Wednesday January 17, 2018
Latest Updates

അയര്‍ലണ്ടിലെ പുതിയ റോഡ് നിയമം ഡിസംബര്‍ മുതല്‍ പ്രാബല്യത്തിലെത്തും ,മദ്യപരെ കൂടുതല്‍ അപമാനിക്കുന്നതെന്ന് വിമര്‍ശനം

അയര്‍ലണ്ടിലെ പുതിയ റോഡ് നിയമം ഡിസംബര്‍ മുതല്‍ പ്രാബല്യത്തിലെത്തും ,മദ്യപരെ കൂടുതല്‍ അപമാനിക്കുന്നതെന്ന് വിമര്‍ശനം

ഡബ്ലിന്‍: ഡിസംബറില്‍ പ്രാബല്യത്തിലെത്താന്‍ പോകുന്ന പുതിയ മോട്ടോര്‍ വാഹന നിയമത്തെക്കുറിച്ചുള്ള ചര്‍ച്ചയാണെങ്ങും. ഒരു ഗ്ലാസ് വൈന്‍ കഴിച്ചു പോലും ഡ്രൈവ് ചെയ്യാന്‍ പറ്റാത്ത നിലയിലേക്കുള്ള നിയമത്തിന്റെ മാറ്റം എങ്ങനെ ബാധിക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ആളുകളെ പേരുപറഞ്ഞ് നാണം കെടുത്തുന്ന ഈ നിയമത്തെക്കുറിച്ചുള്ള ആശങ്ക പരക്കെ ഉയര്‍ന്നിട്ടുണ്ട്. അതോടൊപ്പം ഒട്ടേറെ വിമര്‍ശനങ്ങളും നിയമത്തിനെതിരെയുണ്ട്.

മദ്യപിച്ചുള്ള ഡ്രൈവിംഗിനെ ആരും സ്വാഗതം ചെയ്യുന്നില്ലെങ്കിലും ഇത്രയും കാര്‍ക്കശ്യത്തോടെ ഒരു രാജ്യവും അതിനെ കൈകാര്യം ചെയ്യുന്നില്ലെന്നു ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. അത്തരമൊരു അടിയന്തിര സാഹചര്യം ഇവിടെയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.കാനഡ,ന്യൂസിലാന്‍ഡ്,സൗത്ത്ആഫ്രിക്ക,യുകെ തുടങ്ങിയ സമീപ രാജ്യങ്ങളൊന്നും ഈ നിയമം നടപ്പാക്കിയിട്ടില്ല.
യുകെയിലും ഇത്തരം പ്രചാരണങ്ങള്‍ നടക്കാറുണ്ടെങ്കിലും അത് വര്‍ഷത്തില്‍ രണ്ടു തവണ മാത്രമാണ്. ആ സമയത്ത് കര്‍ക്കശ്ശമായ പരിശോധനകള്‍ നടത്തുമെന്നല്ലാതെ തുടര്‍പരിപാടിയായി അത് മാറുന്നില്ല. എന്നാല്‍ അയര്‍ലണ്ടില്‍ ഇത് പൊതുനിയമമെന്ന നിലയില്‍ സ്ഥിരം സംവിധാനമാവുകയാണ്.മദ്യപിച്ചെന്ന സംശയത്തില്‍ കോടതിയില്‍ ഹാജരാക്കുന്നവരെ മാത്രമേ പോലിസ് യുകെയില്‍ മീഡിയയ്ക്കു മുന്നിലെത്തിക്കുന്നുള്ളു. എന്നാല്‍ അയര്‍ലണ്ടില്‍ ശിക്ഷിക്കപ്പെട്ടവരുടെ പേരുകള്‍ റെക്കോഡ് ചെയ്യപ്പെടുകയാണ്.മാത്രമല്ല, മദ്യപിച്ചതിനു പിടിയിലായവരുടെ ഏരിയ തിരിച്ചുള്ള കണക്കുകളും വെബ്സൈറ്റിലെത്തും. അത് ആ പ്രദേശത്തിനു തന്നെ മാനഹാനിയുണ്ടാക്കുമെന്നും പലരും ചിന്തിക്കുന്നു.

മറ്റൊരു പ്രധാന വിമര്‍ശനം എല്ലാ റോഡ് കുറ്റകൃത്യങ്ങള്‍ക്കും ഒരേ നിയമം ബാധകമാക്കുന്നുവെന്നതാണ്.അപകടകരമായ ഡ്രൈവിംഗ്, മരണം വരുത്തിയ ഡ്രൈവിംഗ്,മരുന്നടിച്ചുള്ള ഡ്രൈവിംഗ് തുടങ്ങി എല്ലാ കുറ്റകൃത്യങ്ങളേയും ഒരേ കണ്ണിലൂടെയാണ് ആര്‍എസ്എ കാണുന്നത്.മാത്രമല്ല രാജ്യത്ത് 12 പെനാല്‍റ്റി പോയിന്റുകള്‍ നേടി അയോഗ്യരാക്കപ്പെട്ട ഡൈവര്‍മാരെ ആരും അറിയാതെ പോകുമ്പോള്‍ ഒരു ഗ്ലാസ് വൈന്‍കഴിച്ച് വാഹനമോടിച്ചവനെ പിടികൂടി പത്രത്തില്‍ പേരുകൊടുത്ത് നാണം കെടുത്തുന്നതിനെ ന്യായീകരിക്കാനാവില്ലെന്ന വാദവുമുണ്ട്.

ഇത്തരത്തില്‍ പിടിക്കപ്പെടുന്നവരുടെ പേരുകള്‍ ആര്‍ എസ് എയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനൊപ്പം മീഡിയകളിലുമെത്തിക്കുന്നു.
മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്ന് അയോഗ്യരാക്കപ്പെട്ട 131 ഡ്രൈവര്‍മാര്‍ ഇപ്പോഴും സി,ഡി കാറ്റഗരി ലൈസന്‍സുമായി വാനുകളും ട്രക്കുകളും ഓടിക്കുന്നുവെന്ന സംഗതിയും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ജീവിക്കാന്‍ വേണ്ടിയുള്ള ഓട്ടമാണ് അതെന്ന പ്രതികരണമാണ് ആര്‍എസ്എ വക്താവില്‍ നിന്നുണ്ടായത്.ഇതിനെ അന്യായമെന്നു വിമര്‍ശിക്കുന്നവരുണ്ട്.

എന്നാല്‍ ഇത്തരം നിയമങ്ങള്‍ കാര്‍ക്കശ്യമായി നടപ്പാക്കുന്നതിലൂടെ ഒരു ജീവനെങ്കിലും രക്ഷിക്കപ്പെട്ടാല്‍ അതു തന്നെയാണ് പുതിയ പരിഷ്‌കാരത്തിന്റെ ഏറ്റവും വലിയ നേട്ടമെന്ന നിലപാടിലാണ് മന്ത്രി ഷെയ്ന്‍ റോസ്. ആര്‍ എസ് എ അധ്യക്ഷയുടെ ചിന്തയില്‍ രൂപംകൊണ്ട ആശയമെന്ന നിലയില്‍ ഈ പരിഷ്‌കാരത്തെ വളരെ ഗൗരവത്തോടെയാണ് അതോറിറ്റി പരിഗണിക്കുന്നത്. വിവിധ വിക്ടിം സപ്പോര്‍ട്ട് ഗ്രൂപ്പുകളും ഈ നിയമത്തെ സ്വാഗതം ചെയ്തു രംഗത്തുവന്നിട്ടുണ്ട്.അനുകൂലിച്ചുകൊണ്ട് ആളുകള്‍ രംഗത്തുവരുമ്പോഴും ആളുകളുടെ സ്വകാര്യതയ്ക്കുനേരെയുള്ള ഒരു കടന്നുകയറ്റമായി ഈ നിയമത്തെ കാണുന്നവരാണ് ഏറെയും..

Scroll To Top