Tuesday November 13, 2018
Latest Updates

അയര്‍ലണ്ടിലെ സര്‍ക്കാര്‍ സര്‍വീസിലേക്ക് ആയിരം നഴ്സുമാരെ റിക്രൂട്ട് ചെയ്യാന്‍ നടപടികള്‍ ആരംഭിച്ചു,ഓരോ നഴ്സിനും വേണ്ടി 10000 യൂറോ ചിലവഴിക്കാന്‍ കരാറായി 

അയര്‍ലണ്ടിലെ സര്‍ക്കാര്‍ സര്‍വീസിലേക്ക് ആയിരം നഴ്സുമാരെ റിക്രൂട്ട് ചെയ്യാന്‍ നടപടികള്‍ ആരംഭിച്ചു,ഓരോ നഴ്സിനും വേണ്ടി 10000 യൂറോ ചിലവഴിക്കാന്‍ കരാറായി 

ഡബ്ലിന്‍:അയര്‍ലണ്ടിലേയ്ക്ക് വിദേശത്ത് നിന്നും ആയിരം നഴ്സുമാരെ പുതുതായി റിക്രൂട്ട് ചെയ്യാന്‍ എച്ച് എസ് ഇ തീരുമാനിച്ചു.കഴിഞ്ഞ മാസം പുറപ്പെടുവിച്ച ടെണ്ടര്‍ അനുസരിച്ച് ഇതില്‍ 250 പുതിയ നഴ്സുമാരെ അടിയന്തരാടിസ്ഥാനത്തില്‍ കണ്ടെത്താനാണ് നിര്‍ദേശം.
ഒരു നഴ്സിനെ റിക്രൂട്ട് ചെയ്ത് എത്തിക്കാന്‍ ആരോഗ്യവകുപ്പ് നീക്കിവെച്ചിരിക്കുന്നത് പതിനായിരത്തോളം യൂറോയാണ്.ആകെ 10 മില്യണ്‍ യുറോയാണ് ആയിരം വിദേശ നഴ്സുമാരെ റിക്രൂട്ട് ചെയ്യാന്‍ ചിലവഴിക്കുന്നത്.

സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന ഏജന്‍സികളിലൂടെ പരമാവധി നഴ്സുമാരെ കണ്ടെത്താനാണ് എച്ച് എസ് ഇയുടെ ശ്രമം.

കഴിഞ്ഞ മാസങ്ങളില്‍ പോലും കേരളത്തില്‍ നിന്നും സ്വകാര്യ ഏജന്റുമാര്‍ റിക്രൂട്ട് ചെയ്ത് കൊണ്ടുവന്ന ചില നഴ്സുമാര്‍ക്ക് മണിക്കൂറില്‍ 16 യൂറോയാണ് ശമ്പളം നല്‍കുന്നതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.സര്‍ക്കാര്‍ സര്‍വീസില്‍ 20-21 യൂറോ വരെ അയര്‍ലണ്ടില്‍ ശമ്പളം ലഭിക്കുമ്പോഴാണ് കേരളത്തിലെ പത്രങ്ങളില്‍ പരസ്യം നല്‍കി ആകര്‍ഷകമായ റിക്രൂട്ട്‌മെന്റ് കാമ്പയിനുകളിലൂടെ പ്രതിഭാ ശാലികളായ നഴ്സുമാരെ നഴ്സിംഗ് ഹോമുകളിലെ സേവനത്തിനായി തളച്ചിടാന്‍ സ്വകാര്യ ഏജന്റുമാര്‍ കളമൊരുക്കുന്നത്.ഇവരില്‍ മിക്കവര്‍ക്കും രണ്ട് വര്‍ഷത്തെ പ്രാഥമിക കാരാറാണ് നല്‍കിയിരിക്കുന്നത്.

ആരോഗ്യമേഖലയിലെ പ്രതിസന്ധി കൂടുതല്‍ വഷളാവും മുമ്പേ റിക്രൂട്ട്‌മെന്റുകള്‍ ഊര്‍ജ്ജിതമാക്കാനാണ് എച്ച് എസ് ഇ യുടെ തീരുമാനം.നിലവിലുള്ള സേവന വേതന വ്യവസ്ഥകളില്‍ അയര്‍ലണ്ടിലെ നഴ്സുമാര്‍ അസംതൃപ്തരാണ്. സെപ്റ്റംബര്‍ അവസാനവാരത്തോടെ ശമ്പള വ്യവസ്ഥ അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ നയം പുതുക്കിയില്ലെങ്കില്‍ സമരത്തിന് ഇറങ്ങുമെന്ന് യൂണിയനുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

അയര്‍ലണ്ടിലെ സര്‍ക്കാര്‍ സര്‍വീസുകളിലേയ്ക്ക് ആരോഗ്യവകുപ്പ് റിക്രൂട്ടിംഗിനായി ചുമതലപ്പെടുത്തിയിരിക്കുന്ന അംഗീകൃത നഴ്സിംഗ് ഏജന്റുമാരുടെ ലിസ്റ്റ് ‘ഐറിഷ് മലയാളിയില്‍’പ്രസിദ്ധീകരിക്കുന്നതാണ്.അയര്‍ലണ്ടിലെ നഴ്സിംഗ് അവസരങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ളവര്‍ irishnewcitizen@gmail.com എന്ന ഇ മെയിലില്‍ ബന്ധപ്പെടുക.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top