Monday October 22, 2018
Latest Updates

അയര്‍ലണ്ടിലെ നൂറുകണക്കിന് പാക്കിസ്ഥാനികള്‍ക്ക് വ്യാജവിവാഹം ഒരുക്കി കൊടുത്ത ക്രിക്കറ്റ് താരത്തെ നാട് കടത്തി 

അയര്‍ലണ്ടിലെ നൂറുകണക്കിന് പാക്കിസ്ഥാനികള്‍ക്ക് വ്യാജവിവാഹം ഒരുക്കി കൊടുത്ത ക്രിക്കറ്റ് താരത്തെ നാട് കടത്തി 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ അഭയാര്‍ത്ഥിയായെത്തുന്ന പാക്കിസ്ഥാനികള്‍ക്ക് ലാത്വിയന്‍ വ്യാജവധുക്കളെ ഏര്‍പ്പാട് ചെയ്ത് കൊടുത്ത് അയര്‍ലണ്ടില്‍ തുടരാന്‍ അവസരം ഉണ്ടാക്കി കൊടുത്തുകൊണ്ടിരുന്ന പാകിസ്ഥാന്‍ സ്വദേശിയായ ക്രിക്കറ്റ് താരം മുഹമ്മദ് റംസാനെ ഗാര്‍ഡ പിടികൂടി നാടുകടത്തി.

നീണ്ട അന്വേഷണത്തിനൊടുവിലാണ് പത്തു വര്‍ഷത്തോളം നീണ്ടുനിന്ന റോമി എന്ന് വിളിക്കപ്പെടുന്ന മുഹമ്മദ് റംസാന്റെ തട്ടിപ്പ് ഗാര്‍ഡ അവസാനിപ്പിച്ചത്.

2008 ല്‍ അയര്‍ലണ്ടിലേക്ക് ഒളിച്ചെത്തിയ ഇയാള്‍ അഭയാര്‍ത്ഥിയായി അംഗീകരിക്കണമെന്ന അപേക്ഷ നല്‍കിയെങ്കിലും അത് തള്ളപ്പെട്ടു. അപ്പീലിന് പോയെങ്കിലും അതും തള്ളപ്പെട്ടു.എന്നാല്‍ അതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ ലാത്വിയന്‍ സ്വദേശിനിയായ 20 വയസുകാരിയെ വിവാഹം കഴിച്ചത്.യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള പങ്കാളി ഉണ്ടെങ്കില്‍ നോണ്‍ ഇയൂ കാര്‍ക്ക് അയര്‍ലണ്ടില്‍ തുടരാനായുള്ള അവസരം ലഭിക്കുമെന്ന നിയമം ഉപയോഗിച്ചാണ് ക്‌ളോണ്‍മലില്‍ വെച്ച് ഇവര്‍ വിവാഹിതരായത്.ഇമിഗ്രേഷന്‍ ആവശ്യത്തിനു മാത്രമുള്ള വിവാഹമായതിനാല്‍ വധു വിവാഹം കഴിഞ്ഞയുടന്‍ വിവാഹത്തിനുള്ള ‘കൂലിയും വാങ്ങി നാട് വിടുകയും ചെയ്തു.15000 യൂറോ കൊടുത്ത് ലാത്വിയന്‍ യുവതിയെ വിവാഹം കഴിച്ചതോടെ മുഹമ്മദിന് അഞ്ചു വര്‍ഷത്തേയ്ക്ക് അയര്‍ലണ്ടില്‍ തുടരാനുള്ള അനുമതി ലഭിക്കുകയും ചെയ്തു.

പിന്നിടാണ് അയര്‍ലണ്ടിലെ വ്യാജവിവാഹങ്ങളുടെ കുലഗുരുവാകുന്ന വളര്‍ച്ചയിലേക്ക് മുഹമ്മദ് റംസാനെത്തിയത്.ലാത്വിയന്‍ തലസ്ഥാനമായ റിഗയിലുള്ള ഒരു സ്ത്രീയുമായി ചേര്‍ന്ന് വ്യാജവധുക്കളെ റിക്രൂട്ട് ചെയ്ത് അയര്‍ലണ്ടില്‍ എത്തിച്ച് ആവശ്യക്കാര്‍ക്ക് നല്‍കുന്ന ഒരു ‘ബിസിനസ് ‘തന്നെ ഇയാള്‍ തുടങ്ങി.വ്യാജ വധുക്കളുടെ വില ഇരുപതിനായിരം യൂറോ വരെയായി നിശ്ചയിച്ചു.

ലാത്വിയന്‍ വധു അയര്‍ലണ്ടിലെത്തി മുഹമ്മദ് റംസാന്‍ പറയുന്ന ഇടപാടുകാരന്റെ അഡ്രസില്‍ ഒന്നോ രണ്ടോ മാസം താമസിച്ചാണ് ഇടപാടുകള്‍ നടത്തുക.വിവാഹ രജിസ്ട്രേഷന്‍ കഴിയുന്ന മുറയ്ക്ക് വരന്റെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് മാറുന്നത് വരെയാണ് ‘വധു അയര്‍ലണ്ടില്‍ താമസിക്കേണ്ടത്.കൂലിയ്ക്ക് പുറമെ ഭക്ഷണചിലവും നല്‍കേണം.

പാക്കിസ്ഥാനികളാണ് ഇയാളുടെ ഇടപാടുകാരില്‍ 90 ശതമാനവും.പാക്കിസ്ഥാനില്‍ നിന്നും സന്ദര്‍ശക വിസയില്‍ അയര്‍ലണ്ടിലെത്തി തിരിച്ചു പോകാതെ ഒളിച്ചു താമസിക്കുകയും,യൂറോപ്യന്‍ വധുക്കളെ വ്യാജ വിവാഹം കഴിച്ച് സ്ഥിരതാമസമാക്കുകയുമാണ് ഇവരുടെ സ്ഥിരം പരിപാടി.2015 വരെ അയര്‍ലണ്ടില്‍ ഇത്തരത്തില്‍ യൂറോപ്യന്‍ യൂണിയന്‍ വധുക്കളെ വിവാഹം കഴിച്ചവരില്‍ അമ്പത് ശതമാനത്തോളം ഏഷ്യക്കാരും തട്ടിപ്പാണ് നടത്തിയിരിക്കുന്നതെന്ന് ബോധ്യപ്പെട്ട ഗാര്‍ഡ നടത്തിയ വിശദമായ അന്വേഷണത്തിലാണ് മുഹമ്മദ് റംസാനടക്കമുള്ളവര്‍ വ്യാജമായാണ് വിവാഹിതരായതെന്ന് കണ്ടെത്തിയത്.

കഴിഞ്ഞ ഏതാനം വര്‍ഷങ്ങള്‍ക്കകം അഞ്ഞൂറിലധികം വിവാഹങ്ങളാണ് മുഹമ്മദ് റംസാന്റെ ഇടപാടില്‍ മാത്രം നടത്തപ്പെട്ടത്.ഇയാള്‍ ഇടനില നിന്ന മറ്റു നൂറോളം വിവാഹങ്ങളും ഉണ്ടെന്നാണ് സൂചനകള്‍.ഇക്കാലയളവില്‍ ആകെ ആയിരത്തോളം വ്യാജ വിവാഹങ്ങള്‍ നടന്നിരുന്നു.

മുഹമ്മദ് റംസാന്‍ ഇത്തരം ഇടപാടുകളിലെ പ്രധാന കണ്ണിയാണെന്ന് കണ്ടെത്തിയതോടെ ഇയാളുടെ നീക്കങ്ങള്‍ പിന്തുടര്‍ന്നുവെങ്കിലും 2015 ന് ശേഷവും നേരിട്ടിടപെടാതെ വ്യാജരേഖകള്‍ ചമച്ചും,ഇടപാടുകാരെ മറ്റുള്ളവര്‍ക്ക് കണ്ടെത്തി കൂട്ടികൊടുത്തും ഇയാള്‍ അയര്‍ലണ്ടില്‍ ‘ബിസിനസ്’നിലനിര്‍ത്തി.

പരിശോധനകള്‍ ഗാര്‍ഡ കര്‍ശനമാക്കിയതോടെ കൂടുതല്‍ പേരുടെ വ്യാജവിവാഹങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞു.ഇയാളെ അറസ്റ്റ് ചെയ്യാനും നാട് കടത്താനും സര്‍ക്കാര്‍ തീരുമാനിച്ചുവെങ്കിലും അധികൃതരുടെ കണ്ണ് വെട്ടിച്ച് ഒളിച്ചുനടക്കുകയായിരുന്നു ഇയാള്‍.

കഴിഞ്ഞ ബുധനാഴ്ച സ്‌കെറിസ് റോഡിലെ ഹില്‍സ് ക്രിക്കറ്റ് ക്ലബില്‍ ക്രിക്കറ്റ് ഭ്രാന്തനായ ഇയാള്‍ കളിക്കാനെത്തിയ വിവരമറിഞ്ഞെത്തിയ ഗാര്‍ഡ ഇടവേളയുടെ സമയത്ത് ഇയാളെ പിടികൂടി കയ്യോടെ ക്‌ളോവര്‍ ഹില്‍ ജയിലില്‍ അടയ്ക്കുകയായിരുന്നു.ഒരാഴ്ചത്തെ ജയില്‍ വാസത്തിന് ശേഷമാണ് ഇന്നലെ പാക്കിസ്ഥാനിലേക്ക് ഇയാളെ നാടുകടത്തിയത്. യൂറോപ്യന്‍ നിയമങ്ങള്‍ ലംഘിച്ചതിനാല്‍ ജീവിത കാലത്ത് യൂറോപ്പിലെ ഒരു രാജ്യത്തേയ്ക്കും തിരിച്ചു വരാന്‍ പാടില്ലെന്ന കര്‍ശനനിര്‍ദേശവും ഇയാള്‍ക്ക് നല്‍കിയിട്ടുണ്ട്.

മുഹമ്മദ് റംസാന്‍ പിടിയിലായതോടെ ഇയാളുടെ ഇടപാടില്‍ വ്യാജവിവാഹം കഴിച്ച നൂറുകണക്കിന് പാക്കിസ്ഥാനികളും ഗാര്‍ഡയുടെ വലയില്‍ കുരുങ്ങികഴിഞ്ഞു.ഇവരെയെല്ലാം നാട് കടത്താനുള്ള നീക്കത്തിലാണ് ഐറിഷ് ഇമിഗ്രേഷന്‍ അധികൃതര്‍.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top