Friday November 16, 2018
Latest Updates

അയര്‍ലണ്ടിലെ പി സി പി കാര്‍ വായ്പയില്‍ കുടുങ്ങുന്നവരില്‍ മലയാളികളും ഏറെ; ഇനി രക്ഷപ്പെടാനും വഴി കണ്ടെത്തണം !

അയര്‍ലണ്ടിലെ പി സി പി കാര്‍ വായ്പയില്‍ കുടുങ്ങുന്നവരില്‍ മലയാളികളും ഏറെ; ഇനി രക്ഷപ്പെടാനും വഴി കണ്ടെത്തണം !

ഡബ്ലിന്‍: പിസിപി വാഹനവായ്പകള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വാണിജ്യലോകം.

ഒരു വാഹനം വാങ്ങാന്‍ ആഗ്രഹമുള്ളപ്പോള്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുക ഒരു പേഴ്‌സനല്‍ കോണ്‍ട്രാക്ട് പ്ലാന്‍ (പി സിപി) ലോണായിരിക്കും എന്ന അവസ്ഥയിലേയ്ക്ക് കൂടുതല്‍ പേര്‍ മാറുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് വാണിജ്യ സേവന മേഖലയിലെ ഉപഭോക്തൃ ജാഗ്രതാ സമിതികള്‍ രംഗത്തെത്തിയിരിക്കുന്നത്. കൊടിയ വഞ്ചന നടത്തി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന തരത്തിലേക്ക് ഇത്തരം വാഹനവായ്പാകള്‍ മാറുന്നതായാണ് വീണ്ടും ആരോപണം ശക്തമാവുന്നത്.

പുതിയതും ഉയര്‍ന്ന നിലവാരത്തിലുള്ളതുമായ കാറുകള്‍ കൂടുതലായി വാങ്ങാന്‍ ഉപഭോക്താക്കളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പിസിപിയുടെ ലോണ്‍ പദ്ധതി അവതരിപ്പിച്ചത്.കുറഞ്ഞ നിരക്കില്‍ മാസതവണ വ്യവസ്ഥയില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ കാര്‍ സ്വന്തമാകാമെന്നുള്ള പി സി പി യുടെ ഔദാര്യ പൂര്‍ണ്ണമായ പ്രഖ്യാപനം അയര്‍ലണ്ടില്‍ നിന്നുള്ള മലയാളികളടക്കം ധാരാളം ആളുകളെയാണ് ഈ ലോണിലേക്കു ആകര്‍ഷിച്ചിരുന്നത്.

മൂന്നു വര്ഷം കൊണ്ട് കാര്‍ വാങ്ങുന്നതിനു അധിക തുക ഒറ്റയടിക്ക് മുടക്കാതെ കാര്‍ വാങ്ങുന്നതിനുള്ള ആളുകളുടെ ആഗ്രഹം മുതലെടുക്കുന്ന രീതിയിലേക്കാണ് ഇപ്പോള്‍ മാറിയിരിക്കുന്നത്.

വാഹനത്തിന്റെ ആകെ തുകയുടെ 25 ശതമാനം ഡെപ്പോസിറ്റ് നല്‍കിയ ശേഷം ബാക്കി തുക മാസ തവണകളായി അടച്ചു തീര്‍ക്കാവുന്ന തരത്തിലായിരിക്കും വായ്പ. സാധാരണ മൂന്ന് വര്‍ഷമായിരിക്കും അടവ് കാലാവധി. പക്ഷേ ഏറെപ്പേരും വാഹനവായ്പയിലെ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ കാണാറില്ല.

മൂന്ന് വര്‍ഷം കഴിയുമ്പോള്‍ കാറിന്റെ റീസെയില്‍ മൂല്യം കണക്കാക്കിയായിരിക്കും അടവ് നിശ്ചയിക്കുക. ആ ഘട്ടത്തല്‍ വാഹനം തിരികെ കൊടുത്ത് മറ്റൊന്ന് വാങ്ങുകയോ അല്ലെങ്കില്‍ തുക അടച്ച് വാഹനം സ്വന്തമാക്കുകയോ ചെയ്യാമെന്നാണ് പിസിപിയുടെ ലോണ്‍ വ്യവസ്ഥ.

സമീപകാലത്ത് കാര്‍ ലോണുകളില്‍ ഏറ്റവും വളര്‍ച്ചയുള്ള രീതിയാണ് പിസിപി. ഇത്തരം വായ്പാരീതികള്‍ നിയന്ത്രിതമല്ലാത്തതിനാല്‍ എത്ര പിസിപി വായ്പക്കാര്‍ ഉണ്ടെന്നോ എത്ര ഉപഭോക്താക്കളാണ് ലോണ്‍ മുടക്കന്നത് എന്നോ കൃത്യമായി അറിയാനാവില്ല. 2012 ല്‍ 14,000 പിസിപി വാഹനവായ്പകളാണ് ഉണ്ടായിരുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ആ കണക്ക് 1,25000 ആയി ഉയര്‍ന്നു.

ചില പ്രത്യേക കമ്പനി കാറുകളുടെ കാര്യത്തില്‍ പിസിപി വായ്പകള്‍ ലാഭകരമല്ല. അധികവേ?ഗം വിലയിടിയുന്ന കാറുകള്‍ വായ്പാ വ്യവസ്ഥയില്‍ വാങ്ങുന്നത് തീര്‍ത്തും നഷ്മായിരിക്കും ഉണ്ടാക്കുക. നിങ്ങള്‍ക്ക് ഒരു ഓഡിയോ മുന്തിയ ഹ്യുണ്ടായി കാറോ വാങ്ങാനുള്ള ശേഷി ഉണ്ട് പക്ഷേ പണം മുഴുവനായി നേരിട്ട് നല്‍കാന്‍ ആ?ഗ്രഹില്ലാതിരിക്കുകയുമാണെങ്കില്‍ പിസിപി നല്ല സാധ്യതയാണ്. എന്നാല്‍ പേഴ്‌സണല്‍ കോണ്‍ട്രാക്റ്റ് ശരിയായി മുന്നോട്ട് പോയില്ലെങ്കില്‍ കാറിന്റെ വിലയേക്കാള്‍ തുക അടച്ചു തീര്‍ക്കേണ്ടി വരും.

സെന്‍ട്രല്‍ ബാങ്കിന്റെ നിയന്ത്രണം പിസിപി വാഹന വായ്പ സ്ഥാപനങ്ങള്‍ക്ക് മേല്‍ ഇല്ല എന്നതാണ് മറ്റൊരു പ്രശ്‌നം. ലോണ്‍ കൊടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഉത്പന്നത്തിന്റെ സങ്കീര്‍ണമായ പ്രത്യേകതകള്‍ അറിയാതെ ഉപഭോക്താവിനെ അത് എങ്ങനെ മനസിലാക്കാനാവും എന്നത് മറ്റൊരു പ്രശ്‌നം. കാര്‍ വാങ്ങാനെത്തുന്ന ഉപയോക്താവിന് അത് അനുയോജ്യമാണോ എന്ന് പരിശോധിക്കേണ്ട ബാധ്യത പിസിപി ലോണ്‍ നല്‍കുന്ന ധനകാര്യ സ്ഥാപനത്തിന് ഇല്ല എന്നതും പ്രശ്‌നമാണ്. കരാറിന്റെ മോശം വശങ്ങളേക്കുറിച്ച് ഉപഭോക്താവിന് പൂര്‍ണ്ണമായ ധാരണ ലഭിക്കില്ല എന്നതാണ് പിസിപിക്കെതിരായ മറ്റൊരു വിമര്‍ശനം. പളപളപ്പുള്ള ഒരു കാര്‍ വാങ്ങാനാവുമെന്ന തോന്നലുണ്ടാക്കുകയാണ് പിസിപി കമ്പനികള്‍ ചെയ്യുന്നത്. ലോണ്‍ എടുക്കുമ്പോള്‍ കാറിനുള്ള മൂല്യം ഇടിയുന്നതോടെ മുതല്‍ പൂര്‍ണ്ണമായും ഇല്ലാതാകുന്നു.

ലോണ്‍ കാലാവധി അവസാനിക്കുമ്പോള്‍ ആദ്യം വാങ്ങിയ കാര്‍ തിരിച്ചുകൊടുത്ത് പുതിയ പിസിപിയില്‍ പുതിയ കാര്‍ വാങ്ങാമെന്ന ധാരണ പലപ്പോഴും തകരും. ഭാവി മൂല്യം ഉറപ്പാണെന്ന് ബോധ്യപ്പെടുത്തിയായിരിക്കും കമ്പനി കാര്‍ വില്‍ക്കുക. എന്നാല്‍ ഒടുക്കം വലിയൊരു തുക അടയ്ക്കാന്‍ ബാക്കിയാവുകയാണ് ചെയ്യുന്നത്. പുതിയ കാര്‍ വാങ്ങാനുള്ള ലോണിനുള്ള ഡെപ്പോസിറ്റ് പോലും കൈയില്‍ ഉണ്ടാവില്ല. ബാക്കിയാവുന്ന തുക അടയ്ക്കാന്‍ കാര്‍ തിരിച്ചുകൊടുക്കേണ്ടി വരും. വാഹനത്തിന്റെ വിലയുടെ മുക്കാല്‍ പങ്കും അടച്ചുകഴിഞ്ഞിട്ടും  കൈയ്യില്‍  പണവും വാഹനവുമില്ലാതെ മടങ്ങേണ്ടി വരും പലപ്പോഴും!

കാര്‍ വിപണിയും വിലയുമൊക്കെ കൂടുതല്‍ പ്രവചനാതീതമായി മാറിക്കൊണ്ടിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങള്‍ മുതല്‍ വേണ്ടതും വേണ്ടാത്തതുമായ നിരവധി കാര്യങ്ങളാണ് അതിനെ സ്വാധീനിക്കുന്നത്. യുകെ കാറുകളുടെ ഇറക്കുമതി വര്‍ദ്ധിച്ചത് ഒരുപാട് മുന്‍നിര കമ്പനികളുടെ ഉത്പന്നങ്ങളെ ബാധിച്ചിട്ടുണ്ട്. ഭാവി മൂല്യം ഉറപ്പാക്കണമെന്നാണ് കാര്‍ വിപണയില്‍ നിന്ന് ലഭിക്കുന്ന ഉപദേശം.

പക്ഷേ എത്രപേര്‍ക്ക് ആത്മവിശ്വാസത്തോടെ അക്കാര്യം പ്രവചിക്കാനാവും എന്നതാണ് ചോദ്യം.
പി സി പി ലോണിന്റെ ദോഷവശങ്ങള്‍ പലതാണ്. ഒന്നാമതായി ലോണ്‍ ഒരു കുതന്ത്ര ബിസിനസ്സ് ആണ്. ഇത്തരം സാഹചര്യങ്ങളില്‍ ലോണ്‍ ഒഴിവാക്കുന്നുന്നതാണ് സ്വീകാര്യമായ നടപടി.രണ്ടാമതായി കൃത്യമായ നിയമ വ്യവസ്ഥകളോ ചട്ടങ്ങളോ ഇല്ലാത്തതാണ് ഈ കമ്പനി. അതിനാല്‍ തന്നെ കമ്പനി വ്യവസ്ഥകള്‍ മാറ്റങ്ങള്‍ക്കു വിധേയമാകാം

ലോണ്‍ നിയന്ത്രണ സംവിധാനവും തൃപ്തികരമല്ല എന്നത് ആശങ്കകള്‍ക്കു ഇടയാക്കുന്നതാണ്. പിസിപിസുകളിലെ ഏറ്റവും വലിയ റിസ്‌ക്, ഗ്യാരണ്ടീ ചെയ്യുന്ന മിനിമം ഭാവി മൂല്യവും ട്രേഡ് വിലയും തമ്മിലുള്ള വ്യത്യാസമാണ്. പുതിയ കാര്‍ വാങ്ങുമ്പോള്‍ കൈമാറ്റം ചെയ്യാന്‍ കഴിയുന്ന ‘ഇക്വിറ്റി’ ലോണ്‍ വ്യവസ്ഥയില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.എന്നാല്‍ ഇത് സെക്കന്റ് ഹാന്‍ഡ് കാറുകളുടെ വില നിലവാരത്തെ ആശ്രയിച്ചാണിരിക്കുന്നത്.

മാര്‍ക്കറ്റ് കണക്കുകള്‍ അനുസരിച്ചു രാജ്യത്തു വിറ്റഴിയുന്ന കാറിന്റെ 30 ശതമാനവും പി സി പി ലോണ്‍ വഴിയാണ് വിറ്റു പോകുന്നത്. ഒറ്റത്തവണ കൂടുതല്‍ തുക അടച്ചു കാര്‍ സ്വന്തമാക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കു ഈ ലോണ്‍ വ്യവസ്ഥ ആശ്വാസകരമാണ്. എന്നാല്‍ കൃത്യമായ മുന്‍കരുതലുകള്‍ ഇല്ലാതെ എടുക്കുന്ന ലോണ്‍ കസ്റ്റമേഴ്സിനെ പ്രതിസന്ധിയിലാക്കും .

ഐറിഷ് മലയാളി ന്യൂസ്

Scroll To Top