Friday November 16, 2018
Latest Updates

അയര്‍ലണ്ടിലെ നൂറുകണക്കിന് മലയാളികള്‍ക്ക് ആശ്വാസം, :ഐ ഇ എല്‍ ടി എസ്സോ ഓ ഇ ടി യോ ഇല്ലാതെ നഴ്സിംഗ് രജിസ്ട്രേഷന്‍ നല്‍കാനുള്ള നടപടികള്‍ അതിവേഗത്തില്‍ 

അയര്‍ലണ്ടിലെ നൂറുകണക്കിന് മലയാളികള്‍ക്ക് ആശ്വാസം, :ഐ ഇ എല്‍ ടി എസ്സോ ഓ ഇ ടി യോ ഇല്ലാതെ നഴ്സിംഗ് രജിസ്ട്രേഷന്‍ നല്‍കാനുള്ള നടപടികള്‍ അതിവേഗത്തില്‍ 

ഡബ്ലിന്‍: ഐറിഷ് പൗരത്വം സ്വീകരിച്ചവരോ അഥവാ , സ്റ്റാമ്പ് 4 ഉള്ളവരുമായ മലയാളികള്‍ അടക്കമുള്ള നഴ്‌സിംഗ് യോഗ്യതയുള്ളവര്‍ക്ക്,ഐ ഇ എല്‍ ടി എസ്സോ,മറ്റു ഇംഗ്ലീഷ് ഭാഷാ പരിജ്ഞാന സര്‍ട്ടിഫിക്കേറ്റുകളോ ഇല്ലാതെ തന്നെ എന്‍എംബിഐ രജിസ്ട്രഷന്‍ നല്‍കാനുള്ള പ്രത്യേക സ്‌കീമിന്റെ പ്രവര്‍ത്തനം ധൃതവേഗതയില്‍.

അയര്‍ലണ്ടില്‍ നിയമപരമായി ജോലി ചെയ്യാന്‍ അര്‍ഹതയുള്ള നഴ്സുമാര്‍ക്ക് എന്‍എംബിഐ രജിസ്ട്രഷന്‍ നല്‍കാനുള്ള പ്രത്യേക സ്‌കീമിലേയ്ക്ക് അപേക്ഷ നല്‍കിയവര്‍ക്ക് കഴിഞ്ഞ ദിവസം മുതല്‍ രജിസ്ട്രേഷന്‍ പാക്കറ്റുകള്‍ അയച്ചു തുടങ്ങി.അപേക്ഷകര്‍ ഇത് പൂരിപ്പിച്ചു നല്‍കുന്ന മുറയ്ക്ക് പരിശോധനയ്ക്ക് ശേഷം ഇവര്‍ക്ക് അയര്‍ലണ്ടിലെ നഴ്സിംഗ് രജിസ്ട്രേഷന്‍ ലഭിക്കും.

പൗരത്വം ലഭിച്ച നഴ്സുമാരെ കൂടാതെ,നഴ്‌സുമാരായ അവരുടെ പങ്കാളികള്‍,കുട്ടികളുടെ ജനനത്തിലൂടെ അയര്‍ലണ്ടിലെ സ്റ്റാമ്പ് 4 ലഭിച്ചവരായ നഴ്സുമാര്‍ എന്നിവര്‍ക്കാണ് ഐ ഇ എല്‍ ടി എസ് ഇല്ലാതെ തന്നെ നഴ്സിംഗ് രജിസ്ട്രേഷന്‍ ലഭിക്കുന്നത്.ഏപ്രില്‍ 2 ന് മുമ്പ് അപേക്ഷിച്ചവര്‍ക്കാണ് ഐറിഷ് നഴ്സിംഗ് ബോര്‍ഡിന്റെ പ്രത്യേക വിവേചനാധികാരം മുഖേനെ അയര്‍ലണ്ടില്‍ നഴ്സിംഗ് രജിസ്ട്രേഷന്‍ ലഭിക്കുന്നത്.യൂറോപ്പിലെ ഏതെങ്കിലും രാജ്യത്ത് നിന്നും ഇതേ യോഗ്യതകള്‍ ഉള്ളവര്‍ക്ക് പ്രത്യേക സ്‌കീമിലേയ്ക്ക് അപേക്ഷിക്കാമായിരുന്നു.

ഐ ഇ എല്‍ ടി എസ് ഇല്ലാത്തതിനാല്‍ അയര്‍ലണ്ടിലും യൂ കെ യിലും നഴ്സായി ജോലി ചെയ്യാന്‍ കഴിയാത്തവരായ അഞ്ഞൂറോളം പേരാണ് അയര്‍ലണ്ടിലെ ഈ സ്പെഷ്യല്‍ സ്‌കീം വഴി പുതിയ ജോലിയിലേക്ക് പ്രവേശിക്കാന്‍ തയാറെടുക്കുന്നത്.ഇവരില്‍ 80 ശതമാനത്തോളം പേരും ഇന്ത്യന്‍ വംശജരാണെന്നാണ് എന്‍എംബിഐ വൃത്തങ്ങള്‍’ഐറിഷ് മലയാളി’യോട് വെളിപ്പെടുത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയ്ക്ക് മുമ്പ് അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും 10 പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ രജിസ്ട്രേഷന്‍ പാക്കേജ് അയച്ചു നല്‍കാനാണ് നഴ്സിംഗ് ബോര്‍ഡ് ശ്രമിക്കുന്നത്.സ്റ്റാമ്പ് 4, ഈ യു പൗരത്വം,എന്നിവ സംബന്ധിച്ച തെളിവുകള്‍ ആദ്യ അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കാത്തവരോട് അത്തരം സര്‍ട്ടിഫിക്കേറ്റുകള്‍ ഹാജരാക്കാന്‍ എന്‍എംബിഐ നിര്‍ദേശിച്ചിട്ടുണ്ട്.ഇത്തരം തെളിവുകള്‍ ഹാജരാക്കുന്ന മുറയ്ക്ക് ഇവര്‍ക്കും രജിസ്ട്രേഷന്‍ പാക്കേജ് അയയ്ക്കും. 

ചില ഓണ്‍ ലൈന്‍ മീഡിയകളുടെ തെറ്റായ പ്രചാരണവും ,സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളില്‍ കൂടി ചിലര്‍ ഉയര്‍ത്തിയ സന്ദേഹങ്ങളും മുഖേനെ ഒട്ടേറെ പേര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം നഷ്ടപെടുകയുണ്ടായി.’ഐറിഷ് മലയാളി ന്യൂസ് ‘ എന്‍എംബിഐ സ്‌കീം സംബന്ധിച്ച യഥാര്‍ത്ഥ വാര്‍ത്ത പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്കകം വ്യാജ പ്രചാരണം ആരംഭിച്ച ചില ബ്ലോഗുകാര്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനെത്തിയവരുടെ ഫോട്ടോ സഹിതം ‘മറുപടി വാര്‍ത്ത’ നല്‍കിയെങ്കിലും ചിലരെങ്കിലും ആശയക്കുഴപ്പം കാരണം അപേക്ഷ സമര്‍പ്പിക്കാതെ മാറി നിന്നത് മൂലം അവര്‍ക്ക് ഇപ്പോഴത്തെ അവസരം നഷ്ട്ടപ്പടുകയാണ്.ശമ്പള ഇനത്തില്‍ മാത്രം കെയറര്‍ക്ക് ലഭിക്കുന്നതിന്റെ ഇരട്ടിയോളം വരുമാനമാണ് അയര്‍ലണ്ടില്‍ നഴ്സുമാര്‍ക്ക് ലഭിക്കുന്നത്.

എന്‍എംബിഐ അയച്ചു തരുന്ന പുതിയ ആപ്പ്ളിക്കേഷന്‍ ഫോം അപേക്ഷകന്‍ പൂരിപ്പിച്ചു തിരികെ നല്‍കുന്നതോടെ രജിസ്ട്രഷന്‍ നടപടികള്‍ ആരംഭിക്കും.സ്പെഷ്യല്‍ സ്‌കീമില്‍ നല്‍കിയിരിക്കുന്ന രജിസ്ട്രേഷന്‍ ആപ്ലിക്കേഷന്‍ ഫോമില്‍ ഇംഗ്ലീഷ് പരിജ്ഞാനം തെളിയിക്കാനുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന വിഭാഗം ഒഴിവാക്കിയിട്ടുണ്ട്.

എന്‍എംബിഐ നല്‍കിയ വിവരം അനുസരിച്ച്, തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആറു മാസം വരെ (മുന്‍ പരിചയവും,യോഗ്യതകളും അനുസരിച്ച് )അഡാപ്റ്റേഷന്‍ കോഴ്സ് ചെയ്തതിന് ശേഷമാവും ഫുള്‍ രജിസ്‌ട്രേഷന്‍ നല്‍കുക.

അയര്‍ലണ്ടിലെ നഴ്സിംഗ് യോഗ്യതയുള്ള മലയാളികള്‍ക്ക് നിര്‍ണ്ണായകമായ സമയത്ത് സുപ്രധാന വിവരം പങ്കുവെയ്ക്കാനും,തുടര്‍ച്ചയായ അപ്ഡേഷനുകള്‍ നല്‍കാനും കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ഐറിഷ് മലയാളി ന്യൂസ് ടീം.

അയര്‍ലണ്ടിലെ മുന്നൂറിലധികം മലയാളി കുടുംബങ്ങള്‍ക്കെങ്കിലും ഐറിഷ് മലയാളി’യുടെ നിര്‍ണ്ണായകമായ ഇടപെടല്‍ ഗുണപ്രദമാകുമെന്ന് ഉറപ്പാണ്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top