Monday June 25, 2018
Latest Updates

അയര്‍ലണ്ടിലെ വാടകക്കാര്‍ക്ക് സന്തോഷവാര്‍ത്ത:അപ്പാര്‍ട്ട്‌മെന്റുകള്‍ തോറും വാടക ക്രമപ്പെടുത്തും,വാടകക്കാരനെ ഒഴിവാക്കാനുള്ള നോട്ടീസ് കാലാവധിയും നീട്ടും 

അയര്‍ലണ്ടിലെ വാടകക്കാര്‍ക്ക് സന്തോഷവാര്‍ത്ത:അപ്പാര്‍ട്ട്‌മെന്റുകള്‍ തോറും വാടക ക്രമപ്പെടുത്തും,വാടകക്കാരനെ ഒഴിവാക്കാനുള്ള നോട്ടീസ് കാലാവധിയും നീട്ടും 

ഡബ്ലിന്‍ :അയര്‍ലണ്ടിലെ ഓരോ പ്രദേശത്തും ഏര്‍പ്പെടുത്താവുന്ന പരമാവധി വാടകനിരക്ക് നിജപ്പെടുത്തികൊണ്ട് സര്‍ക്കാര്‍ റെന്റ് രജിസ്റ്റര്‍ രൂപപ്പെടുത്താന്‍ ധാരണ.മേലില്‍ റെന്റ് റജിസ്റ്ററില്‍ നിജപ്പെടുത്തിയിരിക്കുന്ന വാടകയിലധികം ഹൌസ് ഓണര്‍മാര്‍ക്ക് ഈടാക്കാനാവില്ല.

ഇന്ന് (ചൊവ്വാഴ്ച)ചേരുന്ന ഐറിഷ് മന്ത്രിസഭാ യോഗം ഇത് സംബന്ധിച്ചുള്ള അന്തിമനിലപാട് രൂപപ്പെടുത്തും.അയര്‍ലണ്ടിലെ മലയാളി കുടിയേറ്റക്കാരടക്കമുള്ള ആയിരക്കണക്കിനാളുകള്‍ക്ക് അതിപ്രധാനമായ ഒരു തീരുമാനത്തിനാണ് ലിയോ വരദ്കര്‍ സര്‍ക്കാര്‍ തുനിയുന്നത്.

ഓരോ അപ്പാര്‍ട്ട്‌മെന്റിന്റെയും,പഴക്കം,നിലവിലുള്ള അവസ്ഥ എന്നിവ പരിഗണിച്ച് ഈടാക്കാവുന്ന വാടക നിശ്ചയിക്കും.ഓരോ സ്ട്രീറ്റിനും പരമാവധി നിരക്കും നിശ്ചയിക്കുമെന്ന് കാബിനറ്റിലേയ്ക്ക് സമര്‍പ്പിക്കപ്പെട്ട രൂപരേഖയില്‍ പറയുന്നു.

പിആര്‍ടിബി വഴി നിശ്ചയിക്കുന്ന നിരക്കുകള്‍ അനുസരിക്കാന്‍ ഇതോടെ വീട്ടുടമകള്‍ നിര്‍ബന്ധിതരായേക്കും. പിആര്‍ടിബി യുടെ കണക്ക് അനുസരിച്ച് ഡബ്ലിനിലെ ശരാശരി വാടക നിരക്ക് 1511 യൂറോയും,ദേശീയ തലത്തില്‍ 1054 യൂറോയുമാണ്.

ഒരു വര്‍ഷത്തില്‍ അധികമായും അഞ്ചു വര്‍ഷത്തിനുള്ളിലും എത്ര കാലം ഒരു വീട്ടില്‍ താമസിച്ചാലും വാടകക്കാരെ ഒഴിവാക്കാനുള്ള നോട്ടീസ് നല്‍കുന്നതിന് ഇപ്പോഴുള്ള കുറഞ്ഞ കാലാവധിയായ 42 ദിവസമെന്നത്  നാല്  മാസമായി വര്‍ദ്ധിപ്പിച്ചു നല്‍കാനും സര്‍ക്കാര്‍ നിയമം വഴി ഭേദഗതി വരുത്തും.നിലവില്‍ അഞ്ചു വര്‍ഷം വരെ വാടകകയ്ക്ക് താമസിക്കുന്നവരെ മാറ്റാന്‍ 112 ദിവസവും,നാല് വര്‍ഷം വരെ വാടകകയ്ക്ക് താമസിക്കുന്നവരെ മാറ്റാന്‍ 84 ദിവസവും,മൂന്നു വര്ഷം വരെ വാടകകയ്ക്ക് താമസിക്കുന്നവരെ മാറ്റാന്‍ 56 ദിവസത്തിന്റെയും നോട്ടീസാണ് ആവശ്യമായിരുന്നത്.

ആറു മാസം വരെ വാടകയ്ക്ക് താമസിച്ചവര്‍ക്ക് 28 ദിവസത്തെ നോട്ടീസ് നല്‍കി ഒഴിവാക്കാന്‍ നിലവിലുള്ള നിയമത്തില്‍ ഭേദഗതി ഉണ്ടാവില്ല.

വാടക വര്‍ദ്ധനവിനും,നിയന്ത്രണത്തിനും കൃത്യമായ മാര്‍ഗ രേഖയ്ക്ക് ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം ലഭിച്ചാല്‍ എത്രയും പെട്ടന്ന് നിയമം നടപ്പില്‍ വരുത്താനാണ് സര്‍ക്കാരിന്റെ പദ്ധതിയെന്ന് ഹൗസിങ് മന്ത്രി ഓവന്‍ മര്‍ഫി പ്രസ്താവിച്ചു.ഓരോ അപ്പാര്‍ട്ട്‌മെന്റിലും,സ്ട്രീറ്റിലും വരുത്താവുന്ന പരമാവധി റെന്റ് സര്‍ക്കാര്‍ നിര്‍ണ്ണയിച്ചു കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍

ഐറിഷ് മലയാളി ന്യൂസ്

Scroll To Top