Tuesday September 25, 2018
Latest Updates

അയര്‍ലണ്ടിലെ റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ ഒരുക്കുന്ന കെണികളും,ദുരിത ചുഴിയിലെ നഴ്സുമാരും 

അയര്‍ലണ്ടിലെ റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ ഒരുക്കുന്ന കെണികളും,ദുരിത ചുഴിയിലെ നഴ്സുമാരും 

ക്ഷങ്ങള്‍ വാങ്ങി ഉദ്യോഗാര്‍ത്ഥികളെ അയര്‍ലണ്ടില്‍ എത്തിക്കുന്ന ഏജന്റുമാര്‍ക്ക് അവരെ ഇവിടെ എത്തിക്കുക എന്ന ദൗത്യം മാത്രമാണോ ഉള്ളത്?അതോ തുടര്‍ന്നും അവര്‍ക്ക് സേവനം നല്‍കേണ്ടതുണ്ടോ? വളരെപ്പേര്‍ ചോദിക്കുന്ന ഒരു ചോദ്യമാണ്.

അയര്‍ലണ്ടിലെ കുതിരലായ വിവാദം പൊട്ടിപ്പുറപ്പെടുന്നതിന് ഒരാഴ്ച മുമ്പ് ഗ്രാമീണ കൗണ്ടികളിലെ നഴ്സിംഗ് ഹോമുകള്‍ തോറും നഴ്സുമാരുടെ ഒരു സംഘവുമായി യാത്രചെയ്ത് ഒരു റിക്രൂട്ട്‌മെന്റ് ഏജന്റ് കാട്ടിയ ‘ആര്‍ജവം’ ഈ ചോദ്യത്തിന്റെ വെളിച്ചത്തിലാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്.

ഒരു വാനിലായിരുന്നു അവരുടെ യാത്ര.പുതുതായി വന്ന് ആര്‍സിഎസ്സി ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് പാസായി,രജിസ്ട്രേഷന് ശേഷവും ജോലി ലഭിക്കാത്തവരായിരുന്നു ഏജന്റിനൊപ്പമുള്ള നഴ്സുമാര്‍.പിന്‍ നമ്പര്‍ കിട്ടിയാലുടന്‍ ജോലി ശരിയാകുമെന്ന് പറഞ്ഞു നാട്ടില്‍ നിന്നും കൂട്ടിയതാണ് അവരെ.

നാല് ലക്ഷവും അഞ്ചു ലക്ഷവും ഉദ്യോഗാര്‍ഥികളില്‍ നിന്നും കൈക്കലാക്കിയ ശേഷം യാതൊരു പണമിടപാടുകളും നടത്തിയിട്ടില്ലെന്ന് എഴുതി വാങ്ങിയിരുന്നു. മാത്രമല്ല ആപ്റ്റിയൂഡ് ടെസ്റ്റിന് സഹായിക്കാനും,എന്‍എംബിഐ രജിസ്‌ട്രേഷന് സഹായിക്കണമെന്നും,പിന്‍ നമ്പര്‍ നേടിത്തരാനുള്ള സൗകര്യം ഒരുക്കുന്നതിനുള്ള സര്‍വീസ് ചാര്‍ജു മാത്രമാണ് ഈടാക്കുന്നതെന്നുമായിരുന്നു നാല് ലക്ഷത്തിന്റെ പിന്നാമ്പുറത്തുള്ള വാഗ്ദാനം.(വെറുമൊരു മോഷ്ടാവായോരെന്നെ നിങ്ങള്‍ കള്ളനെന്നു വിളിക്കല്ലേ! എന്നൊരു പാട്ടും മിക്കവരും പാടിയിരുന്നത്രെ!)

‘അയര്‍ലണ്ടില്‍ ആയിരക്കണക്കിന് ജോലി ഒഴിവുകളുണ്ടെന്നും,എവിടെ ചെന്ന് ചോദിച്ചാലും നഴ്സുമാര്‍ക്ക് ജോലി കിട്ടുമെന്നും,മണിക്കൂറിന് 20 യൂറോ മുതല്‍ അടിസ്ഥാന ശമ്പളമുണ്ടെന്നും മോഹനവാഗ്ദാനം നല്‍കിയുമായിരുന്നു ഇവരെയും മാതാപിതാക്കളെയും ഏജന്റുമാര്‍ വലയിലാക്കിയത്.

ഉദ്യോഗാര്‍ഥികളാവട്ടെ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് പാസായാല്‍ ഏജന്റ് ജോലി നേടി തന്നാല്‍ ലാഭമെന്നും,അഥവാ ആറുമാസത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ ശേഷം അവസരം കിട്ടുമ്പോള്‍ തിരിച്ചെത്താമെന്നും കരുതി.

നോ പ്രോഫിറ്റ് നോ ലോസ് സിദ്ധാന്തം പോലുള്ള ഒരു ഇടപാട്. രജിസ്‌ട്രേഷന് ശേഷം നഴ്സിന് ജോലി കിട്ടിയാല്‍ ഏജന്റിന് മൂവായിരം മുതല്‍ ഏഴായിരം വരെ കമ്മീഷന്‍ നഴ്സിംഗ് ഹോം ഉടമ കൊടുക്കും…ജോലി കിട്ടിയില്ലെങ്കില്‍ നഴ്‌സ് നാട്ടില്‍ തിരിച്ചു പോവുക.(എറ്റിപ്പിക്കല്‍ വിസയുടെ കാലാവധി തീരും മുമ്പേ).എന്നെങ്കിലും ജോലി അവസരം ഉണ്ടായാല്‍ ഏജന്റ് വിളിക്കും.അല്ലെങ്കില്‍ ഉദ്യോഗാര്‍ഥി നേരിട്ട് ജോലി കണ്ടു പിടിക്കണം. ഇതായിരുന്നു മിക്ക ഇടപാടുകളുടെയും പിന്നിലുണ്ടായിരുന്ന രഹസ്യകരാര്‍.

എന്നാല്‍ മിക്ക എജന്ടുമാരും തങ്ങളുടെ ഇടപാടിലൂടെ വന്ന ഉദ്യോഗാര്‍ഥികളുടെ ഡിസിഷന്‍ ലെറ്റര്‍ പിടിച്ചു വെക്കുന്നതില്‍ വിരുത് കാട്ടി.’ഞാനല്ലാതെ മറ്റൊരു ഏജന്റ് നിനക്കുണ്ടാവരുതെന്ന’ ചട്ടം ഉദ്യോഗാര്‍ത്ഥികളെ പാലിപ്പിക്കാന്‍ ഇവര്‍ ശ്രമിക്കുമെങ്കിലും സാധാരണഗതിയില്‍ ജോലി കിട്ടാനുള്ള ജാഗ്രതയില്‍ ഉദ്യോഗാര്‍ത്ഥികളും തന്നെ മറ്റ് എജെന്റുമാരുമായും ബന്ധപ്പെട്ട് എത്രയും വേഗം ജോലി ഉറപ്പിക്കാന്‍ തിടുക്കം കാട്ടി.

ആദ്യം കൊടുത്ത ലക്ഷങ്ങള്‍ക്ക് പുറമെ ജോലി സംഘടിപ്പിച്ചു തരുന്ന ഏജന്റിനുള്ള പ്രതിഫലം,ഡിസിഷന്‍ ലെറ്റര്‍ പഴയ ഏജന്റില്‍ നിന്നും തിരിച്ചു വാങ്ങുന്നതിനുള്ള തുക അങ്ങനെ പലയിനത്തിലാണ് പാവങ്ങളായ മലയാളി നഴ്സുമാര്‍ക്ക് പണം നഷ്ടമായത്.ഡിസിഷന്‍ ലെറ്റര്‍ ഏജന്റില്‍ തിരിച്ചു വാങ്ങാനായി സഹായിക്കണം എന്നാവശ്യപ്പെട്ട് നൂറുകണക്കിന് കത്തുകളാണ് മലയാളി നഴ്സുമാരില്‍ നിന്നും നഴ്സിംഗ് ബോര്‍ഡിന് ലഭിച്ചതത്രെ.

ഇങ്ങനെ മറ്റ് ഏജന്റുമാരില്‍ നിന്നും തട്ടിയെടുത്ത നഴ്‌സുമാരുമായായിരുന്നു ആദ്യം വിവരിച്ച ഏജന്റിന്റെ യാത്ര. സ്വന്തമായി ഓഫീസും,ഐറിഷ്‌കാരായ സ്റ്റാഫുമൊക്കെ സ്വന്തമാക്കിയ ഇദ്ദേഹവും മൂന്നു വര്‍ഷത്തിനുള്ളില്‍ മാത്രം നൂറു കോടിയോളം സമ്പാദിച്ച മുതലാളിയോടൊപ്പം വരുമാനത്തില്‍ എത്തില്ലെങ്കിലും തൊട്ടടുത്തായുണ്ട് !കഴിഞ്ഞ വര്ഷം ഐറിഷ് ഓഫിസിന്റെ ഉത്ഘാടനത്തിന് നാടൊട്ടാകെ വിളിച്ച്,പൗര പ്രമുഖന്മാരുടെ അനുഗ്രഹം തേടിയാണ് തുടക്കമിട്ടത്.

ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ട,അഥവാ ജോലി ഇനിയും ലഭിക്കാത്ത മുന്നൂറോളം മലയാളി നഴ്സുമാരാണ് ഇപ്പോഴുള്ളത്.ഇവരില്‍ ഭാഗ്യം കൊണ്ട് ജോലി ലഭിച്ച എഴുപത് പേരോളം പേര്‍ കെയറായി വിവിധ നഴ്സിംഗ് ഹോമുകളിലായി കയറിപ്പറ്റി.ബാക്കിയുള്ളവര്‍ വിവിധ സമയങ്ങളിലായി കേരളത്തിലേയ്ക്ക് മടങ്ങിപ്പോയി.

അംഗീകൃതമല്ലെങ്കിലും കെയറര്‍ ജോലി ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളും ആറുമാസ കാലാവധി തീരുമ്പോള്‍ മടങ്ങേണ്ടി വരും.വീണ്ടും അടുത്ത റിക്രൂട്ട് മെന്റിലൂടെ ഇതേ പ്രതിഭാസം ആവര്‍ത്തിക്കും.

ആപ്റ്റിറ്റിയൂട്ട് ടെസ്റ്റും രജിസ്ട്രേഷനും നടത്തിയെങ്കിലും എജന്ടുമാരുടെ അനാസ്ത്ഥ കാരണത്താല്‍ ജോലി നേടാനാവാതെ മടങ്ങുന്ന നിരവധി നഴ്സുമാര്‍ അയര്‍ലണ്ടില്‍ ഉള്ളപ്പോഴാണ് ബംഗാളികളെ ജോലിയ്ക്ക് കൊണ്ടുപോകുന്ന മലയാളി കോണ്‍ട്രാക്റ്ററുടെ ശൈലിയില്‍ അയര്‍ലണ്ടിലെ ഗ്രാമങ്ങളിലുള്ള നഴ്സിംഗ് ഹോമുകള്‍ തേടി ഈ ഏജന്റ് എത്തുന്നത്.നഴ്സിംഗ് ഹോമിലെ മലയാളികളായ നഴ്സുമാരുടെ സഹായത്തോടെ ഒന്നോ രണ്ടോ നഴ്സുമാരെ കെയറര്‍മാരായി ജോലിയ്ക്ക് കയറ്റാനായെങ്കില്‍ സമാധാനമായി.പട്ടിണി കിടന്നാണെങ്കിലും നാലോ അഞ്ചോ മാസം കൊണ്ട് മുടക്കിയ പണവും ഊരിയെടുത്ത് മടങ്ങുന്ന ഉദ്യോഗാര്‍ത്ഥികളും ഉണ്ടെന്നു പറയപ്പെടുന്നു.

നിയമാനുസൃതം ജോലി ചെയ്യാന്‍ അനുമതിയില്ലാത്ത കാലത്ത് ,അന്യമായ ഒരു രാജ്യത്തിലെ ഉള്‍ പ്രദേശങ്ങളിലുള്ള നഴ്സിംഗ് ഹോമുകളില്‍ ജീവന്‍ പണയം വെച്ച് ജോലി ചെയ്യുന്ന ഇത്തരം മലയാളികളാണ് ഏജന്റുമാരുടെ കുത്സിത തന്ത്രങ്ങളിലെ ഒന്നാമത്തെ ഇരകള്‍ .കൂടെ ജോലി ചെയ്യുന്ന മലയാളി സ്റ്റാഫുകള്‍ പോലും അംഗീകാരം ഇല്ലാത്തതിനാലും,അനധികൃതമായി ജോലിയ്ക്ക് കയറിപറ്റിയവര്‍ എന്ന നിലയിലും ഇവരോട് അകല്‍ച്ച പാലിക്കുന്നതിനാല്‍ നരക തുല്യമായി തങ്ങളുടെ ജീവിതമെന്നാണ് ഓഫലിയിലെ ഒരു ഉദ്യോഗാര്‍ത്ഥി ‘ഐറിഷ് മലയാളി’യോട് പറഞ്ഞത്.വാഹന സൗകര്യം പോലും ഇല്ലാത്ത മേഖലകളില്‍ ഏജന്റുമാര്‍ തള്ളിയിരിക്കുന്ന ഒന്നോ രണ്ടോ പേരടങ്ങുന്നവരുടെ കാര്യമാണ് ഏറെ കഷ്ടം.ഒന്ന് മിണ്ടിപറഞ്ഞിരിക്കാന്‍ പോലും ആരുമില്ല..കൊണ്ട് വന്ന ഏജന്റുമാരില്‍ പലരുമാവട്ടെ ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കാറില്ല.

കൗണ്ടി റോസ് കോമണില്‍ ഇങ്ങനെ കെയററായി എത്തിയ ഒരു കുട്ടി പറഞ്ഞു.’അയര്‍ലണ്ടില്‍ എത്തിയതിന് ശേഷം,മൂന്നു മാസം കൊണ്ട് കുറഞ്ഞത് എട്ടു കിലോഗ്രാം ശരീരഭാരമാണ്.!ജോലി ഭാരത്താല്‍ ഭക്ഷണവും ഉറക്കവും മാത്രമല്ല ,മനഃ സമാധാനം പോലുമില്ല !.ആരും ഉത്തരവാദിത്വം ഏല്‍ക്കാന്‍ ഇല്ലാത്തതിന്റെ ബലത്തില്‍ ചില നഴ്സിംഗ് ഹോം ഉടമകള്‍ ഇവരെ കൊണ്ട് അമിത ജോലിയും എടുപ്പിക്കുന്നുണ്ട്.

കെയറര്‍മാരായി ജോലി ചെയ്യുന്നവരാണ് ഭാഗ്യം ചെയ്തവരെന്നാണ് ഒരു ഏജന്ട് പറയുന്നത്.നഴ്സിന്റെ ഉത്തരവാദിത്വവുമില്ല,പണിയുമില്ല പരമ സുഖമല്ലേ അവര്‍ക്ക്?ഇദ്ദേഹം ചോദിക്കുന്നു.

നഴ്സുമാരെ ജോലി നേടാന്‍ സഹായിക്കുന്ന ഏജന്റുമാരെ ആര്‍ക്ക് കുറ്റപ്പെടുത്താന്‍ കഴിയും?ഇവര്‍ കേരളത്തില്‍ നിന്നും ശ്രമിച്ചാല്‍ എത്രപേര്‍ക്ക് ഇവിടെ നേരിട്ട് എത്താനാവും ?ഗള്‍ഫില്‍ പോകാന്‍ പത്തും ഇരുപത് ലക്ഷവും മുടക്കുമ്പോള്‍ പരമാവധി എട്ടു ലക്ഷമല്ലേ ഞങ്ങള്‍ വാങ്ങുന്നുള്ളു …അങ്ങനെ പോകുന്നു ഏജന്റുമാരുടെ ന്യായവാദങ്ങള്‍.ഒരു കോടി മുതല്‍ അറുപതു കോടിയും,നൂറു കോടിയുമൊക്കെ മൂന്നോ നാലോ വര്‍ഷത്തെ പ്രയത്നത്തിലൂടെ തങ്ങള്‍ക്ക് ലഭിച്ചത് കാലത്തിന്റെ അനുകൂല സാഹചര്യവും,ദൈവാനുഗ്രഹവും(!)കൊണ്ടാണെന്ന് ഏജന്റുമാര്‍ പറഞ്ഞാല്‍ ആര്‍ക്കാണ് നിഷേധിക്കാനാവുക.(ചിരിക്കേണ്ട….. പണി തുടരാന്‍ തന്നെയാണ് ഇവരുടെയൊക്കെ തീരുമാനം,,,പത്രക്കാര്‍ ഉണ്ടാക്കുന്ന വിവാദങ്ങള്‍ ഒരാഴ്ചയില്‍ അധികം നീളില്ലെന്നാണ് അവരുടെ പക്ഷം !)നിയമം ലംഘിക്കും തന്നെ…

ഏതൊക്കെ എജന്ടുമാരുടെ അതിക്രമങ്ങള്‍ എണ്ണിപ്പറഞ്ഞാലും ഒന്നോ രണ്ടോ മാസങ്ങള്‍ കൊണ്ട് ഏജന്റുമാരും,ഉദ്യോഗാര്‍ത്ഥികളും പഴയ ട്രാക്കിലേക്ക് തിരിച്ചെത്തും.പണം വാങ്ങി അവരെ സഹായിക്കാനും,പണം കൊടുത്ത് എങ്ങനെയും ജോലിനേടാനും ഇരുകൂട്ടരും മത്സരിക്കും.ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ വാശിയോടെ,ഇപ്പോള്‍ വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ അളവില്‍ അഴിമതിയും,ചൂഷണവും ഇവിടെ തുടരും.

നിശബ്ദമായി ഇരിക്കാനുള്ള സമയമാണോ മലയാളിയ്ക്ക് ഇത് ?സഹോദര തുല്യരായ ഉദ്യോഗാര്‍ത്ഥികളെ ഏജന്റുമാരുടെ ചൂഷണത്തില്‍ നിന്നും രക്ഷിക്കാന്‍ എന്ത് ചെയ്യാനാവും ? അതാണ് അയര്‍ലണ്ടിലെ മലയാളികള്‍ക്ക് ചര്‍ച്ച ചെയ്യാനാവുന്നത്.അതിനൊരു തുടക്കമിടുകയാണ് ഐറിഷ് മലയാളി അടുത്ത ദിവസങ്ങളില്‍ ‘ഏജന്റുമാരുടെ തട്ടിപ്പു കെണിയില്‍ നിന്നും അയര്‍ലണ്ടിലേക്കുള്ള ഉദ്യോഗാര്‍ത്ഥികളെ എങ്ങനെ രക്ഷിക്കാം ?(തുടരും)

ഐറിഷ് മലയാളി ന്യൂസ് ബ്യുറോ

Scroll To Top