Sunday February 19, 2017
Latest Updates

അയര്‍ലണ്ടിലെ മലയാളികളും പ്രശ്‌നങ്ങളും ഉത്തരങ്ങളും

അയര്‍ലണ്ടിലെ മലയാളികളും പ്രശ്‌നങ്ങളും ഉത്തരങ്ങളും

അയര്‍ലണ്ടിലേയ്ക്ക് മലയാളികളുടെ കുടിയേറ്റം പ്രധാനമായും തുടങ്ങിയത് രണ്ടയിരാമാണ്ടോട് കൂടിയാണ്

.നീണ്ട പതിനാല് വര്‍ഷങ്ങള്‍ കൊണ്ട് വ്യതിരിക്തമായ ഒരു സമൂഹമെന്ന നിലയില്‍ ഇവിടുത്തെ മലയാളി സമൂഹം ഏറെ വളര്‍ച്ച പ്രാപിച്ചു കഴിഞ്ഞു

മലയാളി സമൂഹത്തിലെ 15 ശതമാനം പേര്‍ക്കെങ്കിലും ഐറിഷ് പൗരത്വം ലഭിച്ചു കഴിഞ്ഞു .നൂറുകണക്കിന് പേര്‍ അതിനുള്ള പാതിവഴിയിലാണ് .

എങ്കിലും ഈ രാജ്യത്തിന്റെതായ ചില പരിമിതികള്‍ കാരണം മലയാളി സമൂഹത്തിന് കൃത്യമായ ഒരു ദിശാബോധം ചിട്ടപ്പെടുത്താന്‍ ഇനിയും സാധിച്ചിട്ടില്ലെന്നും പറയേണ്ടിയിരിക്കുന്നു .ഇവിടെ തുടരണോ എന്ന് ഇപ്പോഴും ആശങ്കപ്പെടുന്നവര്‍ ഏറെയാണ് .

ഭാഷാപരമായ തടസങ്ങള്‍ ,സാംസ്‌കാരികമായ വ്യത്യസ്ഥ മനോഭാവം ,വിവരങ്ങള്‍ കൃത്യമായ രീതിയില്‍ മനസിലാക്കി എടുക്കാനുള്ള കഴിവിന്റെ അഭാവം ,എന്നിവയൊക്കെ മലയാളി സമൂഹത്തിലെ ചിലരെയെങ്കിലും അലോസരപ്പെടുത്തുന്നുണ്ട്

ഈ രാജ്യത്തിന്റെ നിയമങ്ങള്‍ ,അനുവര്‍ത്തിക്കേണ്ട ചട്ടങ്ങള്‍ ,ജീവിതപ്രവര്‍ത്തന ശൈലികള്‍ എന്നിവയെ കുറിച്ചുള്ള പരിമിതമായ അറിവാണ് നമ്മില്‍ പലര്‍ക്കുമുള്ളത്. അതു കൊണ്ട് തന്നെ അയര്‍ലണ്ടിന്റെ മുഖ്യധാരാ ജീവിതവുമായി പൂര്‍ണ്ണമായി ഇഴുകി ചേരാന്‍ നമുക്കിനിയും ആയിട്ടില്ല.

ഏറെ സാധ്യതകള്‍ ഉള്ള ഒരു രാജ്യമാണ് അയര്‍ലണ്ട്. പക്ഷേ ആ സാധ്യതകളെ കണ്ടെത്താനുള്ള പരിശ്രമങ്ങളില്‍ പോലും മലയാളിക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കുന്നില്ലെന്നതാണ് സത്യം. ഒരു സംരംഭം അയര്‍ലണ്ടില്‍ എങ്ങനെ തുടങ്ങണം ,ഇത്രയും ഭൂമി വെറുതെ കിടക്കുന്ന അയര്‍ലണ്ടില്‍ കൃഷിയോ ടൂറിസമോ പോലെയുള്ള മേഖലകളില്‍ നമ്മുക്ക് പ്രവര്‍ത്തിക്കാനാവുമോ ?,വിവിധ രംഗങ്ങളില്‍ നിന്നും ലഭ്യമായ ഗ്രാന്റുകള്‍ ,സബ്‌സിഡികള്‍ എന്നിവ നമ്മുക്ക് കൂടി എങ്ങനെ പ്രയോജനപ്പെടുത്താം .അയര്‍ലണ്ടിലെ തൊഴില്‍ മേഖലയില്‍ എങ്ങനെ കാര്യക്ഷമമായി ഇടപെടാനാവും ..ഇവിടുത്തെ മുഖ്യധാരാ രാഷ്ട്രീയ രംഗത്തും ,ജനാധിപത്യ ഭരണക്രമത്തിലും നാം എങ്ങനെ പങ്കുചേരണം എന്നൊക്കെയുള്ള വിഷയങ്ങളില്‍ മലയാളി സമൂഹത്തിലെ അംഗങ്ങള്‍ക്ക് ഇനിയും ഏറെ അറിവും ,ധാരണകളും നേടേണ്ടിയിരിക്കുന്നു .
ജോലി സ്ഥലത്തെ സംഘര്‍ഷം അയര്‍ലണ്ടിലെ എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്നു എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല .
ഒപ്പം വ്യക്തിപരവും കുടുംബപരവുമായ മേഖലകളിലും ഇവിടുത്തെ കുടിയേറ്റ സമൂഹം ഒട്ടേറെ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നുണ്ട്.

ഇത്തരം സമസ്യകള്‍ക്കൊക്കെ കൃത്യമായ ഒരു പരിഹാരം ചര്‍ച്ച ചെയ്യാനോ .നിര്‍ദേശിക്കാനോ കഴിവുള്ളവര്‍ ഇവിടെ ഏറെയുണ്ടെങ്കിലും അതിനായുള്ള ഒരു വേദി നമ്മുക്കില്ലെന്നത് ഒരു യാഥാര്‍ധ്യമാണ്. ചുരുക്കത്തില്‍ അത്യന്തം സങ്കീര്‍ണ്ണമായ അവസ്ഥയില്‍ നിന്നാണ് അയര്‍ലണ്ടിലെ മലയാളികള്‍ പൊരുതിക്കൊണ്ടിരിക്കുന്നത് .

അത്തരമൊരു പശ്ചാത്തലത്തിലാണ് മേല്‍ പറഞ്ഞ മേഖലകളില്‍ ഒക്കെ അയര്‍ലണ്ടിലെ മലയാളികള്‍ക്ക് സഹായവും മാര്‍ഗ നിര്‍ദേശവും നല്‍കാനുള്ള സന്നദ്ധതയുമായി അയര്‍ലണ്ടിലെയും കേരളത്തിലെയും ഒരു പറ്റം സാമൂഹ്യ പ്രവര്‍ത്തകരും പ്രൊഫഷലുകളും മുന്നോട്ടു വന്നിരിക്കുന്നത് .അവരെ ഒരേ കുടക്കീഴില്‍ അണിനിരത്തുക എന്ന ദൗത്യം ഏറ്റെടുക്കാന്‍ ‘ഐറിഷ് മലയാളി’ക്ക് സന്തോഷമുണ്ട് .

വിദഗ്ധരുമായി സംവദിക്കുവാനും ചര്‍ച്ചകളില്‍ പങ്കു ചേരാനും അയര്‍ലണ്ടിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സന്തോഷ പൂര്‍വ്വം സ്വാഗതം ചെയ്യുന്നു .നിങ്ങളുടെ സുഹൃത്തുക്കളെയും ഇതില്‍ പങ്കുചേരാന്‍ ഓര്‍മിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ് .നിങ്ങളുടെ വാക്കുകള്‍ മുഖേനയോ ,സോഷ്യല്‍ മീഡിയകളില്‍ കൂടിയുള്ള പ്രചരണം വഴിയോ ഐറിഷ് മലയാളിയുടെ ഈ ഉദ്യമത്തെ നിങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്ന് കരുതുകയാണ് .

പുതിയ പംക്തികള്‍ ഒക്‌റ്റോബര്‍ ഒന്ന് മുതല്‍ ഐറിഷ് മലയാളിയില്‍ തുടങ്ങും
ആരൊക്കെയാണ് നിങ്ങളോടൊപ്പം സംവദിക്കാന്‍ ഉള്ളത് ,എന്തൊക്കെയാണ് വിഷയങ്ങള്‍ ,എന്നിവയൊക്കെ ഓരോന്നായി നാളെ മുതല്‍ ‘ഐറിഷ് മലയാളിയില്‍’ പ്രസിദ്ധീകരിക്കുന്നുണ്ട് .ദയവായി കാത്തിരിക്കുക .

ഐറിഷ് മലയാളിയുടെ ഈ ഉദ്യമത്തില്‍ അയര്‍ലണ്ടിലെ എല്ലാ മലയാളികളുടെയും സഹകരണവും പങ്കാളിത്വവും ഒരിക്കല്‍ കൂടി അഭ്യര്‍ഥിച്ചു കൊള്ളട്ടെ

എഡിറ്റര്‍ (ഐറിഷ് മലയാളി ന്യൂസ് )

Scroll To Top