Thursday February 23, 2017
Latest Updates

അയര്‍ലണ്ടിലെ രക്ഷിതാക്കള്‍ ശ്രദ്ധിക്കുക : സ്‌കൂളുകളിലെ പഠന സമ്പ്രദായം മാറുന്നു , മാറ്റങ്ങളോടെ ‘ജൂനിയര്‍ സൈക്കിള്‍ പ്രോഗ്രാം’

അയര്‍ലണ്ടിലെ രക്ഷിതാക്കള്‍ ശ്രദ്ധിക്കുക : സ്‌കൂളുകളിലെ പഠന സമ്പ്രദായം മാറുന്നു , മാറ്റങ്ങളോടെ ‘ജൂനിയര്‍ സൈക്കിള്‍ പ്രോഗ്രാം’

ഡബ്ലിന്‍ :അയര്‍ലണ്ടിലെ സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തിലെ സുപ്രധാന മാറ്റം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജൂണിയര്‍ സെര്‍റ്റ് പഠനത്തിന്റെ നവീകരണം അടുത്ത വര്‍ഷം മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.ഫസ്റ്റ് സ്റ്റാന്‍ഡേര്‍ഡു മുതല്‍ (12 വയസ് മുതല്‍ 15 വയസു വരെയുള്ള വിഭാഗത്തിന് )2014 മുതലാണ് പഠന രീതികളില്‍ മാറ്റം ഉണ്ടാകുക.

ജൂനിയര്‍ സെര്‍ട്ട് മൊഡ്യൂള്‍ മാറിയിരിക്കുകയാണ്. രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആകാംഷയോടെ ഉറ്റുനോക്കുന്നത് സിലബസില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങളും മൊഡ്യൂളില്‍ ചേര്‍ത്തിരിക്കുന്ന ഷോര്‍ട്ട് കോഴ്‌സുകളും അസസ്‌മെന്റുകളും മികച്ചതായിരിക്കുമോ എന്നു തന്നെയാണ്. എങ്ങിനെയായിരിക്കും ഇനി ജൂനിയര്‍ സൈക്കിളിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നത് സംബന്ധിച്ച രൂപരേഖ പുറത്തു വിട്ടു.

ജൂനിയര്‍ സെര്‍ട്ടില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങളില്‍ പ്രധാനപ്പെട്ടത് അതിന്റെ പേരു തന്നെയാണ്. ഇനിമുതല്‍ ജൂനിയര്‍ സര്‍ട്ടിഫിക്കറ്റ് എന്നപേരില്‍ ഇത് അറിയപ്പെടില്ല.

2014 മുതല്‍ മാറ്റങ്ങള്‍ പ്രാവര്‍ത്തികമാക്കപ്പെടും. നിശ്ചയിക്കപെട്ടിരിക്കുന്ന പരീക്ഷകള്‍ റദ്ദാക്കപ്പെടുകയോ മാറ്റങ്ങളോടെ അവതരിപ്പിക്കപ്പെടുകയോ ചെയ്യാന്‍ തുടങ്ങുകയുമാണ്.ജൂനിയര്‍ സൈക്കിള്‍ പ്രോഗ്രാം എന്ന പേരില്‍ സ്‌കൂള്‍ തലത്തില്‍ പരീക്ഷകള്‍ നടത്തപ്പെടുകയും ചെയ്യും. വിഷയങ്ങളെ ആസൂത്രണം ചെയ്ത് അവതരിപ്പിക്കാനും തെറ്റുകള്‍ തിരുത്താനും അദ്ധ്യാപകര്‍ സന്നദ്ധരായിരിക്കുകയും ചെയ്യും.എന്നാല്‍ പൊതു പരീക്ഷ ഒഴിവാകുന്നു എന്നാ പ്രത്യേകതയുമുണ്ട്.

ടൈംടേബിളുകളും പൂര്‍ണ്ണമായും മാറ്റപ്പെടും.ഷോര്‍ട്ട് കോഴ്‌സുകള്‍ കുട്ടികള്‍ക്കുവേണ്ടി നടപ്പിലാക്കാനും സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.ഇത്തരം കോഴ്‌സുകള്‍ കുട്ടികളുടെ ആവശ്യങ്ങള്‍ക്കും കഴിവുകള്‍ക്കും അനുസരിച്ചുള്ളതായിരിക്കും. 8മുതല്‍ 10വരെ വിഷയങ്ങളാണ് പരീക്ഷയ്ക്കായി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

2010ല്‍ ഒഇസിഡി റാങ്കിംഗില്‍ 15കാര്‍ക്കിടയില്‍ കണ്ട നിരാശാജനകമായ കണക്കുകളാണ് ഇത്തരത്തില്‍ ഒരു മാറ്റത്തിന് ഇപ്പോള്‍ പ്രേരണയായിരിക്കുന്നത്. മനപാഠം പഠിക്കുന്നത് നിര്‍ത്തി സ്വതന്ത്രമായ വായനയിലൂടെ അറിവ് സമ്പാദിക്കുകയാണ് കുട്ടികള്‍ ചെയ്യേണ്ടതെന്ന് ഇതിനകം തന്നെ പല പഠനങ്ങളും വ്യക്തമാക്കിയിട്ടുമുണ്ട്.

അയര്‍ലണ്ടിലെ കുട്ടികള്‍, പൊതുവെ ആയാസരഹിതമായ െ്രെപമറി തലത്തില്‍ നിന്നും ഫസ്റ്റ് സ്റ്റാന്‍ഡേര്‍ഡില്‍ എത്തുമ്പോള്‍ മുതല്‍ കഠിനമായ സ്‌ട്രെസ് അനുഭവിക്കേണ്ടി വരുന്നു എന്നാണു കണ്ടെത്തലുകള്‍.ഇതേ തുടര്‍ന്ന് പഠനം ലഘൂകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത് .

ഫിന്‍ലാണ്ട്, ന്യൂസിലാണ്ട് തുടങ്ങി പല വികസിത രാജ്യങ്ങളും പിന്തുടര്‍ന്നുപോരുന്ന വിദ്യാഭ്യാസ സമ്പ്രദായവും പരീക്ഷാരീതികളുമാണ് പുതിയ മാറ്റത്തിലൂടെ അയര്‍ലണ്ടിലും നടപ്പിലാക്കാന്‍ പോകുന്നത്. പരീക്ഷയില്‍ 60ശതമാനം മാര്‍ക്കുകള്‍ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലും 40ശതമാനം സ്‌കൂളിനു വെളിയിലുള്ള പ്രൊജക്ട് വര്‍ക്കുകളുടെ അടിസ്ഥാനത്തിലുമാണ് ഇനി നിശ്ചയിക്കപ്പെടാന്‍ പോകുന്നത്. രണ്ടാം വര്‍ഷത്തിന്റെ തുടക്കം മുതല്‍ മൂന്നാം വര്‍ഷത്തിന്റെ അവസാനം വരെ വിദ്യാര്‍ത്ഥികളില്‍ഉണ്ടായിരിക്കുന്ന കഴിവുകളെക്കുറിച്ചും മുന്നേറ്റങ്ങളെ കുറിച്ചും അവരെ ബോധ്യപ്പെടുത്തുകയും വേണം.

ഏറ്റവും കൂടിയത് പത്തു വിഷയങ്ങളാണ് ഉണ്ടായിരിക്കുക. ഇതില്‍ പരമ്പരാഗത വിഷയങ്ങള്‍ക്കുപുറമേ ഷോര്‍ട്ട് കോഴ്‌സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുക്കാം. ഐറിഷ്, ഇംഗ്ലീഷ്, കണക്ക്, സയന്‍സ് തുടങ്ങിയ വിഷയങ്ങള്‍ നിര്‍ബന്ധമാണ്.
ഒരു ട്രഡീഷണല്‍ വിഷയത്തിന് തുല്യമാണ് രണ്ടു ഷോര്‍ട്ട് കോഴ്‌സുകള്‍ എന്നാണ് കണക്കാക്കിയിരിക്കുന്നത്.വളരെ മികച്ച ഷോര്‍ട്ട് കോഴ്‌സുകളാണ് പല വിദ്യാഭ്യാസ സ്ഥാപനങ്ങളും നടപ്പിലാക്കാന്‍ പോകുന്നത്.

എട്ടോളം ഷോര്‍ട്ട് കോഴ്‌സുകളാണ് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കരിക്കുലം ആല്‍ഡ് അസസ്‌മെന്റ് (എന്‍സിസിഎ) സ്‌കൂളുകള്‍ക്കായി വികസിപ്പിച്ചെടുത്തിരിക്കുന്നത്. ചൈനീസ് ഭാഷ, ഡിജിറ്റല്‍ മീഡിയ ലിറ്ററസി, ആര്‍ട്ടിസ്റ്റിക് പെര്‍ഫോമന്‍സ്, കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ആന്‍ഡ് കോഡിംഗ് തുടങ്ങിയവയും ഷോര്‍ട്ട് കോഴ്‌സുകളായി എന്‍സിസിഎ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സ്‌കൂളുകളുടെ താല്പര്യങ്ങള്‍ക്കനുസരിച്ചുള്ള കോഴ്‌സുകള്‍ തിരഞ്ഞെടുക്കാനും എന്‍സിസിഎ അനുവദിക്കുന്നു. സ്‌കൂളുകള്‍ പരസ്പരം തിരഞ്ഞെടുക്കുന്ന ഷോര്‍ട്ട് കോഴ്‌സുകളെപ്പറ്റിയുള്ള വിവരങ്ങള്‍ കൈമാറണമെന്നും എന്‍സിസിഎ പറയുന്നു. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുകൂലമായ തരത്തിലുള്ള ഷോര്‍ട്ട് കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ സ്‌കൂളുകള്‍ തന്നെ ശ്രദ്ധപതിപ്പിക്കണമെന്നാണ് എന്‍സിസിഎ പറയുന്നത്.

ഡൊണഗലിലെ കില്ലിവെഗ്‌സിലുള്ള ഒരു സ്‌കൂള്‍ മത്സ്യ വ്യവസായവുമായി ബന്ധപ്പെടുന്ന ഒരു ഷോര്‍ട്ട് കോഴ്‌സ് ആരംഭിക്കുകയാണ് ചെയ്തത്. കംപ്യൂട്ടര്‍ ഗെയിമുകളുമായി ബന്ധപ്പെടുന്ന ഒരു ഡെയിം ഡെവലപര്‍ ഇലക്ട്രോണിക് ആര്‍ട്ടുമായി ബന്ധപ്പെട്ടിരിക്കുന്ന ഷോര്‍ട്ട് കോഴ്‌സ് ഗാല്‍വേയിലെ ഒരു സ്‌കൂള്‍ തുടങ്ങിയിരുന്നു. സ്‌കൂളിലെ അദ്ധ്യാപകര്‍ തന്നെയാണ് കോഴ്‌സുകള്‍ അഭ്യസിപ്പിക്കാനും മുന്നോട്ടുവരിക.

രണ്ടാം ലവലില്‍ വരുന്ന ആദ്യ മൂന്നുവര്‍ഷങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരുടെ നിയന്ത്രണത്തില്‍ തന്നെ ആയിരിക്കും. പ്രബന്ധങ്ങളും പ്രൊജക്ടുകളും പോര്‍ട്ട്‌ഫോളിയോ വര്‍ക്കുകളും വിദ്യാര്‍ത്ഥികള്‍ സ്വയം തന്നെ ചെയ്യേണ്ടതുമാണ്. പരീക്ഷയുടെ വന്‍ കടമ്പ ഇനി അവരുടെ മനസുകളില്‍ ഭയം നിറയ്ക്കുകയില്ല.

കട്ടിയായിട്ടുള്ള സെര്‍ട്ട് എക്‌സാമില്‍ നിന്നും മാറി വളരെ ലളിതമായ രീതിയിലുള്ള ജൂനിയര്‍ സൈക്കിള്‍ പ്രോഗ്രാമിലേക്ക് ഒരു മാറ്റമാണ് നടക്കുന്നത്.എങ്കിലും ഇത് വളരെ വെല്ലുവിളി നേരിടേണ്ടിവരുന്ന ഒരു ജോലി തന്നെയാണ്.

ഒട്ടേറെ വിഷയങ്ങള്‍ നിര്‍ബന്ധമല്ലാതാവാന്‍ പോവുകയാണ്. ഇപ്പോള്‍ ഹിസ്റ്ററി, ജ്യോഗ്രഫി പോലുള്ള വിഷയങ്ങള്‍ നിര്‍ബന്ധമാണ്. എന്നാല്‍ പുതിയ രീതി അനുസരിച്ച് പല സ്‌കൂളുകളും ഈ വിഷയങ്ങള്‍ നിര്‍ബന്ധമല്ലാതാക്കിമാറ്റാന്‍ ഒരുങ്ങുകയുമാണ്.

2014ഓടെ തന്നെ ഒട്ടുമിക്ക സ്‌കൂളുകളും ഷോര്‍ട്ട് കോഴ്‌സുകള്‍ അവരുടെ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തും. എന്‍സിസിഎ നിര്‍ദ്ദേശിച്ച പുതിയ ഇംഗ്ലീഷ് കോഴ്‌സുകള്‍ സ്‌കൂളുകള്‍ നടപ്പിലാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് 2017ല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും.

പുതിയ ഐറിഷ്, സയന്‍സ് ആന്‍ഡ് ബിസിനസ് സ്റ്റഡീസ് കോഴ്‌സുകള്‍ 2015ല്‍ ആരംഭിക്കും. ആദ്യ സര്‍ട്ടിഫിക്കേഷന്‍ 2018ല്‍ ആയിരിക്കും. 2016ല്‍ മോഡേണ്‍ ലാംഗ്വേജ്, ഹോം ഇകണോമിക്‌സ്, മ്യൂസിക്, ജ്യോഗ്രഫി, ആര്‍ട്ട്, ക്രാഫ്റ്റ് ആന്‍ഡ് ഡിസൈനിംഗ് തുടങ്ങിയ കോഴ്‌സുകള്‍ ആരംഭിക്കും. ഇതിന്റെ ആദ്യ സര്‍ട്ടിഫിക്കേഷന്‍ 2019ലായിരിക്കും.

2017ല്‍ ആരംഭിക്കുന്ന ഗണിതശാസ്ത്രം, ടെക്ലോളജി സബ്ജക്ട്‌സ്, മത പഠനം, ജ്യൂയിഷ് പഠനം, ക്ലാസിക്‌സ്, ചരിത്രം തുടങ്ങിയ വിഷയങ്ങള്‍ക്കായുള്ള ആദ്യ സര്‍ട്ടിഫിക്കേഷന്‍ 2020ലും നടക്കും.like-and-share

Scroll To Top