില്യണില്‍ അധികം യൂറോയ്ക്കാണ് കേസ് ഒത്തു തീര്‍പ്പായതെന്ന് ഏതാനം അഭിഭാഷകര്‍ പറഞ്ഞിരുന്നുവെങ്കിലും കണക്കുകള്‍ പുറത്തുവരുന്നത് വരെ ഇതാരും വിശ്വസിച്ചിരുന്നില്ല.

ഒരു സര്‍ക്കാര്‍ ഫോസ്റ്റര്‍ ഹോമില്‍ കഴിഞ്ഞ ഗ്രേസ് എന്ന സ്ത്രീക്ക് 6.3 മില്യണ്‍ യൂറോ നല്‍കിയതാണ് കഴിഞ്ഞ അഞ്ച് വര്‍ഷ കാലയളവിലെ ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാരത്തിന് അര്‍ഹമായ തുക എന്നാണ് വെളിപ്പെടുത്തിയിരുന്നത്.എന്നാല്‍ ഹാലപ്പനവര്‍ കേസിലെ നഷ്ടപരിഹാരം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു.

അധികൃതരുടെ അനാസ്ഥ മൂലമാണ് കര്‍ണാടകയിലെ ബല്‍ഗാം സ്വദേശിനിയായ സവിത മരിച്ചത് എന്നായിരുന്നു കേസില്‍ പ്രവീണ്‍ ഹാലപ്പനവര്‍ ആരോപിച്ചിരുന്നത്.മുപ്പതോളം കാരണങ്ങള്‍ ഇതിനു ഉപോത്ബലകമായി പ്രവീണ്‍ ഉന്നയിച്ചിരുന്നു.praveen

ഇപ്പോള്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന പ്രവീണ്‍ ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ അംഗീകരിക്കാനായി നേരിട്ട് എത്തിയിരുന്നില്ല.അഭിഭാഷകനായിരുന്നു നടപടികള്‍ നീക്കിയത്.
ഗോള്‍വേയില്‍ ഡന്റ്‌റിസ്റ്റായിരുന്ന സവിത, പതിനേഴ് ആഴ്ച ഗര്‍ഭിണിയായിരിക്കുമ്പോഴാണ് കടുത്ത നടുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയത്.ഗര്‍ഭം അലസലിന്റെ വക്കിലായ സവിതയെ അബോര്‍ഷന് വിധേയയാക്കാന്‍ നിലവിലുള്ള നിയമത്തെ ഭയന്ന് ഡോക്ടര്‍മാര്‍ വിസമ്മതിച്ചു. അംനിയോട്ടിക് സാക്ക് പൊട്ടിയ സവിത,കടുത്ത അണുബാധയെത്തുടര്‍ന്ന് മരണത്തിന് കീഴങ്ങുകയായിരുന്നു.അണുബാധ അധികൃതര്‍ തിരിച്ചറിയാന്‍ തന്നെ ദിവസങ്ങളെടുത്തു.2012 ഒക്ടോബര്‍ 21 ഞായറാഴ്ച ഗോള്‍വേ യൂണിവേഴ്സിറ്റി ആശുപത്രിയിലെത്തിയ സവിത പിറ്റേ വെള്ളിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.

സവിതയുടെ മരണനഷ്ട പരിഹാര തുക ലഭിക്കും മുമ്പേ തന്നെ അമേരിക്കയിലെത്തിയ പ്രവീണ്‍ പിന്നീട് നാട്ടുകാരിയും,മുന്‍ പരിചയക്കാരിയുമായ മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു.

Scroll To Top