Monday February 20, 2017
Latest Updates

അയര്‍ലണ്ടിലെ മലയാളികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത … വസന്തപ്പൂമഴയുമായി തൊഴില്‍ മേഖല

അയര്‍ലണ്ടിലെ മലയാളികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത … വസന്തപ്പൂമഴയുമായി തൊഴില്‍ മേഖല

ഡബ്ലിന്‍:അയര്‍ലണ്ടിലെ മലയാളികള്‍ക്ക് ഇപ്പോള്‍ ഒരു സന്തോഷവാര്‍ത്ത. ഇനി ജോലി തേടി അധികം അലയേണ്ട.നിങ്ങളെ കാത്ത് നല്ലകാലം വരുന്നു ! പത്ര പരസ്യങ്ങളും മറ്റും കരിയര്‍ വാര്‍ത്തകളും സൂചിപ്പിക്കുന്നതും അത് തന്നെയാണ്. പല വമ്പന്‍ കമ്പനികളും അയര്‍ലണ്ടില്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കാനായി നിക്ഷേപങ്ങള്‍ നടത്തി തുടങ്ങിയിരിക്കുന്നു.
മൈക്രോസോഫ്റ്റ്, പേപല്‍, ഫുജിറ്റ്‌സു തുടങ്ങി ഒട്ടനവധി ലോകോത്തര കമ്പനികളാണ് അയര്‍ലണ്ടിനെ ലക്ഷ്യമിട്ട് ഇറങ്ങിയിരിക്കുന്നത്. ഇതിലൂടെ ഇവിടെ സൃഷ്ടിക്കപ്പെടാന്‍ പോകുന്നത് ആയിരക്കണക്കിന് തൊഴില്‍ സാധ്യതകളാണ്.
തൊഴില്‍ സാധ്യത തീരെയില്ലാത്ത രാജ്യമെന്ന ദുഷ്‌പേര് മാറുകയാണ്.ഉന്നത ബിരുദധാരികളായ നൂറുകണക്കിന് മലയാളികള്‍ അടക്കമ്മുള്ള നിരവധി ഇന്ത്യാക്കാരാണ് അര്‍ഹമായ ജോലി ലഭിക്കാതെ ഇപ്പോള്‍ അയര്‍ലണ്ടില്‍ ഉള്ളത്.അവര്‍ക്കും ഇന്ത്യയില്‍ നിന്നും പുതിയതായി പഠനത്തിനെത്തുന്നവര്‍ക്കും തീര്‍ച്ചയായും സന്തോഷത്തിനുള്ള വാര്‍ത്തകള്‍ ഇനിയും കൂടുതല്‍ വരാനിരിക്കുന്നു എന്നാണു ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം
എന്നാല്‍ ഇവിടെ ഉണ്ടാവാന്‍ പോകുന്ന തൊഴില്‍ സാധ്യതകളില്‍ മുഴുവനായും എടുക്കാന്‍ യോഗ്യരായിട്ടുള്ളവരുടെ എണ്ണം കുറവുമാണ്. അതിനാല്‍ തന്നെ പല കമ്പനികളും തൊഴില്‍ തേടിനടക്കുന്ന യോഗ്യരായവര്‍ക്കുവേണ്ടിയുള്ള അന്വേഷണം അയര്‍ലണ്ടിനു പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
അഞ്ചു വര്‍ഷത്തെ സാമ്പത്തിക പ്രതിസന്ധികള്‍ക്കു ശേഷം അയര്‍ലണ്ട് അഭിമുഖീകരിക്കേണ്ടി വരുന്ന മറ്റൊരു പ്രശ്‌നമാണ് അര്‍ഹതയില്ലാത്തവരെ ജോലിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നത്. ഒട്ടുമിക്ക യൂറോപ്യന്‍ രാജ്യങ്ങളിലെയും അവസ്ഥയും വ്യത്യസ്ഥമല്ല. ആയിരങ്ങളാണ് തൊഴിലില്ലാതെ പുറത്തു നില്‍ക്കേണ്ടി വരുന്നത്. ഇതേ പോലെ ജോലിയില്‍ പ്രവേശിക്കുന്നവരില്‍ പകുതിയിലേറെപ്പേര്‍ക്കും അവരുടെ കഴിവിനും യോഗ്യതയ്ക്കും മുകളില്‍ നില്‍ക്കുന്ന ജോലിയിലേക്ക് പ്രവേശിക്കേണ്ടിയും വരുന്നു.
വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള ആളുകളെ പ്രതീക്ഷിച്ചാണ് പല പുതിയ ജോലി സംരംഭങ്ങളും രാജ്യങ്ങള്‍ ആവിഷ്‌കരിക്കുന്നതെന്നാണ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇകണോമിക് കോപറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റിന്റെ സീനിയര്‍ ലേബര്‍ ഇകണോമിസ്റ്റായ ഗ്ലെന്റ ക്വിന്റിനി പറഞ്ഞത്. എന്നാല്‍ പല തൊഴില്‍ മേഖലകളിലും അര്‍ഹരായിട്ടുള്ളവരല്ല തൊഴിലെടുക്കുന്നതെന്നും ഇപ്പോള്‍ പുറത്തു തൊഴിലില്ലാത്ത യുവാക്കളില്‍പോലും ഇനി പുതുതായി കൊണ്ടുവരാന്‍പോകുന്ന മേഖലകളില്‍ തൊഴില്‍ സ്വീകരിക്കാനുള്ള യോഗ്യതയും ഇല്ലെന്നും ഗ്ലെന്റ കൂട്ടിച്ചേര്‍ത്തു.
തൊഴില്‍ ദാതാക്കളായ പല കമ്പനികളുടെയും പരാതി അവര്‍ക്കാവശ്യമുള്ള യോഗ്യത ബിരുദധാരികളായ യുവാക്കളില്‍ ഇല്ലെന്നതു തന്നെയാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറിയതോടെ കഴിവുകളും തൊഴിലും തമ്മില്‍ ബന്ധമില്ലാതാവുകയും ഷിഫ്റ്റുകള്‍ മോശം രീതിയിലേക്കായിത്തീരുകയും ചെയ്തതായി യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. പല ആളുകളും എന്‍ജിനീയറിംഗ്, സയന്‍സ്, ടെക്‌നോളജി വിഭാഗങ്ങളിലെ ബിരുദം കരസ്ഥമാക്കിയ ശേഷം തിരഞ്ഞെടുക്കുന്നത് മാര്‍ക്കറ്റിംഗ് മേഖലയായിരിക്കും.
രണ്ട് ലക്ഷത്തോളം തൊഴില്‍ സാധ്യതകളാണ് നികത്തപ്പെടാതെ ഇപ്പോഴും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍ ഉള്ളത്. ഇത് 2010ല്‍ ഉള്ള കണക്കുകളോട് വളരെ സാമ്യവുമുണ്ട്. ഇതില്‍ ഹോട്ടല്‍ വെയ്റ്റര്‍ ജോലി മുതല്‍ കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് വരെ ഉണ്ടെന്നുള്ളതാണ് വാസ്തവം.
കഴിഞ്ഞ നവംബറില്‍ യൂറോഫൗണ്ട് പുറത്തുവിട്ട പഠന റിപ്പോര്‍ട്ട് പ്രകാരം സാമ്പത്തിക മാന്ദ്യത്തിനു ശേഷം 40 ശതമാനം കമ്പനികളാണ് അവര്‍ക്കാവശ്യമായ യോഗ്യതയുള്ള തൊഴിലാളികളെ കിട്ടുന്നില്ല എന്ന് പരാതിയുമായി രംഗത്തെത്തിയത്. ഇത് 2008ല്‍ 37ശതമാനവും 2005ല്‍ 35 ശതമാനവും ആയിരുന്നു.
ടെക്‌നോളജി ലെവലില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന കമ്പനികളാണ് ഇപ്പോള്‍ ഏറ്റവും കൂടുതലായി ഈ പ്രശ്‌നം അഭിമുഖീകരിക്കേണ്ടി വരുന്നത്. 2015 ആകുന്നതോടെ ടെക്‌നിക്കല്‍ മേഖലയില്‍ 900,000ത്തോളം തൊഴില്‍ സാധ്യതകള്‍ യൂറോപ്യന്‍ യൂനിയനില്‍ നികത്തപ്പെടാതെ കിടക്കുമെന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ മുന്നറിയിപ്പു നല്‍കുന്നത്.
അയര്‍ലണ്ടിലെ സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് ഒട്ടനവധി റീട്രെയിനിംഗുകളും ഉപരിപഠന കോഴ്‌സുകളും ആരംഭിക്കുകയുണ്ടായി. എന്നാല്‍ ആ സമയത്ത് ആകെ 14ശതമാനത്തോളം തൊഴിലില്ലായ്മ നിരക്കായിരുന്നു രേഖപ്പെടുത്തിയത്. ഇന്ന് തൊഴിലില്ലായ്മ നിരക്ക് വര്‍ദ്ധിക്കുകയും കഴിവും യോഗ്യതയും ഉള്ള ജോലിക്കാരെ ലഭിക്കുക ബുദ്ധിമുട്ടാവുകയും ചെയ്തിരിക്കുകയാണ്.
അയര്‍ലണ്ടില്‍ 12.5ശതമാനത്തോളമാണ് കോര്‍പറേഷന്‍ ടാക്‌സ് റേറ്റ്. ഇവിടെ ഇംഗ്ലീഷ് നല്ലരീതിയില്‍ കൈകാര്യം ചെയ്യുന്ന ഒരു വര്‍ക് ഫോഴ്‌സും നിലവിലണ്ട്. ഇത്തരത്തിലൊക്കെ ആയിരുന്നാലും കൂടുതല്‍ കമ്പനികളും പുറമെ നിന്നുള്ള യോഗ്യതയുള്ളവരെ തിരഞ്ഞുപിടിക്കേണ്ട അവസ്ഥയിലാണ്.
കഴിഞ്ഞ വേനല്‍കാലത്ത് പെപലിന്റെ ഐറിഷ് ചീഫ് എക്‌സിക്യുട്ടീവ് ലൂയിസ് ഫെലാന്‍ കമ്പനിയിലെ 500റോളം വേകന്‍സികള്‍ നികത്താനായി മറ്റു 19രാജ്യങ്ങളിലായി റിക്രൂട്ട്‌മെന്റ് സംഘടിപ്പിച്ചതിലൂടെയാണ് പ്രശ്‌നം അതിന്റെ ഉച്ഛസ്ഥായിലെത്തിയത്. അതിന് കാരണമായത് ഐറിഷുകാരുടെ വിദേശഭാഷകളിലുള്ള അറിവില്ലായ്മയായിരുന്നു.ഇത്തരം അവസരങ്ങള്‍ മലയാളികള്‍ക്ക് പ്രയോജനപ്പെടുത്താന്‍ ആയേക്കും .
ഇതേ കാലയളവില്‍ തന്നെ ഫുജിറ്റ്‌സു കമ്പനി അയര്‍ലണ്ടില്‍ നിയമിച്ച 800റോളം പ്രൊഫഷണലുകളില്‍ ഭൂരിഭാഗവും മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പിഎച്ച്ഡിക്കാരെയാണ് പരിഗണിച്ചിരിക്കുന്നത്.
ഇത്തരത്തില്‍ അയര്‍ലണ്ടിലെ പല കമ്പനികളിലെയും ഭൂരിഭാഗം ജോലിക്കാരെയും തിരഞ്ഞെടുത്തത് കഴിവുകളുടെ അടിസ്ഥാനത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും തന്നെയാണ്. പല കമ്പനികളും ജോലിക്ക് മതിയായ യോഗ്യത ഇല്ലാത്തവരെ നിയമിക്കുന്നതിനാല്‍ തന്നെ ലാഭമില്ലാത്ത വ്യാപാരം നടത്തേണ്ട അവസ്ഥയുമാണ്.
ടെക്‌നോളജിയുമായി ബന്ധപ്പെട്ട ജോലികളിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കപ്പെടേണ്ടിവരുന്നതും. കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാര്‍ ബാക് ടു വര്‍ക് പദ്ധതിയുമായി മുന്നോട്ടുവന്നത്.
എന്നാല്‍ ഇപ്പോഴും കഴിവും യോഗ്യതയുമുള്ള ബിരുദധാരികളെ തിരയുകയാണ് കമ്പനികള്‍. പല രാജ്യക്കാര്‍ക്കും അവസരങ്ങള്‍ ലഭിക്കുമെന്നാണ് പൊതുവെയുള്ള ധാരണ. അയര്‍ലണ്ടിലാണ് കമ്പനികള്‍ പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതെങ്കിലും കൂടുതല്‍ യോഗ്യതയില്ലാത്ത ജോലിക്കാരെ നിയമിക്കുക എന്നതിലും ഉപരിയായി കമ്പനി തങ്ങളുടെ ലാഭവും വളര്‍ച്ചയും തന്നെയാണ് ലക്ഷ്യമിടുക. അതിനാല്‍ യോഗ്യതയുള്ളവരാണെങ്കില്‍ നിങ്ങള്‍ക്കും ജോലി ലഭിച്ചേക്കാം.

Scroll To Top