Monday June 25, 2018
Latest Updates

അയര്‍ലണ്ടിലെ ഭവനമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം വള്‍ച്ചര്‍ ഫണ്ടുകള്‍ എന്ന് ഫിയാനഫാള്‍,ആഗോള ധനകാര്യ കമ്പനികളെ നിയന്ത്രിക്കാന്‍ ബില്‍ ഉടനെ 

അയര്‍ലണ്ടിലെ ഭവനമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം വള്‍ച്ചര്‍ ഫണ്ടുകള്‍ എന്ന് ഫിയാനഫാള്‍,ആഗോള ധനകാര്യ കമ്പനികളെ നിയന്ത്രിക്കാന്‍ ബില്‍ ഉടനെ 

ഡബ്ലിന്‍:മോര്‍ട്ട് ഗേജ് കടങ്ങള്‍ വള്‍ച്ചര്‍ ഫണ്ടുകള്‍ക്ക് വില്‍ക്കാനുള്ള ബാങ്ക്കളുടെ ഏറ്റവും പുതിയ നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി ഫിയന ഫെയില്‍ രംഗത്ത്. 75 ശതമാനം വരെ ഷെയറുകള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകള്‍ , 4 ബില്ല്യണ്‍ യൂറോ വരുന്ന വായ്പ വള്‍ച്ചര്‍ ഫണ്ടുകള്‍ക്ക് വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന സാഹചര്യത്തിലാണ് വില്‍ക്കാന്‍ പാടില്ല എന്ന് ആവശ്യവുമായി ഫിയാന ഫാള്‍ ഫിനാന്‍സ് വക്താവ് മൈക്കല്‍ മക്ഗ്രാത്ത് രംഗത്തെത്തിയത്.രാജ്യത്തെ ഭവനമേഖലയെ മുഴുവന്‍ തകര്‍ത്തത് അമേരിക്കന്‍ വള്‍ച്ചര്‍ ഫണ്ടുകളാണ് എന്നാണ് പാര്‍ട്ടിയുടെ അഭിപ്രായം.

തിരിച്ചടവില്‍ പൂര്‍ണ്ണമായോ ഭാഗികമായോ വീഴ്ച വരുത്തിയ വായ്പകളാണ് ഇത്തരത്തില്‍ വില്‍ക്കാന്‍ ഒരുങ്ങുന്നതെന്നു ബാങ്കുകള്‍ വ്യക്തമാക്കുമ്പോഴും എല്ലാ വായ്പകളും തിരിച്ചടവില്‍ മുടക്കം വന്നവയാണെന്നു പറയാന്‍ ആകില്ലെന്ന് മക്ഗ്രാത്ത് വ്യക്തമാക്കി. ആര്‍ടിഇ യുടെ ‘മോണിംഗ് അയര്‍ലന്‍ഡില്‍’ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാങ്കുമായി ഇടപഴകുന്ന അല്ലെങ്കില്‍ പേയ്‌മെന്റ് ക്രമീകരണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ഉപഭോക്താക്കളെ വായ്പ തിരിച്ചടവ് നടത്താത്ത ഉപഭോക്താക്കളായി തരം തിരിച്ചിരിക്കുന്നത് തെറ്റായ നടപടിയാണെന്ന് മക്ഗ്രാത്ത് പ്രസ്താവിക്കുന്നു. പിഎസ്റ്റിബി 2014 ലും മോര്‍ട്ട്‌ഗേജ് ലോണുകള്‍ 488 മില്യണ്‍ യൂറോയ്ക്ക് വള്‍ച്ചര്‍ ഫണ്ടുകള്‍ക്ക് വിറ്റിരുന്നു. ഐറിഷ് മോര്‍ട്ടഗേജ് ഹോള്‍ഡേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഈ നീക്കത്തെ എതിര്‍ത്തിരുന്നെങ്കിലും വില്‍പ്പന നടന്നു.ഇപ്പോള്‍ രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷി ഉപഭോക്താക്കള്‍ക്ക് അനുകൂലമായി രംഗത്തെത്തിയിരിക്കുന്നതോടെ കളം മാറും.

അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ വള്‍ച്ചര്‍ ഫണ്ട് പൂര്‍ണമായി നിയന്ത്രണവിധേയമാക്കാന്‍ ബില്‍ അവതരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനമെടുത്തതായി ഫിയന ഫെയില്‍ അറിയിച്ചു. ഇപ്പോള്‍, ഉപഭോക്താവിനും വള്‍ച്ചര്‍ ഫണ്ടിനും ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഇടനില സേവന ദാതാക്കള്‍ കേന്ദ്ര ബാങ്കിന്റെ നിയമത്തിന് കീഴില്‍ നിയന്ത്രിക്കപ്പെടേണ്ടതാണെന്നും അവര്‍ വ്യക്തമാക്കി.

ഐറിഷ് ഭവനവായ്പകളുടെ വില്‍പനയില്‍ ഉള്‍പ്പെടുന്ന എല്ലാ കാര്യങ്ങളും നിയന്ത്രിക്കണമെന്നും മക്ഗ്രത്ത് അഭിപ്രായപ്പെടുന്നു. ഇത് സംബന്ധിച്ച കാര്യങ്ങളില്‍ പി ടി എസ് ബി ,യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക്, ധനകാര്യമന്ത്രി പാസ്‌കല്‍ ഡോണ എന്നിവയുമായി ആശയവിനിമയം നടത്തുന്നതായി മക്ഗ്രാത്ത് പറഞ്ഞു.

ഐറിഷ് കര്‍ഷകര്‍, ചെറുകിട ബിസിനസ്സ് ഉടമകള്‍, ചെറിയ വീട്ടുജോലിക്കാര്‍ എന്നിവരുടെ അടക്കമുള്ള വായ്പകള്‍ അവരുടെ അനുമതിയില്ലാതെ വിറ്റഴിക്കുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളോടും ഗവണ്മെന്റിനോടും ബില്ലിനെ പിന്തുണയ്ക്കുന്നതിനും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം , ഉപപ്രധാനമന്ത്രി സൈമണ്‍ കോവെ ഉപഭോക്താക്കള്‍ക്ക് ഭാവിയില്‍ അവരുടെ ഭൂപണയ വായ്പ കൈകാര്യം എങ്ങനെ നടക്കും എന്നതിനെകുറിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നതു മനസിലാക്കിയതായി പറഞ്ഞു.

Scroll To Top