Monday October 22, 2018
Latest Updates

അയര്‍ലണ്ടിലെ പട്ടികളെത്തുന്നത് ചൈനാക്കാരന്റെ തീന്‍മേശയില്‍!

അയര്‍ലണ്ടിലെ പട്ടികളെത്തുന്നത് ചൈനാക്കാരന്റെ തീന്‍മേശയില്‍!

ഡബ്ലിന്‍: അയര്‍ലണ്ടിലെ പട്ടികളെത്തുന്നത് ചൈനാക്കാരന്റെ തീന്‍മേശയിലെന്ന് വെളിപ്പെടുത്തല്‍.സ്വകാര്യ റേഡിയോ98എഫ്എമിലെ അഡ്രിയാന്‍ കെന്നഡി ഷോയില്‍ വെളിപ്പെടുത്തിയതാണ് ഈ വിവരം. നായകകള്‍ക്കെതിരായ ക്രൂരതയായിരുന്നു ചര്‍ച്ചാ വിഷയം.ഡബ്ലിന്‍ സ്വദേശി ജറിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. നായകളെ ഇറച്ചിക്കായി ഏഷ്യയിലേക്ക് കടത്തുന്നുവെന്നാണ് ഇദ്ദേഹം അറിയിച്ചത്.

ഇതിനായി പ്രത്യേകം തടിച്ചുകൊഴുത്ത ഇനം നായക്കുട്ടികളെയാണ് വളര്‍ത്തുന്നതെന്നും അവയെയാണ് ഏഷ്യന്‍ വിപണി ഇഷ്ടപ്പെടുന്നതെന്നും ജറി പറയുന്നു.ചൈനീസ് പട്ടികളേയും വളര്‍ത്തുന്നുണ്ട്.അവയെ ഇംഗ്ലണ്ടിലേക്കാണ് അയക്കുന്നത്. അവിടെ നിന്നും ഏഷ്യയിലേക്ക് പോകുന്നു.ഇംഗ്ലണ്ടുകാര്‍ പട്ടിയെ കഴിക്കുമോയെന്ന് അറിയില്ലെന്നും എന്നാല്‍ അവര്‍ തിന്നുമെന്നാണ് കരുതുന്നതെന്നും ജറി വെളിപ്പെടുത്തി.വളരെ ആദായകരമായ ബസിനസ്സാണ് ഇത്. ഒരു പപ്പിക്ക് 300യൂറോയാണ് ലഭിക്കുന്നതെന്നു ജറി പറഞ്ഞു.

ചര്‍ച്ചയില്‍ പങ്കെടുത്ത മൃഗസ്നേഹി നികോള്‍ ജറിയെ കടന്നാക്രമിച്ചു. ജറിയെപ്പോലെയുള്ള ആളുകളാണ് പട്ടികളുടെ തലസ്ഥാനമായി ഡബ്ലിനെ മാറ്റുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ ജീവിക്കാന്‍ വേണ്ടി ഒരു ബിസിനസ് നടത്തുന്നുവെന്നേയുള്ളു.ബാക്കിയൊന്നും തന്റെ നിയന്ത്രണത്തിലുള്ളതല്ലെന്നായിരുന്നു ജറിയുടെ മറുപടി.

അതേ സമയം അയര്‍ലണ്ടില്‍ പട്ടികള്‍ക്ക് കഷ്ടകാലമാരംഭിച്ചു എന്നാണ് മറ്റൊരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. പോയവര്‍ഷം 1522 നായകളെയാണ് ഇവിടെ ദയാവധം ചെയ്തത്.2015നെ അപേക്ഷിച്ച് 300 എണ്ണത്തിന്റെ കുറവുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. എന്നിരുന്നാലും വളര്‍ത്തുനായകളെ എന്തിനാണ് ഇങ്ങനെ കൊന്നൊടുക്കുന്നതെന്ന ചോദ്യം അവശേഷിക്കുന്നു.

കൗണ്‍സില്‍ പൗണ്ടുകളില്‍ നിന്നുമാണ് നായകളുടെ കൂട്ടക്കുരുതിയുടെ വിവരങ്ങള്‍ പുറത്തുവരുന്നത്.ഏറ്റവും കൂടുതല്‍ പട്ടികളെ കൊന്നൊടുക്കിയത് ലിമെറിക്ക് സിറ്റിയും കൗണ്‍സിലും ചേര്‍ന്നാണ്.276 നായകളെയാണ് ഇവിടെ കൊന്നത്.ഇതില്‍ 31 വേട്ടനായകളുമുണ്ടായിരുന്നു. ലെയ്ട്രിമിലാണ് പട്ടികളെ സ്നേഹിക്കുന്നവര്‍ ഇപ്പോഴുമുള്ളത്. അവിടെ 155ല്‍ ഒരെണ്ണത്തിനു മാത്രമേ ജീവന്‍ ഇവിടെ നഷ്ടപ്പെട്ടുള്ളു.

ഇത്തരത്തില്‍ പട്ടികളെ കൊല്ലുന്നതിനെതിരെ മൃഗസ്നേഹികള്‍ രംഗത്തുവന്നിട്ടുണ്ട്. ഓണ്‍ലൈനിലൂടെയുള്ള നായക്കച്ചവടമാണ് അനാവശ്യമായി നായകള്‍ പെരുകുന്നതിനു കാരണമാവുന്നതെന്ന് ഡബ്ലിനിലെ മൃഗസ്നേഹികളുടെ സൊസൈറ്റി (ഡിഎസ്പിസിഎ) വക്താവ് ഗില്ല്യാന്‍ ബേര്‍ഡ് പറയുന്നു.അനധികൃത ഓണ്‍ലൈന്‍ കച്ചവടത്തിലൂടെ പട്ടികളെ വാങ്ങുന്നവര്‍ അനംഗീകൃത ഫാമുകള്‍ നടത്തുന്നു.

ഇത് വന്‍തോതില്‍ ഗുണമേന്മയില്ലാത്ത പട്ടികളെ തെരുവിന് നല്‍കുന്നു.ഇത്തരക്കാരുടെ പക്കല്‍ നിന്നും മറ്റു രാജ്യങ്ങളിലേക്കും പട്ടികളെ കയറ്റി വിടുന്നുണ്ടത്രേ.

അംഗീകൃത കെന്നല്‍ക്ലബുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഇത്തരത്തില്‍ വന്‍തോതില്‍ നായകള്‍ ഉണ്ടാവുകയില്ലെന്നും അവര്‍ പറഞ്ഞു.

ഇതിനിടെ, പൗണ്ടുകളിലെത്തിച്ച 9244 നായകളില്‍ 6065 എണ്ണത്തിനെ രക്ഷിക്കാനായെന്നു ഡോഗ് ട്രസ്റ്റ് വെളിപ്പെടുത്തി.1921 എണ്ണത്തിന് അവകാശികളെത്തി. 3031 എണ്ണത്തെ തിരികെ വീട്ടിലെത്തിച്ചെന്നും കണക്കുകള്‍ പറയുന്നു.

എന്തായാലും പട്ടികളുമായി തെരുവിലൂടെ നടത്താന്‍ പോകുന്നവരുടെ എണ്ണം പുതു തലമുറയില്‍ കുറഞ്ഞിട്ടുണ്ട്. സെക്യൂരിറ്റി ആവശ്യങ്ങള്‍ക്ക് പോലും നായ്ക്കള്‍ ആവശ്യമില്ലാത്ത കാലമായതിനാല്‍ തീന്‍ മേശയിലേയ്ക്ക് പോകുന്ന പട്ടികളുടെ എണ്ണം കൂടാനാണ് സാധ്യതയത്രേ.

Scroll To Top