Sunday October 21, 2018
Latest Updates

അയര്‍ലണ്ടിലെ മലയാളികള്‍ക്കും അടുത്ത ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനാവും,മുക്ത്യാര്‍ വോട്ടിനുള്ള ബില്ലിന് ലോകസഭയുടെ അംഗീകാരമായി 

അയര്‍ലണ്ടിലെ മലയാളികള്‍ക്കും അടുത്ത ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനാവും,മുക്ത്യാര്‍ വോട്ടിനുള്ള ബില്ലിന് ലോകസഭയുടെ അംഗീകാരമായി 

ഡബ്ലിന്‍:; പ്രവാസി ഇന്ത്യക്കാര്‍ക്ക് രാജ്യത്തെ തിരഞ്ഞെടുപ്പുകളില്‍ പകരക്കാരെ ഉപയോഗിച്ച് വോട്ടുചെയ്യാന്‍ (പ്രോക്സി വോട്ട്) അനുവദിക്കുന്ന ജനപ്രാതിനിധ്യ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. നേരത്തെ ഇതുസംബന്ധിച്ച ബില്ലിന് കേന്ദ്രസര്‍ക്കാര്‍ അന്തിമരൂപം നല്‍കിയിരുന്നു. എന്നാല്‍, പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചിരുന്നില്ല. ബില്ലിന് അനുമതി ലഭിച്ചതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് രാജ്യത്ത് വോട്ടുചെയ്യാനുള്ള സാഹചര്യം അടുത്തു.

ഉദാഹരണമായി,ഇന്ത്യയിലെ ഏതെങ്കിലും നിയമസഭാ/പാര്‍ലിമെന്റ് മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയില്‍ പേരുള്ള അയര്‍ലണ്ടില്‍ താമസിക്കുന്ന ഒരാള്‍ക്ക് ,അയാള്‍ ചുമതലപ്പെടുത്തുന്ന അതേ മണ്ഡലത്തില്‍ താമസക്കാരനായ മറ്റൊരാളെ വോട്ടു ചെയ്യാനായി ചുമതലപ്പെടുത്താനാവും.

നിലവില്‍ വിദേശ ഇന്ത്യാക്കാര്‍ക്ക് തങ്ങള്‍ സ്ഥിരതാമസമാക്കിയ സ്ഥലത്തെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവകാശമുണ്ട്. എന്നാല്‍ രാജ്യത്ത് നേരിട്ടെത്തി മാത്രമേ വോട്ടവകാശം വിനിയോഗിക്കാന്‍ കഴിയൂ. ഇതിനെതിരെ ദുബായിലെ സംരംഭകന്‍ ഡോ. വി.പി. ഷംഷീര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പ്രവാസികള്‍ക്ക് കൂടി സമ്മതിദാനാവകാശം വിനിയോഗിക്കാവുന്ന രീതിയില്‍ തിരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്യാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജനപ്രതാനിധ്യ നിയമത്തിലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്തത് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു.

എന്നാല്‍ ഇന്ന് ബില്‍ സഭയുടെ പരിഗണനയ്ക്ക് എടുത്തപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടു. വിദേശ ഇന്ത്യാക്കാരുടെ വോട്ടുകള്‍ സ്വാധീനിക്കപ്പെടാന്‍ ഇടയാകുമെന്നായിരുന്നു ആക്ഷേപം. എന്നാല്‍ ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ ജനങ്ങളെ വിശ്വസിക്കുമ്പോള്‍ പ്രവാസി ഇന്ത്യാക്കാരെ എന്തിന് അവിശ്വസിക്കണമെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ചോദിച്ചു. ഏതാണ്ട് രണ്ടരക്കോടിയിലധികം ഇന്ത്യാക്കാര്‍ വിദേശരാജ്യങ്ങളില്‍ കഴിയുന്നുണ്ടെന്നാണ് നിലവിലെ കണക്കുകള്‍.

ബില്ല് ഇനി രാജ്യസഭയും പാസാക്കേണ്ടതുണ്ട്.

Scroll To Top