Saturday November 25, 2017
Latest Updates

അയര്‍ലണ്ടിലെ മാനസികാരോഗ്യമേഖലയില്‍ മാത്രം ആവശ്യമുള്ളത് 2000 പുതിയ നഴ്സുമാരെ, എച്ച് എസ് ഇ റിക്രൂട്ട്‌മെന്റുകള്‍ ഫലവത്താവുന്നില്ലെന്ന് പരാതിയുയരുന്നു 

അയര്‍ലണ്ടിലെ മാനസികാരോഗ്യമേഖലയില്‍ മാത്രം ആവശ്യമുള്ളത് 2000 പുതിയ നഴ്സുമാരെ, എച്ച് എസ് ഇ റിക്രൂട്ട്‌മെന്റുകള്‍ ഫലവത്താവുന്നില്ലെന്ന് പരാതിയുയരുന്നു 

ഡബ്ലിന്‍ :ആവശ്യത്തിന് നഴ്സുമാരില്ലാത്തതിനാല്‍ അയര്‍ലണ്ടിലെ മാനസികാരോഗ്യ ചികിത്സാ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ മാനസികാരോഗ്യരംഗത്തെ മൊത്തത്തില്‍ മെച്ചപ്പെടുത്തുന്നതിനായി ആവിഷ്‌കരിച്ച വിഷന്‍ ഫോര്‍ ചേയ്ഞ്ച് പ്രോഗ്രാമാണ് ആവശ്യത്തിന് ജീവനക്കാരില്ലാതെ അവതാളത്തിലായത്.വിഷന്‍ ഫോര്‍ ചേയ്ഞ്ച് പ്രോഗ്രാമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രം 12778 നഴ്സുമാരെയാണ് ആവശ്യമുള്ളത്. എന്നാല്‍ 10815 പേര്‍ മാത്രമാണ് മാനസികരോഗ ചികില്‍സാ രംഗത്തുള്ളത്.

ഈ പദ്ധതി നടപ്പാക്കാന്‍ അടിയന്തരമായി 2000 നഴ്സുമാരെക്കൂടി ആവശ്യമായുണ്ട്.ഈ പശ്ചാത്തലത്തിലും എച്.എസ്.ഇയുടെ നിയമന നടപടികളില്‍ യാതോരു പുരോഗതിയുമില്ല. ഇത്രയും ജീവനക്കാരുടെ കുറവുള്ളപ്പോള്‍ എച്.എസ്.ഇ ഈ വര്‍ഷം നിയമിച്ചത് വെറും 93 പേരെ മാത്രമാണ്.പത്ത് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച വിഷന്‍ ഫോര്‍ ചേയ്ഞ്ച് പ്രോഗ്രാമിന്റെ ലക്ഷ്യം നേടുന്നതിന് 2000 നഴ്സുമാരെക്കൂടി കൂടി ആവശ്യമുണ്ടെന്ന് സൈക്യാട്രിക് നഴ്സസ് അസോസിയേഷന്‍ സ്ഥിരീകരിക്കുന്നു.

മാനസികരോഗ ചികില്‍സാ രംഗത്തെ റിക്രൂട്ട്മെന്റുകളില്‍ അസാധാരണമായ മെല്ലെപ്പോക്കുണ്ടെന്ന് നേരത്തേതന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനാല്‍ പദ്ധതിയില്‍ പ്രതീക്ഷ നഷ്ടപ്പെട്ടതായി പിഎന്‍എ ജനറല്‍ സെക്രട്ടറി പീറ്റര്‍ ഹ്യൂഗ്സ് പറഞ്ഞു.

റിക്രൂട്ട്മെന്റ് നടപടികള്‍ തീര്‍ത്തും നിരാശാജനകമാണെന്ന് അസോസിയേഷന്‍ വക്താവ് ഡെറെക് കുന്നിംഗ്ഹാം പറഞ്ഞു.പൊതു ആത്മഹത്യാനിരക്കില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും യുവാക്കളിലെ ആത്മഹത്യകള്‍ കൂടുകയാണ്.15-19 വയസ്സിനിടയിലുള്ളവരുടെ ആത്മഹത്യയില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ അയര്‍ലണ്ടിന് നാലാം സ്ഥാനമാണുള്ളത്.

മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഐറീഷ് യുവതയെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന് നാഷണല്‍ യൂത്ത് കൗണ്‍സില്‍ ഓഫ് അയര്‍ലണ്ട് ചൂണ്ടിക്കാട്ടി.32 മില്യന്‍ യൂറോയുടെ പ്രോഗ്രാമുകള്‍ ഉടന്‍ നടപ്പാക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.

Scroll To Top