Tuesday February 21, 2017
Latest Updates

അയര്‍ലണ്ടിലെ മയക്കുമരുന്ന് മാഫിയയ്ക്ക് പിന്നില്‍ ചൈനീസ് സിന്‍ഡിക്കേറ്റ് ,ലൂക്കനില്‍ കൊല്ലപ്പെട്ട റസലിംഗ് താരത്തിന് ഓരോ ഗേമിനും 20000 യൂറോ പ്രതിഫലം ചൈനീസ് വക !….

അയര്‍ലണ്ടിലെ മയക്കുമരുന്ന് മാഫിയയ്ക്ക് പിന്നില്‍ ചൈനീസ് സിന്‍ഡിക്കേറ്റ് ,ലൂക്കനില്‍ കൊല്ലപ്പെട്ട റസലിംഗ് താരത്തിന് ഓരോ ഗേമിനും 20000 യൂറോ പ്രതിഫലം ചൈനീസ് വക !….

ഡബ്ലിന്‍ :അയര്‍ലണ്ടിലെ മയക്കുമരുന്ന് വ്യാപാരത്തിന് ചുക്കാന്‍ പിടിക്കുന്നത് ചൈനീസ് സിന്‍ഡിക്കേറ്റാണെന്ന ആരോപണവുമായി ഗാര്‍ഡ രംഗത്തെത്തി. അയര്‍ലണ്ടില്‍ അധോലോകത്തിന്റെ ക്രൂരതകള്‍ക്ക് അവസാനമായി ഇരയായ റസലിംഗ് താരത്തിന് ഓരോ മത്സരത്തിനും 20,000 യൂറോയോളം ഒരു ചൈനീസ് സിന്‍ഡിക്കേറ്റ് നല്‍കിയിരുന്നതായി തെളിവുകള്‍ ലഭിച്ചു.
വെസ്റ്റ് ഡബ്ലിനിലെ റൊനാന്‍സ്ടൗണില്‍ വച്ച് ഒരു മയക്കുമരുന്നു ഡീലറിനെയും റസലിംഗ് താരത്തെയും ചൈനാക്കാരനെയും ഒരുമിച്ച് കാറില്‍ സഞ്ചരിക്കവേ ഗാര്‍ഡ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു.അന്ന് ചോദ്യം ചെയ്തപ്പോഴാണ് ലൂക്കനില്‍ കഴിഞ്ഞയാഴ്ച്ച അജ്ഞാതരുടെ വെടിയേറ്റ് മരിച്ച റസലിംഗ്താരം ജെയിംസ് ടാല്‍ബട്ട് ചൈനീസ് ബന്ധം വ്യക്തമാക്കിയതെന്ന് ഇപ്പോള്‍ ഗാര്‍ഡ വ്യക്തമാക്കുന്നു.

46കാരനായ ജെയിംസ് ടാല്‍ബട്ടും ക്രിമിനല്‍ പശ്ചാത്തലമുള്ള ഹെറോയിന്‍ ഡീലര്‍ ആയിരുന്നുവെന്നും ചൈനീസ് സംഘത്തിന് വേണ്ടി ജോലിയെടുത്തിരുന്നുവെന്നുമാണ് ഗാര്‍ഡ അധികൃതര്‍ പറയുന്നത്.അറിയപ്പെടുന്ന കേജ് ഫൈറ്റര്‍ കൂടിയായിരുന്ന ടാല്‍ബട്ടിന് പണം വാഗ്ദാനം ചെയ്തുകൊണ്ടാണ് ചൈനക്കാര്‍ അദ്ദേഹത്തെ വലയിലാക്കിയത്.ഒപ്പം മയക്കമരുന്ന് ഡീലറാവുന്നത് വഴി കൂടുതല്‍ വരുമാനവും വാഗ്ദാനം ചെയ്തു.

ടാല്‍ബട്ടിന്റെ മൊഴിയെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അയര്‍ലണ്ടിലെ മയക്കുമരുന്ന് മാഫിയയ്ക്ക് പിന്നിലുള്ള ചൈനീസ് ഇടപെടല്‍ കണ്ടെത്തിയതാണ് റസലിംഗ് താരത്തെ ഭീകര ആക്രമണത്തിന് ഇരയാക്കി കൊലപ്പെടുത്താന്‍ കാരണമായതെന്ന് കരുതപ്പെടുന്നു.

എന്നാല്‍ ഇപ്പോഴും കൊലപാതകത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. ശരിയായ കാരണം എന്താണെന്നുള്ളത് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇപ്പോഴും സംശയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആ മേഖലയില്‍ കഴിഞ്ഞ വേനല്‍ക്കാലത്ത് രണ്ടോളം കൊലപാതകങ്ങള്‍ നടന്നിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സൗത്ത് ഇന്നര്‍സിറ്റിയിലുള്ള ഒരു ഗുണ്ടാ സംഘത്തിന് മയക്കുമരുന്നുകള്‍ കടമായി നല്‍കാന്‍ ടാല്‍ബട് വിസമ്മതിച്ചിരുന്നതായി ഗാര്‍ഡ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.മയക്ക് മരുന്ന് മൊത്തമായി വാങ്ങിയ ഇനത്തില്‍ ഇയാള്‍ ചൈനീസ് സംഘത്തിന് പണം നല്‍കാനുള്ളതായും പറയപ്പെടുന്നു.

ടാല്‍ബട്ട് ലൂക്കനിലെ വീട്ടില്‍വച്ച് കൊല്ലപ്പെടുമ്പോള്‍ അയാളുടെ ഭാര്യയും നാലു മക്കളും വീട്ടിലുണ്ടായിരുന്നതായും ഗാര്‍ഡ വ്യക്തമാക്കി.

വീടിന്റെ വാതില്‍ തുറന്ന സമയത്താണ് ടാല്‍ബട്ടിന് വെടിയേറ്റത്. നെഞ്ചില്‍ ഒന്നില്‍ കൂടുതല്‍ വെടിയുണ്ടകള്‍ തുളഞ്ഞുകയറിയ അവസ്ഥയിലായിരുന്നു ശരീരം കിടന്നിരുന്നത്.

ഗാര്‍ഡ ഉദ്യോഗസ്ഥര്‍ എത്തുമ്പോഴും ടാല്‍ബട്ട് ജീവനോടെ തന്നെയായിരുന്നു ഉണ്ടായിരുന്നത്. പാരാമെഡിക്‌സ് എത്തിയ ശേഷം ബ്ലഞ്ചാഡ്‌സ്ടൗണിലെ കൊണോലി ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ വച്ചാണ് മരണം സ്ഥിരീകരിച്ചത്.

ടാല്‍ബട്ട് മുന്‍ ബോക്‌സര്‍ ആയിരുന്നുവെങ്കിലും ഇയാളിലും ക്രിമിനല്‍ പശ്ചാത്തലം ഉണ്ടായിരുന്നുവെന്നാണ് അന്വേഷണങ്ങള്‍ വ്യക്തമാക്കുന്നത്. 1998 ജനുവരിയില്‍ 300,000 യൂറോയുടെ ഹെറോയിന്‍ പിടിച്ചതിന് ഏഴുവര്‍ഷത്തെ തടവു ശിക്ഷ ടാല്‍ബട്ടിന് ലഭിച്ചിട്ടുണ്ട്.

റഷ്യയിലും,മെക്‌സിക്കോയിലുമടക്കം വന്‍ കടന്നുകയറ്റം നടത്തിയ ചൈനീസ് സിന്‍ഡിക്കേറ്റ് ഇപ്പോള്‍ അയര്‍ലണ്ടിലെ മയക്കുമരുന്ന് വ്യാപാരങ്ങള്‍ക്ക് പിന്നിലും എത്തിയിരിക്കുന്നു എന്ന കണ്ടെത്തല്‍ ഗൗരവപൂര്‍വമായാണ് എടുത്തിരിക്കുന്നത് എന്നാണ് ഗാര്‍ഡ പറയുന്നത്.

Scroll To Top